മനോവ്യഥകളില്‍ ദൈവിക കരുതല്‍ കോശിജോര്‍ജ് ഇടക്കടവില്‍

Voice Of Desert 10 years ago comments
മനോവ്യഥകളില്‍  ദൈവിക കരുതല്‍  കോശിജോര്‍ജ് ഇടക്കടവില്‍

“ ഇപ്പോള്‍ മതി യഹോവേ, എന്റെ പ്രാണനെ എടുത്തു കൊള്ളേണമേ; ഞാന്‍ എന്റെ പിതാക്കന്മാരേക്കാള്‍ നല്ലവനല്ലല്ലോ” 1 രാജാക്കന്മാര്‍ 19:4.

ദൈവമക്കള്‍ തങ്ങളുടെ ജീവിതത്തില്‍ ദൈവസേവയോടുള്ള ബന്ധത്തില്‍ അനുഭവിക്കേണ്ടി വരുന്ന കഠിനമായ മാനസ്സിക വ്യഥയുടെ ഒരു ഉത്തമ ഉദാഹരണം ആണ്‌ ദൈവഭക്തന്റെ ഈ വിലാപം. താന്‍ അനുഭവിക്കുന്ന ഭീഷണങ്ങളുടെയും പീഡനങ്ങളുടെയും ഇടയില്‍ മനസ്സ് കലങ്ങുന്ന പ്രവാചകന്‍ ദൈവസന്നിധിയില്‍ കഴിക്കുന്ന പ്രാര്‍ത്ഥന വാചകങ്ങളാണ് ഈ ചിന്തകള്‍ക്കാധാരം.

ശലോമോന്റെ ഭരണ കാലയളവിനു ശേഷം യിസ്രായേല്‍ രാജ്യം രണ്ടായി വിഭജിക്കപ്പെടുന്നു. ശലോമോന്‍ ദൈവഹിത പ്രകാരം ഏകാഗ്രതയോടെ ദൈവത്തെ സേവിക്കാഞ്ഞത് മൂലം, 12 ഗോത്രങ്ങളില്‍ പത്തും ശലോമോന്റെ മകനായ രെഹബെയാമിനു നഷ്ടപ്പെടുകയും ദൈവിക ആലോചന പ്രകാരം തന്നെ നെബോത്തിന്റെ മകനായ യോരോബയാം ഈ പത്തു ഗോത്രങ്ങള്‍ക്കും രാജാവായി അവരോധിക്കപ്പെടുകയും ചെയ്യുന്നു.

എന്നാല്‍ ജനം യെരുശലെമില്‍ യഹോവയുടെ ആലയത്തില്‍ യാഗം കഴിക്കുവാനായി പോയാല്‍ ഒരു പക്ഷേ ജനത്തിന്റെ ഹ്യദയം തങ്ങളുടെ രാജാവായിരുന്ന ദാവീദിന്റെ പിന്തുടര്‍ച്ചയിലേക്ക് തിരിയുമോ എന്ന്‍ യോരോബയാം ഭയപ്പെടുകയും, യെരുശലെമില്‍ യാഗം കഴിക്കാന്‍ ജനം പോകാതിരിക്കുന്നതിനായി പൊന്നു കൊണ്ട് രണ്ടു കാളക്കുട്ടികളെ ഉണ്ടാക്കി ഒന്നിനെ ബെഥെലിലും മറ്റേതിനെ ദാനിലും പ്രതിഷ്ടിച്ച ശേഷം യിസ്രായേല്‍ ജനത്തിനു ഇങ്ങനെ പരിചയപ്പെടുത്തുന്നു, ഇതാ മിസ്രയിം ദേശത്ത് നിന്ന്‍ നിന്നെ കൊണ്ട്ട് വന്ന ദൈവം!

യാതൊരു അന്യ ദൈവവും നിനക്കുണ്ടാകരുത്, യാതൊരു വിഗ്രഹത്തെയും ഉണ്ടാക്കുകയോ, ഭജിക്കുകയോ ചെയ്യരുത് എന്ന ശക്തമായ ദൈവികകല്പന ലഭിക്കുകയും, പാലിച്ചു പോരുകയും ചെയ്ത യിസ്രായേലില്‍, ഇങ്ങനെ അന്യാരാധനയും വിഗ്രഹാരാധനയും വ്യവസ്ഥാപിതമായി മാറി. 

