പുനലൂര്‍: ഇന്ത്യയിലെ വേദാധ്യായന മേഖലയില്‍ നിസ്തുല സംഭാവനകള്‍ നല്‍കിവരുന്ന പുനലൂര്‍ ബെഥേല്‍ ബൈബിള്‍ കോളേജ് 85 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ദൈവികവിശ്വസ്തതയുടെ എട്ടരദശകത്തെ ശോഭായമാനമായ ചരിത്രം അനുസ്മരിക്കപ്പെടുകയാണ്.
അസംബ്ബീസ് ഓഫ് ഗോഡ് അമേരിക്കയ്ക്കു വെളിയില്‍ ആദ്യമായി ആരംഭിച്ച ബെഥേലിന്, ഇന്ത്യയിലെ തന്നെ പ്രഥമ പെന്തെക്കോസ്തു വേദപഠനശാല എന്നു ബഹുമതിയും സ്വന്തമാണ്. 1927 ആഗസ്റ്റ് ഒന്നിനു മാവേലിക്കരയിലാണു ബെഥേല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജോണ്‍ എച്ച്. ബര്‍ജ്ജസ് ആയിരുന്നു സ്ഥാപക പ്രിന്‍സിപ്പല്‍ 1950 ല്‍ പുനലൂരില്‍ സ്വന്തം ക്യാംപസിലേക്കു മാറുന്നതുവരെയും അദ്ദേഹം തന്നെയായിരുന്നു സ്ഥാപനത്തിന്റെ സാരഥ്യം വഹിച്ചത്.
ബെഥേലിലെ പൂര്‍വവിദ്യാര്‍ഥിയും അധ്യാപകനുമായിരുന്ന ഡോ. സി. കുഞ്ഞുമ്മന്‍, ഡോ. ജോണ്‍ താന്നിക്കല്‍, ഡോ. പി.എസ്. ഫിലിപ്പ്, ഡോ. ടി.പി. വര്‍ഗീസ് എന്നിവര്‍ പില്ക്കാലത്ത് ഈ മഹല്‍സ്ഥാപനത്തിനു നേതൃത്വം നല്കി. തികഞ്ഞ വേദപണ്ഡിതനും പ്രശസ്ത പ്രസംഗകനുമായ പാസ്റ്റര്‍ കെ.ജെ. മാത്യു ഇപ്പോള്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുന്നു. ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റര്‍ ടി.ജെ. സാമുവേല്‍ നേതൃത്വം നല്കുന്ന ഭരണസമിതി ബെഥേലിന്റെ ഭരണനിര്‍വഹണം നടത്തുന്നു.
''യേശുക്രിസ്തുവിനെ അറിയാനും അറിയിക്കാനും''എന്നതാണ് ഈ സ്ഥാപനത്തിന്റെ ആപ്തവാക്യം. വ്യത്യസ്ത ഭാഷക്കാരും ഭിന്നസംസ്കാരപശ്ചാത്തലത്തില് നിന്നുള്ള എഴുപത്തഞ്ചു വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. പത്ത് അധ്യാപകര്‍ വേദാധ്യാപനത്തിനു നേതൃത്വം നല്കുന്നു. ഹോം മിഷനറി കൗണ്‍സില്‍ വിദ്യാര്‍ഥികള്‍ക്ക് സുവിശേഷീകരണ സഭാസ്ഥാപന പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്കുന്ന, ലക്ഷക്കണക്കിനു രൂപ ചെലവു പ്രതീക്ഷിക്കുന്ന നിരവധി പ്രൊജക്ടുകള്‍ ബെഥേലിന്റെ മുന്നിലുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്കു നിസ്വാര്‍ഥമായ സഹായവും കൂട്ടായ്മയും കൈത്താങ്ങലുകളും നല്കിപ്പോരുന്ന അഭ്യുദയകാംക്ഷികളായ ദൈവജനങ്ങളെയും സഭകളെയും ബെഥേല്‍ കുടുംബം കൃതജ്ഞതാപൂര്‍വം സ്മരിക്കുന്നു. ബിരുദദാനം ഫെബ്രുവരി എട്ടിനു നാലുമണിക്ക് ബിസിസി ക്യാംപസില്‍ നടക്കും.