യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര( പതിനെട്ടാം ഭാഗം)- ബെന്നി വര്‍ഗീസ്

Voice Of Desert 5 years ago comments
യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര( പതിനെട്ടാം ഭാഗം)- ബെന്നി വര്‍ഗീസ്

ഞങ്ങളുടെ അടുത്ത യാത്ര ചാവ് കടലിലേക്കായിരുന്നു. യെരിഹോവില്‍ നിന്നും അധികം ദൂരമില്ല ചാവ് കടലിലേക്ക്. ഉപ്പ് കടലെന്നും (ഉല്‍പ്പത്തി 14:3, യോശുവ 18:19),  അരാബാ കടലെന്നും,(ആവര്‍ത്ത 4:49, യോശുവ 3:16) കിഴക്കന്‍ കടലെന്നുമാണ് (യോവേല്‍ 2:20) ഇതിന്‍റെ മറ്റുപേരുകള്‍. എന്നാല്‍  വേദപുസ്തകത്തില്‍ ചാവ് കടലെന്നു പരാമര്‍ശിചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ചാവ് കടലിന്‍റെ കിഴക്ക് ജോര്‍ദാനും പടിഞ്ഞാറ് യിസ്രയേലുമാണ്. 55കിലോമീറ്റര്‍ നീളവും ശരാശരി വീതി  15 കിലോമീറ്ററുമാണ്‌. സമുദ്രനിരപ്പില്‍ നിന്നും 429 മീറ്റര്‍ (1407 അടി)  താഴ്ചയില്‍ സ്ഥിതിചെയ്യുന്ന ചാവുകടലിന് 304 മീറ്റര്‍  താഴ്ച്ചയുണ്ട്. സമുന്ദ്ര നിരപ്പില്‍ നിന്നും  ഇത്രയും താഴെ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏക ലവണാംശം കൂടിയ കടലാണിത്. ഈ കടലിലെ ഉപ്പിന്‍റെ അളവ് സാധാരണ കടലില്‍ നിന്നും 9 ഇരട്ടി കൂടുതലാണ്. മഗ്നീഷ്യം, കാത്സ്യം, പൊട്ടാസിയം, സള്‍ഫര്‍, അയഡിന്‍, ഫോസ്ഫേറ്റ് തുടങ്ങിയ ധാതുലവണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.

ചാവ് കടലില്‍ കുളിക്കുന്നവര്‍

വെള്ളത്തിന്‌ സാന്ദ്രത വളരെ കൂടുതലായതിനാല്‍ (1.24Kg/Litre) മുങ്ങിപ്പോകാതെ അനായാസം ഇതിന്‍റെ മുകളില്‍ കിടക്കാന്‍ കഴിയും. മനുഷ്യന്‍റെ ഭാരം ഈ കടല്‍ ജലത്തെക്കാള്‍ കുറയുന്നതുകൊണ്ടാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ സാധിക്കുന്നത്‌.

ജോര്‍ദാന്‍ നദിയില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് ചാവ് കടലിലെ ജലസ്രോതസ്സ്. ചാവ് കടലില്‍നിന്നും വെള്ളം പുറത്തേക്ക് ഒഴുകിപോകാനുള്ള കൈവഴികളോന്നുമില്ല. വെള്ളം ഇവിടെ കെട്ടിക്കിടന്നു  ബാഷ്പീകരിച്ചു പോകുന്നതിനാല്‍ ഉപ്പും മറ്റു ധാതുപതാര്‍ത്ഥങ്ങളും ഘനീഭവിക്കുന്നു. ജീവനുള്ളതിനൊന്നും ഈ ജലത്തില്‍ ജീവിക്കുവാന്‍ കഴിയാത്തതുകൊണ്ടാണിതിനെ ചാവുകടല്‍ എന്ന് വിളിക്കുന്നത്‌.

