യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര(പതിനഞ്ചാം ഭാഗം) -ബെന്നി വര്‍ഗീസ്

Voice Of Desert 9 years ago comments
യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര(പതിനഞ്ചാം ഭാഗം) -ബെന്നി വര്‍ഗീസ്

2012-ല്‍ ലോകപൈതൃക സ്മാരകമായി യുനെസ്കോ പ്രക്യാപിച്ച തിരുപ്പിറവി പള്ളിയാണ് യിസ്രായേലിലെ ഏറ്റവും തിരക്കുള്ള സന്ദര്‍ശന സ്ഥലം. പള്ളിയുടെ മുറ്റം മുഴുവന്‍ ജനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. പള്ളിയിലേക്ക് പ്രവേശിക്കുന്ന കവാടം വളരെ ഉയരം കുറഞ്ഞതാണ്. ’വിനയത്തിന്‍റെ വാതില്‍ (Door of Humility) എന്നാണ് ഈ വാതില്‍ അറിയപ്പെടുന്നത്. നന്നായി കുനിഞ്ഞു വേണം അകത്തേക്ക് പ്രവേശിക്കാന്‍. കവാടത്തില്‍ നിന്ന പലസ്തീനി പോലീസ് ‘എന്‍ട്രി പാസ്സ്’ ചെക്ക് ചെയ്ത് ഞങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചു. അകത്ത് പ്രവേശിച്ച ഞങ്ങള്‍ ഒരു നിമിഷം സ്തബ്ദരായി! ഏറ്റവും കുറഞ്ഞത്‌ ആയിരം പേരെങ്കിലും ലൈനില്‍ നില്‍ക്കുന്നു.! മറ്റ് ഗത്യന്തരമില്ലാത്തതിനാല്‍ ഞങ്ങളും നീണ്ട ലൈനിന്‍റെ പുറകിലായി നിന്നു. കുറഞ്ഞത്‌ രണ്ട് മണിക്കൂര്‍ എങ്കിലും വേണ്ടിവരും യേശു ജനിച്ച സ്ഥലം എന്ന് പൊതുവേ കരുതുന്ന പള്ളിയുടെ അടിവശത്തുള്ള ഗുഹയില്‍ എത്തിച്ചരാന്‍്. ഗ്രീക്ക് ഓര്‍ത്തഡോക്സ്, റോമന്‍ കത്തോലിക്ക, അര്‍മേനിയ എന്നീ മൂന്ന് വിഭാഗക്കാരാണ് ഈ പള്ളിയുടെ ചുമതലക്കാര്‍. പള്ളിയുടെ ഉള്‍വശത്തും പലസ്തീന്‍ പോലീസിന്‍റെ സാന്നിധ്യം കാണാം. പ്രവേശന വാതില്‍ ചെറുതാണെങ്കിലും, പള്ളിയുടെ അകം വിശാലമാണ്. പ്രധാന ഹാളിന്‍റെ ഇടതു വശത്ത് കുറച്ച് സ്ഥലം തറനിരപ്പില്‍ നിന്നും താഴെയാണ്. ഇവിടെ പലക വച്ച് മൂടിയിരിക്കുന്ന ഭാഗം മൂന്നാം നൂറ്റാണ്ടില്‍ പണിത പള്ളിയുടെ മാര്‍ബിള്‍ തറയാണ്‌. ഏകദേശം രണ്ടടിയോളം താഴ്ചയിലാണ് കോണ്‍‌സ്റ്റന്‍റെയിന്‍ പണിത പള്ളിയുടെ തറ സ്ഥിതിചെയ്യുന്നത്.

.  തിരുപ്പിറവി പള്ളിയുടെ കവാടവും, യേശുവിന്‍റെ ജന്മസ്ഥലമായി കരുതുന്ന സ്ഥലത്ത് പതിച്ചിരിക്കുന്ന വെള്ളി നക്ഷത്രവും.   

