വ്യതിയാനങ്ങളില്‍ വ്യതിചലിക്കാത്ത ദാനിയേല്‍ By Pr. John Thomas Canada IRC Church

Voice Of Desert 10 years ago comments
വ്യതിയാനങ്ങളില്‍ വ്യതിചലിക്കാത്ത ദാനിയേല്‍  By Pr. John Thomas   Canada    IRC Church

മാറ്റങ്ങൾ (Change) എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണു നാം ഇന്നു ജീവിക്കുന്നത്‌. നമ്മുടെ ജീവിത ശൈലിയിൽ, കുടുംബ ബന്ധങ്ങളിൽ, സ്വഭാവത്തിൽ,പ്രതികരണങ്ങളിൽ, വ്യക്തിത്വങ്ങളിൽ, പെരുമാറ്റങ്ങളിൽ, മുൻഗണനകളിൽ,മൂല്യങ്ങളിൽ, കൂടാതെ കാലാവസ്ഥ , സയൻസ്‌, സാങ്കേതികവിദ്യ, വിദ്യാഭ്യാസം,വാർത്താവിനിമയം,ഗതാഗതം എന്തിനേറെ,  മതവിശ്വാസങ്ങളിൽപോലും വ്യതിയാനങ്ങൾ ദൈനംദിനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

ചില മാറ്റങ്ങൾ നമുക്കനിവാര്യവും,മറ്റുചിലതു വിപരീത ഫലം  ഉളവാക്കുന്നതുമാണ്.ഈ മാറ്റങ്ങളുടെ പ്രതിഭാസം ഇനിയും ലോകമുള്ളകാലത്തോളം തുടർന്നുകൊണ്ടിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.

ഈ ലേഖനത്തിന്റെ ലക്ഷ്യം വ്യതിയാനം (Change) എന്ന പ്രതിഭാസത്തെ എതിർക്കുകയൊ, അനുകൂലിക്കുകയൊ ചെയ്യുക എന്നതല്ല, കാരണം മാറ്റങ്ങളുടെ അനിവാര്യതയും അതു അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയും ഞാൻ മനസിലാക്കുന്നു. എന്നിരുന്നാലും പുതിയ തലമുറക്കുള്ള എന്റെ ചിന്തകൾ ഞാൻ പങ്കുവെക്കട്ടെ.

മാറ്റങ്ങൾ അനിവാര്യമാണെങ്കിലും അതൊരിക്കലും ദൈവീക തത്ത്വങ്ങളേയും, ധർമ്മത്തേയും ഹനിക്കുന്നതായിരിക്കരുത്‌. ഇന്നു നാം കാണുന്നതു ലോകത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു വിശ്വസികളും സഭയും മാറിക്കൊണ്ടിരിക്കുന്നതായാണു. കാലങ്ങളും ലോകസംവിധാനങ്ങളും മാറിക്കൊണ്ടിരിക്കും എന്നാൽ, ദൈവ വചനത്തിന്നു മാറ്റമുണ്ടാകയില്ല. ദൈവം നമുക്കു നൽകിയിരിക്കുന്ന പ്രമാണങ്ങൾ എന്നെന്നും കാത്തു സൂക്ഷിക്കാനുള്ളതാണു. എപ്പോഴും പുതിയ തലമുറയിൽ നിന്നും കേൾക്കുന്ന ചോദ്യം നൂറ്റാണ്ടുകളാലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളിൽ എന്തുകൊണ്ടു നമുക്കും നല്ലതു സ്വീകരിച്ചുകൂടാ. നിശ്ചയമായും സ്വീകരിക്കാം. പക്ഷെ അതൊരിക്കലും വേദപുസ്തക തത്ത്വങ്ങളെ വിട്ടുവീഴ്ച ചെയ്തുകൊണ്ടായിരിക്കരുത്‌. കാരണം നമ്മുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ വിജയങ്ങളും, നേട്ടങ്ങളും, ബഹുമാനങ്ങളും ദൈവത്തിൽനിന്നുമായിരിക്കണം.

