മാറുന്ന കുടുംബവ്യവസ്ഥ- ഇസഡോറ കാതറിന്‍ ഫിഗരേദൊ

Voice Of Desert 9 years ago comments
മാറുന്ന കുടുംബവ്യവസ്ഥ- ഇസഡോറ കാതറിന്‍ ഫിഗരേദൊ

മാറ്റത്തിനൊഴികെ മറ്റെല്ലാത്തിനും മാറ്റമുണ്ടാകും എന്നാണല്ലോ. കാലത്തിനനുസരിച്ച് കുടുംബ വ്യവസ്ഥയ്ക്കും മാറ്റമുണ്ടാകുന്നത് സ്വാഭാവിമാണ്. അതുകൊണ്ടാകണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ കുടുംബവ്യവസ്ഥയില്‍ സംഭവിച്ചിട്ടും അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടാതെ പോയത്.

ഇന്നുണ്ടായിട്ടുളള മാറ്റങ്ങള്‍ കുടുംബത്തിന്റെ ആദ്യാവസാന ഗുണഭോക്താക്കളായ മനുഷ്യര്‍ക്ക് ഗുണമോ ദോഷമോ അതോ ഗുണ-ദോഷ സമ്മിശ്രമോ എന്ന് വിധി എഴുതേണ്ടത് കാലമാണ്. വിധി എന്തുതന്നെയായാലും സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകമായ കുടുംബം സമൂഹത്തെ പ്രതിഫലിപ്പിക്കുന്നുണ്ട് എന്നതാണ് പ്രസക്തം. ആഗോളീകരണത്തിന്റെയും, ഉദാരവത്ക്കരണത്തിന്റെയും, മത്സരബുദ്ധിയുടെയും സ്വാധീനം അണുകുടുംബങ്ങളില്‍ പോലും പ്രകടമാകുന്ന ഇക്കാലത്ത് ആരോഗ്യകരവും സുസ്ഥിരവുമായ കുടുംബ വ്യവസ്ഥ നിലനിര്‍ത്തേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്.

കുടുംബം ആത്യന്തികമായി മാനവരാശിയുടെ നിലനില്‍പ്പിനുള്ള കൂട്ടായ്മയാണ്. അതുകൊണ്ടാണ് കുടുംബ വ്യവസ്ഥയില്‍ ചെറിയ പൊളിച്ചെഴുത്ത് നടക്കുമ്പോള്‍ പോലും സമൂഹം അതിനെ ഉത്കണ്ഠയോടെ വീക്ഷിക്കുന്നത്. നാടോടി സംസ്‌ക്കാരത്തിന് വിരാമമിട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യന്‍ കൃഷി ചെയ്യാനും സ്ഥിരതാമസമാക്കാനും തുടങ്ങിയ കാലം മുതല്‍ അറിയപ്പെടുന്ന കുടുംബ വ്യവസ്ഥകളില്‍ ഒന്നാണ് കൂട്ടുകുടംബം.

കേരളത്തിലെ മുഖ്യധാര സമൂഹം കൂട്ടുകുടുംബ വ്യവസ്ഥയെ മുറുകെ പിടിച്ചവരായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥയ്ക്ക് ചുക്കാന്‍ പിടിച്ച കേരളത്തിലെ മാതൃദായകക്രമം ലോകത്തെമ്പാടും ഏറെ കൊട്ടിഘോഷിക്കപ്പെട്ടതും ഗൗരവമേറിയ പഠനങ്ങള്‍ക്ക് വിധേയമായിട്ടുളളതുമാണ്.എന്നാല്‍ പാശ്ചാത്യസ്വാധീനത്തിലും പരിഷ്‌ക്കാരഭ്രമത്തിലും പെട്ട് കടപുഴകി വീണ വടവൃക്ഷമാണ് ഇന്ന് സമൂഹത്തില്‍ കൂട്ടുകുടുംബ വ്യവസ്ഥിതിക്കുളളത്. എത്രയേറെ കാലഹരണപ്പെട്ടെന്നു പറഞ്ഞാലും ഒരു ന്യൂനപക്ഷമെങ്കിലും ഇന്നും കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ തുടരുന്നുണ്ട്.

പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന കുറിച്യര്‍ അടക്കമുള്ള ആദിവാസി സമൂഹങ്ങള്‍ ഇന്നും കൂട്ടുകുടുംബ വ്യവസ്ഥയെ നിലനിര്‍ത്തുന്നത് തികച്ചും അഭിനന്ദനാര്‍ഹവും, ആശ്വാസകരവുമാണ്. പല തലമുറകളില്‍ പെട്ടവര്‍ ഒരു തറവാട്ടില്‍ കാരണവരുടെയും കാരണവത്തിയുടെയും അധികാരത്തിന് കീഴില്‍ ഒന്നിച്ചു ജീവിക്കുന്നു. ഇത്തരം ഡസന്‍ കണക്കിന് കുറിച്യ കുടുംബങ്ങളാണ് ഇന്നും വയനാട്ടിലുളളത്. കരയിലും വയലിലും ഒരുമിച്ച് ജോലി ചെയ്യുകയും ഒരേ അടുക്കളയില്‍ നിന്നുണ്ണുകയും ഓണവും വിഷുവും പുത്തരിയും ഒരുമയോടെ ആഘോഷിക്കുകയും ചെയ്യുന്നു ഇവര്‍. കൂട്ടായ്മയും പരസ്പരവിശ്വാസവും സഹകരണവും വ്യക്തിഗത ക്ഷേമത്തിന് അതീതമായി പൊതു ക്ഷേമവും കുടുംബാംഗങ്ങളില്‍ ഊട്ടിയുറപ്പിക്കാന്‍ ഇത്തരം കൂട്ടുകുടുംബത്തിന് കഴിയുന്നുണ്ട്.

രാജ്യത്തെ കുടുംബങ്ങളില്‍ വെറും അഞ്ചു ശതമാനം മാത്രമാണ് ഇന്നും കൂട്ടുകുടുംബ വ്യവസ്ഥയുമായി മുന്നോട്ട് പോകുന്നത്. വ്യക്തിക്കും ബന്ധങ്ങള്‍ക്കും സമൂഹത്തിനും കെട്ടുറപ്പ് നല്‍കുന്ന ഇത്തരം തറവാടുകള്‍ തീര്‍ച്ചയായും പൊതുസമൂഹത്തിന്റേയും സര്‍ക്കാരിന്റേയും പ്രോത്സാഹനം അര്‍ഹിക്കുന്നുണ്ട്.

 

നാടോടുമ്പോള്‍ നടുവേ ഓടാന്‍ വ്യഗ്രത കാണിക്കുന്നവരാണ് നമ്മളെല്ലാം. അതുകൊണ്ടാണ് അണുകുടുംബവ്യവസ്ഥിതിയെ ഇരുകൈയും നീട്ടി നാം സ്വീകരിച്ചത്. അച്ഛനും അമ്മയും മക്കളും അടങ്ങിയ അണുകുടുംബങ്ങളില്‍ മുത്തച്ഛനും മുത്തശ്ശിയും എല്ലാം അതിഥികള്‍ മാത്രം.ബന്ധങ്ങള്‍ക്ക് പഴയ ദൃഢതയുമില്ല. ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനങ്ങള്‍, വിവാഹ മോചനങ്ങള്‍ എന്നിവയെല്ലാം ഇന്ന് കൂടുതലും നടക്കുന്നത് അണുകുടുംബങ്ങളിലാണ്.

2005 മുതല്‍ 2006 വരെ 8456 വിവാഹമോചനക്കേസുകളാണ് സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഫയല്‍ ചെയ്തത്. 2011-ല്‍ അത് 38,231 ആയി ഉയര്‍ന്നു. കേരളം ഇന്നറിയപ്പെടുന്നത് ഭാരതത്തിന്റെ വിവാഹമോചന തലസ്ഥാനമെന്നാണ്. മദ്യാപാനത്തിലും ആത്മഹത്യയിലും കുട്ടികളോടുളള അതിക്രമങ്ങളിലും മുന്നിട്ടു നില്‍ക്കുന്ന നമ്മള്‍ ഇക്കാര്യത്തില്‍ മാത്രം പിന്‍ബെഞ്ചുകാരാകേണ്ട ആവശ്യമില്ലല്ലോ? ഇന്ത്യയിലെ 23.43 ലക്ഷം വിവാഹ മോചിതരില്‍ 1.96 ലക്ഷം പേര്‍ നമ്മുടെ കൊച്ചുകേരളത്തിലാണുള്ളത്. വിവാഹമോചനം കുടുബബന്ധങ്ങളെ തകര്‍ക്കുന്നുവെന്നു മാത്രമല്ല നാളെയുടെ വാഗ്ദാനമായ കുട്ടികളുടെ ഭാവിയെക്കൂടിയാണ് അത് അവതാളത്തിലാക്കുന്നത്.