ത്വക്ക് രോഗമുള്ളവര്‍ ഈ കടലില്‍ കുളിക്കുന്നത് രോഗശമനത്തിനു നല്ലതാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. വാതം, കരപ്പന്‍, സന്ധിവേദനകള്‍ എന്നിവയ്ക്കെല്ലാം ഈ വെള്ളത്തിലുള്ള കുളി ഫലപ്രധമാണെന്ന് കരുതുന്നു. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്കും ഇവിടുത്തെ വായു ശ്വസിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു. സോപ്പും മറ്റ് സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും ഈ വെള്ളത്തിലെ  മിനറല്‍സ് ഘനനനം ചെയ്ത് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. യിസ്രായേലിന്‍റെ പ്രധാന ധനാഗമന മാര്‍ഗ്ഗങ്ങളിലോന്നാണ് ഈ ചാവുകടല്‍ ഉല്‍പ്പന്നങ്ങള്‍. വ്യവസായ ശാലകളില്‍ വേര്‍തിരിച്ചെടുക്കുന്ന പൊട്ടാസ്യവും മറ്റും കേരളത്തിലെ കൊല്ലം ടൈറ്റാനിയം കമ്പനിയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. 

      

കുളിക്കുന്നതിനു മുന്‍പ് ചാവുകടലിലെ ചെളി ദേഹത്ത് പുരട്ടിവെയിലുകൊള്ളുന്നു. 

         

ചാവുകടലില്‍ പൊങ്ങിക്കിടക്കുന്നു.

ചാവുകടലില്‍ കുളിക്കുന്നതിനാല്‍ പ്രത്യേകം വസ്ത്രങ്ങള്‍ കരുതാന്‍ തലേദിവസം പറഞ്ഞതുകൊണ്ട് എല്ലാവരും സ്വിമ്മിംഗ് ഡ്രസ്സ്‌ കരുതിയിട്ടുണ്ട്. ഞങ്ങള്‍ ചാവുകടലിന്‍റെ കവാടത്തില്‍ എത്തി. കവാടം ഒരു സുവനീര്‍ ഷോപ്പോടുകൂടിയതാണ്. വലിയ ജനത്തിരക്കാണ് അവിടെയെല്ലാം. ഡ്രെസ്സ് മാറുന്നതിനും മറ്റും അവിടെ പ്രത്യേകം റൂമുകളുണ്ട്. കടലില്‍ കുളിക്കുവാനായി മിക്കവരും ഡ്രെസ്സ് മാറി വന്നു. ലോഹ നിര്‍മ്മിതമായതൊന്നും ശരീരത്തില്‍ ധരിക്കാന്‍ പാടില്ല. അവയിലൊക്കെ ഈ കടല്‍്വെള്ളം പറ്റിയാല്‍ കളര്‍ മങ്ങുകയോ ദ്രവിച്ചു പോവുകയോ ചെയ്യും. കടലില്‍ കുളിക്കുമ്പോള്‍  ഈ ജലം വായിലൂടെ അകത്ത് പോയാല്‍ വല്ലാത്ത അസ്വസ്തത അനുഭവപ്പെടും. പുറകാലെ ധാരാളം ശുദ്ധജലം കുടിക്കുകയാണ് പ്രതിവിധി. തല നനയ്ക്കാതെ വേണം കുളിക്കുവാന്‍. കണ്ണില്‍ വെള്ളം തെറിച്ചാല്‍ കുറച്ച് സമയത്തേക്ക് വല്ലാത്ത പരാക്രമം ആയിരിക്കും. കറുത്ത ടാറുപോലെയുള്ള ചെളി ദേഹത്തെല്ലാം പുരട്ടി കുറച്ച് സമയം വെയിലുകൊണ്ടാതിനുശേഷമാണ് കുളി.