ദൈവ വചനം പറയുന്നു, "......എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും" (1ശാമുവേൽ 2:30).

യേശു പറഞ്ഞു, ".....എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു...." (യോഹന്നാൻ 14:21).

നമ്മുടെ ജീവിത യാത്രയിൽ നമുക്കുചുറ്റും എന്തു മാറ്റങ്ങൾ സംഭവിച്ചാലും, നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുവാൻ ദൈവ വചനം പര്യാപ്തമാണു. ഒരു ദൈവപൈതലിന്റെ ജീവിത വിജയം അടിസ്ഥാനമായിരിക്കുന്നത്‌ സാഹചര്യങ്ങളോടും വർദ്ധിച്ചുവരുന്ന വ്യതിയാനങ്ങളൊടും ഏകീഭവിക്കുന്നതിലല്ല മറിച്ച്‌, നമ്മുടെ സൃഷ്ടാവും വീണ്ടെടുപ്പുകാരനുമായ ദൈവത്തിൽ ആശ്രയിക്കുന്നതിലാണ്.

വേദപുസ്തകത്തിൽ, പ്രതീക്ഷിക്കാത്ത സമയത്തു വ്യതിയാനങ്ങളുടെ പരമ്പരകളെ അഭിമുഖീകരിച്ച ഒരു യുവാവിന്റെ ചരിത്രം വായിക്കുവാൻ സാധിക്കുന്നു. അവനുണ്ടായ മാറ്റങ്ങൾ നന്മയായി ഭവിച്ചെങ്കിലും അതു അവനു ലഭ്യമായതു തന്റെ മുൻപില്‍ വന്നുപെട്ട വ്യതിയാനങ്ങളൊടു, താൻ വിശ്വസിച്ച തത്ത്വങ്ങൾക്കു വിട്ടുവീഴ്ച ചെയ്തുകൊണ്ടു യോജിച്ചതുകൊണ്ടല്ല. താൻ വിശ്വസിച്ച ദൈവീക തത്ത്വങ്ങളെ ഉയർത്തിപ്പിടിച്ചതുകൊണ്ടു ദൈവം എല്ലാം നന്മയാക്കി മാറ്റി.

മാറ്റങ്ങളിൽ അധികവും നാം പ്രതീക്ഷിക്കാത്തപ്പോൾ ജീവിതത്തിൽ അഭിമുഖീകരിക്കുന്നതാണ്.സാധാരണ അതു നാം അങ്ങീകരിച്ചു മുന്നോട്ടുപോകും. കാരണം, ചെറുത്തുനിൽക്കുന്നതിനേക്കാൾ എളുപ്പം സ്വീകരിക്കുന്നതാണു എന്നുള്ള നിഗമനത്താൽ. എന്നാൽ ഈ യുവാവ്‌ പെട്ടെന്നു അഭിമുഖീകരിച്ച വ്യതിയാനങ്ങൾ, ദൈവീക തത്വത്തിൽ അധിഷ്ടിതമായ തന്റെ ദൈനംദിന ജീവിതത്തെ ബാധിക്കുവാൻ അനുവതിച്ചില്ല. വേദപുസ്തകം പറയുന്നു, "എന്നാൽ ദാനീയേൽ ദാർയ്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു"

(So this Daniel prospered in the reign of Darius, and in the reign of Cyrus the Persian)(ദാനീയേൽ 6:28)

മാറ്റങ്ങളുടെ നടുവിൽ ശുഭകരമായ, അഭിവൃത്തിയുള്ള ജീവിതം എങ്ങനെ സഫലമാകും എന്ന ബോധനം,  ബാബിലോണിലേക്കു അടിമയായി കൊണ്ടുവന്ന യുവാവായ ദാനിയേലിന്റെ ജീവിതത്തിലൂടെ നമുക്കു കാണാൻ സാധിക്കുന്നു.

