ബാസല്‍ മിഷന് 200 വയസ്

Voice Of Desert 9 years ago comments
ബാസല്‍ മിഷന് 200 വയസ്

വെല്ലിങ്ടൺ പ്രഭുവായിമാറിയ ആർതർ വെല്ലസ്ലി തലശ്ശേരിയിൽനിന്ന്‌ പോയത് കേരളസിംഹമായ വീര പഴശ്ശിയെ വീഴ്ത്തുന്നതിനുള്ള തന്ത്രങ്ങളെല്ലാം പഠിപ്പിച്ചും വയനാടൻ കാടുകളിൽ നുഴഞ്ഞുകയറി രഹസ്യതാവളമുറപ്പിക്കുന്നതിനുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കി നൽകിയുമാണ്. ബ്രിട്ടനിലേക്ക് തിരിച്ചുവിളിക്കപ്പെട്ട വെല്ലസ്ലി വാട്ടർലൂവിൽവെച്ച് നെപ്പോളിയൻ ബോണപ്പാർട്ടിനെ മുട്ടുകുത്തിച്ച് ലോകൈകവീരനായി. 1815 ജൂണിലായിരുന്നു അത്.

 ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌

നെപ്പോളിയൻ തോറ്റപ്പോൾ സ്വിറ്റ്‌സർലൻഡിലെ ബാസലിൽ ഒരു തീരുമാനമുണ്ടായി. ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യേശുവിന്റെ സന്ദേശം പ്രചരിപ്പിക്കാൻ മിഷണറിമാരെ അയക്കുന്ന സംഘടന രൂപവത്‌കരിക്കാൻ. യൂറോപ്പിനെ വിറപ്പിച്ചുകൊണ്ടിരുന്ന നെപ്പോളിയനെതിരെ ജർമനിയും ബ്രിട്ടനും ഓസ്ട്രിയയുമെല്ലാം ചേർന്ന് ഐക്യമുന്നണിയണ്ടാക്കി ഉഗ്രയുദ്ധം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന 1814-ലെ ഒരുദിവസം പട്ടാള ഉദ്യോഗസ്ഥരിൽ ചിലരടക്കം ആറുപേർ ബാസലിൽ ഒത്തുകൂടി ഒരു നേർച്ച കൂട്ടിയിട്ടുണ്ടായിരുന്നു. നെപ്പോളിയനെ അടിയറവ് പറയിക്കാൻ കഴിഞ്ഞാൽ ബാസൽ കേന്ദ്രീകരിച്ച് ഒരു മിഷണറിസംഘം രൂപവത്‌കരിച്ച് ലോകമെങ്ങും മതപ്രചാരകരെ അയക്കും എന്ന നേർച്ച. 1815 സപ്തംബർ 25-ന് റവ. നിക്കോളാസ് വാൻബേണിന്റെ നേതൃത്വത്തിൽ ബാസൽ ജർമൻ ഇവാഞ്ചലിക്കൽ മിഷൻ സൊസൈറ്റി യാഥാർഥ്യമായതങ്ങനെയാണ്. പഴയ മലബാറിന്റെ സാമൂഹിക-സാംസ്കാരിക വികസനത്തിൽ ഉജ്ജ്വല പങ്ക് വഹിച്ച ബാസൽ മിഷന് സപ്തംബർ 25-ന് 200 വയസ്സ് പൂർത്തിയായി .      

വെല്ലസ്ലി പ്രഭുവിന്റെ നേതൃത്വമാണ് നെപ്പോളിയന് ‘വാട്ടർലൂ’വായതെന്നതിനാൽ ബാസൽ മിഷൻ രൂപവത്‌കരണത്തിൽ പരോക്ഷ പങ്ക് അദ്ദേഹത്തിനുണ്ട് എന്നുപറയാം. വെല്ലസ്ലി ക്രിക്കറ്റും ആധുനിക യുദ്ധ തന്ത്രങ്ങളും പരിശീലിപ്പിച്ച തലശ്ശേരിയും കണ്ണൂരും പിന്നീട് ബാസൽ മിഷന്റെ പ്രധാന കേന്ദ്രമായി മാറി.       