യോരോബയാമിന്റെ കാലത്തേക്കാള്‍ അക്യത്യവും പാപവും നിറഞ്ഞതായിരുന്നു, ദുഷ്ടത പ്രവര്‍ത്തിക്കാന്‍ തന്നത്താന്‍ വിറ്റ് കളഞ്ഞവനായ ആഹാബിന്റെ കാലം. ഈ കാലയലവിലാണ് പരിശുദ്ധാത്മാവ് പ്രവാചകന്‍ ആയ ഏലിയാവിനെ ശുശ്രൂഷക്കായി അഭിഷേകം ചെയ്യുന്നത്. അധികമായുള്ള പരിചയപ്പെടുത്തലുകളൊന്നുമില്ലാതെ തന്റെ പിത്യദേശം മാത്രം രേഖപ്പെടുത്തിയിട്ട്, പ്രവാചകനോട് ദൈവം കല്‍പ്പിക്കുന്നു, നീ ചെന്ന്‍ യിസ്രായേല്‍ രാജാവിനോട് പറക, ഞാന്‍ പറഞ്ഞിട്ടല്ലാതെ ഈയാണ്ടുകളില്‍ മഞ്ഞും മഴയും ഉണ്ടാകയില്ല. ദൈവഭയം ഒട്ടും തന്നെയില്ലാതെ ദുഷ്ടത മാത്രം പ്രവര്‍ത്തിക്കുവാന്‍ ബദ്ധപ്പെടുന്ന ആ രാജാവിനോട് അനുഗ്രഹത്തിന്റെ വാക്കുകളല്ല, പിന്നെയോ ദൈവിക ന്യായവിധിയുടെ ദൂതറിയിക്കുവാനാണ് പ്രവാചകനെ ദൈവം നിയോഗിക്കുന്നത്. ഈ പരിതസ്ഥിതിയിലും ദൈവിക നിയോഗത്തോട് വിമുഖത കാട്ടാതെ തന്നെ ഏല്‍പ്പിച്ച ദൌത്യം നിറവേറ്റുന്നു.നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കിയല്ല ദൈവം അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മെ തിരഞ്ഞെടുക്കുന്നത്. ചിലപ്പോള്‍ ദൈവിക പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മെ സമര്‍പ്പിക്കുമ്പോള്‍ വ്യക്തിപരമായി ലഭിക്കുന്ന നേട്ടം വേദനയും,ഭിഷണിയും, പരിഹാസങ്ങളും ആയിരുന്നേക്കാം. പലപ്പോഴും ദൈവിക ശ്രുശൂഷകളും, ആലോചനകളും വിശ്വസ്തതയോടെ ചെയ്യുവാന്‍ സമര്‍പ്പിക്കപ്പെടുന്ന ദൈവമക്കള്‍ക്ക് പീഡയും ദുഷിയുമാണ് ലോകത്തില്‍ ലഭിക്കുന്നതെന്ന് ഈ വേദഭാഗത്തില്‍ കൂടി പരിശുദ്ധാത്മാവ് നമ്മെ പ്രബോധിപ്പിക്കുന്നു. അവിടെയും നമുക്കുണ്ടാകുന്ന ലാഭ നഷ്ടങ്ങള്‍ ഗണ്യമാക്കാതെ ദൈവഹിതത്തിനായി സമര്‍പ്പിക്കുക എന്നതായിരിക്കണം ഒരു ദൈവപൈതലിന്റെ ആത്യന്തികമായ ലക്ഷ്യം.

തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ദൈവികമായ സത്യാരാധനക്ക് വേണ്ടി നിലകൊള്ളുന്ന പ്രവാചകനെയാണ് നാം കാണുന്നത്. ദൈവമഹത്വം ജാതികളുടെ ഇടയില്‍ മഹത്വപ്പെടുത്തുവാനായി തിരഞ്ഞെടുക്കപ്പെട്ട യിസ്രായേല്‍ ജനം, തങ്ങളുടെ ദൈവത്തെ ഉപേക്ഷിച്ച് മാനുഷ നിര്‍മ്മിതമായ വിഗ്രഹങ്ങളെ സേവിക്കുവാനായി തുനിയുമ്പോള്‍ എക്കാലങ്ങളിലും അവരെ സത്യാരാധനയിലേക്കും, ജീവന്റെ ഉറവയിലേക്കും തിരികെ വരുത്തുന്നതിനായി ദൈവഭ്യത്യരെ അയച്ചു കൊണ്ടിരിക്കുന്നു.

