ഡബ്ലിന്‍: അമേരിക്കയിലെ വാഷിംഗ്ടണ്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ജനജീവിതം താറുമാറാക്കിയ കൊടുംതണുപ്പ് യൂറോപ്പിലേക്ക് എത്തുന്നു. അയര്‍ലന്‍ഡ് ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതിശൈത്യം എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള അതിശൈത്യമാണ് വരാനിരിക്കുന്നതെന്ന് Met Eireann നല്കുന്ന സൂചന.
അതിശൈത്യം വടക്കു പടിഞ്ഞാറു മേഖലകളെയായിരിക്കും കൂടുതല്‍ ബാധിക്കുകയെന്നും Met Eireann വ്യക്തമാക്കി. അതേസമയം അമേരിക്കയിലെ പോലെ ചരിത്രത്തിലെയേറ്റവും കടുത്ത മഞ്ഞു വീഴ്ചയിലേക്കൊന്നും രാജ്യം നീങ്ങുകയില്ല. രാത്രിയില്‍ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ താപനില 9 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ നാളെ മുതല്‍ രാജ്യത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗങ്ങളില്‍ തണുപ്പ് വര്‍ദ്ധിക്കും. വരുന്ന ആഴ്ചകളിലും ഇതേ കാലാവസ്ഥ തന്നെ തുടര്‍ന്നേക്കാമെന്നാണ് കരുതുന്നത്.
വടക്കു പടിഞ്ഞാറന്‍ കാറ്റിന്റെ പ്രഭാവം കൊണ്ട് Ulster and Connacht എന്നിവിടങ്ങളില്‍ മഞ്ഞു വീഴ്ച കൂടുതല്‍ ശക്തി പ്രാപിക്കും. ആഴ്ച അവസാനങ്ങളിലും കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാകാനിടയില്ല. യുകെയിലെന്നപോലെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലും yellow weather warning നല്‍കിയിട്ടുണ്ട്. കൊടും ശൈത്യത്തെ തുടര്‍ന്ന് ഡബ്ളിനില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ലിംഗസ് റദ്ദാക്കി. ന്യൂയോര്‍ക്കില്‍ മഞ്ഞുവീഴ്ച 90 സെന്റീ മീറ്റര്‍ വരെ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.