പള്ളി നവീകരിച്ചപ്പോള്‍ ഉയര്‍ത്തിപ്പണിത തറയാണ്‌ ഇപ്പോള്‍ ഉപയോഗത്തി ലിരിക്കുന്നത്. വളരെ സാവധാനം ഞങ്ങള്‍ ഉള്ളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. പള്ളിയുടെ അള്‍ത്താരയുടെ അടിഭാഗത്ത് ഏതാനും ചവിട്ട് പടികള്‍ താഴേക്ക്‌ ഇറങ്ങിയാല്‍ 14 കാലുകളുള്ള വെള്ളി നക്ഷത്രം പതിച്ചിരിക്കുന്ന സ്ഥലം കാണാം. ഫോട്ടോ എടുക്കുവാനും നക്ഷത്രത്തില്‍ ചുംമ്പിക്കുവാനുമുള്ള വലിയ തിരക്കാണവിടെ. ഇടതുവശത്തായി യേശുക്കുഞ്ഞിനെ കിടത്തിയ തൊട്ടിലിന്‍റെ മാതൃകയും കാണാം. ഇവിടെ നിന്നും ഇറങ്ങി മുകളിലോട്ടു കയറിയാല്‍ ‘ചര്‍ച്ച് ഓഫ് സെന്റ് കാതറിന്‍് അലക്സാണ്ട്രിയ’ എന്ന പള്ളിയിലേക്കാണ് നാം ചെല്ലുന്നത്. ലോകമെമ്പാടും ഡിസംബര്‍ 24-ന് കാണുന്ന പാതിരാ കുര്‍ബ്ബാന സംപ്രേക്ഷണം ചെയ്യുന്നത് ഈ റോമന്‍ കത്തോലിക്കാ പള്ളിയില്‍ നിന്നുമാണ്. ഇതിനോട് ചേര്‍ന്ന് രണ്ട് ചെറിയ പള്ളികള്‍ കൂടി സ്ഥിതിചെയ്യുന്നു. ഒന്ന് വി. ജോസഫിന്‍റെ പേരിലുള്ളതും മറ്റേത് ലാറ്റിന്‍ ഭാഷയിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്ത വി. ജെറോമിന്‍റെ പേരിലുമാണ്.

ഇതര നാമധേയ ക്രിസ്തീയ സഭാ വിഭാഗങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സന്ദര്‍ശന സ്ഥലമാണ് തിരുപ്പിറവി പള്ളി. യേശു ജനിച്ച സ്ഥലം കൃത്യമായി വേദപുസ്തകത്തില്‍ പറഞ്ഞിട്ടില്ല. ലൂക്കോസ് സുവിശേഷത്തില്‍ (2:7) “അവള്‍ ആദ്യ ജാതനായ മകനെ പ്രസവിച്ചു, ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്ക് സ്ഥലം ഇല്ലായ്കയാല്‍ പശുത്തൊട്ടിയില്‍് കിടത്തി” എന്നേ എഴുതിയിട്ടുള്ളൂ. കൃത്യ സ്ഥലം പറഞ്ഞിട്ടില്ലാത്തതിനാല്‍, അത് ബേത്‌ലഹേമില്‍ തന്നെയുള്ള എവിടെങ്കിലും ആകാം. നമ്മേ സംബന്ധിച്ചിടത്തോളം യേശു ജനിച്ചതിനാണ് പ്രാധാന്യത, മറിച്ച് ജനിച്ച സ്ഥലത്തിനോ, തീയ്യതിക്കോ അല്ല. വഴിയിലെവിടയോ ജന്മംകൊണ്ട്, പശുത്തൊട്ടിയില്‍ കിടക്കേണ്ടി വന്ന ലോക രക്ഷിതാവ്! പ്രതിഫലേച്ഛ കൂടാതെ എല്ലാവരേയും സ്നേഹിച്ചു. രോഗികളെ സൈഖ്യമാക്കി, മരിച്ചവരെ ഉയര്‍പ്പിച്ചു, ഭൂതങ്ങളെ പുറത്താക്കി, വിശന്നവര്‍ക്ക് അപ്പം നല്‍കി, കരയുന്നവരുടെ കണ്ണീരൊപ്പി, ദരിദ്രരെ മറോടണച്ചു, ഒടുവില്‍ മാനവരാശിയുടെ പാപങ്ങള്‍ക്ക് വേണ്ടി മരക്കുരിശില്‍ സ്വയം ബലിയായി! ആ യാഗ മരണം മനുഷ്യവര്‍ഗത്തിന്‍റെ പാപ പരിഹാരത്തിന് മതിയായതെന്നു തെളിയിച്ചുകൊണ്ട് മൂന്നാം നാളില്‍ ഉയര്‍ത്തെഴുന്നേറ്റു. കര്‍ത്താവിന്‍റെ ജനനവും, മരണവും, ഉയര്‍ത്തെഴുന്നേല്‍പ്പും നടന്നതായി വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങള്‍ക്ക് കൊടുക്കുന്ന പ്രാധാന്യതപോലും മിക്ക സന്ദര്‍ശകരും കര്‍ത്താവിന് കൊടുക്കാറില്ലെന്ന ദു:ഖ സത്യം പേറുന്ന മനസ്സുമായി ഞങ്ങള്‍ അടുത്ത സ്ഥലത്തേക്ക്!     