ജീവനുള്ള ദൈവം ആരെന്നും, സത്യാരാധന എങ്ങനെയുള്ളതെന്നും തെളിയിക്കുകയുമായിരുന്നു കര്‍മ്മേലില്‍ പ്രവാചകന്റെ ദൌത്യം, അതോടൊപ്പം സത്യദൈവത്തെ ജനത്തിന് കാട്ടിക്കൊടുക്കയും. തന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഏടുകളിലൂടെ ആയിരുന്നിരിക്കാം പ്രവാചകന്‍ ആ സമയത്ത് കടന്നു പൊയ്ക്കൊണ്ടിരുന്നത്. കാരണം യിസ്രായേല്‍ ജനം മൊത്തമായി, അവരുടെ ഭരണ നേത്യത്വത്തോടോപ്പം  ജീവനുള്ള ദൈവത്തെ ഉപേക്ഷിച്ച് മിഥ്യാമൂര്‍ത്തികളായ വിഗ്രഹങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നു. അവരെ നടത്തുവാനായി ദൈവത്താല്‍ നിയോഗിക്കപ്പെട്ട രാജാവും പ്രമാണിമാരും ദോഷം ചെയ്യുവാനായി അന്യോന്യം ഉത്സാഹിപ്പിക്കുന്നു. ദൈവസന്നിധിയില്‍ നിന്നും ആലോചന പ്രാപിച്ചു ജനത്തെ ദൈവോന്മുഖമായി നടത്തുവാനും പ്രബോധിപ്പിക്കുവാനും നിയമിക്കപ്പെട്ട പുരോഹിതന്‍മാരും പ്രവാചകന്മാരും തിന്മയുടെ മുഖങ്ങളായും അന്യാരാധനയുടെ പ്രയോക്താക്കളായും മാറിയിരിക്കുന്നു.

സത്യദൈവത്തെ ഉപേക്ഷിക്കുന്നതും വിഗ്രഹങ്ങളെ സേവിക്കുന്നതും അവക്ക് യാഗം അര്‍പ്പിക്കുന്നതും വ്യവസ്ഥാപിതമായി മാറിയിരിക്കുന്ന കാലത്താണ് ദൈവം തന്റെ ദാസനായ ഏലിയാവോട് പ്രവചിക്കുവാനും പ്രവര്‍ത്തിക്കുവാനും ആവശ്യപ്പെടുന്നത്. നമ്മോടും ദൈവം ആവശ്യപ്പെടുന്നത് ഇത് തന്നെയാണ്. എല്ലാം അനുകൂലമായ സാഹചര്യങ്ങളിളല്ല പലപ്പോഴും  ദൈവത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ അവിടുന്ന് നമ്മോടും ആവശ്യപ്പെടുന്നത്. തന്റെ സ്വന്ത വാക്കുകളിലൂടെ തന്നെ പ്രവാചകന്‍ പറയുന്നു, ഞാനൊരുവന്‍ മാത്രം ശേഷിച്ചിരിക്കുന്നു, അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം സ്വന്തം താല്‍പര്യങ്ങള്‍ക്ക് വില കല്പിക്കാതെ ദൈവ ആലോചനക്കായി സമര്‍പ്പിക്കുകയും ചെയ്തു. തങ്കല്‍ ഏകാഗ്രചിത്തരായിരിക്കുന്നവര്‍ക്ക് വേണ്ടി തന്നത്താന്‍ ബലവാനെന്നു കാണിക്കേണ്ടതിന് തന്‍റെ കണ്ണ്‍ ഭൂമിയില്‍ ഒക്കേയും സഞ്ചരിക്കുന്നു എന്നുള്ള വാഗ്ദത്തം പോലെ പ്രവാചകനു വേണ്ടിയും കര്‍മ്മേലില്‍ ദൈവം പ്രവര്‍ത്തിച്ചു. താന്‍ തന്നെ സത്യദൈവമെന്ന്‍  കാണിക്കേണ്ടതിനും തന്റെ ദാസനായ ഏലിയാവ് ചെയ്യുന്നത് ഒക്കേയും തന്‍റെ ഹിതപ്രകാരമെന്ന് യിസ്രായേല്‍ അറിയുന്നതിനുമായി എലിയാവിന്റെ യാഗത്തിന്മേല്‍ തീ കൊണ്ടുത്തരമാരുളി. നമ്മുടെ വേദനകളുടെയും, മനോപീഡകളുടെയും, തകരുന്ന ഹ്യദയ അനുഭവങ്ങളുടെയും, തിരസ്ക്കരിക്കപ്പെടുന്ന വേളകളുടെയും മദ്ധ്യേ ദൈവം നമ്മെ കൈവിടുന്നില്ല. മറിച്ച് ഇങ്ങനെയുള്ള പാതകളിലൂടെ നടത്തി ദൈവിക സ്നേഹത്തിന്റെ ഊഷ്മളതയും, ദൈവിക സാന്നിധ്യത്തിന്റെ ശ്രേഷ്ഠതയും നമുക്ക് അനുഭവേദ്യമാക്കുകയാണ് ചെയ്യുന്നത്.