ദാനിയേൽ യുവാവയിരിക്കുംബോൾ ബി.സി.605ൽ ബാബിലോണിൽ കൊണ്ടുവരപ്പെട്ടു. തന്റെ സ്വന്ത നാടായ യെരുശലേമിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു രാജ്യം. അപ്രതീക്ഷിതവും, പ്രയാസവും ഉള്ളതായ സാഹചര്യം. ചെറുപ്പത്തിൽ തന്റെ സ്വന്ത കുടുംബത്തേയും താൻ പടുത്തുയർത്തിയ സ്നേഹിതകൂട്ടത്തേയും  പിരിഞ്ഞുള്ള ജീവിതം. ഇപ്പൊൾ തന്റെ തീരുമാനപ്രകാരമല്ല ബാബിലോണിൽ എത്തുപെട്ടത്. ശക്തനായ ബാബിലോണ്യ രാജാവിന്റെ തീരുമാനപ്രകാരമാണു ഈ മാറ്റം അഭിമുഖീകരിക്കുന്നത്.

ഇപ്പൊൾ ബാബിലൊണിൽ സ്വയമായി ഒരു തിരഞ്ഞെടുപ്പു നടത്താൻ താൻ ബാധ്യസ്ഥനായിരിക്കുന്നു. ഒന്നുകിൽ ഇതുവരെ പടിച്ചതും കാത്തുസൂക്ഷിച്ചതുമായ ദൈവീക തത്ത്വങ്ങളിൽ അധിഷ്ടിധമായ ഒരു ജീവിതം നയിക്കുക അല്ലെങ്കിൽ വിട്ടുവീഴ്ച്ച ചെയ്തിട്ട്‌ ബാബിലോണ്യ സംഹിതകളോട്‌ ഇഴുകിച്ചേരുക.

ചിലപ്പൊൾ ഇതുപൊലെ വ്യതിയാനങ്ങളുടെ നടുവിൽ നാമും ഒരു തിരഞ്ഞെടുപ്പിനു തയ്യാറാകേണ്ടിവരും. അതായിരിക്കും നമ്മുടെ ജീവിതത്തിൽ ഭാവി നന്മയുടെ അടിത്തറ.

ദാനിയേലിന്റെ ജീവിത  ശുഭതയുടെ അടിസ്ഥാനം തന്റെ ജീവിതത്തിൽ വന്ന മാറ്റത്തിൽ എടുത്ത തിരഞ്ഞെടുപ്പാണു.

വേദപുസ്തകത്തിൽ ദാനിയേലിനെപ്പോലെ തിരഞ്ഞെടുപ്പു നടത്തിയവരുടെ ഒരു വലിയ പട്ടിക കാണുന്നു. അവർ എന്തു തിരഞ്ഞെടുപ്പു നടത്തിയൊ അതിൽ അധിഷ്ടിതമായിരുന്നു അവരുടെ ഭാവി. ഏദൻ പൂങ്കാവനത്തിൽ ഹവ്വയിൽ തുടങ്ങി മനുഷ്യചരിത്രത്തിൽ നന്മയിലേക്കും പരാജയത്തിലേക്കും സ്വന്തമായെടുത്ത തിരഞ്ഞെടുപ്പിലൂടെ എത്തിപെട്ടവരുടെ എണ്ണം ധാരാളമാണു. അവരിൽപലരും എടുത്ത തിരഞ്ഞെടുപ്പ്‌ അവരുടെ സ്വന്ത  ഭാവി വ്യതിയാനപ്പെടുത്തി എന്നു മാത്രമല്ല, ലോക ചരിത്രത്തിന്റെ ഗതിയെപ്പോലും മാറ്റിയിട്ടുണ്ട്‌.

ഉദാഹരണത്തിനു: കയീൻ, നോഹ, അബ്രഹാം, യോസഫ്‌, മോശ, ഗിദയൊൻ, ദാനിയേൽ, മൂന്നു എബ്രായ ബാലന്മാർ, യൂദാ, പത്രോസ്‌, സ്തേഫാനൊസ്‌, പൗലോസ്‌. ഇനി ഈ യുഗത്തിൽ, മാർട്ടിൻ ലൂതർ, വില്ല്യം കേറി, ചാൾസ്‌ ഫിന്നി, ഡി.എൽ. മൂഡി, ഡേവിഡ്‌ ലിവിങ്ങ്സ്റ്റ്ൺ, ജിം എലിയ്റ്റ്‌.....തിടങ്ങിയവർ.....

