കേരളത്തെ വര്‍ഗീയ സംഘര്‍ഷ ഭൂമിയാക്കരുത്

Voice Of Desert 6 years ago comments
കേരളത്തെ വര്‍ഗീയ സംഘര്‍ഷ ഭൂമിയാക്കരുത്

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ ഞായറാഴ്ച പ്രാര്‍ഥന നടത്തിയ ക്രൈസ്തവര്‍ക്കുനേരെ ആര്‍എസ്എസുകാര്‍ നടത്തിയ ആക്രമണം അപ്രതീക്ഷിതമല്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ വര്‍ഗീയവാദികള്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനത്തിന്റെയും സംരക്ഷണത്തിന്റെയും തുടര്‍ച്ചയാണ് ഈ ആക്രമണവും. ഏതു മതത്തിലും വിശ്വസിക്കാനും ആ വിശ്വാസം പ്രചരിപ്പിക്കാനുമുള്ള ഭരണഘടനാദത്തമായ സ്വാതന്ത്ര്യത്തെ കടന്നാക്രമിച്ച ക്രിമിനലുകളെ പിടികൂടി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന നേരിയ പ്രതീക്ഷപോലും ഇല്ലാതാകുന്ന സാഹചര്യമാണ് കേരളത്തില്‍. കാരണം യുഡിഎഫ് ഭരണത്തില്‍, പ്രത്യേകിച്ച് ആഭ്യന്തരവകുപ്പില്‍ ആര്‍എസ്എസിനുള്ള ദുഃസ്വാധീനത്തിന്റെ പ്രകടനംകൂടിയാണ് ആറ്റിങ്ങല്‍ ആക്രമണം.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെ രാജ്യമൊട്ടുക്കും ആര്‍എസ്എസ് നടത്തുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയായി വേണം ആറ്റിങ്ങല്‍ പട്ടണത്തിലെ രണ്ടു പ്രാര്‍ഥനാലയങ്ങളില്‍ പട്ടാപ്പകല്‍ നടത്തിയ ആക്രമണങ്ങളെ കാണാന്‍. ആയുധധാരികളായ ആര്‍എസ്എസുകാര്‍ രണ്ടിടത്തും അഴിഞ്ഞാടുകയായിരുന്നു. 2002ല്‍ ഗുജറാത്തില്‍ മൂവായിരത്തോളം മുസ്ലിങ്ങളെ വംശഹത്യ നടത്തുന്നതിന് മുഖ്യമന്ത്രിപദത്തിലിരുന്ന് കാര്‍മികത്വം വഹിച്ച നേതാവ് പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുമ്പോള്‍ അതുതന്നെ രാജ്യവ്യാപകമായി ന്യൂനപക്ഷധ്വംസനം നടത്തുന്നതിന് സംഘപരിവാറിന് പ്രേരണയാണ്.

ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കുനേരെ മാസങ്ങള്‍ക്കുമുമ്പ് തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. രാജ്യമൊട്ടുക്ക് ഘര്‍വാപ്സി എന്നപേരില്‍ പുനര്‍ മതപരിവര്‍ത്തനം നടത്തി വിദ്വേഷം സൃഷ്ടിക്കാനും ആര്‍എസ്എസ് നേതൃത്വം നല്‍കി. മാട്ടിറച്ചി നിരോധനത്തിന്റെ പേരിലും പ്രകോപനശ്രമങ്ങളുണ്ടായി. ബീഫ് കഴിച്ചില്ലെങ്കില്‍ മരിച്ചുപോകുമെന്നുള്ളവര്‍ പാകിസ്ഥാനിലേക്കോ ഏതെങ്കിലും അറേബ്യന്‍ രാജ്യത്തിലേക്കോ പോകുകയാണ് നല്ലതെന്നുപറഞ്ഞത് ബിജെപിയുടെ മുതിര്‍ന്ന നേതാവുകൂടിയായ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ്.

