മനോഹരമായ രണ്ടു നില വീടിന്റെ മുന്നിലെ ഗേറ്റിനുള്ളിലൂടെ ഒരു വെള്ള കാര്‍ വീട്ടു മുറ്റത്തേക്ക് പ്രവേശിച്ചു. പിങ്കി മോള്‍ ശബ്ദം കേട്ട് ഓടിച്ചെന്നു. 'ഹായ് ഡാഡി!'' കാറിന്റെ ഡോര്‍ തുറന്നിറങ്ങിയ ഡാഡി മോളെ സ്‌നേഹത്തോടെ തലോടി. കാര്‍ ഡ്രൈവറെ പറഞ്ഞയച്ച ശേഷം അകത്തേക്ക് കയറിയ ഡാഡിയെ പിടിച്ചിരുത്തി പിങ്കി മോള്‍ ചോദിച്ചു, ''എനിക്ക് പുതിയ ഉടുപ്പു വാങ്ങിയോ?'' മറുപടിക്ക് വേണ്ടി കാത്തിരിക്കാതെ അവള്‍ വേഗത്തില്‍ ബാഗ് തുറക്കാനുള്ള ശ്രമം തുടങ്ങി. ദീര്‍ഘ ദൂരം വിമാന യാത്ര ചെയ്തതിന്റെ ക്ഷീണമുണ്ടെങ്കിലും പിങ്കി മോളുടെ സ്‌നേഹത്തിനു മുന്‍പില്‍ ഡാഡി കീഴ്‌പെട്ടു. ഉടുപ്പ് എടുത്തു നീട്ടിക്കൊണ്ട് ചോദിച്ചു ''മോള്‍ക്കിഷ്ടപ്പെട്ടോ?''. ഇഷ്ടപ്പെട്ടു എന്ന അര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി. മമ്മി കൊടുത്ത ചായ കുടിച്ച് വിശ്രമത്തിനായി ഡാഡി മുറിയിലേക്ക് പോയി. പിങ്കി മോള്‍ പുത്തന്‍ ഉടുപ്പുമായി തന്റെ ബെഡ് റൂമിലേക്കു കയറി അലമാരയില്‍ പ്രത്യേക സ്ഥാനത്ത് ഭദ്രമായ് വെച്ചു. നാളെ പുത്തനുടുപ്പിട്ട് ഡാഡിയുടെയും മമ്മിയുടെയും കൂടെ പോകാമെന്ന ചിന്തയോടെ കിടന്നുറങ്ങി.
ഉറക്കത്തില്‍ പിങ്കി മോള്‍ ഒരു സ്വപ്നം കണ്ടു. അലമാരയില്‍ ഇരിക്കുന്ന പുതിയ ഉടുപ്പും പഴയ ഉടുപ്പും തമ്മില്‍ വര്‍ത്തമാനം പറയുന്നു. പുത്തനുടുപ്പ് പഴയ ഉടുപ്പിനോട് പറഞ്ഞു ''ഇപ്പോള്‍ പിങ്കി മോള്‍ക്ക് എന്നെയാണിഷ്ടം!!' .ഇതു കേട്ടപ്പോള്‍ പഴയ ഉടുപ്പിനു ആകെ സങ്കടമായി. പഴയ ഉടുപ്പ് കരയാന്‍ തുടങ്ങി. ശരിയാണു നാളെ പിങ്കി മോള്‍ പുത്തന്‍ ഉടുപ്പിട്ടാണു പോകുന്നതെന്ന് പറയുന്നത് ഞാനും കേട്ടതാണ്. ഞാനും പിങ്കി മോളുടെ ഇഷ്ട തോഴി ആയിരുന്നല്ലോ എന്നോര്‍ത്ത് പഴയ ഉടുപ്പ് സമാശ്വസിച്ചു. അലമാരയില്‍ വിശ്രമിക്കുന്ന പഴയ ഉടുപ്പിനെ നോക്കി പുത്തനുടുപ്പ് ഗമയോടെ പറഞ്ഞു ''ഇന്ന് പിങ്കി മോള്‍ എന്നെയ്‌ളാണേ അണിയുന്നത്''. എല്ലാം കേട്ട പഴയ ഉടുപ്പ് മൗനമായിരുന്നു.
