പരാജയത്തിന്റെ തീച്ചൂളയിൽ ചിറകറ്റുവീഴുന്നവർക്ക് പറന്നുയരുവാൻ പ്രചോദനമേകുന്ന ഒരു പക്ഷിയാണ് മിതോളജിയുടെ വർണ്ണശബളമായ വിഹായുസ്സിൽ ചിറകടിച്ചുപറക്കുന്ന ചിരഞ്ജീവിയായ ഫീനിക്സ് പക്ഷി. അഗ്നിനാവുകൾ ഒരുപിടി ചാമ്പലാക്കിയിട്ടും ആ ചാമ്പലിൽനിന്നു അംബരചുംബികളായ ഗിരിശൃംഗങ്ങളെ തഴുകിയൊഴുകുന്ന നീലാകാശത്തിന്റെ വിരിമാറിലേക്കു പറന്നുയർന്ന ഫീനിക്സ്.
കഠിനാദ്ധ്വാനംകൊണ്ടു ഈ ഭൂമിയിൽ നേടുവാൻ കഴിയാത്തതായി ഒന്നുമില്ല എന്ന സന്ദേശം ഉൾക്കൊള്ളുന്ന കാവ്യശകലം ഹൃദയത്തിന്റെ തന്ത്രികളിൽ മീട്ടുന്ന രാഗത്തിനു തംബുരുവിന്റെ സ്വരം.
"പരിശ്രമം ചെയ്യുകിൽഎന്തിനെയും
വശത്തിലാക്കാൻ കഴിവുള്ളവണ്ണം
ദീർഘങ്ങളാവും കരങ്ങളെ നല്കിയത്രെ
മനുഷ്യനെ പാരിലയച്ചതീശൻ."
മനുഷ്യജീവിതം പരാജയപ്പെടുവാനുള്ളതല്ല. ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളിലും പരാജയത്തിന്റെ കരിമ്പാറക്കൂട്ടങ്ങളിലും തകർന്നുതരിപ്പണമാകുവാനുള്ളതല്ല അർത്ഥസമ്പുഷ്ടമായ ജീവിതം. പ്രതിസന്ധികളെ തരണംചെയ്ത് സൃഷ്ടാവ് ഭരമേല്പിച്ച ദൗത്യം പൂർത്തിയാക്കുവാനുള്ള ഉത്തരവാദിത്തം മനുഷ്യനുണ്ട്. ആ ദൗത്യം പൂർത്തിയാക്കാതെ മനുഷ്യജീവിതം പൂര്ണമാകുന്നില്ല.
പരാജയങ്ങളിൽ അടിപതറി വീണുപോകുന്നവരുണ്ട്. അവരിൽ പലരും വീണിടത്തുതന്നെ അവസാനിക്കുന്നു. എന്നാൽ അടിതെറ്റി വീണാലും ചാടിയെണീറ്റ് അടിപതറാതെ മുൻപോട്ടു മുന്നേറുന്നവരുണ്ട്. അവരെ ആർക്കും തോൽപ്പിക്കുവാനാവില്ല. പരാജയമൊരുക്കിയ ചിതയിൽ എരിഞ്ഞടങ്ങിയ ചാരത്തിൽനിന്നു ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അവർ പുതിയ ഊർജ്ജസ്വലതയോടെ അന്തരീക്ഷത്തിൽ പറന്നുയരുന്നു. പ്രതിസന്ധികളെ പൂമാലയാക്കി, പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി അവർ ജീവിതലക്ഷ്യത്തിലെത്തുന്നതുവരെയും ജൈത്രയാത്ര തുടരുന്നു.
അവഗണനകളെയും അവഗണിച്ചവരുടെ മനോഭാവത്തെയും ചവറ്റുകുട്ടയിൽ നിക്ഷേപിച്ചു മുന്നേറിയ പ്രതിഭാശാലിയായ ആൽബെർട്ട് ഐൻസ്റ്റീൻ. 1905-ൽ Ph. D ക്കുവേണ്ടി അദ്ദേഹം ബേൺ സർവ്വകലാശാലയിൽ സമർപ്പിച്ച പ്രബന്ധം തൃണസമാനമായിക്കരുതി സർവ്വകലാശാലയുടെ വിദഗ്ദ്ധസംഘം ചവറ്റുകുട്ടയിൽ തള്ളി. ആ പ്രബന്ധം അപ്രസക്തവും അയഥാർത്ഥവിഭാവനയിൽനിന്നും ഉരുത്തിരിഞ്ഞതുമാണ് എന്നായിരുന്നു മൂല്യനിർണ്ണയം നടത്തിയ വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം. എന്നാൽ പരിണതപ്രജ്ഞനായ ഐൻസ്റ്റീൻ തളർന്നുവീണില്ല. പൂർവ്വാധികം ശക്തിയോടെ ലക്ഷ്യത്തിലെത്തുവാനുള്ള യാത്ര തുടർന്ന ഐൻസ്റ്റീനെയാണ് ഇരുപതാം നൂറ്റാണ്ടു കണ്ട പ്രതിഭാശാലികളിൽ പ്രഥമഗണനീയനായ ശാസ്ത്രജ്ഞനായി ലോകമംഗീകരിച്ചത്.
