നാടിന്‍റെപട്ടിണി മാറ്റാന്‍ ഒരിക്കല്‍ പടിയിറങ്ങിയ പ്രവാസിയിന്നു തിരസ്കരണത്തിന്റെ കണ്ണീര്‍ക്കയത്തിലാണ്.
കോവിഡ് ദുരിത കാലത്തവന്‍ മടങ്ങി വരവിനുള്ള കാത്തിരുപ്പിലാണ്.
ജോലിയും വേതനവുമില്ലാതെ ആശങ്കകള്‍ക്ക് നടുവില്‍ ,വിശപ്പും ഒറ്റപ്പെടലുകളും പ്രവാസിയെ ആത്മഹത്യ യിലേക്ക് നയിക്കും വിധം തളര്‍ത്തുന്നു . രോഗത്തിൻറെ സാമൂഹിക വ്യാപനം തടയുന്നതിൽ സർക്കാർ ശക്തമായ നടപടികൾ കളി കൈക്കൊണ്ടു എന്നത് അഭിനന്ദനമർഹിക്കുന്നു എന്നാൽ "ഞങ്ങൾ അതിജീവിക്കും"എന്നത് പ്രവാസികളെ മാറ്റിനിർത്തിയുള്ള സുരക്ഷാ ചിന്ത മാത്രമായി തരംതാണ പോകരുത്. അതിഥിതൊഴിലാളികൾക്കും, പ്രളയ ബാധിതർക്കും കൊടുക്കുന്ന പരിഗണന തന്നെ പ്രവാസികൾക്കും നൽകാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. മരണനിഴലിൽ ഉള്ളം തകർന്നിരിക്കുന്ന പ്രവാസിക്ക് സ്വന്തം മണ്ണിലേക്ക് ഒന്ന് തിരിച്ചു പോകണമെന്ന ആഗ്രഹം തെറ്റാണോ ?
ഭരണകൂടത്തിന്‍റെ ഇരട്ടത്താപ്പു നയങ്ങൾ ചക്രശ്വാസം വലിക്കുന്ന ഹതഭാഗ്യര്‍ക്കിന്നു ഇരുട്ടടിയാകുന്നു.വീടണയാൻ കൊതിക്കുന്നവരെ ഊരു വിലക്കുന്ന നയങ്ങൾ അപ്രായോഗികമാണ്. ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച 300-ളം പേരും ജീവിതത്തിലേക്ക് തിരികെ വരാൻ ആഗ്രഹത്തോടെ ആശുപത്രിയില്‍ അഭയം തേടിയവരാണ് .
അവസാനമായി ഒരു നോക്ക് കാണാനാകാതെ മൂടപ്പെട്ട ശരീരങ്ങൾ ഒരു ദിവസം ജീവനോടെ ആംബുലൻസിൽ കയറി പോയവരാണ് . എന്താണ് അവർക്ക് സംഭവിച്ചത് എന്നറിയാനും ഒരു നോക്ക് അവസാനമായി കാണാനും കാലു പിടിച്ചവരുടെ കണ്ണുനീർ ആർ അറിയുന്നു..! രാജ്യത്തിൻറെ അതിർത്തി കാക്കുന്ന ജവാൻമാരെ പോലെ ഇവരെ ആദരിച്ചില്ലെങ്കിലും നാടിൻറെ സമ്പത് വ്യവസ്ഥയെ ഉയർത്തിയ ബഡ്ജറ്റ് വളർച്ചയ്ക്ക് കാരണമായ പ്രവാസികളെ കഷ്ടകാലത്തു കണ്ണുനീർ കുടിപ്പിക്കരുത് .
