ദുബായ്: 24 മണിക്കൂറിനുള്ളില്‍ യു.കെ. വിസ ലഭ്യമാക്കുന്ന സംവിധാനം യു.എ.ഇ.യിലും. ' സൂപ്പര്‍ പ്രയോറിറ്റി ' എന്ന പേരിലുള്ള ഇലക്ട്രോണിക് വിസ സംവിധാനം ദുബായ്, അബുദാബി നഗരങ്ങളിലും പ്രാബല്യത്തില്‍ വരുത്തിയതായി അധികൃതര്‍ അറിയിച്ചു. 3471 ദിര്‍ഹം (600 പൗണ്ട്) അധികത്തുക അടച്ചാല്‍മാത്രമേ ഇത്തരം അടിയന്തരവിസകള് ലഭ്യമാകൂ.
സന്ദര്‍ശകവിസ, ചില വിഭാഗം തൊഴില്‍ വിസകള്‍, പഠനാവശ്യാര്ഥമുള്ള സന്ദര്‍ശനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. അടിയന്തരസാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഈ വിസസേവനം നേരത്തേതന്നെ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. ഇപ്പോള്‍, യു.എ.ഇ. അടക്കമുള്ള ഏഴ് രാജ്യങ്ങളിലാണ് സൂപ്പര്‍ പ്രയോറിറ്റി സേവനം നടപ്പിലാക്കിയത്.
2015 ഏപ്രില്‍ മാസത്തോടെ ' സൂപ്പര്‍ പ്രയോറിറ്റി ' ഇലക്ട്രോണിക് വിസ സംവിധാനം 24 മണിക്കൂറും ലഭ്യമാക്കുമെന്നും യു.എ.ഇ.യിലെ യു.കെ. അംബാസഡര്‍ ഫിലിപ്പ് ഫര്ഹാന് അറിയിച്ചു.