അടുത്ത യാത്ര ഇടയന്മാരുടെ വയല്‍ (Shepherd field) എന്നറിയപ്പെടുന്ന  സ്ഥലത്തേക്കാണ്‌. ക്രിസ്തുവിന്‍റെ ജനന വാര്‍ത്ത‍, ദൂതന്‍ ആട്ടിടയന്മാരെ അറിയിച്ചത് ഇവിടെ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ബേത്‌ലഹേം പട്ടണത്തിന് കിഴക്ക് വശത്തായി സ്ഥിതിചെയ്യുന്ന ബേത്-സഹൂര്‍ എന്ന ഗ്രാമത്തിലാണ് ഈ പ്രദേശം ഉള്‍പ്പെടുന്നത്. ഇടയന്മാര്‍ ആടുകളെ സംരക്ഷിക്കുകയും, അവര്‍ താമസിക്കുകയും ചെയ്തിരുന്ന ഗുഹകള്‍ ഇവിടെ കാണാന്‍ കഴിയും. ഉന്നത കുലജാതരും, സമ്പന്നരും, പണ്ഡിതശ്രേഷ്ടന്മാരും ബേത്‌ലഹേമില്‍ ഉണ്ടായിരുന്നിട്ടും, ആ കാലഘട്ടത്തില്‍ യെഹൂദന്മാര്‍ ഏറ്റവും വെറുത്തിരുന്ന ആട്ടിടയന്മാരെയാണ് “സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം ദൈവം അറിയിച്ചത്. (ലൂക്കോസ് 2:8-11) “ഞാന്‍ നല്ല ഇടയന്‍” (യോഹന്നാന്‍ 10:11) എന്ന് കര്‍ത്താവ് പറഞ്ഞതിലൂടെ താനും ഒരു നല്ല ആട്ടിടയനാണെന്ന് സ്വയം വെളിപ്പടുത്തിക്കൊണ്ട് വെറുക്കപ്പെട്ടവരോട് പങ്കാളിത്തം ചേരുകയാണ് യേശു കര്‍ത്താവ്. 

 ഇടയന്മാര്‍ താമസിച്ചിരുന്ന ഗുഹയും, അവിടെ നിര്‍മ്മിക്കപെട്ട ആട്ടിടയ പള്ളിയും.  