അരനൂറ്റാണ്ടുകാലത്തെ പ്രവാസികളുടെ ആത്മാഹുതിയാണ് കേരളത്തിലെ സമ്പത്ത് വ്യവസ്ഥയുടെ അടിത്തറ.1733 കോടിയിൽ നിന്നും 1.44 ലക്ഷം കോടിയിൽ എത്തിയ ബഡ്ജറ്റ് പെരുമയാണത്. ലക്ഷക്കണക്കിന് സാധാരണക്കാരായ തൊഴിലാളികൾ ആടുമാടുകളെ പോലെ ചോര നീരാക്കി അയച്ചു കൊടുത്ത പണം ആണ് സാമ്പത്തിക ഉന്നമനത്തിന് അടിസ്ഥാനം.എന്പതു ലക്ഷത്തിലേറെ ഭാരതീയര്‍ പ്രവാസ മണ്ണിലുണ്ട് .ആ രാജ്യങ്ങള്‍ കാണിക്കുന്ന മര്യാദകള്‍ പോലും സ്വന്തം നാട്ടില്‍ പ്രവാസിക്ക് ലഭിക്കുന്നില്ല.
കുടുംബം,കുഞ്ഞുങ്ങള്‍ എല്ലാം വിട്ടു രോഗതുരമായ ശരീരത്തില്‍ നൊമ്പരപ്പെടുത്തുന്ന തീക്ഷ്ണമായ നോവുമാത്രമായി എരിഞ്ഞു തീരുന്നവരെ നിങ്ങള്‍ കഠിന ഹൃദയത്തോടെ തള്ളരുത്.
നാലുമുതല്‍ ഏട്ട് പേര്‍ പാർക്കുന്ന ലേബർ ക്യാമ്പുകളിൽ ഒരാൾക്ക് രോഗം വന്നാൽ രോഗിയെ പുറത്താക്കുന്നില്ല . സ്നേഹസമ്പന്നരായ അവർ ഒരു മൂലയിൽ കിടക്ക ഒരുക്കി രോഗിയെ സംരക്ഷിക്കുന്നു.
നാം ഇന്ന് പ്രവാസിയെ സ്വന്തം വീട്ടിൽ കയറാൻ അനുവദിക്കാതെ പട്ടിയെപ്പോലെ ഓടിക്കുകയാണ്. ഈ പ്രവാസി പാതിരാത്രിയിൽ വീട്ടിൽ വന്നു കയറിയാലോ എന്ന് കരുതി ആയുധങ്ങളുമായി കാവല്‍ നില്‍ക്കുന്ന നാട്ടുകാർ ഉണ്ടാകാതിരിക്കാൻ കേരള പോലീസിലെ നന്മനിറഞ്ഞ ഒരു മനുഷ്യൻ പറഞ്ഞ വാക്കുകളിവടെ കുറിക്കട്ടെ: "അവർ എവിടെപ്പോകും.. അവരെ സ്വീകരിക്കണം അവരുടെ നാടാണിത്.. നിങ്ങൾക്ക് എന്ത് പ്രശ്നം വന്നാലും ഞങ്ങൾ സഹായത്തിനുണ്ട്.. ഭയപ്പെടേണ്ട.. അവരും ജീവിക്കട്ടെ.പ്രവാസിയെ നാം കരുതേണ്ടതാണ്.." സ്നേഹത്തോടെ ഈ ഉപദേശം നല്‍കി സമാധാനം സ്ഥാപിക്കുന്ന പോലീസുകാരനെ പോലെ എല്ലാ സർക്കാർ സംവിധാനങ്ങൾക്കും ഉത്തരവാദിത്വമുണ്ട് .വ്യക്തമായ ബോധവൽക്കരണ ശ്രമങ്ങൾ ത്വരിപ്പെടുത്തണം.
കാർബൺ ബഹിർഗമനം കുറഞ്ഞു ശുദ്ധവായു കിട്ടിയതുപോലെ പോലെ പ്രവാസിയെ അകറ്റി നിർത്തിയാൽ രോഗ രഹിത അതിജീവനം സാധ്യമാകും എന്ന ചിന്ത ദുരന്തങ്ങൾക്കുള്ള ഉള്ള മറ്റൊരു രസതന്ത്രമായി മാറാം.