മതപ്രചാരണം ലക്ഷ്യമാക്കി തുടങ്ങിയ മിഷണറി പ്രവർത്തനം മതപരിവർത്തനത്തിൽ ഉദ്ദേശിച്ച ലക്ഷ്യം കാണാതെപോവുകയും എന്നാൽ  പ്രവർത്തനം നടത്തിയ പ്രദേശങ്ങളിൽ സാമൂഹികപരിവർത്തനം, വിപ്ലവാത്മകമായ പരിവർത്തനം തന്നെ യാഥാർഥ്യമാവുകയും ചെയ്ത അനുഭവമാണ് ബാസൽ മിഷന്റേത്. ബ്രിട്ടീഷ് മലബാറിൽ വ്യവസായ വിപ്ലവവും വിദ്യാഭ്യാസ വിപ്ലവവും മാത്രമല്ല, ജാതിക്കെതിരായ ആശയസമരത്തിലൂടെയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെയും സാമൂഹികവിപ്ലവവും യാഥാർഥ്യമാക്കാൻ തുടക്കം കുറിച്ചത് ബാസൽമിഷനാകുന്നു.     

Brannan Collegeബ്രണ്ണന്‍ കോളേജ് തലശ്ശേരി

1815-ൽ രൂപവവത്‌കരിച്ചെങ്കിലും ബ്രിട്ടീഷ് കോളനി രാജ്യങ്ങളുടെ വാതിലുകൾ ബാസൽ മിഷനു മുമ്പിൽ തുറക്കപ്പെട്ടത് 1833-ൽ മാത്രമാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനി സംബന്ധിച്ച ചാർട്ടറിൽ ബ്രിട്ടീഷ് പാർലമെന്റ്‌ ഭേദഗതികൾ വരുത്തിയത് അക്കൊല്ലമാണ്. യൂറോപ്പിലെ എല്ലാ രാജ്യത്തെയും മതപ്രചാരകർക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ അവസരം നൽകുന്നതായിരുന്നു ഭേദഗതി. അത്രവരെ ആംഗ്ലിക്കൻ മിഷണറി സംഘങ്ങളായ എൽ.എം.എസ്സിനും സി.എം.എസ്സിനും മാത്രമേ ഇന്ത്യയിൽ മതപ്രചാരണത്തിന് അവസരം കിട്ടിയിരുന്നുള്ളു.

     ബ്രിട്ടീഷ് പാർലമെന്റിന്റെ നിയമഭേദഗതിയുടെ ബലത്തിൽ 1834 ജൂലായിൽ  മലബാർ എന്ന പേരുള്ള കപ്പലിൽ ബി.ഇ.എമ്മിന്റെ മൂന്ന് മിഷണറിമാർ മലബാറിലേക്ക് പുറപ്പെട്ടു. സാമുവൽ ഹെബിക്കും ജോൺ ലെഹ്‌നറും ക്രിസ്റ്റോഫ് ഗ്രീനറും. അവർ ആ വർഷം ഒക്ടോബർ 13-ന് കോഴിക്കോട്ട് കപ്പലിറങ്ങി. മലബാർ കളക്ടർ നെൽസൺ അവരെ ഹാർദമായി വരവേൽക്കുകയും മംഗലാപുരം കേന്ദ്രീകരിച്ച് സൗത്ത്കനറയിൽ മിഷണറി സ്റ്റേഷൻ സ്ഥാപിക്കാനായി യാത്രയയക്കുകയും ചെയ്തു. മുംബൈ, കർണാടക, മലബാർ എന്നിവിടങ്ങളിൽ മതപ്രചാരണ പ്രവർത്തനം നടത്തുകയെന്ന ലക്ഷ്യത്തോടെ സാമുവൽ ഹെബിക്കിന്റെ നേതൃത്വത്തിൽ മംഗലാപുരത്ത് 1834 അവസാനം തന്നെ ബാസൽ മിഷൻ സ്റ്റേഷൻ ആരംഭിച്ചു.