ഇടയന്മാര്‍ താമസിച്ചിരുന്ന രണ്ട് വലിയ  ഗുഹകള്‍ ഇവിടെ കാണുവാന്‍ കഴിയും.  രാത്രിയില്‍ ആടുകളെ ഉള്ളില്‍ പാര്‍പ്പിക്കുകയും, ഇടയന്മാര്‍ വാതില്‍ക്കല്‍ കാവല്‍ കിടക്കുകയും ചെയ്യും. നന്നാ രാവിലെ ആടുകളുമായി ഇടയന്മാര്‍ പുറത്ത് പോകുമ്പോള്‍ സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്യുന്നതും മറ്റും ഈ ഗുഹയ്ക്കുള്ളില്‍ തന്നെയായിരുന്നു. ഗുഹയില്‍ പ്രവേശിച്ചാല്‍, ആടുകള്‍ക്ക് വെള്ളം കൊടുക്കുന്ന തൊട്ടി. പഴയ പാത്രങ്ങള്‍, അടുപ്പ് ഇവയൊക്കെ കാണാം. കൂടാതെ സന്ദര്‍ശകര്‍ക്ക് ഇരുന്ന് പ്രാര്‍ത്ഥിക്കുവാനും, ധ്യനിക്കുവാനും മറ്റും ധാരാളം ഇരിപ്പിടങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ‘ആട്ടിടയ പള്ളി’ എന്ന് അറിയപ്പെടുന്ന ഒരു പള്ളി ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. ഈ പള്ളിയുടെ ശില്‍പ്പിയും ഇറ്റലിക്കാരനായ അന്റോണിയോ ബലുചിയാണ്. പള്ളിയുടെ ഉള്‍വശത്ത് ദൂതന്‍ ഇടയന്മാരെ യേശുവിന്‍റെ ജനന വിവരം അറിയിക്കുന്ന രംഗം വളരെ ഭംഗിയായി ചിത്രീകരണം ചെയ്തുവച്ചിട്ടുണ്ട്.    ഇടയന്മാരുടെ വയലിന്‍റെ എതിര്‍വശത്ത് ദൂരെ കാണുന്ന തുറസ്സായ സ്ഥലം ബോവസ്സിന്‍റെ വയലായി അറിയപ്പെടുന്നു. ധനികനായ ബോവസ്സിന്‍റെ ഈ വയലിലാണ് രൂത്ത് കാലാപെറുക്കിയതും, പിന്നീട് ബോവസ്സ് രൂത്തിനെ വിവാഹം കഴിക്കുകയും യേശുക്രിസ്തുവിന്‍റെ വലിയ വല്യമ്മച്ചി ആയി രൂത്ത് മാറ്റപ്പെടുകയും ചെയ്തത്.

അല്‍പ്പസമയം പ്രാര്‍ത്ഥനയ്ക്കായി ഞങ്ങള്‍ വേര്‍തിരിച്ചു. ഒരു പ്രത്യേക ദൈവസാനിദ്ധ്യം അവിടെയിരുന്നപ്പോള്‍ ഞങ്ങള്‍ക്കനുഭവിക്കാന്‍ കഴിഞ്ഞു. നേരം നന്നാ വൈകി. ഇന്നത്തെ കാഴ്ച്ചകള്‍ക്ക് ഇവിടെ പരിസമാപ്തിയായി. ഇനി ബേത്‌ലഹേമിലെ ഹോട്ടലിലേക്ക്. പ്രാര്‍ത്ഥനക്കും, അത്താഴത്തിനും ശേഷം വിശ്രമം. 

പതിവുപോലെ പ്രഭാത ഭക്ഷണത്തിനുശേഷം 7.30ന് തന്നെ ഞങ്ങള്‍ പുറപ്പെട്ടു. ഇന്നത്തെ ആദ്യ യാത്ര കല്ലറത്തോട്ടത്തിലേക്കാണ് (The Garden Tomb). അവിടെ  തിരുവത്താഴ ശുശ്രൂഷ നടത്തുവാനുള്ള അനുവാദം മുന്‍കൂട്ടി വാങ്ങിയിട്ടുണ്ട്. അതുകൊണ്ട് എല്ലാവരും നല്ല സന്തോഷത്തിലാണ് കൂടാതെ മിക്കവരും ശുഭ്രവസ്ത്ര ധാരികളുമാണ്. ദമാസ്കസ് ഗയിറ്റിനു വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ കല്ലറത്തോട്ടത്തിലാണ് യേശുവിനെ ക്രൂശിച്ചതെന്നും, അടക്കിയതെന്നും ഒട്ടുമിക്ക ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. സാഹചര്യ തെളിവുകള്‍് യോജിക്കുന്നതും ഈ കല്ലറയുമായാണ്.