ദാനിയേൽ 6:28ൽ " എന്നാൽ ദാനീയേൽ ദാർയ്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു."

ചരിത്രപരമായി,  ദാനിയേൽ നെബുഖദ്നേസർ രാജാവിന്റെ കാലത്താണു ബാബേലിലേക്കു കൊണ്ടുവരപ്പെട്ടതു. എന്നാൽ നാലു രാജാക്കന്മാരുടെ ഭരണ കാലയളവുകളിൽ അദ്ദേഹം കൊട്ടാരവാസിയായിരുന്നു. ശക്തന്മാരായ രാജക്കന്മാർ വന്നു, ഭരിച്ചു, കടന്നുപോയി, എന്നാൽ ദാനിയേൽ എല്ലാക്കാലത്തിലും ശുഭമായിരുന്നു. രാജാക്കന്മാരും, രാജത്വങ്ങളും വരികയും പോകുകയും ചെയ്യും എന്നാൽ ദൈവീക തത്വങ്ങൾ വിട്ടുവീഴ്യ്ച ചെയ്യതെ കാത്തു സൂക്ഷിച്ച്‌ ജീവിക്കുന്ന ദൈവ പൈതൽ ശുഭമായിരിക്കും കാരണം അവന്റെ ഭാവി നിയന്ത്രിക്കുന്നതു ദൈവമാണു.

ദൈവ വചനം പറയുന്നു "ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു."(1യോഹന്നാൻ 2:17)

ഒരു പുതിയ രാജ്യത്ത്‌, അപരിചിതനായി വന്ന ദാനിയേൽ ഇത്രമാത്രം ശുഭപ്പെട്ടിരിക്കാൻ എന്താണു കാരണം?

ദാനിയേൽ, തനിക്കുണ്ടായ മാറ്റത്തിന്റെ സാഹചര്യത്തിൽ ദൈവീക പ്രമാണങ്ങൾക്കു മുന്തൂക്കം കൊടുത്തു.

ജാതീയ രജാക്കന്മരുടെമേൽ ദൈവകരം ഭാരമായിരുന്നപ്പോൾ, ദാനിയേൽ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടു. ശക്തന്മാരായ രാജക്കന്മാർക്കു ലഭിക്കാത്ത ദൈവീക അനുഗ്രഹം ദാനിയേലിനു എങ്ങനെ ലഭിച്ചു?

1) വേർപ്പെട്ട വിശുദ്ധ ജീവിതം (1:8)

 "എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു."

തികച്ചും അപരിചിതമായ സ്ഥലത്ത്, ബാബിലോണ്യ രാജകൊട്ടാരത്തിൽ നിൽക്കുബോൾ, ബാലനായിരുന്ന ദാനിയേൽ ഹൃദയത്തില്‍  ഒരു ഉറച്ച തിരഞ്ഞെടുപ്പുനടത്തി. അവന്റെ ദൈവീക വിശ്വാസത്തെ ചോദ്യം ചെയ്ത ആരേയും അവൻ ഭയപ്പെട്ടിരുന്നില്ല. മാത്രമല്ല, താൻ വിശ്വസിക്കുന്ന ദൈവം ജീവിക്കുന്നവനാണെന്നു തെളിയിക്കുവാൻ ലഭിച്ച അവസരമായി വ്യതിയാനത്തെ കണ്ടു. മാറ്റത്തോട്‌ ഇഴുകി ചേരാതെ, മാറ്റം വന്ന സാഹചര്യത്തിൽ വ്യത്യസ്തനായി  നിൽക്കുവാൻ തീരുമാനിച്ചു.