തൊഴിൽ അല്ലെങ്കിൽ ജയിൽ എന്നു ചങ്കുപൊട്ടി മുദ്രാവാക്യം വാക്യം വിളിച്ച തലമുറ നന്മയുടെ യുടെ, സ്നേഹത്തിൻറെ, കരുണയുടെ പ്രതീകമായി പ്രവാസികളുടെ മൗലികാവകാശം സംരക്ഷിക്കണം . 'അവർ മരിക്കട്ടെ ഇങ്ങോട്ട് വരണ്ട' എന്ന ചിന്ത വേദനിപ്പിക്കുന്നു.
മഹാമാരിയെ ആർജ്ജവത്തോടെ നേരിട്ട സർക്കാർ സംവിധാനങ്ങൾ ,കേന്ദ്രസർക്കാറിന്‍റെ ആത്മാർത്ഥമായ ഇടപെടലിലൂടെ സത്വര നടപടികൾ കൈക്കൊള്ളുന്നില്ലെങ്കിൽ സാമൂഹ്യ വ്യവസ്ഥിതിയെ തകിടംമറിക്കുന്ന ദൂര വ്യാപകമായ ദുരിതനാളുകൾ നാം കാണേണ്ടിവരും. ശ്രദ്ധാപൂർവ്വമുള്ള ,ജാഗ്രതയോടെ കൂടിയുള്ള രോഗശമന നയങ്ങള്‍ ആവിഷ്കരിച്ചു പ്രവാസിക്ക് തന്റെ വീട് അണയാൻ സുരക്ഷിതത്വം നൽകണം.
ലഭ്യമായ സുരക്ഷാ സൗകര്യങ്ങൾ ഉപയോഗിച്ചുള്ള ഉള്ള വിമാനയാത്രകൾ, ചികിത്സ-ക്വറന്ടിന്‍ സൗകര്യങ്ങൾ സർക്കാരിൻറെ മേൽനോട്ടത്തിൽ ലഭ്യമാക്കി യുദ്ധകാലാടിസ്ഥാനത്തിൽ പ്രശ്നപരിഹാര ശ്രമങ്ങൾ നടത്തിയ മതിയാകൂ.
48 മണിക്കൂറിനുള്ളിൽ ലഭ്യമാകും കോവിഡ് നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ തേടി ഓടുന്ന രോഗാതുരനായ പ്രവാസിയെ സഹായിക്കേണ്ട തുണ്ട്. സർക്കാർ ചെലവിൽ ടെസ്റ്റ് നടത്തി രോഗികളെ തള്ളാതെ സംരക്ഷിക്കുന്ന നടപടികളാണ് ആവശ്യം. അഞ്ചു ലക്ഷം പേര്‍ ഉടനെ മടങ്ങാന്‍ കാത്തിരിക്കുമ്പോള്‍ 700 വിമാനങ്ങൾക്ക് അനുമതി ലഭിച്ചു എന്നത് കൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല . പ്രാണൻ പോകുന്നതുവരെ നേരം പുലരാൻ കാത്തിരിക്കരുതെയെന്നാണ് മൂന്നു പതിറ്റാണ്ട് പ്രവാസ മണ്ണില്‍ ജീവിച്ച ഒരു സാധാരണക്കാരനായ ഈ ലേഖകന്റെ യാചന.
നാടിൻറെ നന്മയ്ക്കായി ആടുജീവിതം നയിച്ചവർ സ്വന്തം കൂരയിൽ വരാൻ ആഗ്രഹിക്കുന്നു. സ്വന്തം കൂരയുടെ വരാന്തയിലിരുന്ന് ഒന്ന് പൊട്ടി കരയുവാൻ.....! ആ പടി കയറ്റുമോ നിങ്ങളവനെ..?....മറ്റെങ്ങുമല്ല ...അവൻറെ കൂരയിൽ! മറ്റൊന്നിനുമല്ല സ്വന്തം മണ്ണിൽ എന്നേക്കുമായി ഉറങ്ങുവാൻ എങ്കിലും...........
( ഈ ലേഖനം ഹല്ലെലൂയ്യാ പത്രത്തില്‍ പ്രസിദ്ധീകരിച്ചതാണ്)