കര്‍മ്മേലില്‍ യഹോവ തന്നെ സത്യദൈവമെന്ന് തെളിയിക്കയും, അതോടൊപ്പം ബാലിന്റെ ബലിപീഠ ങ്ങളെ ഇടിച്ചു കളകയും, ബാലിന്റെ പ്രവാചകന്മാരെ വെട്ടിക്കളകയും ചെയ്ത വിവരം ആഹാബിന്റെ ഭാര്യയായ ഇസബെല്‍ അറിഞ്ഞപ്പോള്‍ അവളുടെ ഭീഷണത്തിനു മുന്‍പില്‍ തളര്‍ന്നു പോയ ദൈവഭ്യത്യന്‍ ദൈവസന്നിധിയില്‍ കഴിക്കുന്ന പ്രാര്‍ത്ഥനയാണ് നമ്മുടെ ചിന്തയുടെ പ്രമേയം. കര്‍മ്മേലില്‍ യിസ്രായേല്‍ രാജാവായ ആഹാബിന്റെ മുന്‍പില്‍ സദൈര്യം നിന്നവനായിരുന്നു  പ്രവാചകനായ ഏലിയാവ്. ആഹാബ് ഏലിയാവിനെ യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവന്‍ എന്ന്‍ വിളിക്കുമ്പോള്‍, അത് ഞാനല്ല നിന്റെയും നിന്റെ പിത്യഭവനത്തിന്റെയും പാപപ്രവര്‍ത്തികള്‍ മൂലാമാണ് എന്ന് ചങ്കുറ്റത്തോടെ മറുപടി നല്‍കിയവനാരുന്നു ഏലിയാവ്. എന്നാല്‍ ഇവിടെ ഇസബെലിന്റെ വാക്കുകള്‍ക്ക് മുന്‍പില്‍ ഏലിയാവ് പതറി പോകുന്നു.

ഇത്തരം സന്ദര്‍ഭങ്ങല്‍ ഏതോരു ദൈവപൈതലിന്റെയും ജീവിതത്തിലും സംഭവിക്കുന്നു. ഒരു പക്ഷേ നാം ദൈവിക ആലോചനകള്‍ക്ക് വേണ്ടി പ്രതികൂലങ്ങളെ അവഗണിച്ച് ധീരതയോടെ നിന്നവരായിരിക്കാം. എന്നിരുന്നാലും ചില പ്രത്യേക സാഹചര്യങ്ങളില്‍ താരതമ്യേന നിസ്സാരമായ വിഷയങ്ങളില്‍ ക്ഷിണിച്ചു പോകാറുണ്ട്. ആഹാബിന്റെ മുന്‍പില്‍ ധീരതയോടെ നിന്ന പ്രവാചകന്‍ ഇവിടെ ഇതാ ഇസബെലിന്റെ വാക്കുകള്‍ക്ക് മുന്‍പില്‍ ക്ഷിണിച്ചു പോകുന്നു. മഴ നിന്നെ തടയാതിരിക്കുവാന്‍ രഥ൦ പൂട്ടി പൊയ്ക്കൊള്ളുക എന്ന്‍ ആഹാബിനോട് പറയുകയും അവന്റെ രഥത്തിന്റെ മുന്പായി ഓടുകയും ചെയ്ത ഏലിയാവ് ഇസബെല്‍ എന്ന സ്ത്രീയുടെ വാക്കിനു മുന്‍പില്‍ മരിക്കുവാനായി ആഗ്രഹിക്കുന്നു!

