കൊടുങ്കാറ്റിനെ പരാജയപ്പെടുത്തിയ പ്രത്യാശാഗാനം-ടി.ജെ.ജെ.

Voice Of Desert 5 years ago comments
കൊടുങ്കാറ്റിനെ പരാജയപ്പെടുത്തിയ പ്രത്യാശാഗാനം-ടി.ജെ.ജെ.

തികച്ചും അപ്രതീക്ഷിതമായി അത്യാഹിതങ്ങൾ കടന്നുവരാം. അപ്പോൾ പതറാതെ ഉറച്ചുനിൽക്കാനും പ്രത്യാശയുടെ ദീപനാളം ഉയർത്തിപ്പിടിക്കാനും കഴിയുന്നത് ഈശ്വരനിൽ അചഞ്ചലമായ വിശ്വാസമുള്ളവർക്കാണ്. അവർ പ്രഖ്യാപിക്കും: ‘ദൈവമാണ് നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളിൽ അവിടുന്നു സുനിശ്ചിതമായ തുണയാണ്. ഭൂമി ഇളകിയാലും, പർവതങ്ങൾ സമുദ്രമധ്യത്തിൽ അടർന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല.’

വർഷങ്ങൾക്കുമുൻപ് ‘സ്റ്റെല്ല’ എന്ന ബ്രിട്ടിഷ് കപ്പൽ ഉഗ്രമായ കടൽക്ഷോഭത്തിലും കൊടുങ്കാറ്റിലും അകപ്പെട്ടു തകർന്നുപോയി. കൂറ്റൻ പാറക്കെട്ടുകൾ നിറഞ്ഞ ഒരു തീരമാണ് വിദൂരതയിൽ കാണാനുണ്ടായിരുന്നത്. യാത്രികരിൽ പന്ത്രണ്ടു സ്ത്രീകളെ ഒരു ലൈഫ് ബോട്ടിൽ കയറ്റിവിട്ടു. പക്ഷേ, ഉഗ്രമായ കൊടുങ്കാറ്റിൽ ബോട്ട് വിദൂരതയിലേക്കു പായിക്കപ്പെട്ടു. പങ്കായമോ മറ്റു സംവിധാനങ്ങളോ ഇല്ലാത്ത ആ ചെറിയ യാനം തിരമാലകളിൽ ആടിയുലയുകയായിരുന്നു. അതിലെ യാത്രക്കാർ ആശയറ്റവരും പരിഭ്രാന്തരുമായി. ഏതു നിമിഷത്തിലും അവർ തിരമാലകൾക്കിരയാകാം.

അവരിൽ ഒരാൾ ഉറച്ച ദൈവവിശ്വാസിയും പ്രാർഥനയുടെ ശക്തിയിൽ തികഞ്ഞ പ്രത്യാശയുള്ളവളുമായിരുന്നു. മാർഗരറ്റ് വില്യംസ് എന്ന ആ വനിത ഒരു ക്രിസ്തീയ പ്രവർത്തകയും മികവുറ്റ ഒരു ഗായികയുമായിരുന്നു. അവൾ, പരിഭ്രാന്തി നിറഞ്ഞ സാഹചര്യത്തിലും പ്രത്യാശ കൈവെടിയാതെ, വിശ്വാസത്തിൽ ഉറച്ച പ്രാർഥന ഉച്ചത്തിൽ നടത്തി. ദിവ്യമായ സംരക്ഷണത്തിനായി അപേക്ഷിച്ചു. ക്ഷോഭിച്ച ഗലീലക്കടലിനെ ശാസിച്ചു ശാന്തമാക്കുകയും പരിഭ്രാന്തരായ ശിഷ്യന്മാരെ സാന്ത്വനപ്പെടുത്തുകയും ചെയ്ത രക്ഷകനായ യേശുവിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ് പ്രാർഥിച്ചത്. നിരാശരായ സഹയാത്രികരെ അവൾ ധൈര്യപ്പെടുത്തുകയും അവരും ഹൃദയം നുറുങ്ങി പ്രാർഥിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ആശ്വാസവും പ്രത്യാശയും ഉണർത്തുന്ന പ്രസിദ്ധമായ ഗാനങ്ങൾ പാടാൻ അവൾ നേതൃത്വം നൽകി. പ്രയാസം അനുഭവിക്കുമ്പോഴും പ്രതിസന്ധികളിൽപെടുമ്പോഴും ഉചിതമായ ഗാനങ്ങൾ ആലപിച്ചാൽ ധൈര്യവും ആത്മവിശ്വാസവും വർധിക്കുവാൻ ഉതകുമെന്നുള്ളത് അനുഭവവേദ്യമായ കാര്യമാണ്. സ്വപുത്രന്റെ വിയോഗവ്യഥയിൽനിന്ന് ഉയർന്ന ഗാനമാണ്: ‘ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കയ്യിൽ തന്നാൽ സന്തോഷത്തോടതു വാങ്ങി ഹല്ലേലുയ്യാ പാടീടും ഞാൻ.’ മരണം നേരിടുന്ന കിസ്തീയ ഭവനങ്ങളിൽ എല്ലാം തന്നെ ആ ഗാനം പാടി ആശ്വാസം കണ്ടെത്തുന്നു.

