ഫെയ്സ്ബുക്കില്‍ വ്യാജവാര്‍ത്തകളും തട്ടിപ്പ് വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ വിശ്വാസ്യതയുണ്ടാക്കാനുള്ള ശ്രമമാണിത്.
ഫെയ്സ്ബുക്കിലെ 135 കോടി അംഗങ്ങള്‍ക്കിടയില്‍ 'മനപ്പൂര്‍വം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതി'ന് തടയിടാനുള്ള നടപടിയാണിതെന്ന് കമ്പനി ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു.
ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്ത വ്യാജമാണോ എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ യൂസര്‍മാര്‍ക്ക് അവസരമൊരുക്കുന്ന സംവിധാനമാണ് കമ്പനി ഏര്‍പ്പെടുത്തുന്നത്.
കൂടുതല്‍ പേര് വ്യാജമെന്ന് റിപ്പോര്‍ട്ട് ചെയ്താല്‍, ഫെയ്സ്ബുക്കിലെ മറ്റ് ഫില്‍റ്ററുകള്‍ ചെയ്യുംപോലെ ആ വാര്‍ത്ത പൂര്‍ണമായി ഒഴിവാക്കപ്പെടില്ല. പകരം, അതിനൊപ്പം ഒരു മുന്നറിയിപ്പ് ലേബല്‍ ചേര്‍ക്കപ്പെടുകയും, ആ പോസ്റ്റ് ന്യൂസ് ഫീഡ്സില് ഡൗണ്‍ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്യും.