   ലേഖകന്‍ യേശുവിന്‍റെ കല്ലറക്കുമുന്നില്‍

കല്ലറത്തോട്ടം ഒരു ഗ്രീക്ക്കാരന്‍റെ സ്വകാര്യ സ്ഥലമായിരുന്നു. 1842-ല്‍ ജര്‍മ്മന്‍ വേദഞ്ജനായിരുന്ന ‘ഓട്ടോ തേനിയസ്’ തലയോടിടവുമായി (Skull Hill) ഈ സ്ഥലത്തിനുള്ള സാമ്യം തിരിച്ചറിഞ്ഞു. എന്നാല്‍ കുറേകാലത്തേക്ക്  ഈ ആശയം വെളിച്ചം കാണാതെ കിടന്നു. 1833-ല്‍ ‘ജനറല്‍ ചാള്‍സ് ഗോര്‍ഡന്‍ എന്ന ബ്രിട്ടീഷുകാരന്‍ ഈ സ്ഥലത്തിന്‍റെ പ്രത്യേകത മനസ്സിലാക്കുകയും ഈ കാര്യങ്ങള്‍ താന്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. പിന്നീട് ‘ചാര്‍ളട്ട് ഹസ്സെ’ ‘ലൌസിയ ഹോപ്‌’ എന്നീ സഹോദരിമാര്‍ ഈ സ്ഥലം വാങ്ങുന്നതിനെ പ്പറ്റി വളരെ ഗൌരവമായി ചിന്തിക്കുകയും അതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.  1892 സെപ്തംബര്‍് 22 ന് ലണ്ടന്‍ ടൈംസ് പേപ്പറില്‍ ഈ സ്ഥലം വാങ്ങുവാനുള്ള പണം സംഭാവന ചെയ്യുവാനായി ആഹ്വാനം ചെയ്യപ്പെട്ടു. 1893-ല്‍ ലണ്ടനില്‍ ‘ഗാര്‍ഡന്‍ ടോംമ്പ് അസോസിയേഷന്‍‘ എന്ന സംഘടന നിലവില്‍ വരുകയും 1894-ല്‍ ഈ സ്ഥലം അവര്‍ വിലക്ക് വാങ്ങുകയും ചെയ്തു. ഈ പ്രൊട്ടസ്റ്റെന്‍റെ് സംഘടനയുടെ അധീനതയിലാണ് ഇന്ന് കല്ലറത്തോട്ടം സ്ഥിതിചെയ്യുന്നത്. 

 

  തലയോടിടം (Skull Hill) 

കല്ലറത്തോട്ടത്തിലെ വിവരണങ്ങള്‍ നല്‍കുന്നതിന് പ്രത്യേകം ഗൈഡ് ഇവിടെയുണ്ട്. നമ്മുടെ ഗൈഡിന് അവിടെ സംസാരിക്കുവാന്‍ അനുവാദമില്ല. പ്രവേശന കവാടത്തില്‍ നിറ പുഞ്ചിരിയോടെ നിന്ന ജോണ്‍ സ്മിത്ത് എന്ന ബ്രിട്ടീഷുകാരന്‍ “ദൈവത്തിന് സ്തുതി” എന്ന് പറഞ്ഞ് ഞങ്ങളെ സ്വീകരിച്ചു, കല്ലറത്തോട്ടത്തിലെ ഇന്നത്തെ നമ്മുടെ ഗൈഡ് ഇദ്ദേഹമാണ്. ആദ്യം തലയോടിടം എന്ന സ്ഥലത്തേക്കാണ് അദ്ദേഹം ഞങ്ങളെ കൊണ്ടുപോയത്.  തലയോടിടത്തിനു അഭിമുഖമായുള്ള ഇരിപ്പിടത്തില്‍  ഞങ്ങളെ ഇരുത്തിയതിന് ശേഷം വളരെ വിശദമായ വിവരങ്ങള്‍ അദ്ദേഹം നല്‍കി. തലയോട്ടി പോലെ തോന്നുന്ന മുകള്‍ ഭാഗം, അതിനുതാഴെ നെറ്റി, കണ്ണ്, മൂക്ക് വായ ഇവയെല്ലാം ഒരു മനുഷ്യന്‍റെ തലയോട്ടിയുടെ ചിത്രം കാണികള്‍ക്ക് സമ്മാനിക്കുന്നു. ഈ രൂപ സാദൃശ്യമാണ് തലയോടിടം എന്ന പേര് ലഭിക്കാന്‍ കാരണമായത്. കാലപ്പഴക്കത്താല്‍ കുറച്ചൊക്കെ വ്യത്യാസം സംഭവിച്ചതായി ഗൈഡിന്‍റെ കൈവശമുള്ള നൂറ് വര്‍ഷം പഴക്കമുള്ള ഫോട്ടോ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. അതില്‍ തലയോട്ടിയുടെ ചിത്രം ഒന്നുകൂടി വ്യക്തമാണ്‌. ഇന്ന് കുന്നിന്‍റെ മുകള്‍ ഭാഗം ഒരു മുസ്ലീം സെമിത്തേരിയാണ്. ഫോട്ടോ എടുത്തതിനുശേഷം സ്മിത്ത് ഞങ്ങളെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെയും ധാരാളം ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.  