ഏകദേശം ഒരുമണിക്കൂര്‍ സമയം കുളിക്കുവനായി നല്‍കിയിട്ടുണ്ട്. കടലില്‍ കുളിച്ചതിനുശേഷം ശുദ്ധജലത്തില്‍ കുളിക്കുവാനുള്ള സൗകര്യവും ഇവിടെയുണ്ട്. അതിനുശേഷം ഡ്രസ്സ്‌ മാറുന്നതിന് പ്രത്യേക മുറിയുണ്ടെങ്കിലും, അവിടൊന്നും പോകാന്‍ മിനക്കെടാതെ തുറസായ സ്ഥലത്ത് നിന്ന് നാടന്‍ ശൈലിയില്‍ തുണി മാറുന്നവരെയും കണ്ടു. എവിടെ ചെന്നാലും മലയാളിയെ വ്യത്യസ്തനാക്കുന്നതും ഇങ്ങനെയുള്ള ചില കാര്യങ്ങളാണല്ലോ. ചാവുകടലില്‍ കുളിച്ചതിനുശേഷം ശുദ്ധജലത്തില്‍ കുളിച്ച് ശരീരം നന്നായി ഉണങ്ങിയിട്ടെ ബസ്സിലേക്ക് പ്രവേശനമുള്ളു. എന്തായാലും യിസ്രായേല്‍ യാത്രയിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ് ചാവുകടലിലെ ഈ കുളി.

ദൈവത്തിന് വിരോധമായി തിന്മയും വഷളത്വവും പ്രവര്‍ത്തിച്ചുവന്നിരുന്ന സോദോം, ഗോമോറ എന്നീ പട്ടണങ്ങളെ ആകാശത്തുനിന്നും തീയിറക്കി ദൈവം നശിപ്പിച്ചു. അതിന്‍റെ ബാക്കിപത്രമാണ് ഇന്ന് നാം കാണുന്ന ചാവ് കടല്‍. ദാവീദ് ശൌല്‍ രാജാവിനെ ഭയന്ന് തന്‍റെ കുടുംബത്തോടൊപ്പം ഓടിപ്പോയത് ഈ കടലിനടുത്തുള്ള എന്‍ഗദി എന്ന സ്ഥലത്തേക്കാണ്‌.മഹാനായ ഹെരോദാവ് ചാവ് കടലിന്‍റെ പടിഞ്ഞാറന്‍ തീരത്ത് പല കോട്ടകള്‍ പണിതു. അതില്‍ പ്രധാനപ്പെട്ടത് മസാദാ ആയിരുന്നു. ഈജിപ്തിലേക്കുള്ള നമ്മുടെ യാത്രയില്‍ ഈ സ്ഥലം കാണാന്‍ കഴിയും.

ഓരോ വര്‍ഷം കഴിയുംതോറും ചാവുകടലിലെ വെള്ളം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് ജോര്‍ദാന്‍ നദിയില്‍നിന്നുള്ള വെള്ളത്തിന്‍റെ വരവ് കുറഞ്ഞതാണ്. മറ്റൊരു കാരണം ചാവ് കടല്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികളുടെ വലിയ തോതിലുള്ള ജല ഉപയോഗമാണ്.

വിശുദ്ധ വേദപുസ്തകത്തിലെ പ്രവചന നിവൃത്തിയായി ഈ ചാവുകടല്‍ ഇല്ലാതായിത്തീരുകയും ഇതൊരു  ശുദ്ധജലസമുന്ദ്രമാകുകയും ചെയ്യും. സമൃദ്ധമായ ഒരു മത്സ്യബന്ധന കേന്ദ്രമായി ഇത് പരിണമിക്കുകയും ചെയ്യുന്ന കാലം വിദൂരമല്ല. യെരുശലേമില്‍ പണിയുന്ന യെഹൂദ ദേവാലയത്തില്‍ നിന്നും പുറപ്പെടുന്ന അരുവി വന്നു പതിച്ചാണ് ചാവുകടല്‍ ശുദ്ധമാകുന്നത്. (യെഹസ്ക്കേല്‍് 47:8-12) നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പരിശുദ്ധാത്മാവ് എഴുതിവെച്ച പ്രവചനവാക്ക്യങ്ങള്‍ നിറവേറാന്‍ പോകുന്ന ഒരു മഹാ ചരിത്ര സംഭവമാണെന്ന തിരിച്ചറിവോടെ ഞങ്ങള്‍ ചാവുകടലില്‍ നിന്നും മടങ്ങി. 