കുടുംബത്തേക്കാള്‍ പ്രാധാന്യം ജോലിക്കു കല്‍പിക്കുന്നതും മദ്യപാനവും അവിഹിതബന്ധവും ചെറിയ വിട്ടുവീഴ്ചകള്‍ക്കു പോലും ദമ്പതികള്‍ തയ്യാറാവാത്തതും ചെറിയപ്രശ്‌നങ്ങളെ ഊതിപ്പരുപ്പിക്കുന്നതുമടക്കമുളള കാരണങ്ങളാണ് വിവാഹമോചനത്തിനുളള കാരണങ്ങളായി സാമൂഹ്യശാസ്ത്രജ്ഞരും മന:ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നത്. മാതാപിതാക്കളും ബന്ധുക്കളും ഉപദേശിക്കാനോ ശാസിക്കാനോ ഇടപെടാനോ ഇല്ലാത്തതാണ് അണുകുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ക്കുളള ഹേതുവായി അവര്‍ വിലയിരുത്തുന്നത്.

ആഗോളീകരണത്തിന്റെ മറ്റൊരു പ്രത്യേകത അണുകുടുംബങ്ങളോടൊപ്പം അമ്മയോ അച്ഛനോ മാത്രം രക്ഷിതാവായുള്ള കുടുംബങ്ങളുടെ എണ്ണവും പെരുകുന്നു എന്നതാണ്. വികസിത-വികസ്വര-അവികസിത രാജ്യ വ്യത്യാസമല്ലാതെ ഇതാണവസ്ഥ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തില്‍ രാജ്യത്തെ മൊത്തം കുടുംബങ്ങളില്‍ 11 ശതമാനം അമ്മയോ അച്ഛനോ മാത്രം രക്ഷിതാവായുള്ള കുടുംബങ്ങളാണ്. അഭിപ്രായ വ്യത്യാസത്തിന്റെയും പൊരുത്തക്കേടിന്റെയും പേരില്‍ വിവാഹമോചനം നേടുകയോ, കോടതിയുടെ ഉത്തരവോടെ ജുഡീഷ്യല്‍ സെപ്പറേഷന്‍ എന്ന മാര്‍ഗ്ഗത്തിലൂടെ വേര്‍പെട്ട് ജീവിക്കുകയോ ചെയ്യുന്നവരാണ് ഇവരിലധികവും.

മറ്റ് ചിലര്‍ നിയമ നടപടികള്‍ക്കൊന്നും കാത്തു നില്‍ക്കാതെ സ്വന്തം ഉത്തരവാദിത്തം ഉപേക്ഷിച്ച് പോകുവരാണ്. ഇവിടെയും ബലിയാടുകളാകുന്നത് കുഞ്ഞുങ്ങളാണ്. ഇരുമാതാപിതാക്കളുടെയും സ്‌നേഹ-പരിലാളനങ്ങള്‍ക്ക് അര്‍ഹരാകേണ്ട ഇവര്‍ക്ക് അത് നിര്‍ദാക്ഷ്യണ്യം നിഷേധിക്കപ്പെടുന്നു. ഒരു കുഞ്ഞിന്റെ ആരോഗ്യപരമായ വളര്‍ച്ചയ്ക്കും ജീവിതത്തെ തന്റേടത്തോടെ അഭിമുഖീകരിക്കാനും ഒരു കുഞ്ഞിന് അച്ഛന്റേയും അമ്മയുടേയും ശിക്ഷണം വേണം. അച്ഛനേയും അമ്മയേയും കണ്ടാണ് അവര്‍ വളരുന്നത്. അവരുടെ ആദ്യത്തെ ആദര്‍ശ മാതൃക രക്ഷിതാക്കളാണ്.

