
ശാസ്ത്രസാങ്കേതികജ്ഞാനം നൽകിയ ധിഷണയും രാഷ്ട്രീയഭാവനയാൽ പ്രേരിതമായ ഉൾക്കാഴ്ചയും സമന്വയിച്ച അസാധാരണ വ്യക്തിത്വമായിരുന്നു ഡോ. എ.പി.ജെ. അബ്ദുൽ കലാം. ജനകീയനായ വേറിട്ടൊരു നേതാവ് എന്ന ബഹുമതിക്കു കൂടി അർഹനായി ഇന്ത്യയുടെ 11–ാം രാഷ്‌ട്രപതി. ഇന്ത്യയുടെ മിസൈൽ പദ്ധതികളുടെ പിതാവ് എന്ന് അറിയപ്പെടുന്ന അദ്ദേഹം 1998ൽ ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണമായ ‘ഓപ്പറേഷൻ ശക്‌തി’ക്കു നേതൃത്വം നൽകി. പരമോന്നതബഹുമതിയായ ഭാരത രത്നം 1997ൽ കലാമിനു സമ്മാനിച്ച് രാജ്യം അദ്ദേഹത്തെ ആദരിച്ചു.
തമിഴ്‌നാട്ടിലെ രാമേശ്വരത്തു സാധാരണകുടുംബത്തിൽ ജനിച്ച അദ്ദേഹം കഠിനാധ്വാനവും ശുഭപ്രതീക്ഷയും കരുത്തായി കൊണ്ടുനടന്നു. ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുൻനിരയിലെത്തിക്കാൻ വേണ്ട മാർഗദർശനം നൽകാനാണു ജീവിതകാലമത്രയും അദ്ദേഹം ശ്രമിച്ചത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങളും രചനകളും.
രാഷ്ട്രപതിപദവിയിലായിരിക്കുമ്പോഴും ജനങ്ങൾക്കിടയിൽത്തന്നെയായിരുന്നു അദ്ദേഹം. യുവതലമുറ എപ്പോഴും അദ്ദേഹത്തിനായി കാതോർത്തു. എൺപത്തിനാലാം വയസ്സിലും രാത്രി ഒരുമണി വരെ വായനയ്ക്കും ആരാധകരുടെ ഇ മെയിൽ സന്ദേശങ്ങൾക്കു മറുപടി നൽകാനുമായി ചെലവഴിച്ചു. താൻ 1.6 കോടി ഇന്ത്യൻ യുവാക്കളെ നേരിട്ടു കണ്ടു സംസാരിച്ചതായും രാജ്യത്തിന്റെ ഭാവി അവരിൽ ഭദ്രമാണെന്നും ഒരിക്കൽ അദ്ദേഹം പറഞ്ഞു.
സായുധസേനയുടെ നവീകരണത്തിനായി എന്നും വാദിച്ച ഡോ. കലാം രാഷ്ട്രപതിയായിരിക്കേ ഹിമാലയത്തിൽ 18000 അടി ഉയരത്തിലുള്ള സിയാച്ചിൻ ക്യാംപിലെത്തി ജവാന്മാരെ സന്ദർശിച്ചതു സേനാംഗങ്ങൾക്കു പുത്തനനുഭവമായിരുന്നു. പോർവിമാനത്തിൽ പറന്ന ആദ്യ രാഷ്‌ട്രപതിയെന്ന നിലയിലും അദ്ദേഹം ചരിത്രം സൃഷ്‌ടിച്ചു. രാഷ്‌ട്രപതിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ഇന്ത്യയ്‌ക്ക് ഒരു വികസന അജൻഡ നൽകിയതാണ്. വികസനത്തെപ്പറ്റി വെറുതെ പറയുകയല്ല, വികസന മാതൃകകൾ മുന്നോട്ടു വയ്ക്കുകയായിരുന്നു അദ്ദേഹം.
