താക്കോല്‍ കൊടുക്കാതെ അരുണോദയത്തില്‍ താനേ മുഴങ്ങുന്ന വലിയ അലാറമായ കോഴി കൂവല്‍ കേട്ടുണര്‍ന്ന പഴയ തലമുറ! കിഴക്ക് വെള്ള കീറും മുന്‍പേ നീതിസുര്യന്റെ മുഖം കണ്ട് ദിവസം ആരംഭിക്കുവാന്‍ വെമ്പല്‍ കൊണ്ട ദൈവഭക്തിയുടെ നിറകുടമായ മാതാപിതാക്കള്‍ . കിടപ്പറയില്‍ നിന്ന് നിര്ബന്ധത്താലാണെങ്കിലും കണ്ണു തിരുമ്മി അതിരാവിലെ തിരു സന്നിധിയിലെത്തിയ മക്കള്‍ . ദൈവ ഭയത്തിന്റെയും ദൈവ ഭക്തിയുടെയും സമ്പന്നത കൊണ്ട് ധന്യമാക്കപ്പെട്ട കുടുംബാന്തരീക്ഷം! ഇതെല്ലാം മദ്ധ്യ കേരളത്തിന്റെ ആത്മീയതയെ വിളിച്ചോതുന്ന പതിവു കാഴ്ചകളായിരുന്നു.
അതിന്റെയെല്ലാം നന്മകള് കണക്കിലേറെ അനുഭവിച്ചറിഞ്ഞ അനന്തര തലമുറകള്‍ പക്ഷേ ഈ ഭൌതികത്തിന്റെ മടിത്തട്ടില്‍ തല വെച്ചുറങ്ങാന്‍ അധിക കാലം വേണ്ടി വന്നില്ല. പഴയ തലമുറയില്‍ നിന്ന് കൈമുതലായി കിട്ടിയ കുടുംബ പ്രാര്‍ത്ഥന എപ്പോഴോ കൈ മോശം വന്നു. ദൈവ മക്കളുടെ ഇടയില്‍ അന്യം നിന്നു പോയോ ഈ പ്രാര്ത്ഥനഎന്നു വരെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
രാവിലേയും വൈകിട്ടും കുടുംബാരാധനകള് നടക്കുന്ന ഭവനങ്ങള്‍ ഇന്ന് കുറഞ്ഞു വരികയാണ്. അണു കുടുംബത്തിന്റെ ആവിര്‍ ഭാവവും മാറിയ ജീവിത സാഹചര്യങ്ങളും കൊണ്ട് ക്രൈസ്തവ സമൂഹത്തിന് നഷ്ടപ്പെട്ട അമൂല്യ ആത്മീക പൈക്രതമാണ് കുടുംബ പ്രാര്‍ഥനകള്‍. ഇന്റര്‍നെറ്റും റ്റി.വി യും മറ്റ് ജീവിതോല്ലാസങ്ങളും ഇന്ന് ആ സ്ഥാനം കൈപ്പട്ടിയിരിക്കുന്നു. കത്തോലിക്കാസഭയുടെ എപ്പിസ്കോപ്പല്‍ അസംബ്ലി, സഭയെ അറിയിക്കേണ്ടതിന് കൈക്കൊണ്ട സവിശേഷ തീരുമാനങ്ങളില്‍ ഒന്ന് കുടുംബ പ്രാര്‍ത്ഥനയെ സംബന്ധിച്ചുള്ളതായിരുന്നു,”അതില്‍ കുടുംബ പ്രാര്‍ത്ഥനകളുടെ ചൈതന്യം”നഷ്ടപ്പെടുത്തരുതെന്ന് ഓര്‍പ്പിക്കുകയുണ്ടായി.
മക്കള്‍ക്കു വേണ്ടി സമയം ചിലവഴിക്കാന്‍ പറ്റാത്ത വിധം തിരക്കുള്ള ജീവിതമാണ് പലര്‍ക്കുമുള്ളത് . ഇത് അടുത്ത തലമുറയുടെ ആത്മീയ ചൈതന്യത്തെ നഷ്ടമാക്കും. മാതാപിതാക്കളെ സംരക്ഷിക്കുവാനും മക്കളെ വിശ്വാസത്തില്‍ വളര്‍ത്തുവാനും ഉള്ള ഉത്തരവാദിത്തം രണ്ട് കൂട്ടരും മറക്കരുത്. ക്രിസ്തുവിന്റെ കൂടെ യാത്ര ചെയ്യുന്നവനാണ് ക്രിസ്ത്യാനി. ചിന്തിക്കുക നമ്മള് യാത്ര ചെയ്യുന്നത് ക്രിസ്തുവിനൊപ്പമോ അതോ ലോക ഇമ്പങ്ങളുടെ കൂടെയോ?
ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ വൈകും , അതിനാല്‍ പ്രാര്‍ത്ഥന മാറ്റി വെയ്ക്കും എന്നാല്‍ ഇയ്യോബ്ബ് ചെയ്തെന്താണ്? തന്റെ മക്കള്‍ പാപം ചെയ്ത് ദൈവ സന്നിധിയില്‍ നിന്ന് ഹ്യദയം കൊണ്ട് അകന്നു പോകുമോ എന്ന് ഭയന്ന് നന്നാ രാവിലെ എഴുന്നേറ്റ് മക്കള്‍ക്ക് വേണ്ടി യാഗം കഴിക്കുമായുരുന്നു. അത് താന്‍ എല്ലായ്പ്പോഴും ചെയ്തു പോന്നു എന്ന് ഇയ്യോബ് 1:5-ല്‍ നാം വായിക്കുന്നു. മാതാപിതാക്കളെ നാം എപ്രകാരമാണ് നമ്മുടെ മക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത്?
വിലാപങ്ങള്‍ 2:19ല്‍ രാത്രിയില്‍, യാമാരംഭത്തിങ്കല്‍ എഴുന്നേറ്റ് നിലവിളിക്കുവാന്‍ പ്രവാചകാനായ യിരമ്യാവ് നമ്മെ ഉദ്ബോധിപ്പിക്കുന്നു. കഴിഞ്ഞ തലമുറയുടെ മുഴുവന്‍ അനുഗ്രഹത്തിന്റെയും അടിസ്ഥാനം രണ്ടു നേരം മുടങ്ങാതെ നടന്നിരുന്ന കുടുംബ പ്രാര്‍ത്ഥനയായിരുന്നു . ‘ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം’ നമ്മള് പരദേശിയായി പാര്‍ക്കുന്ന നമ്മുടെ കുടാരങ്ങളില്‍ നിന്ന് ഇനിയും ഉയരെട്ടെ . കുറഞ്ഞത് കുഞ്ഞുങ്ങള്‍ സുബോധത്തോടെ ആയിരിക്കുന്ന സമയത്ത് കുടുംബ പ്രാര്‍ത്ഥനയ്ക്ക് മാതാപിതാക്കള്‍ തയ്യാറാവട്ടെ .
ഭവനത്തിലെ ഈ ആത്മിഇയ പ്രകാശം അടുത്ത തലമുറയെ ശരിയായ ദിശയിലേക്കും ആത്മീയ ചൈതന്യത്തിലേക്കും നയിക്കുവാന്‍ ഇടയാക്കും അതിനായ് ദൈവം നമ്മെ സഹായിക്കട്ടെ . ആമേന്‍.