ന്യൂഡല്‍ഹി: 'ഘര്‍ വാപസി' എന്നപേരില്‍ സംഘപരിവാര്‍ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ളതാണെന്ന് സി.പി.എം. ആര്.എസ്.എസുമായി ഒത്തുകളിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കത്തെ തടയണമെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അടുത്തവര്‍ഷം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ നയസമീപന രേഖയുടെ പുതുക്കിയ കരടുരേഖ തയ്യാറാക്കാനുള്ള മൂന്നുദിവസത്തെ പൊളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ തുടങ്ങി.
പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ആര്.എസ്.എസ് മതപരിവര്‍ത്തനം നടത്തുന്നത്. മതംമാറ്റനിരോധനം കൊണ്ടുവരാന്‍കൂടി ലക്ഷ്യമിട്ടാണിത്. ഇന്ത്യന്‍ ഭരണഘടന ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. നിര്‍ബന്ധിത മതംമാറ്റമാകട്ടെ ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ 153(എ) വകുപ്പുപ്രകാരം കുറ്റകരവുമാണ്. അതിനാല്‍ സര്‍ക്കാറിന്റെ നീക്കങ്ങളെ എതിര്‍ക്കണം. (മാതൃഭൂമി)