മാർഗരറ്റ് ഒരു നല്ല ഗായികയായിരുന്നതുകൊണ്ട്, ദുരന്തപൂർണമായ ആ അന്തരീക്ഷത്തിൽ അവൾ വികാരതീവ്രതയോടെ, കാറ്റിനെയും തിരമാലകളെയും എല്ലാം ഭേദിക്കത്തക്കവണ്ണം ഉച്ചത്തിൽ, ഗാനങ്ങൾ ആലപിച്ചു. ആ കാളരാത്രിയിൽ തളരാതെ അവൾ ഒന്നിനു പുറകെ ഒന്നായി പാടിക്കൊണ്ടിരുന്നു. കൂടെയുള്ളവർക്ക് ആവേശവും ധൈര്യവും പകരാൻ അതു പര്യാപ്തമായി. രാത്രി കഴിഞ്ഞ് പ്രഭാതത്തിലേക്ക് എത്തിയെങ്കിലും പ്രകാശം കടന്നുവരാത്തവണ്ണം മൂടൽമഞ്ഞ് അന്തരീക്ഷത്തിൽ നിറഞ്ഞിരുന്നു. ഈ ബോട്ടിൽപെട്ടവരെ തിരയുവാൻ ഒരു പടക് ശ്രമിക്കുന്നുണ്ടായിരുന്നു. പുകമ‍ഞ്ഞിൽ ഒന്നും കാണാൻ സാധ്യമല്ലായിരുന്നു. എന്നാൽ അന്തരീക്ഷത്തെ ഭേദിച്ച് ആകാശത്തിൽ ഉയർന്ന, മാർഗരറ്റിന്റെ ഗാനവീചികൾ രക്ഷാപ്രവർത്തനത്തിനായി എത്തിയവരുടെ കാതുകളിൽ എത്തി. അവൾ പാടിയ ഗാനം: ‘കർത്താവിൽ ആശ്രയിക്കുക; ക്ഷമാപൂർവം അവനായി കാത്തിരിക്കുക’ (Oh, rest in the Lord, wait patiently for Him) എന്നുള്ളതായിരുന്നു. ഗാനം ഉയർന്ന സ്ഥാനം ലക്ഷ്യമാക്കി രക്ഷാപ്രവർത്തകർ ബോട്ട് തിരിച്ച് വേഗത്തിൽ അപകടത്തിൽപെട്ടവരുടെ അടുക്കലെത്തി അവരെ രക്ഷിക്കുകയായിരുന്നു. ആ രാത്രിയിൽ കപ്പലപകടത്തിൽപെട്ട മറ്റനേകർ മരണത്തിലകപ്പെട്ടുവെങ്കിൽ വിശ്വാസം കൈവെടിയാതെ പ്രാർഥനയിലും ഗാനാലാപനത്തിലും കഴിഞ്ഞ ആ യാത്രികർ സുരക്ഷിതരായി.