   1837ൽ സാമുവൽ ഹേബിക്ക് തലശ്ശരിയിൽ ജില്ലാ ജഡ്ജി തോമസ് സ്‌ട്രെയിഞ്ചിനെ യാദൃച്ഛികമായി കണ്ടുമുട്ടുന്നു. എന്നാൽ ഹെബിക്കുമായുള്ള  നിരന്തര സമ്പർക്കം സ്‌ട്രെയിഞ്ചിനെ വലിയ ഭക്തനാക്കിമാറ്റി. നെട്ടൂർ ഇല്ലിക്കുന്നിലെ ബംഗ്ലാവും മറ്റ് സ്വത്തുക്കളും ബാസൽ മിഷന് സംഭാവനയായി നൽകിയിട്ടാണ് സ്‌ട്രെയിഞ്ച് സായിപ്പ് തലശ്ശേരിയോട് വിടപറഞ്ഞ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. ഹെബിക്കിന്റെ സഹപ്രവർത്തകനായ ഡോ. ഹെർമൻ ഗുണ്ടർട്ട് 1839 തലശ്ശേരിയിൽ വന്ന് സ്‌ട്രെയിഞ്ചുമായി സംഭാഷണം നടത്തിയിരുന്നു. ബാസൽ മിഷന്റെ ഒരുശാഖ തലശ്ശേരിയിൽ പ്രവർത്തിക്കുമെങ്കിൽ തലശ്ശേരിയിൽ തനിക്കുള്ള സകലതും നൽകാമെന്ന് ജഡ്ജി സ്‌ട്രെയിഞ്ച് വാഗ്ദാനം ചെയതിരുന്നു. ഹെബിക്കിന്റെ അനുഗ്രഹാശിസ്സുകളോടെ 1839 ഏപ്രിൽ 12ന് ഇല്ലിക്കുന്നിലെ സ്‌ട്രെയിഞ്ച് ബംഗ്ലാവ് ബാസൽ ജർമൻ മിഷൻ കേന്ദ്രവും ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ ഭവനവുമായി മാറി. മലബാറിന്റെ മാത്രമല്ല കേരളത്തിന്റെയാകെ സാമൂഹിക നവോത്ഥാനത്തിന്റെ പല പ്രധാന തുടക്കങ്ങളുടെയും കേന്ദ്രം...

    1841-ലാണ് മംഗലാപുരത്തുനിന്ന്‌ സാമുവൽ ഹെബിക്ക് കണ്ണൂരിലേക്ക് പ്രവർത്തനകേന്ദ്രം മാറ്റുന്നത്. കണ്ണൂരിൽ ഹെബിക്കും തലശ്ശേരിയിൽ ഗുണ്ടർട്ടും മംഗലാപുരത്ത് ഫെർഡിനന്റ് കിറ്റൽ ഉൾപ്പെടെയുള്ളവരും ബാസൽ മിഷന്റെ പ്രവർത്തനം മംഗലാപുരം മുതൽ പാലക്കാട് വരെ വ്യാപിച്ചപ്പോൾ നാട് വലിയ പരിവർത്തനത്തിലേക്ക് മെല്ലെമെല്ലെ നീങ്ങുകയായിരുന്നു.