മാറ്റത്തെ രണ്ടു കൈകളും നീട്ടി സ്വീകരിക്കാമായിരുന്നു. കൊട്ടാരത്തിൽ കൊണ്ടുവന്നു ദൈവം എന്നെ അനുഗ്രഹിച്ചു എന്നുപറഞ്ഞു അങ്ങീകരിക്കാമായിരുന്നു. രാജകൊട്ടാരത്തിലെ ഭക്ഷണം കഴിക്കുന്നതിനെന്തണു തെറ്റ്‌. ഒന്നുമില്ല, എന്നാൽ അവനു തെളിയിക്കണമായിരുന്നു ഭക്ഷണമല്ല,  ദൈവവും, ദൈവീക പ്രമണങ്ങളുമാണു പ്രധാന്യം. രാജഭക്ഷണം കഴിക്കാൻ മാത്രമല്ല ബാബിലൊണ്യ ബിംബങ്ങളെ വണങ്ങുവാനും വിസമ്മതിച്ചു. ദൈവ വചനം പറയുന്നു “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ ” എന്നു എഴുതിയിരിക്കുന്നുവല്ലോ. (1പത്രോസ്‌ 1:16)

ദൈനംദിനം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്തിൽ ഒരു ദൈവപൈതൽ ഒരിക്കലും ദൈവീക പ്രമാണങ്ങൾ വിട്ടുവീഴ്ച ചെയ്യുവാൻ പാടില്ല. ചുറ്റുപാടുകൾക്കു വ്യതിയാനം വരുത്താം എന്നാൽ തത്വങ്ങൾക്കു മാറ്റം വരുത്തരുത്‌. ദാനിയേലിനെപ്പൊലെ നാമും വേർപ്പെട്ട വിശുദ്ധ ജീവിതത്തിനു തയ്യാറായി ഹൃദയത്തില്‍  ഉറപ്പിക്കണം, എനിക്കുവരുന്ന മാറ്റങ്ങളിൽ ദൈവീക പ്രമാണങ്ങൾക്കു മാറ്റം വരുത്തില്ല, എന്നാൽ നാമും ശുഭപ്പെട്ടിരിക്കും.

                       

2) പ്രാർത്ഥനാ ജീവിതം (ദാനിയേൽ 6:10)

"എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു,--അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു--താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു."

തന്റെ ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളിൽ പ്രാർത്ഥനക്കു മുടക്കം വരുത്തിയില്ല. ദാനിയേൽ പ്രാർത്ഥിച്ചത്‌ തന്റെ കടമ നിർവ്വഹിക്കുവാനല്ലായിരുന്നു മറിച്ചു തന്റെ ജീവനുള്ള ദൈവത്തോട്‌ ബന്ധം പുലർത്തുവാനും സംസാരിക്കുവനുമായിരുന്നു. പ്രാർത്ഥനയാണു പരിഭ്രാന്തിയേക്കൾ ഉത്തമം എന്നു ദാനിയേലിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. പ്രാർത്ഥന ദൈവ കരത്തെ ചലിപ്പിക്കുന്നതാണു. ദൈവ വചനം പറയുന്നു "...താൻ മുൻപ്‌ ചെയ്തുവന്നതുപൊലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു" തന്റെ സാഹചര്യങ്ങൾക്കു മാറ്റം വന്നെങ്കിലും പ്രാർത്ഥനാജീവിതത്തിനു മാറ്റം വരുത്തിയില്ല. ദൈവത്തെ പ്രമാണപ്രകാരം സേവിക്കുന്നവരോട്‌ കൃപ കാണിക്കുന്ന ദൈവം ദാനിയേലിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ട്‌ സിംഹങ്ങൾക്കുപോലും തന്നെ സ്പർശ്ശിക്കുവാൻ കഴിഞ്ഞില്ല. ആരുടെ കൽപ്പനവന്നാലും എത്ര വ്യതിയാനങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നാലും സർവ്വശക്തനോട്‌ ബന്ധം പുലർത്തുന്ന പ്രാർത്ഥനാജീവിതം വിട്ടുവീഴ്ചചെയ്യരുത്‌. വ്യതിയാനങ്ങൾ സംഭവിക്കുന്ന ലോകത്തിൽ നാം ദാനിയേലിനെപ്പൊലെ ശുഭപ്പെട്ടിരിക്കാൻ ഒഴിച്ചുകൂടാനാകത്തതാണു പ്രാർത്ഥനാ ജീവിതം. ദൈവവചനം പറയുന്നു "ഇടവിടാതെ പ്രാർത്ഥിപ്പിൻ"(1 തെസ്സലോനിക്യർ5:17)