“അവനെ ക്രൂശിച്ച സ്ഥലത്ത് തന്നെ ഒരു തോട്ടവും ആ തോട്ടത്തില്‍ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയൊരു കല്ലറയും ഉണ്ടായിരുന്നു.” (യോഹന്നാന്‍ 19:41) വളരെ മനോഹരമായ ഒരു തോട്ടത്തിലാണ് ഈ കല്ലറ സ്ഥിതിചെയ്യുന്നത്. വഴിയെ പോകുന്നവര്‍ ക്രൂശില്‍ കിടന്ന യേശുവിനെ നോക്കി പരിഹസിച്ചിരുന്നതായി മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ നാം വായിക്കുന്നു.(മര്‍്ക്കൊസ്15:29,30)  ഈ തോട്ടത്തില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ, തോട്ടം നനയ്ക്കുവാനുള്ള വെള്ളം സംഭരിക്കുവാനായി ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു കൂറ്റന്‍ ജലസംഭരണി കണ്ടെത്തുകയുണ്ടായി. അതിന്‍റെ പഴയ ചിത്രവും സ്മിത്ത് ഞങ്ങളെ കാണിച്ചു. കൂടാതെ ഒരു മുന്തിരി ചക്കും (Wine Press) ഈ തോട്ടത്തില്‍ ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞ് അതിന്‍റെ അവശിഷ്ടങ്ങള്‍ ഞങ്ങളെ കാണിച്ചു. ഈ കാര്യങ്ങളെല്ലാം സമര്‍ത്ഥിച്ചുകൊണ്ട് യേശുവിനെ ക്രൂശിച്ചതും അടക്കം ചെയ്തതും ഈ തോട്ടത്തില്‍ ആയിരിക്കാനാണ്‌ കൂടുതല്‍ സാദ്ധ്യത എന്ന് അദ്ദേഹം വെളിപ്പെടുത്തി. തോട്ടത്തിന്‍റെ നിരപ്പില്‍ നിന്ന് ഏതാനും പടികള്‍ താഴെ ഒരു സ്ഥലമുണ്ട്. അവിടെയാണ് യേശുവിനെ അടക്കിയ കല്ലറ സ്ഥിതിചെയ്യുന്നത് 

കല്ലറത്തോട്ടത്തിലെ മുന്തിരി ചക്ക് (Wine Press)