     ഗുണ്ടർട്ട് 1839 ആഗസ്ത് 18ന് തലശ്ശേരിയിൽ മിഷൻ ഗേൾസ് സ്കൂൾ തുടങ്ങി. ആൺകുട്ടികൾക്കായി മറ്റൊരു പള്ളിക്കൂടവും ആരംഭിച്ചു. തലശ്ശേരി തുറമുഖത്തെ മാസ്റ്റർ അറ്റന്റന്റും ഇംഗ്ലീഷുകാരനുമായ എഡ്വേർഡ് ബ്രണ്ണൻ നാട്ടുകാരിയായ സ്ത്രീയിൽ തനിക്കുണ്ടായ മകൾ ഫ്ളോറയെ താമസിച്ചുപഠിപ്പിക്കുന്നതിനായി നൽകിയ സംഭാവനയും സ്വിറ്റ്‌സർലൻഡിലെ ബാസൽ ആസ്ഥാനത്തുനിന്ന്‌ ലഭിച്ച 254 രൂപയും കൊണ്ടാണ് ഗുണ്ടർട്ട് തലശ്ശേരിയിൽ ബാലികാ പള്ളിക്കൂടം തുടങ്ങിയത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം എന്നത് കേട്ടുകേൾവിപോലുമല്ലാത്ത അക്കാലത്ത് അങ്ങനെ തലശ്ശേരിയിൽ ആദ്യത്തെ ഗേൾസ് സ്കൂൾ യാഥാർഥ്യമായി. ഗുണ്ടർട്ടിന്റെ പത്നി ജൂലി ഗുണ്ടർട്ടാണ് സ്കൂൾ നടത്തിയത്. പിന്നീട് കണ്ണൂരിലും കോഴിക്കോട്ടും പെൺപള്ളിക്കൂടങ്ങൾ ആരംഭിച്ചു. 1856 മാർച്ചിൽ 74 വിദ്യാർഥികളോടെ ബാസൽ മിഷൻ തലശ്ശേരിയിൽ ബി.ഇ.എം. സ്കൂൾ തുടങ്ങി. പാർസി സമുദായത്തിൽപ്പെട്ട ഒരു വിദ്യാർഥിയുടെ 1500 രൂപ സംഭാവനകൂടി ഉപയോഗപ്പെടുത്തിയതിനാൽ തലശ്ശേരി ബി.ഇ.എം. സ്കൂൾ ബി.ഇ.എം.പി. സ്കൂളായി മാറി. ബ്രണ്ണൻ സായിപ്പിന്റെ ഒസ്യത്തനുസരിച്ച് നീക്കിവെച്ചിരുന്ന 12,000 രൂപ ഉപയോഗിച്ച്  ബ്രണ്ണൻ ഇംഗ്ലീഷ് സ്കൂളും ആരംഭിച്ചതോടെ തലശ്ശേരി മലബാറിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ തലസ്ഥാനമായി. ബ്രണ്ണൻ സ്കൂളും വർഷങ്ങളോളം നടത്തിയത് ബാസൽ മിഷനാണ്.

സാമുവൽ ഹെബിക്‌  കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങിയതോടെ കണ്ണൂരിലും വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമായി. ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്യാപ്റ്റനായ ഫെർണറി പട്ടാളക്കാരുടെ മക്കൾക്കായി ബർണശ്ശേരിയിൽ ചെറിയ തോതിൽ നടത്തിവന്ന സ്കൂൾ 1841-ൽ ഹെബിക്ക് ഏറ്റെടുത്ത് പൊതുവിദ്യാലയമാക്കുകയായിരുന്നു. ഇംഗ്ലീഷ് സ്കൂളിനുപുറമെ മലയാളം സ്കൂളും ആ വർഷംതന്നെ തുടങ്ങി. നാട്ടുകാരനായ ഒരു പിന്നാക്ക സമുദായക്കാരനെ ആദ്യമായി അധ്യാപകനായി നിയമിക്കുന്നതും ഹെബിക്കാണ്. അമ്പു ഗുരുക്കളെ 1841ൽ ബർണശ്ശേരിയിലെ മാത്രമല്ല, മിഷന്റെ വിവിധ സ്കൂളുകളിൽ മലയാളം പഠിപ്പിക്കാൻ കണ്ണൂരിൽ ബർണശ്ശേരിയിൽ പള്ളിയും പള്ളിക്കൂടവും തുടങ്ങിയ ഹെബിക്ക് കണ്ണൂർ മേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്ക് വലിയ സംഭാവനയാണ് ചെയ്തത്.