ഈ സംഭവം വായിക്കുമ്പോൾ നമ്മിൽ ഉയരുന്ന ചിന്തകൾ എന്തെല്ലാമാണ്? അതു നമുക്ക് എന്തു സന്ദേശമാണു നൽകുന്നത്?

(1) ജീവിതം അനിശ്ചിതത്വം നിറഞ്ഞതാണ്. ആകസ്മികങ്ങൾ പലതും സംഭവിക്കാം. ചിലതു സന്തോഷപ്രദവും ചിലത് ദുഃഖവും ക്ലേശവും ഉളവാക്കുന്നതുമാകാം.

(2) സനാതനനും മാറ്റമില്ലാത്തവനുമായ ദൈവത്തിലുള്ള വിശ്വാസം ഏതുസാഹചര്യത്തെയും നേരാംവണ്ണം അഭിമുഖീകരിക്കാൻ പ്രാപ്തി നൽകും. അപകടങ്ങളും പ്രതിസന്ധികളും ഏറെ നേരിടേണ്ടിവന്ന ഒരാളിന്റെ പ്രഖ്യാപനം: ‘എന്നെ ശക്തനാക്കുന്നവൻ നിമിത്തം ഞാൻ സകലത്തിനും മതിയാകുന്നു’ എന്നായിരുന്നു. അദ്ദേഹംതന്നെ മറ്റൊരവസരത്തിൽ പ്രഖ്യാപിച്ചു: ‘ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക് അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.’

(3) ആത്മധൈര്യവും ആത്മവിശ്വാസവുമുള്ളവർക്കു മറ്റുള്ളവരെ പ്രചോദിപ്പിക്കാനും അവരിൽ ആവേശം പകരാനും പ്രത്യാശ ഉണർത്താനും കഴിയും. സഹവസിക്കുന്നവരുടെ സ്വാധീനം വലുതും ശക്തവുമാണ്. സർഗാത്മകമായി ചിന്തിക്കയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നവർ ഏതു സമൂഹത്തിലും സ്വാധീനശക്തിയായി വർത്തിക്കും.‌

(4) തളർന്ന മനസ്സുകളെ തട്ടിയുണർത്താനും ആത്മീയ ചൈതന്യം പകരാനും സംഗീതത്തിന്, പ്രത്യേകിച്ച് ഭക്തിഗാനങ്ങൾക്ക്, വലിയ സാധ്യതയുണ്ട്. നിരാശയുടെ പടുകുഴിയിൽ വീണവർക്കും വേദനയുടെ തീച്ചൂളയിൽ കഴിയുന്നവർക്കും ഗാനങ്ങൾ കേൾക്കുന്നതും ആലപിക്കുന്നതും, സാന്ത്വനം പകരുന്നതും ഉന്മേഷമുളവാക്കുന്നതുമാണ്.

ക്രൂരമായ പ്രഹരമേറ്റശേഷം കാരാഗൃഹത്തിന്റെ ഉള്ളറയിൽ കാലുകൾക്ക് ആമവും കൈകൾക്കു ചങ്ങലയുമിട്ട് ദയനീയമായ സാഹചര്യത്തിൽ കഴിയുമ്പോൾ രാത്രിയുടെ നിശ്ശബ്ദതയിൽ രണ്ടു തടവുകാർ കീർത്തനങ്ങൾ പാടി ദൈവത്തെ സ്തുതിക്കുക ആയിരുന്നു എന്ന് ഒരു ചരിത്രഗ്രന്ഥത്തിൽ നാം വായിക്കുന്നു.(മലയാള മനോരമ)

 

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

1,947

PEOPLE VIEWED THIS ARTICLEനിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2021. All Rights Reserved. 288463 Website Designed and Developed by: CreaveLabs