അടുത്ത യാത്രയ്ക്കായി ബസ്സില്‍ കയറിയ ഞങ്ങളുടെ ലക്‌ഷ്യം ബെഥാന്യയായിരുന്നു. ഒലിവ് മലയുടെ കിഴക്കെ ചെരുവിലായി യെരുശലേം നഗരത്തിന് 2.4 കിലോമീറ്റര്‍ കിഴക്കായി കിടക്കുന്ന ഈ കൊച്ചു ഗ്രാമമാണ്‌  മാര്‍ത്തയുടെയും, മറിയയുടെയും, ലാസറിന്‍റെയും നാടായ ബെഥാന്യ. യേശുവിന് വളരെ പ്രീയരായിരുന്നു ലാസറും കുടുംബവും. ഇടയ്ക്കിടെ യേശു ഈ ഭവനം സന്ദര്‍ശിച്ചിരുന്നു. യേശുവിന് വളരെ പ്രീയനായിരുന്നു ലാസറെങ്കിലും അവന്‍ ദീനം പിടിച്ച് മരിക്കാറായെന്നു കേട്ടിട്ടും യേശു അവനെ സന്ദര്‍ശിച്ചില്ല. ഒടുവില്‍ ലാസര്‍ മരിച്ച്, അടക്കി നാലാം ദിവസമാണ് യേശു അവിടേക്ക് വരുന്നത്. ലാസറിന്‍റെ മരണത്തില്‍ മനംനൊന്ത് കരയുന്ന മറിയയെയും മറ്റ് യെഹൂദന്മാരെയും കണ്ടിട്ട് യേശുവും കരയുന്നു. ഹൃദയവേദനയോടെ യേശു കല്ലറക്കല്‍ എത്തി: ലാസറെ, പുറത്തുവരുക എന്ന് ഉറക്കെ വിളിച്ചു. മരിച്ചവന്‍ പുറത്ത് വന്നു. (യോഹന്നാന്‍ 11: 1-45) ഈ സംഭവത്തോടെയാണ് ബെഥാന്യ പ്രശസ്തമായത്.

ലാസറിന്‍റെ കല്ലറയുടെ കവാടം

ഇവിടുത്തെ പ്രധാന സന്ദര്‍ശന സ്ഥലം ലാസറിന്‍റെ കല്ലറയാണ്. മറ്റൊന്ന് ലാസറിന്‍റെ കുടുംബം താമസിച്ചിരുന്നതെന്ന് കരുതുന്ന വീടിന്‍റെ സ്ഥാനത്ത് പണിതിരിക്കുന്ന റോമന്‍ കത്തോലിക്കാ പള്ളിയാണ്. വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തുനിന്നും കുറച്ച് ദൂരം നടന്നുവേണം കല്ലറയിലേക്ക് എത്താന്‍. കുത്തനെയുള്ള ചെറിയ ഒരു കയറ്റം കയറണം. പ്രായമുള്ളവരൊക്കെ അല്പം സാവധാനമാണ് അവിടെ എത്തിയത്. 24 സ്റ്റെപ്പുകള്‍ താഴേക്കിറങ്ങി, വളരെ ഇടുങ്ങിയ ഗുഹാതുല്യമായ ഒന്നാണ് ഈ കല്ലറ. താഴെ  എത്തിയാല്‍്വീണ്ടും 3 പടികള്‍ ഇറങ്ങി ഒരു ഇടുങ്ങിയ ധ്വാരത്തിലൂടെ കയറി ശരീരം അടക്കം ചെയ്യുന്ന ബറിയല്‍് ചേംബറില്‍ പ്രവേശിക്കാം. ഉള്ളില്‍ പ്രവേശിച്ചാല്‍ അവിടെ നാലഞ്ച് പേര്‍ക്ക് നില്‍ക്കാനുള്ള സൗകര്യം ഉണ്ട്. അധികം സമയം അവിടെ നിന്നാല്‍ ശ്വാസതടസം അനുഭവപ്പെടും. ഇത്രയും താഴ്ചയില്‍ ശവശരീരം അടക്കം ചെയ്തതുകൊണ്ടാകാം ലാസരെ പുറത്തുവരുക എന്ന് യേശു ഉറക്കെ വിളിച്ചതായി എഴുതിയിരിക്കുന്നത്.