ഇംഗ്ലണ്ടിലെ പ്രശസ്തമായ ഹാരോ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിന് പതിനാറു വയസ്സുള്ളപ്പോൾ സ്‌കൂളിലെ അദ്ധ്യാപകൻ അദ്ദേഹത്തിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് കാർഡിൽ രേഖപ്പെടുത്തിയ പരാമർശം ശ്രദ്ധേയമാണ്. "A conspicuous lack of success.” ചർച്ചിലെന്ന വിദ്യാർത്ഥിയുടെ ജീവിതത്തിൽ പരാജയം മാത്രം മുന്കൂട്ടിക്കണ്ട അദ്ധ്യാപകൻ. ആ വിദ്യാർത്ഥിയാണ് പിൽക്കാലത്തു സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സാരഥ്യം ഏറ്റെടുത്തതും, രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രബലരായ എതിരാളികളെ തറപറ്റിച്ച് തന്റെ അണികളെ വിജയത്തിന്റെ കൊടുമുടികളിൽ എത്തിക്കുകയും ചെയ്തത്.
പരാജയമൊരിക്കലും ശിരസ്സുനമിച്ച് ഒരു മൂലയിൽ ഒതുങ്ങേണ്ട അനുഭവമല്ല. പരാജയങ്ങളിൽനിന്നും പാഠങ്ങൾ പഠിച്ചു മുന്നേറുന്നവരാണ് ബുദ്ധിമാന്മാർ.
എവിടെയോ ഒരു ഉദ്ധരണി വായിച്ചത് ഓർമ്മയിൽ വരുന്നു. വാക്കുകൾ വ്യക്തമായി ഓർമ്മയില്ലെങ്കിലും ആശയം വ്യക്തമായി ഓർമ്മിക്കുന്നു.
മറ്റുള്ളവരുടെ പരാജയങ്ങളിൽനിന്നും പാഠങ്ങൾ പഠിക്കുന്നവരാണ് ഏറ്റവും വലിയ ബുദ്ധിമാന്മാർ. സ്വന്തം ജീവിതത്തിലെ പരാജയങ്ങളിൽ നിന്നും പാഠങ്ങൾ പഠിക്കുന്നവരും ബുദ്ധിമാന്മാരാണ്. എന്നാൽ ബുദ്ധികെട്ടവരെന്നു ധൈര്യമായി മുദ്രയടിക്കുവാൻ കഴിയുന്ന ഒരു വിഭാഗമുണ്ട്. മറ്റുള്ളവരുടെ ജീവിതത്തിലെ പരാജയങ്ങളിൽനിന്നും സ്വന്തജീവിതത്തിലെ പരാജയങ്ങളിൽനിന്നും ഒരു പാഠവും പഠിക്കാത്തവർ. പരാജയപ്പെടുവാനായി സ്വന്തജീവിതം ഏല്പിച്ചുകൊടുക്കുന്നവർ.
യിസ്രായേലിന്റെ ഒന്നാമത്തെ രാജാവായ ശൗൽ ഇതിനു നല്ലൊരു ഉദാഹരണമാണ്. എന്നാൽ അതിനു ശൗൽ രാജാവ് കൊടുത്ത വില വലിയതായിരുന്നു. രാജത്വം നഷ്ടപ്പെട്ടു. ഗിൽബോവ പർവ്വതത്തിൽ നിഹിതന്മാരുടെയിടയിൽ സ്വന്ത വാളിന്മേൽ വീണുകിടക്കുന്ന ദാരുണമായ അവസ്ഥ എത്ര ഹൃദയഭേദകം!
ഇന്ന് ആത്മീയഗോളത്തിൽ ഇതുപോലെയുള്ള ദൈവദാസന്മാരും വിശ്വാസികളുമുണ്ട്. മറ്റുള്ളവരുടെ പരാജയങ്ങളിൽനിന്നും ഒന്നും പഠിക്കുവാനവർ മെനക്കെടാറില്ല. സ്വന്തജീവിതം കൂപ്പുകുത്തി വീണാലും സ്വന്ത പരാജയങ്ങളിൽ നിന്നും ഒരു പാഠവും അവർ പഠിക്കാറില്ല. ജീവിതത്തെ ഒരു ജോളി ട്രിപ്പായിക്കരുതി ലാഘവമനോഭാവത്തോടെ ജീവിതം നയിക്കുന്നവർ. ലോകവുമായി അനുരഞ്ജനപ്പെട്ട് ലോത്തിനെപ്പോലെ സോദോമിലെത്തുന്നതുവരെ കൂടാരത്തിന്റെ കുറ്റികൾ നീക്കിയടിച്ചുകൊണ്ടിരിക്കുന്നവർ.
എല്ലാം ഈ ഭൂമിയിൽ നേടിയെന്നു സ്വയം അഭിമാനിക്കുമ്പോഴും, നേടിയതെല്ലാം നഷ്ടപ്പെടുത്തി എങ്ങനെയെങ്കിലും ജീവൻ രക്ഷിക്കുവാൻ പർവ്വതത്തിലേക്ക് ഓടുന്ന ലോത്തിനെപ്പോലെ, നേടിയതൊക്കെ നഷ്ടപ്പെടുത്തി ഒരിക്കൽ ഓടേണ്ടിവരുമെന്നു അവരിൽ എത്രപേർ അറിയുന്നു