ശാസ്‌ത്രജ്‌ഞനെന്ന നിലയിൽ വർഷങ്ങൾ കേരളത്തിൽ ചെലവഴിച്ച അദ്ദേഹം സംസ്‌ഥാനത്തിന്റെ പ്രശ്‌നങ്ങളും സാധ്യതകളും തൊട്ടറിഞ്ഞു. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഈ വികസനമന്ത്രം അംഗീകരിക്കുകയും ചെയ്തു. പത്തിന അജൻഡയുടെ അടിസ്‌ഥാനത്തിൽ മലയാള മനോരമ നടത്തിയ ‘കലാമിനൊപ്പം കാലത്തിനൊപ്പം’ എന്ന ചർച്ചാ പരമ്പരയും സെമിനാറുകളും അതിൽനിന്ന് ഉരുത്തിരിഞ്ഞ വികസന രേഖയും അദ്ദേഹത്തെ ഏറെ ആകർഷിച്ചു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിലൂടെ അതിവേഗം നടന്നുപോയ, ഇന്ത്യയുടെ സുശോഭനമായ ഭാവിയെപ്പറ്റി മറ്റാർക്കും സാധ്യമാകാത്ത സ്വപ്‌നങ്ങൾ കണ്ട അസാധാരണ പ്രതിഭാശാലി എന്നാകും ചരിത്രം ഡോ. കലാമിനെ വിലയിരുത്തുക. ആർക്കും അത്രവേഗം നടന്ന് ഒപ്പമെത്താൻ കഴിയാതെപോയ ഒരാൾ!
പ്രസംഗവും പഠിപ്പിക്കലും ജീവനായിരുന്നു ഡോ. കലാമിന്. റോക്കറ്റ് എൻജിനീയറിങ് മുതൽ ലാപ്ടോപ് വരെ സകല സാങ്കേതികവിദ്യയും ഡോ. കലാമിനു വഴങ്ങി. വിജ്ഞാനദാഹിയായി കംപ്യൂട്ടറിനു മുന്നിൽ മണിക്കൂറുകൾ തപസ്സിരിക്കുന്ന അദ്ദേഹം, ‘ഈ രാജ്യത്ത് ഒരു ചുക്കും നടക്കില്ല’ എന്നു പറയുന്ന നിരാശാവാദിയെ തള്ളിപ്പറഞ്ഞ് ഇന്ത്യൻജനതയ്ക്കു നൽകിയതു മഹത്തായ ധാർമികശക്തി.
‘എല്ലാ തിരമാലകളെയും മുറിച്ചുകടന്നു ഞാനെന്റെ ലക്ഷ്യം നേടിയിരിക്കുന്നു. എന്റെ ദൗത്യവും പൂർത്തിയായി’ എന്ന് ഒരിക്കൽ കവിതയിൽ എഴുതിയ ഡോ. എ.പി.ജെ.അബ്ദുൽ കലാമിന്റെ ഓർമകൾക്കു മുന്നിൽ കാലത്തിന്റെ തിരകൾ നമിക്കുകയാണിപ്പോൾ; ഹൃദയഭാരത്തോടെ ഞങ്ങളും അതിൽ പങ്കുചേരുന്നു.(മലയാള മനോരമ)
അഗ്നിച്ചിറകുകള്‍ മറഞ്ഞു
* ഡോ. എ.പി.ജെ. അബ്ദുല്‍ കലാം അന്തരിച്ചു
* അന്ത്യം ഹൃദയാഘാതത്തെത്തുടര്‍ന്ന്
* ഐ.ഐ.എം. ഷില്ലോങ്ങില്‍ പ്രസംഗിക്കവെ കുഴഞ്ഞുവീണു
* മരണം രാത്രി ഒമ്പതുമണിയോടെ ആസ്പത്രിയില്‍
ഷില്ലോങ്: മുന്‍രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍സ്വപ്‌നങ്ങള്‍ക്ക് അഗ്നിച്ചിറക് നല്‍കിയ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം (84) ഇനി ജ്വലിക്കുന്ന ഓര്‍മ. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മേഘാലയയിലെ ഷില്ലോങ്ങില്‍ ഐ.ഐ.എം. സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍തന്നെ സ്വകാര്യ ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഒമ്പതുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. 2002-മുതല്‍ 2007 വരെ രാജ്യത്തിന്റെ പന്ത്രണ്ടാമത് രാഷ്ട്രപതിയായിരുന്നു.