തളിപ്പറമ്പിലും വടകരയിലും ചോമ്പാലിലും ഒറ്റപ്പാലത്തും വാണിയങ്കുളത്തും കൊയിലാണ്ടിയിലും കൂത്തുപറമ്പിലും കോഴിക്കോട്ടം വടക്കാഞ്ചേരിയിലും കാസർകോട്ടും ഹൊസ്ദുർഗിലുമെല്ലാം മിഷൻ സ്കൂളുകൾ ഹെബിക്കിന്റെയും ഗുണ്ടർട്ടിന്റെയും ഹെർമലിങ്കിന്റെയും മറ്റും നേതൃത്വത്തിൽ ആരംഭിച്ചു. പത്തൊമ്പതാം നൂറ്റാണ്ട് പിന്നിടുമ്പോൾ മലബാറിലാകെ 48 സ്കൂളുകൾ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു.

    മലബാറിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ സ്ഥാപകരും ബാസൽ മിഷൻതന്നെ. 1862-ൽ ആരംഭിച്ച ബ്രണ്ണൻ ഇംഗ്ലീഷ് സ്കൂൾ 1872-ൽ ജില്ലാ സ്കൂളാകുന്നതുവരെ ബി.ഇ.എം. ആയിരുന്നു നടത്തിപ്പുകാർ. ഇക്കാലത്ത് മലബാറിലെ ആദ്യത്തെ ട്രെയിനിങ് സ്കൂളും ആരംഭിച്ചു. 1891-ൽ ബ്രണ്ണൻ കോളേജായി മാറി. 1866-ൽ ബാസൽ മിഷൻ പാലക്കാട്ട് ആരംഭിച്ച സ്കൂളാണ് പാലക്കാട് വിക്ടോറിയാ കോളേജായി ഉയർന്നത്. 1848-ൽ ബാസൽ മിഷൻ കോഴിക്കോട്ട് തുടങ്ങിയ സ്കൂൾ 1872-ൽ മിഡിൽ സ്കൂളും 1879-ൽ ഹൈസ്കൂളും 1907-ൽ മലബാർ ക്രിസ്ത്യൻ കോളേജുമായി ഉയർന്നു.      മതപ്രചാരണവും മതത്തിൽ ആളെ ചേർക്കലും ലക്ഷ്യമാക്കിയെത്തിയ മിഷണറിമാർ അവർണ സമുദായങ്ങൾക്കിടയിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നീക്കിയത്. ക്ഷേത്രത്തിൽ പോകാൻപോലും അവകാശമില്ലാത്ത, ദൃഷ്ടിയിൽപോലും പെട്ടുപോകാൻ പാടില്ലാത്ത, അയിത്തം കൊടികുത്തിവാണ കാലത്ത് മലബാറിൽ സ്കൂളുകളുടെ വാതിലുകൾ അധഃസ്ഥിതർക്ക്‌ മുമ്പിൽ മലരക്കെ തുറന്നു. കേരളത്തിന്റെ മറ്റു പ്രദേശങ്ങളിൽനിന്ന്‌ വ്യത്യസ്തമായി അധഃസ്ഥിതർ അക്കാലത്തുതന്നെ താരതമ്യേന വിദ്യാസമ്പന്നരാവുകയും ഉയർന്ന പദവികളിലെത്തുകയും ചെയ്തത് ബാസൽ മിഷന്റെ പ്രവർത്തനഫലമായാണ്.