അങ്ങനെയുള്ള തലങ്ങളിലും നമ്മെ വിട്ടു കളയാതെ ദൈവിക സ്വാന്ത്വനവും സ്വര്ഗ്ഗീയമായ കരുതലും നമുക്ക് ദൈവം നല്‍കുന്നു. ക്ഷിണിച്ചും തളര്‍ന്നും പോകുന്ന മാനുഷിക സാഹചര്യങ്ങളില്‍ ദൈവിക കരങ്ങളുടെ സ്വാന്ത്വന സ്പര്‍ശം നമ്മെ താങ്ങി എഴുന്നെല്‍പ്പിക്കുന്നു. മരണം കാംക്ഷിച്ച് ചൂരചെടിയുടെ തണലിലായിരിക്കുന്ന ദൈവജനത്തെ മരണത്തിനായി ഒരിക്കലും ദൈവം അനുവദിക്കുന്നില്ല. മറിച്ച് സ്വര്ഗ്ഗീയമായ ആഹാരം കൊടുത്ത് അവരെ വീണ്ടും പ്രവര്‍ത്തന നിരതരാക്കുന്നു. ചതഞ്ഞ ഓട അവിടുന്ന് ഓടിച്ചു കളയുന്നില്ല, പുകയുന്ന തിരി കെടുത്തു കളയുന്നതുമില്ല. സര്‍വോപരി മാനുഷിക ഭീഷണങ്ങളെ ദൈവം ഗൌരവമായി എടുക്കുന്നതെയില്ല. ഇസബെലിന്റെ ഭീഷണ വാക്കുകളെ ദൈവ സന്നിധിയില്‍ ഉണര്ത്തിക്കുന്ന ഏലിയാവിനു അതിനുള്ള മറുപടി യാതൊന്നും ലഭിക്കുന്നില്ല. നാളെ ഈ സമയത്തിന് മുന്‍പായി ബാലിന്റെ പ്രവാചകന്മാരില്‍ ഒരുവനെപ്പോലെ നിന്റെ ജീവനും ഇല്ലായ്മ ചെയ്യപ്പെടും എന്നതിന് മറുപടിയായി ഏലിയാവിനോടു ദൈവം സംസാരിക്കുന്നത് നീ എഴുന്നേറ്റ്‌ തിന്നുക, നിനക്ക് ദൂരയാത്ര ചെയ്യുവാനുണ്ട് എന്ന് മാത്രമാണ്. അതില്‍ അന്തര്‍ലീനമായിരിക്കുന്ന അര്‍ത്ഥം, ഇസബെല്‍ നാളെ വൈകിട്ടു വരെ മാത്രം ഏലിയാവിന്റെ ആയുസ്സിനു ദൈര്ഘ്യം കൊടുക്കുമ്പോള്‍ ദൈവിക പദ്ധതികള്‍ക്കായി ദൈവം ഏലിയാവിനെ ഒരുക്കുന്നു എന്നതാണ്. ഇസബെല്‍ ഏലിയാവിന്റെ ശുശ്രൂഷക്കും ആയുസ്സിനു തന്നെയും സമയ പരിധി നിര്‍ണ്ണയിക്കുമ്പോള്‍ ദൈവം തന്‍റെ ദാസനെ ശുശ്രൂഷയുടെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുകയാണ്. ദൈവിക പദ്ധതികള്‍ മാനുഷിക ബുദ്ധിക്കും ചിന്തകള്‍ക്കും അതീതമാണ്. ഒരു ദൈവപൈതലിന്റെ ജീവിത്തെ  നിയന്ത്രിക്കുന്നത് മാനുഷികമായ ഇടപെടലുകള്‍ അല്ല, പ്രത്യുത ദൈവികമായ ആലോചനകളാണ്. മനുഷ്യരുടെ വിചാരങ്ങള്‍ വെറും മായ എന്ന്‍ ദൈവം അറിയുന്നു.

ദൈവം നമ്മെ ഒരിക്കലും കൈവിടുന്നില്ല. ക്രിസ്തിയ ജീവിതത്തില്‍ ശോധനകളിലൂടെ കടന്നു പോകുമ്പോഴും, നമ്മുടെ തലയിലെ മുടിയിലൊന്നു പൊഴിയുന്നതു പോലും ദൈവം അറിയാതെയല്ല എന്ന ബോധം നമ്മെ ഭരിക്കട്ടെ. വാക്ക് പറഞ്ഞ ദൈവം വിശ്വസ്തന്‍ തന്നെയാണ്. അവിടുന്ന് ഒരിക്കല്‍ പോലും നമ്മെ വഴിയില്‍ ഉപേക്ഷിച്ചു പോകുന്നില്ല. നമ്മുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു തന്നെയാണ്. തേജസിന്റെ വാടാത്ത കിരീടങ്ങള്‍ പ്രാപിക്കുവാന്‍ അത് നമ്മെ പ്രാപ്തരാക്കുന്നു.


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,007

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 484871 Website Designed and Developed by: CreaveLabs