 

3) കൂട്ടായ്മാ ജീവിതം (ദാനിയേൽ 2:18)

"ഈ രഹസ്യത്തെക്കുറിച്ചു സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം കൂട്ടുകാരായ ഹനന്യാവോടും മീശായേലിനോടും അസർയ്യാവോടും കാര്യം അറിയിച്ചു."

ദാനിയേലിനു തന്റെ ജീവിതത്തിന്റെ  പ്രതിസന്ധിവേളയിൽ അതു പങ്കുവെച്ച്‌ ഒരുമിച്ചു പ്രാർത്ഥിക്കതക്കവണ്ണം തന്റെ സഹോദരന്മാരോട്‌ എപ്പോഴും കൂട്ടായ്മ ഉണ്ടായിരുന്നു. നാം വിശ്വസിച്ചു പ്രമാണിക്കുന്ന ദൈവീക തത്വങ്ങളിൽ നമുക്കു കൈത്താങ്ങൽ നൽകുന്നവരുമായി നമുക്ക്‌ കൂട്ടായ്മ ഉണ്ടായിരിക്കണം. ദാനിയേലിന്റെ സമ്പര്‍ക്കം ജെരുസലേമിൽനിന്നും ബാബിലോണിൽ വന്നിട്ട്‌ വ്യതിയാനങ്ങളോട് ഏകീഭവിച്ചവരോടായിരുന്നില്ല മറിച്ചു തന്നോടൊപ്പം പ്രമാണങ്ങൾക്കുവേണ്ടി ഉറച്ചുനിന്ന മൂന്നു സഹോദരങ്ങളോടായിരുന്നു.

ദൈനംദിനം ലോകത്തിലുണ്ടാകുന്ന വ്യതിയാനങ്ങളോട്‌ ഏകീഭവിക്കുന്ന സ്നേഹിതരെ മാറ്റങ്ങള്‍എളുപ്പമാണു. എന്നാൽ, നാം നക്ഷത്രങ്ങളുടെ നടുവിൽ ജ്യോതിസുകളെപ്പോലെ പ്രകാശിക്കണ്ടവരാണു. അതിനു നമുക്കു പ്രചോദനം നൽകുന്ന ദൈവമക്കളുമായി കൂട്ടായ്മാബന്ധം ഉണ്ടായിരിക്കണം. ദാനിയേലിനു തന്റെ രഹസ്യവിഷയങ്ങൾപോലും പങ്കുവെച്ചു ഒരുമിച്ചു പ്രാർത്ഥിക്കതക്കവണ്ണം വിശ്വസ്തന്മാരായിരുന്നു തന്റെ കൂട്ടുസഹോദരന്മാർ. ദൈവവചനം  പറയുന്നു "നിങ്ങൾ അവിശ്വസികളോടു ഇണയില്ലാപ്പിണ കൂടരുത്‌...." (2കൊരിന്ത്യർ 6:14-18)

 

4) ദൈവവചന ധ്യാനം (ദാനിയേൽ 9:2-3)

"അവന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ തന്നേ, ദാനീയേൽ എന്ന ഞാൻ: യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപതു സംവത്സരംകൊണ്ടു തീരും എന്നിങ്ങനെ യഹോവയുടെ അരുളപ്പാടു യിരെമ്യാപ്രവാചകന്നുണ്ടായ പ്രകാരം ഒരു കാലസംഖ്യ പുസ്തകങ്ങളിൽനിന്നു ഗ്രഹിച്ചു.  അപ്പോൾ ഞാൻ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നും കൊണ്ടു പ്രാർത്ഥനയോടും യാചനകളോടും കൂടെ അപേക്ഷിക്കേണ്ടതിന്നു ദൈവമായ കർത്താവിങ്കലേക്കു മുഖം തിരിച്ചു"