    മലയാളത്തിൽ ആദ്യമായി ശാസ്ത്രീയമായ പാഠ്യപദ്ധതി തയ്യാറാക്കി നടപ്പാക്കിയതും ബാസൽ മിഷൻതന്നെ. ഗദ്യപദ്യ സമ്മിശ്രമായ കേരള പാഠാവലി, ചരിത്രം, ഭൂമിശാസ്ത്രം പുസ്തകങ്ങൾ രചിച്ച് അച്ചടിപ്പിച്ച് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയത് ഡോ. ഗുണ്ടർട്ടാണ്. സ്കൂളുകളിൽ ബെഞ്ചും ഡസ്കും സ്ലേറ്റും ഏർപ്പെടുത്തിയതും മിഷനാണ്. 1857-ൽ മലബാറിലെയും കനറായിലെയും സ്കൂൾ ഇൻെസ്പക്ടറായി മദിരാശി സർക്കാർ ഗുണ്ടർട്ടിനെ നിയോഗിച്ചതോടെ വിദ്യാഭ്യാസ വ്യാപനത്തിൽ കുതിച്ചുചാട്ടംതന്നെയുണ്ടായി.

    കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് ബാസൽ മിഷൻ നടത്തിയ പ്രവർത്തനങ്ങൾ കേരള-കർണാടക ഭാഷകളുടെ വളർച്ചയിലും വലിയ മുന്നേറ്റമുണ്ടാക്കി. ഡോ. ഹെർമൻ ഗുണ്ടർട്ട് മലയാളത്തിലെ ആദ്യത്തെ സമഗ്രമായ നിഘണ്ഡുവും വ്യാകരണവും തയ്യാറാക്കി പ്രസിദ്ധപ്പെടുത്തി. ഫെർഡിനന്റ് കിറ്റൽ കന്നടത്തിലെ നിഘണ്ഡുവും വ്യാകരണവും രചിച്ചു. ഗുണ്ടർട്ട് ബാസൽ മിഷൻ പ്രവർത്തനത്തിനെത്തി മലയാള ഭാഷയ്ക്കുവേണ്ടി ചെയ്ത സംഭാവനകൾ വലിയ മുതൽക്കൂട്ടായി ഇന്നും ഉപയോഗപ്പെടുന്നു. അദ്ദേഹം മലയാളത്തിനായി ശേഖരിച്ചുവെച്ച സാഹിത്യസമ്പത്ത് പോറലേൽക്കാതെ സംരക്ഷിച്ചത് ബാസൽ മിഷൻതന്നെ.

    മലയാളത്തിലെയും കന്നടയിലെയും പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ചതും ബാസൽ മിഷനാണ്. 1839-ൽ മംഗലാപുരത്തെത്തിയ ഹെബിക്കും കൂട്ടരും അടുത്ത വർഷം തന്നെ മംഗലാപുരത്തെ മിഷൻ ആസ്ഥാനത്ത് പ്രസ് സ്ഥാപിച്ചു. 1845-ൽ ഇല്ലിക്കുന്ന് ബംഗ്ലാവിൽ ഡോ. ഗുണ്ടർട്ട് പ്രസ് സ്ഥാപിച്ചു. 1847 ജൂണിൽ രാജ്യസമാചാരവും അതേവർഷം ഒക്ടോബറിൽ പശ്ചിമോദയവും തുടങ്ങിക്കൊണ്ട് ഗുണ്ടർട്ടിന്റെയും എഫ് മുള്ളറുടെയും നേതൃത്വത്തൽ മലയാള പത്രപ്രവർത്തനത്തിന് ബാസൽ മിഷൻ അസ്ഥിവാരമിട്ടു.  മലബാറിനെ വ്യവസായവത്‌കരിക്കാൻ ആദ്യത്തെ ശ്രമങ്ങൾ നടത്തിയതും മറ്റാരുമല്ല. ദരിദ്രരും ജാതീയമായി കടുത്ത പീഡനമനുഭവിച്ചുകൊണ്ടിരുന്നവരുമാണ് ആദ്യകാലത്ത് മതം മാറിയത്. ഇവരുടെ പുനരധിവാസം ഒരു പ്രശ്നമായി മാറിയതോടെയാണ് ബാസൽ മിഷൻ വ്യവസായശാലകൾ തുടങ്ങാനാരംഭിച്ചത്. മുംഗലാപുരത്ത്  റവ. വീഗിളിന്റെ നേതൃത്വത്തിൽ അച്ചടിവ്യവസായം, ബയന്റിങ്, പുസ്തകപ്രസിദ്ധീകരണം എന്നിവ തുടങ്ങി.