എ.പി.ജെ. അബ്ദുല്‍ കലാം
ജനനം 1931 ഒക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരം
മുഴുവന്‍ പേര്: അവുല്‍ പക്കീര്‍ ജയ്‌നുലബ്ദീന്‍ അബ്ദുല്‍കലാം
പിതാവ്: ജൈനുലബിദ്ദീന്‍
മാതാവ്: ആഷ്യമ്മ
വിദ്യാഭ്യാസം: മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഭൗതികശാസ്ത്രത്തിലും
മദ്രാസ് ഐ.ഐ.ടി.യില്‍ നിന്ന് ബഹിരാകാശ എന്‍ജിനിയറങ്ങിലും ബിരുദം
മിസൈല്‍മാന്‍
* 1960-ല്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആര്‍.ഡി.ഒ.യില്‍ ശാസ്ത്രജ്ഞനായി തുടക്കം
* തുടക്കം കരസേനയ്ക്കുവേണ്ടി ഹെലികോപ്ടറുകള്‍ രൂപകല്‍പന ചെയ്തുകൊണ്ട്
* 1965-ല്‍ റോക്കറ്റുകളുടെ രൂപകല്പന തുടങ്ങി
* 1969-ല്‍ ഐ.എസ്.ആര്‍.ഒ.യിലേക്കുള്ള സ്ഥലംമാറ്റം വഴിത്തിരിവ്
* ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ ഉപഗ്രഹ വിക്ഷേപണപേടകം എസ്.എല്‍.വി. മൂന്നിന്റെ പ്രോജക്ട് ഡയറക്ടര്‍
* 1980 ജൂലായില്‍ രോഹിണി എന്ന കൃത്രിമഉപഗ്രഹത്തെ ലക്ഷ്യത്തിലെത്തിച്ച് കലാമും എസ്.എല്‍.വി. മൂന്നും ചരിത്രത്തില്‍
*1970 മുതല്‍ 90 വരെ പി.എസ്.എല്‍.വി.യുടെ രൂപകല്പനയില്‍ നേതൃത്വം
* അഗ്നി, പൃഥ്വി തുടങ്ങിയ മധ്യദൂര ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു
* 1990-കളില്‍ രാജ്യത്തെ മിസൈല്‍വികസന പദ്ധതിയുടെ നേതൃത്വം ഏറ്റെടുത്തു
* 1992-99 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവ്. ഡി.ആര്‍.ഡി.ഒയുടെ സെക്രട്ടറി
* 1999-ല്‍ പൊഖ്‌റാന്‍ ആണവപരീക്ഷണം നടന്നപ്പോള്‍ നിര്‍ണായക പങ്കുവഹിച്ചു
ജനകീയനായ രാഷ്ട്രത്തലവന്‍
* 2002-ജൂലായ് 19ന് കെ.ആര്‍. നാരായണന്റെ പിന്‍ഗാമിയായി രാഷ്ട്രപതി
* ബി.ജെ.പി. നേതൃത്വംനല്‍കിയ എന്‍.ഡി.എ. സഖ്യത്തിന്റേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെയായിരുന്നു കലാമിന്റെ വിജയം
* കലാമിന് 89.58 ശതമാനത്തോളം വോട്ട് ലഭിച്ചപ്പോള്‍ ഇടതുപക്ഷം നിര്‍ത്തിയ ക്യാപ്റ്റന്‍ ലക്ഷ്മിക്ക് ലഭിച്ചത് പത്തുശതമാനത്തോളം വോട്ട് മാത്രം
എന്നും ജനങ്ങള്‍ക്കിടയില്‍
* 2007-ല്‍ രാഷ്ട്രപതിസ്ഥാനമൊഴിഞ്ഞ ശേഷവും ക്ലാസുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സക്രിയം
* അഹമ്മദാബാദ്, ഷില്ലോങ്, ഇന്‍ഡോര്‍ ഐ.ഐ.എമ്മുകളിലും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലും അധ്യാപകന്‍
* തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ചാന്‍സലറും ആയിരുന്നു.
പുരസ്‌കാരങ്ങള്‍, ബഹുമതികള്‍
1997-ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന. പത്മഭൂഷണ്‍(1981), പത്മവിഭൂഷണ്‍( 1990), ദേശീയ ഉദ്ഗ്രഥനത്തിനുളള ഇന്ദിരാഗാന്ധിപുരസ്‌കാരം (1997), വീര്‍ സവര്‍ക്കര്‍, രാമാനുജന്‍ പുരസ്‌കാരങ്ങള്‍, കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഇന്റര്‍നാഷണല്‍ വോണ്‍ കാര്‍മല്‍ വിങ്‌സ് പുരസ്‌കാരം. വിദേശത്തുനിന്നുള്‍പ്പെടെ 40 സര്‍വകലാശാലകളുടെ ഡോക്ടറേറ്റ് ബിരുദവും ലഭിച്ചു. ആത്മകഥയായ 'അഗ്നിച്ചിറകുകള്‍' അടക്കം പത്ത് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 'അഗ്നിച്ചിറകുകള്‍' 1999-ല്‍ രാജ്യത്ത് ഏറ്റവുംകൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്നായിരുന്നു.
ഏഴ് ദിവസത്തെ ദുഃഖാചരണം
കലാമിന്റെ വിയോഗത്തില്‍ രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. എല്ലാ തലമുറകളുടേയും വഴികാട്ടിയായിരുന്നു കലാമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അനുശോചിച്ചു.(മാതൃഭൂമി)