ഒറ്റപ്പാലം: മണൽപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ 17-മത് ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രുവരി 5 ന് ആരംഭിച്ചു.പ്രസിഡണ്ട് പാസ്റ്റർ ഇ.പി വറുഗീസ് ഉദ്ഘാടനം നിർവഹിച്ച കൺവെൻഷനിൽ പാസ്റ്റർ സാം ദാനിയേൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ടി.ഡി.ബാബു മുഖ്യവചനപ്രഘോഷണം നിർവഹിച്ചു. രോഗശാന്തിയുടെയും സാമ്പത്തികാഭിവൃദ്ധിയുടെയും പേര് പറഞ്ഞ് യേശുവിനെ വാണിജ്യവൽക്കരിക്കുന്നവരെ സൂക്ഷിക്കണമെന്നും പാപം മോചിപ്പിക്കുന്ന ഏകരക്ഷിതാവ് യേശുമാത്രമാണെന്നും ടി.ഡി.ബാബു പ്രസംഗിച്ചു. ഫെബ്രുവരി 8 ഞായറാഴ്ച കൺവെൻഷൻ സമാപിക്കും.പാസ്റ്റർ അജി ആൻറണി, ബ്രദർ. സുരേഷ് ബാബു എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ പ്രസംഗിക്കും. ഫേവറൈറ്റ് മെലഡീസ് സംഗീതത്തിന് നേതൃത്വം നൽകുന്നു. ദൂരെസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. തെക്കേമലബാറിലെ എറ്റവും വലിയ ആത്മീയസംഗമമായ ഭാരതപ്പുഴ കൺവെൻഷനിൽ ഉദ്ഘാടനദിവസം ധാരാളംപേർ പങ്കെടുത്തു. സുവിശേഷവിരോധികളുടെ ഭീഷിണിയെതുടർന്ന് പൊലീസ് സംരക്ഷണമുണ്ടായിരുന്നു. കൺവെൻഷൻ ഭാരവാഹികളായ പാസ്റ്റർ ഇ.പി വറുഗീസ്, പി.കെ.ദേവസി, പി.സി.ജോർജ്, സജി മത്തായി കാതേട്ട്, എൽ.ജസ്റ്റസ് തുടങ്ങിയവർ നേതൃത്വം നൽകുന്നു.(സാം കൊണ്ടാഴി)