1844-ൽ കൈത്തറി വ്യവസായത്തിന് തുടക്കം കുറിച്ചു. മതം മാറിയവർക്ക്‌ മാത്രമാണ് ആദ്യഘട്ടത്തിൽ നെയ്ത്തിലും ചായംമുക്കലിലും തയ്യൽ ജോലികളിലും പരിശീലനം നൽകുകയും ജോലി നൽകുകയും ചെയ്തുള്ളവെങ്കിലും ക്രമേണ ബാസൽ ഫാക്ടറികൾ എല്ലാ   സമുദായത്തിൽപ്പെട്ടവർക്കും ആശ്രയമായി. കണ്ണൂരിലും കോഴിക്കോട്ടും ആധുനിക കൈത്തറി മില്ലുകൾ വന്നതോടെ മലബാർ കൈത്തറിയുടെ ഏറ്റവും ശ്രദ്ധേയമായ കേന്ദ്രങ്ങളായി.      മലബാറിൽ ഓട് നിർമാണം വ്യാവസായികാടിസ്ഥാനത്തിൽ ആരംഭിച്ചതും മിഷനാണ്.

പുതിയറ, ഫറോക്ക്, ഒലവക്കോട്, കോട്ടക്കൽ എന്നിവിടങ്ങളിലെ ബാസൽ മിഷൻ ഓട് നിർമാണ ഫാക്ടറികൾ പത്തൊമ്പതാം നൂറ്റാണ്ടിൽത്തന്നെ ഏറെ പ്രശസ്തമായി. ആവിയന്ത്രം ആദ്യമായി പരിചയപ്പെടുത്തിയതും ഇതുമായി ബന്ധപ്പെട്ടുതന്നെ. 100 വർഷം മുമ്പ് രണ്ടായിരത്തോളം പേർക്ക് മിഷന്റെ ഓട് ഫാക്ടറികളിൽ ജോലിയുണ്ടായിരുന്നെന്നും പ്രതിദിന ഉത്‌പാദനം അറുപതിനായിരത്തിൽപ്പരം ഓടുകളായിരുന്നെന്നും ഔദ്യോഗിക കണക്കുകളിൽ പറയുന്നു.      

വിദ്യാഭ്യാസം, വ്യവസായം, അച്ചടി, പത്രം, പുസ്തക പ്രസിദ്ധീകരണം എന്നീ മേഖലകളിൽ മാത്രമല്ല ആധുനിക ചികിത്സാരംഗത്തും തുടക്കക്കാർ ബാസൽ മിഷനാണ്. 1892-ൽ ഡോ. ഇ.ലീബൻ ഡാർവന്റെ നേതൃത്വത്തിൽ കോഴിക്കോട് മിഷൻ ആസ്പത്രി ആരംഭിച്ചു. കോഴിക്കോട്ട് കുഷ്ഠരോഗാസ്പത്രി സ്ഥാപിച്ചതും ബി.ഇ.എമ്മാണ്. പയ്യന്നൂരിലും ബാസൽ മിഷന്റെ ആസ്പത്രിയുണ്ടായിരുന്നു.(കെ.ബാലകൃഷ്ണൻ,മാതൃഭൂമി)

  


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,098

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 452456 Website Designed and Developed by: CreaveLabs