ആഗോളീകരണത്തില്‍ രൂപം കൊണ്ട മറ്റൊരു പുതിയ കുടുംബ വ്യവസ്ഥിതിയാണ് ബഹുരാഷ്ട്രകുടുംബം. മാതാപിതാക്കളും കുട്ടികളും ഒന്നിലധികം രാജ്യങ്ങളിലായി കഴിയുന്ന കുടുംബ വ്യവസ്ഥയാണിത്. മാതാവും കുട്ടിയും ഒരു രാജ്യത്തും, പിതാവ് വേറൊരു രാജ്യത്തുമായിരിക്കും. അല്ലെങ്കില്‍ പിതാവും കുട്ടിയും ഒരു രാജ്യത്തും, മാതാവ് വേറൊരു രാജ്യത്തുമായിരിക്കും. അല്ലെങ്കില്‍ മാതാവും, പിതാവും, കുട്ടികളും വേറെ വേറെ രാജ്യങ്ങളിലായിരിക്കും. ഇത്തരത്തിലുളള ധാരാളം കുടുംബങ്ങള്‍ കേരളത്തിലുണ്ട്. ഒരു വര്‍ഷത്തില്‍ വളരെ കുറച്ച് ദിനങ്ങള്‍ മാത്രമായിരിക്കും ഇവര്‍ ഒരുമിച്ച് ജീവിക്കുന്നത്.

അമേരിക്കയും കാനഡയും അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന 23 ലക്ഷത്തോളം വരുന്ന മലയാളികളില്‍ നല്ലൊരുഭാഗം ഈ വിഭാഗത്തില്‍ പെടുന്നവരാണ്. ബഹുരാഷ്ട്ര കുംടുബങ്ങളിലെ കുട്ടികളെ മാനസികമായ ചില സംഘര്‍ഷങ്ങളും അലട്ടിയേക്കാം.വ്യത്യസ്ത രാജ്യങ്ങളിലെ വ്യത്യസ്ത സംസ്‌ക്കാരങ്ങളില്‍ ജീവിക്കേണ്ടി വരുന്നത് മൂലമുണ്ടാകുന്ന ഈ സംഘര്‍ഷത്തിന് സാംസ്‌ക്കാരിക ആഘാതം എന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞര്‍ പേരു നല്‍കിയിട്ടുള്ളത്. അസൂയാവഹമായ സാമ്പത്തിക വളര്‍ച്ച പ്രാപിക്കുമ്പോഴും ബഹുരാഷ്ട്ര കുടുംബങ്ങളിലും വിവാഹമോചനമുള്‍പ്പടെയുളള കുടുംബപ്രശ്‌നങ്ങള്‍ തലപൊക്കുന്നുണ്ട്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കുടുംബ വ്യവസ്ഥയെയും ഇതുമൂലം ശിഥിലമാകുന്ന വ്യക്തി ബന്ധങ്ങളെയും കണക്കിലെടുത്ത് ഇതിന് തടയിടാന്‍ ഐക്യരാഷ്ട്ര സംഘടന 1994 മുതല്‍ എല്ലാ വര്‍ഷവും മെയ് 15 അന്താരാഷ്ട്ര കുടുംബ ദിനമായി പ്രഖ്യാപിച്ച് ദിനാചരണം നടത്തുന്നണ്ട്. പക്ഷേ ഓരോ അന്താരാഷ്ട്ര കുടുംബദിനം പിന്നിടുമ്പോഴും സംഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ കുടുംബ വ്യവസ്ഥയില്‍ വന്നിട്ടുള്ള മാറ്റങ്ങളും അത് സമൂഹത്തില്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളും ഇനിയെങ്കിലും ഗൗരവമായ പഠനങ്ങള്‍ക്ക് വിധേയമാക്കണം. ആരോഗ്യകരവും സുസ്ഥിരവുമായ കുടുംബ വ്യവസ്ഥയ്ക്കായി സര്‍ക്കാര്‍ ദേശീയ കുടുംബ നയത്തിന് രൂപം നല്‍കുന്നത് ഗുണകരമായിരിക്കും. അല്ലെങ്കില്‍ ഒരുപക്ഷേ മാറ്റത്തിന്റെ സുനാമിത്തിരകളില്‍ സുസ്ഥിര കുടുംബം ഒലിച്ചുപോയേക്കാം.(കടപ്പാട്)


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,111

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 472037 Website Designed and Developed by: CreaveLabs