യേശു ലാസറിനെ ഉയര്‍പ്പിച്ചത്കൊണ്ട് മാത്രമല്ല, ബെഥാന്യാ ശ്രദ്ധേയമാകുന്നത്. യേശുവിന്‍റെ മരണത്തിന് ചില ദിവസങ്ങള്‍ക്ക് മുന്‍പ് അവിടെ ശീമോന്‍ എന്ന കുഷ്ടരോഗിയുടെ വീട്ടില്‍ യേശു ഇരിക്കുമ്പോള്‍, ഒരു സ്ത്രീ ഒരു വെണ്‍്കല്‍്ഭരണി വിലയേറിയ സ്വച്ചജടമാംസി തൈലവുമായി വന്ന് യേശുവിന്‍റെ തലയില്‍ ഒഴിച്ച് അഭിഷേകം ചെയ്യപ്പെട്ട സംഭവവും നടന്നത് ഇവിടെയാണ്. (മാര്‍ക്കോസ് 14:3) യിസ്രായേല്‍ ജനത കാത്തിരുന്ന വിമോചകനായ മശിഹ തന്നെയാണ് യേശു എന്നതിന്‍റെ പരസ്യ പ്രഖ്യാപനം കൂടെ ആയിരുന്നു ഈ സംഭവം.

ഇടുങ്ങിയ കവാടത്തിലൂടെ ബറിയല്‍ ചേംബറിലിലേക്ക് നുഴഞ്ഞ് പ്രവേശിക്കുന്നു. 

ഒരു പലസ്തീനിയന്‍ ഗ്രാമമായ ബെഥാന്യാ കുരിശുയുദ്ധക്കാരുടെ കാലഘട്ടം മുതല്‍   അല്‍ എയ്സരിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. ലാസറിന്‍റെ സ്ഥലം എന്നാണതിനര്‍ത്ഥം. യിസ്രായേലിലെ ഏരിയ ബി യില്‍ ഉള്‍പ്പെട്ടിരിക്കുന്ന ബെഥാന്യാ, പലസ്തീനിലിലെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്‌. നാലാം നൂറ്റാണ്ടില്‍ ലാസറിന്‍റെ കല്ലറയുടെ മുകളില്‍ ഒരു ദേവാലയം പണിയപ്പെട്ടു. ഈ കല്ലറയുടെ കുറച്ച് താഴേക്ക് മാറി വീട് നിന്ന സ്ഥലത്തും മറ്റൊരു ദേവാലയം പണിയപ്പെട്ടു. ആറാം നൂറ്റാണ്ടിലുണ്ടായ ഭൂകമ്പത്തില്‍ ഇവ തകര്‍ന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ ഓട്ടോമാന്‍ തുര്‍ക്കികള്‍  ലാസറിന്‍റെ പേരില്‍ ഇവിടെ ഒരു മോസ്ക്ക് നിര്‍മ്മിച്ചു. തുടര്‍ന്ന് പള്ളിയുടെ വശത്തുനിന്നും കല്ലറയിലേക്കുള്ള പ്രവേശന കവാടം അടക്കുകയും, റോഡില്‍ നിന്നും കല്ലറയിലേക്ക് വരുന്നതിന് പാറ തുരന്ന് മറ്റൊരു പ്രവേശനമാര്‍ഗം നിര്‍മ്മിക്കുകയും ചെയ്തു. നാം ഇപ്പോള്‍ കാണുന്ന പള്ളി 1955-ല്‍ പണിതീര്‍ത്തതാണ്.