യെഹൂദന്‍റെ ക്രൂശീകരണവും സംസ്ക്കാര രീതിയെക്കുറിച്ചും സ്മിത്ത് വിശദീകരിച്ചു. ഇവിടെ കാണുന്ന കല്ലറയ്ക്ക് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് ശരീരം വയ്ക്കുന്ന ഭാഗവും മറ്റേത് ഇരുന്ന് വിലപിക്കുന്ന (Weeping Chamber) വിലാപ സ്ഥലവും. വിലാപ മുറിയുടെ എതിര്‍വശത്തുള്ള ഭാഗം കമ്പി അഴിയിട്ട്‌ വേര്‍തിരിച്ചരിക്കുന്നു. അവിടെയും രണ്ട് ഭാഗങ്ങളുണ്ട്. അല്പം കുഴിഞ്ഞ് ഇടതുവശത്തായി കാണുന്ന ഭാഗത്താണ് യേശുവിന്‍റെ ശരീരം വെച്ചതെന്ന് കരുതുന്നു. അഞ്ച് ആളുകള്‍ വീതം കല്ലറയ്ക്കകത്തു കയറി കാണുവാന്‍ സ്മിത്ത് ആവശ്യപ്പെട്ടു. വിലാപ മുറിയില്‍  അഞ്ചോ ആറോ ആളുകള്‍ക്ക് മാത്രമേ ഒന്നിച്ച് ഒരു സമയത്ത് നില്‍ക്കുവാനുള്ള സൗകര്യം ഉള്ളു. ഒരു ഗ്രൂപ്പിലുള്ള ആളുകള്‍ മുഴുവന്‍ അകത്ത് കയറി കല്ലറ കണ്ടതിന് ശേഷമേ അടുത്ത ഗ്രൂപ്പിന് അവിടേക്ക് പ്രവേശനമുള്ളു. വളരെ ചിട്ടയോടുകൂടിയ ക്രമീകരണങ്ങളാണിവിടെത്തെ പ്രത്യേകത.

.കല്ലറയ്ക്കുള്ളില്‍ യേശുവിന്‍റെ ശരീരം വച്ച ഭാഗം കമ്പി അഴിക്കുള്ളില്‍

തിരുവത്താഴ ശുശ്രൂഷ നടത്താനുള്ള സ്ഥലം സ്മിത്ത് കാണിച്ചുതന്നു. കല്ലറയ്ക്ക് അടുത്തുതന്നെയായായിരുന്നു മനോഹരമായ ആ സ്ഥലം. 40 പേര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടവും മേശയും ഒക്കെ നന്നായി ക്രമീകരിച്ചിരിക്കുന്നു. മേശപ്പുറത്ത് വീഞ്ഞും, അപ്പവും ഒരുക്കിവച്ചിട്ടുണ്ട്.

“അവന്‍ ഇവിടെയില്ല; അവന്‍ ഉയര്‍ത്തെഴുന്നേറ്റു” എന്നെഴുതിയ ഒഴിഞ്ഞ കല്ലറയില്‍ നിന്നും ഞങ്ങളിറങ്ങി. ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തതിനുശേഷം കര്‍ത്രുമേശയില്‍ സംബന്ധിക്കുന്നതിനായി നീങ്ങി. ദൈവദാസന്‍മാര്‍ പലര്‍ ശു ശ്രൂഷയ്ക്ക് നേത്രുതം കൊടുത്തു. ജീവിതത്തില്‍ ഏറ്റവും ഹൃധയഭേദകമായി അനുഭവിച്ച ഒരു തിരുവത്താഴ ശുശ്രൂഷയായിരുന്നു കല്ലറത്തോട്ടത്തിലേത്. കര്‍ത്താവനുഭവിച്ച നിന്ദയും വേദനയും ഹൃദയത്തിലേക്കാഴ്ന്നിറങ്ങി....അവന്‍ സംമ്പന്നനായിരുന്നിട്ടും ദരിദ്രരായ നമ്മെ സംമ്പന്നരാക്കുവാന്‍ ഈ താണലോകത്തിലേക്കിറങ്ങിവന്ന സ്നേഹനിധിയായ ദൈവപുത്രന്‍..! കഷ്ടാനുഭവത്തെ പ്രകീര്‍ത്തിക്കുന്ന ചില ഗാനങ്ങള്‍ ഞങ്ങള്‍ ആലപിച്ചു. മിക്കവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. ആരാധിപ്പിക്കുവാനും  സ്തോത്രം പറയിക്കുവാനും ആരും ഇല്ലാതെതന്നെ,  പ്രാര്‍ത്ഥനയുടെയും ആരാധനയുടെയും ആഴമായ ചില നിമിഷങ്ങള്‍ കടന്നുപോയി. നന്ദികൊണ്ട്‌ ഹൃദയം നിറഞ്ഞുതുളുമ്പിയ ആരാധനാ!  അവിടെ നിക്ഷേപിച്ചിരുന്ന സ്തോത്ര കാഴ്ച്ച പാത്രത്തില്‍ ഞങ്ങള്‍ സ്തോത്രകാഴ്ച അര്‍പ്പിച്ചു.