യിസ്രായേലിന്റെ എഴുപതുവർഷത്തെ ബാബിലോണ്യ പ്രവാസകാലം കഴിഞ്ഞു ഇനി അടിമത്ത്വത്തിൽ നിന്നും വിടുവിക്കപ്പെടെണ്ട സമയമായെന്നറിഞ്ഞു ദാനിയേൽ അതിനായി പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. ഈ അറിവ്‌ തനിക്കു ലഭിച്ചതു ദൈവ വചനത്തിൽനിന്നാണ്‌. യിരെമ്യാ പ്രവാചക പുസ്തകത്തിൽ നിന്നും താൻ ഗ്രഹിച്ചതിൻപ്രകാരം (ദാനിയേൽ 9:2 -3) അതിനുവേണ്ടി പ്രവർത്തി ആരംഭിച്ചു.

ദൈവവചനം നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ ഭാവി പദ്ധതിയും അതിൽ നമുക്കുള്ള പങ്കും വെളിപ്പെടുത്തുന്നു. "അറിവ്‌" എന്നതു ഈ യുഗത്തിന്റെ പ്രത്യേകതയാണ്‌. സകലതും വിരൽതുമ്പില്‍  ലഭ്യമാണ്‌. എന്നിരുന്നാലും ദൈവവചനത്തെപ്പോലെ കൃത്യതയുള്ള മറ്റൊരു ഉറവിടം ഇല്ലതന്നെ.

1പത്രോസ്‌ 1:23-25 "കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിർന്നുപോയി; കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം."

1പത്രോസ്‌ 2:2 "ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ"

ദൈവ വചനത്തിനു പ്രാധാന്യം കൊടുത്ത ദാനിയേലിനു ദൈവം കൃപ നൽകിയതിനാൽ അവൻ ശുഭപ്പെട്ടിരുന്നു.

ശക്തന്മാരായ രാജാക്കന്മാർ വന്നു, ഭരിച്ചു, മാറ്റപ്പെട്ടു, എന്നാൽ ദാനിയേൽ അവരുടെകാലത്തെല്ലാം ശുഭപ്പെട്ടിരുന്നു. സ്വന്തരാജ്യത്തുനിന്നും പുതിയ ഒരു സ്ഥലത്തു അടിമയായി കൊണ്ടുവരപ്പെട്ട ദാനിയേൽ, താൻ വന്ന അന്യരാജ്യത്തു ഏറ്റവും ഉയർത്തപ്പെടുവാൻ ഇടയായി. അതും നാലു ശക്തന്മാരായ ജാതീയ രാജാക്കന്മാരുടെ കാലത്ത്‌. കാരണം തനിക്കുണ്ടായ സാഹചര്യമാറ്റങ്ങളിൽ, അവൻ വിശ്വസിച്ചു പ്രമാണിച്ചിരുന്ന ദൈവീക പ്രമണങ്ങൾ ഉയർത്തിപ്പിടിച്ച്‌ അതിനെ അനുസരിച്ചു ജീവിച്ചു. നിന്റെ സ്ഥാനങ്ങൾക്കും, പാർക്കുന്ന സമൂഹത്തിനും മാറ്റങ്ങൾ സംഭവിക്കാം എന്നാൽ ദാനിയേലിനെപ്പൊലെ വേർപ്പെട്ട വിശുദ്ധ ജീവിതവും, പ്രാർത്ഥനയും, ദൈവമക്കളുമായുള്ള കൂട്ടായ്മയും, ദൈവവചന ധ്യാനവും നിലനിർത്തുമെങ്കിൽ നാമും ദൈവത്താൽ ശുഭപ്പെട്ടിരിക്കും.

ദൈവവചനം പറയുന്നു "......... എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും" (1ശാമുവേൽ 2:30)

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,280

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 483260 Website Designed and Developed by: CreaveLabs