വത്തിക്കാന്‍ സിറ്റി: പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള കത്തോലിക്കാസഭയിലെ പരമ്പരാഗത നിലപാടുകളെ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. മഹാവിസ്ഫോടന സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിന് എതിരല്ലെന്ന് പറഞ്ഞ ഫ്രാന്‍സിസ് പാപ്പ, പ്രപഞ്ചോത്പത്തിയെക്കുറിച്ച് ബൈബിളിലെ ഉത്പത്തിപുസ്തകത്തിലെ വ്യഖ്യാനങ്ങളെയും തള്ളി.
മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വെങ്കലപ്രതിമ വത്തിക്കാനില്‍ അനാച്ഛാദനംചെയ്ത് സംസാരിക്കവെയാണ് മഹാസ്ഫോടന സിദ്ധാന്തം വിശ്വാസത്തിന് എതിരല്ലെന്ന് മാര്‍പാപ്പ പറഞ്ഞത്. ഈ സിദ്ധാന്തം പ്രപഞ്ചോത്പത്തിയെക്കുറിച്ച് വിശദീകരിക്കുന്ന മാതൃക മാത്രമാണ്. ഏകസ്രഷ്ടാവ് എന്ന സങ്കല്പത്തെ മഹാവിസ്ഫോടന സിദ്ധാന്തം തള്ളുന്നില്ല. അതുകൊണ്ടുതന്നെ സഭയുടെ നിലപാടും ഈ സിദ്ധാന്തവും തമ്മില്‍ വൈരുധ്യമില്ല.
ദൈവം മാന്ത്രികനാണെന്നും മാന്ത്രിക വടികൊണ്ട് ജീവജാലങ്ങളെ സൃഷ്ടിച്ചെന്നതരത്തിലുമുള്ള ഉത്പത്തിയുടെ പുസ്തകത്തിലെ വ്യാഖ്യാനം ശരിയല്ലെന്നും മാര്‍പാപ്പ പറഞ്ഞു. പ്രപഞ്ചം ഈ രീതിയിലായത് ആറോ ഏഴോ ദിവസം കൊണ്ടല്ല. കോടാനുകോടി വര്‍ഷത്തെ പരിണാമപ്രക്രിയയിലൂടെയാണ്. ജീവജാലങ്ങളെ ദൈവമാണ് സൃഷ്ടിച്ചതെങ്കിലും അവ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം വളരുകയായിരുന്നെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
1951-ല്‍ പയസ് പന്ത്രണ്ടാമന് മാര്‍പാപ്പയും 1996-ല്‍ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയും മഹാവിസ്ഫോടന സിദ്ധാന്തത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. ഈ സിദ്ധാന്തം ഫലപ്രദമായി തെളിയിക്കപ്പെട്ട വസ്തുതയാണെന്നും ഇവര്‍ അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍, ഈയടുത്ത് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും അദ്ദേഹത്തോട് അടുപ്പമുള്ളവരും ഈ നിലപാടുകളോട് വിയോജിക്കുകയായിരുന്നു. ബൈബിളില്‍ പറയുന്നത്
ബൈബിളിലെ പഴയ നിയമത്തിലെ ഉത്പത്തിയുടെ പുസ്തകത്തിലാണ് പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള ക്രിസ്തീയകാഴ്ചപ്പാട് വിശദീകരിക്കുന്നത്. ദൈവം ആറുദിവസംകൊണ്ട് പ്രപഞ്ചം സൃഷ്ടിക്കുകയും ഏഴാം ദിവസം വിശ്രമിക്കുകയും ചെയ്തെന്നാണ് ഇതില്‍ പറയുന്നത്. ആദ്യദിനം രാത്രിയും പകലും സൃഷ്ടിച്ച ദൈവം രണ്ടാംദിനം ആകാശം സൃഷ്ടിച്ചു. മൂന്നാംദിനം കരയും കടലും, നാലാംദിനം സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തൊട്ടടുത്ത ദിവസം പക്ഷികളെയും മത്സ്യങ്ങളെയും സൃഷ്ടിച്ചു. ആറാം ദിവസമാണ് ഇഴജന്തുക്കളെയും കാട്ടുമൃഗങ്ങളെയും സൃഷ്ടിച്ചത്. അന്നുതന്നെ ദൈവത്തിന്റെ അതേ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു.
മഹാവിസ്ഫോടന സിദ്ധാന്തം
1370 കോടി വര്‍ഷംമുമ്പ് മഹാവിസ്ഫോടനം വഴി പ്രപഞ്ചം രൂപപ്പെട്ടതായി ശാസ്ത്രലോകം കരുതുന്നു. മഹാവിസ്ഫോടനത്തിന്റെ ആദ്യസെക്കന്‍ഡിന്റെ കോടാനുകോടിയിലൊരംശം സമയംകൊണ്ട്, പ്രപഞ്ചത്തിന് അതിശയകരമായ തോതിലൊരു 'അതിവികാസം' സംഭവിച്ചതായാണ് നിഗമനം. പ്രപഞ്ചോത്പത്തി വിശദീകരിക്കാന്‍ പൊതുവില്‍ അംഗീകരിക്കപ്പെട്ട സിദ്ധാന്തമാണിത്. 1920-കളില്‍ ബെല്‍ജിയം പുരോഹിതനും ശാസ്ത്രജ്ഞനുമായ ജോര്‍ജെ ലെമൈര് ആണ് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. (കടപ്പാട്.മാതൃഭൂമി)