ഒഴിഞ്ഞ കല്ലറയ്ക്ക് മുമ്പില്‍ യാത്രാ സംഘം!

കല്ലറത്തോട്ടത്തിലെ ചിലവുകള്‍ക്ക് വേണ്ടിയാണ് ഈ പണം ഉപയോഗിക്കുന്നത്.  ഒടുവില്‍് വിശുദ്ധ ചുംബനവും ചെയ്ത്, പ്രാര്‍ത്ഥിച്ച് ആശിര്‍വാദത്തോടെ ഹൃദയം നിറഞ്ഞ  സന്തോഷത്തോടെ ഞങ്ങള്‍ പുറത്തേക്കിറങ്ങി. പല രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ള സഞ്ചാരികള്‍ വളരെ കൌതുകത്തോടെ അവിടെ നടന്ന ഈ ശുശ്രൂഷകളെല്ലാം  വീക്ഷിച്ചുകൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. ജോണ്‍ സ്മിത്തിന് നന്ദി പറഞ്ഞ്, ലഭിച്ച സ്തോത്രകഴ്ചയും, കര്‍ത്രുമേശക്കുപയോഗിച്ച പത്രങ്ങളും മറ്റും  കല്ലറത്തോട്ടത്തിന്‍റെ ഓഫീസില്‍ ഏല്‍പ്പിച്ചു. അര മണിക്കൂര്‍ സമയമാണ്   തിരുവത്താഴ ശുശ്രൂഷക്ക്  അനുവദിച്ചിരുന്നതെങ്കിലും, ഒരുമണിക്കൂറില്‍ കൂടുതല്‍  സമയം കൊണ്ടാണ് ശുശ്രൂഷ അവസാനിച്ചത്‌. നമ്മള്‍ മലയാളികള്‍ കൃത്യനിഷ്ഠ പാലിക്കുന്ന കാര്യത്തില്‍ പുറകിലാണെന്ന ബോധ്യം അവര്‍ക്കുള്ളതുകൊണ്ടാകാം ലേറ്റ്ആയതിന്‍റെ പേരില്‍് പ്രത്യേക പ്രതികരണമൊന്നും അവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. വാഷ് റൂം സൌകര്യങ്ങളും, ചെറിയ ഷോപ്പുകളും മറ്റും അവിടെ ഉണ്ടായിരുന്നത് പലരും തക്കത്തില്‍ ഉപയോഗിച്ചു. യാത്രയ്ക്കുവേണ്ടി മുടക്കിയ പണം ഈ കല്ലറത്തോട്ടം കണ്ടതോടെ മുതലായി എന്ന് ആരോ പറയുന്നത് കേട്ടു. ഒരു ജീവിതകാലം മുഴുവന്‍ കൊണ്ടുനടന്ന ആഗ്രഹ നിറവായിരുന്നു പലര്‍ക്കും ഈ യാത്ര. അടുത്ത യാത്രയ്ക്കുവേണ്ടി ബസ്സ്‌ വേയിലേക്ക് ഞങ്ങള്‍ നടന്നു. (തുടരും) 

Click to read previous: Part 1Part 2Part 3Part 4Part 5Part 6Part 7Part 8Part 9Part ​10, Part 11.part 12,part 13,part14

 

 

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,261

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 449999 Website Designed and Developed by: CreaveLabs