യേശുവിന്‍റെ കാലത്ത് ഇരുപത്തഞ്ചില്‍ താഴെ കുടുംബങ്ങള്‍ മാത്രം താമസിച്ചിരുന്ന ഈ സ്ഥലത്ത് പണ്ട് ബെന്യാമീന്‍ ഗോത്രക്കാര്‍ പാര്‍ത്തിരുന്നു. അന്ന് ഗ്രാമത്തിന്‍റെ പേര് അനന്യാവ് എന്നായിരുന്നു. (നെഹമ്യാവ് 11:32) പില്‍ക്കാലത്ത് ബെഥ്-അനന്യായും തുടര്‍ന്ന് ബെഥാന്യാ ആയും മാറ്റപ്പെട്ടു. ഒലിവ് മലയില്‍ നിന്നും ബെഥാന്യാ വളരെ അടുത്താണെങ്കിലും പലസ്തീനെ വേര്‍തിരിക്കുന്ന മതില്‍ യിസ്രായേല്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ വളരെ ചുറ്റി കറങ്ങി വേണം ഇവിടെ എത്തിച്ചേരാന്‍.

ലാസറിന്‍റെ വീടിന്‍റെ സ്ഥാനത്ത് പണിതിരിക്കുന്ന ദേവാലയം.

ലാസറിന്‍റെ വീട് നിന്ന സ്ഥലത്ത് പണിതിരിക്കുന്ന റോമന്‍ കത്തോലിക്കാ പള്ളിയുടെ നിര്‍മ്മിതിയും യിസ്രായേലിലെ മറ്റ് പ്രധാനപ്പെട്ട പള്ളികളുടെ ശില്‍പ്പിയായ അന്‍റൊണിയോ ബര്‍ലൂച്ചിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പള്ളിയില്‍ നിന്നും ഇറങ്ങിയ ഞങ്ങളെ എതിരേറ്റത് ഒരു കൂട്ടം വഴിയോര കച്ചവടക്കാരാണ്. ചിലര്‍ മാതള നാരങ്ങാ ജൂസ് കുടിക്കുവാന്‍ പ്രലോഭിപ്പിച്ചും, മറ്റുചിലര്‍ ബാഗ്, ഈന്തപ്പഴം, മുത്തുമാല എന്നിവയൊക്കെ വില്‍ക്കുവാനും ഞങ്ങളുടെ പുറകെ കൂടി. യാത്ര തുടങ്ങിയ ആദ്യ ദിവസം മുതല്‍ വാങ്ങിക്കൂട്ടിയതൊക്കെ ബാഗില്‍ കുത്തിനിറച്ചവര്‍ക്ക് മറ്റൊരു ട്രോളി ബാഗില്ലാതെ തുടര്‍ യാത്ര സാധ്യമായിരുന്നില്ല. അങ്ങനെ ഒന്ന് രണ്ട് പേര്‍ ബാഗ് വാങ്ങിയാതൊഴിച്ചാല്‍ കാര്യമായ പ്രലോഭനങ്ങളില്‍ ആരും പെട്ടില്ല.

ബെഥാന്യാ പലസ്തീനിലെ ഒരു പട്ടണമാണെന്നു പ്രദമ ദൃഷ്ടിയില്‍ തന്നെ ആര്‍ക്കും  ബോധ്യമാകുന്നതായിരുന്നു ഈ പട്ടണത്തിന്‍റെ അവസ്ഥ. ഇടുങ്ങിയ പാതകളും, വൃത്തിഹീനമായ തെരുവോരങ്ങളും, പാതയോരങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന പഴക്കം ചെന്ന വാഹനങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് കുട്ടികളും മറ്റും ഇത് വിളിച്ചോതുന്നതായിരുന്നു. (തുടരും)

  Click to read previous: Part 1Part 2Part 3Part 4Part 5Part 6Part 7Part 8Part 9Part ​10, Part 11.part 12,part 13,part14,part -15,part16,part17,


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,250

PEOPLE VIEWED THIS ARTICLEനിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2021. All Rights Reserved. 288452 Website Designed and Developed by: CreaveLabs