ഭോപ്പാല്‍: രാജ്യത്തെ ഹിന്ദുജനസംഖ്യ 82 ശതമാനത്തില്‍നിന്ന് 100 ശതമാനമാക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് (വി.എച്ച്.പി.) നേതാവ് പ്രവീണ്‍ തൊഗാഡിയ. ലോകം മുഴുവന്‍ ഒരിക്കല്‍ ഹിന്ദുക്കളായിരുന്നുവെന്നും വി. എച്ച്.പി. സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഭോപ്പാലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ തൊഗാഡിയ ചൂണ്ടിക്കാട്ടി.
ബലപ്രയോഗംവഴിയും പ്രലോഭനങ്ങള്‍ വഴിയും ക്രിസ്തുമതത്തിലേക്കും ഇസ്ലാമിലേക്കും മതപരിവര്‍ത്തനം നടത്തിയത് ഹിന്ദുക്കളില്‍ അരക്ഷിതത്വം ഉണ്ടാക്കിയതായി ആരോപിച്ച അദ്ദേഹം ഇന്നുമുതല്‍ ആയിരം വര്‍ഷത്തേക്ക് അവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. ആ ജനസംഖ്യ 82 ശതമാനത്തില്‍നിന്ന് 42 ശതമാനമായി കുറയാന്‍ അനുവദിക്കുകയില്ലെന്നും വ്യക്തമാക്കി. ഒരു ഹിന്ദുവിനെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുമ്പോഴും ഒരു പശുവിനെ അറക്കുമ്പോഴും അതിന്നര്‍ത്ഥം ഹിന്ദുക്കള്‍ക്ക് ഈ രാജ്യത്ത് ഒരു ആദരവും ലഭിക്കുന്നില്ലെന്നാണെന്നും തൊഗാഡിയ ചൂണ്ടിക്കാട്ടി. (മാതൃഭൂമി)