പിങ്കി മോള്‍ അലമാരയില്‍ നിന്ന് പുതിയ ഉടുപ്പെടുത്ത് അണിഞ്ഞു. പഴയ ഉടുപ്പിനെ ഒന്നു നോക്കിയതു പോലുമില്ല. പുതിയ ഉടുപ്പിന്റെ ചിന്ത വാനോളം ഉയര്‍ന്നു. യാത്ര കഴിഞ്ഞ് വന്നപ്പോള്‍ തണുക്കുന്നതു പോലെ തോന്നി. കണ്ണു തുറന്നപ്പോള്‍ കണ്ണുകള്‍ നീറുന്നു. അപ്പോഴാണു മനസ്സിലായത് സോപ്പു വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെന്ന്. ഇനിയെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോള്‍ നേരെ വാഷിംഗ് മെഷീനില്‍ ചെന്നു പതിച്ചു. തിരിഞ്ഞും മറിഞ്ഞുമുള്ള കറക്കം ശരീരത്തെ ആകെ ഉലച്ചു. ആ പ്രക്രീയ കഴിഞ്ഞപ്പോള്‍ അല്‍പം ആശ്വാസം തോന്നി. അങ്ങനെ സമാധാനപ്പെട്ടിരിക്കുമ്പോള്‍ വീണ്ടും വല്ലാതെ തണുക്കുന്നതുപോലെ. ''ഹോ, ദേഹമെല്ലാം വലിഞ്ഞു മുറുകുന്നതു പോലെ'', അതെ! വീണ്ടും വലിഞ്ഞു മുറുകുകയാണ്. പുത്തനുടുപ്പിലെ വെള്ളമെല്ലാം പിഴിഞ്ഞു കളഞ്ഞ് അവസാനത്തെ വെള്ളത്തുള്ളിയും കളയാനായി കുടഞ്ഞപ്പോള്‍ ആകെ വിറച്ചു പോയി. ''ഹോ! എന്തൊരു ശോധന!!!'. എല്ലാം കഴിഞ്ഞു എന്നു നിനച്ചിരുന്നപ്പോള്‍ അയവള്ളിയില്‍ ക്ലിപ്പിന്റെ സഹായത്തോടെ കിടക്കേണ്ട ഗതികേട്. അല്‍പം കഴിഞ്ഞപ്പോള്‍ ദേഹത്തിനു ചൂട് അനുഭവപ്പെടുന്നു. ചൂട് കൂടിക്കൂടി വരുന്നതു പോലെ തോന്നുന്നു. ഓ വല്ലാതെ ചുട്ടു പൊള്ളുന്നു.. ''എന്നെ രക്ഷിക്കണേ... പുത്തനുടുപ്പ് കരയാന്‍ തുടങ്ങി. കരച്ചിലു കേട്ട് പിങ്കി മോള്‍ ഉറക്കത്തില്‍ നിന്നും പെട്ടെന്നുണര്‍ന്നു. എന്തൊരു സ്വപ്നം! പിങ്കി മോള്‍ ചിന്തിക്കാന്‍ തുടങ്ങി.
സ്വപ്നത്തില്‍ കണ്ട ഉടുപ്പുകളുടെ അനുഭവങ്ങള്‍ നമുക്കും വരുമല്ലോ. ചിലപ്പോള്‍ നമ്മിലും നിഗളവും അഹങ്കാരവും വന്നേക്കാം. പുത്തനുടുപ്പിനും, പഴയ ഉടുപ്പിനും ഉണ്ടായ സങ്കടവും വേദനയും അനുഭവപ്പെടാം. ഏതു കഷ്ടതയിലും സഹായിക്കുന്ന, ആശ്വസിപ്പിക്കുന്ന യേശുവിനെക്കുറിച്ച് മമ്മി പറഞ്ഞത് പിങ്കി മോള്‍ ഓര്‍ത്തു. ഇപ്രകാരം പ്രാര്‍ത്ഥിച്ചു ''യേശു അപ്പച്ചാ എന്നെയും ജീവിത യാത്രയില്‍ സഹായിക്കേണമേ''... ദു:ഖങ്ങളെ യേശു സന്തോഷമാക്കി മാറ്റും, പ്രാര്‍ത്ഥിക്കാം, വിശ്വസിക്കാം. ദൈവം നമ്മെ അതിനായി സഹായിക്കട്ടെ!!