ബിജെപി അധികാരത്തില്‍വന്നശേഷം ഡല്‍ഹിയിലെ ത്രിലോക്പുരിയിലും ഹരിയാനയിലെ ബല്ലഭ്ഗഡിലും വര്‍ഗീയ കലാപങ്ങള്‍ നടന്നു. മറ്റു പല സംസ്ഥാനങ്ങളിലും വര്‍ഗീയസംഘര്‍ഷങ്ങള്‍ രൂപപ്പെട്ടു. എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും പ്രേരണയേകി ബിജെപി മന്ത്രിമാരും എംപിമാരും നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകള്‍ അന്താരാഷ്ട്രതലത്തില്‍തന്നെ ഇന്ത്യ നാണംകെടുകയാണ്.

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഈ ഭയപ്പെടുത്തല്‍ തന്ത്രം, മതനിരപേക്ഷചിന്ത ഗാഢമായി വേരൂന്നിയ കേരളത്തില്‍ സാധാരണനിലയില്‍ ഫലിക്കാന്‍ പാടില്ല. എന്നാല്‍,, ആര്‍എസ്എസിന്റെ ഏതു പേക്കൂത്തിനെയും പിന്തുണയ്ക്കാന്‍ സജ്ജമായ ഒരു സര്‍ക്കാര്‍ കേരളത്തിലുള്ളപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കും. പല ജില്ലയിലും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനായി സംഘപരിവാറുകാര്‍ നടത്തിയ ഘര്‍വാപ്സിയെ മൗനമായി പിന്തുണയ്ക്കുകയായിരുന്നു സര്‍ക്കാരും പൊലീസും. ആര്‍എസ്എസിന്റെ അതിക്രമങ്ങളെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ് ഭരണം.

ഓരോ തെരഞ്ഞെടുപ്പിലും എക്കാലത്തും നിശ്ചിത എണ്ണം ബിജെപി വോട്ടുകള്‍ കൃത്യമായി യുഡിഎഫിന്റെ പെട്ടിയിലെത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ബിജെപി നേതൃത്വവും യുഡിഎഫ് നേതൃത്വവും നടത്തുന്ന കച്ചവടം കേരളത്തില്‍ രഹസ്യമല്ല. ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന അന്തരിച്ച കെ ജി മാരാര്‍ തന്നെ ഇക്കാര്യം തന്റെ പുസ്തകത്തില്‍ തുറന്നുപറഞ്ഞിരുന്നു. അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ചൂടേറുമ്പോള്‍ നടന്ന ഈ ആക്രമണത്തെ മുന്‍കാലങ്ങളിലെ വോട്ടുകച്ചവടവുമായി ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

ന്യൂനപക്ഷങ്ങള്‍ക്ക് എവിടെയും എക്കാലത്തും തുണയേകിയത് ഇടതുപക്ഷപ്രസ്ഥാനമാണ്. കേരളത്തില്‍ എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഒരിക്കല്‍പോലും ഒരു വര്‍ഗീയസംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിപിഐ എമ്മിന് ശക്തികുറഞ്ഞ ഒഡിഷയില്‍ കന്ദമാല്‍ സംഭവത്തിനുശേഷം അരക്ഷിതരായ ക്രൈസ്തവര്‍ ഭുവനേശ്വറിലെ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഹാളില്‍ പ്രാര്‍ഥന നടത്തിയ കാര്യം കേരളത്തിലും ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു.

ആറ്റിങ്ങലില്‍ ആക്രമണം നടത്തിയത് ആര്‍എസ്എസുകാരാണെന്ന് പറയാന്‍ ധൈര്യമില്ലാത്ത മുത്തശ്ശി പത്രങ്ങളെക്കുറിച്ച് ഇവിടെ പരാമര്‍ശിക്കാതെ വയ്യ. ഏതെങ്കിലും അതിക്രമങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് ഗണിച്ചുപറയുന്നതില്‍ വിദഗ്ധരായ ലേഖകര്‍ ആര്‍എസ്എസ് ആക്രമണവാര്‍ത്തകളില്‍ മൗനംപാലിക്കുന്നത് എന്തുകൊണ്ടാണ്?(കടപ്പാട് ;ദേശാഭിമാനി )

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

1,568

PEOPLE VIEWED THIS ARTICLEനിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2021. All Rights Reserved. 389436 Website Designed and Developed by: CreaveLabs