“ജൂച്ചേ” (Juche) എന്ന മതം മാത്രം ഔദ്യോഗികമായി അംഗികരിച്ചിരിക്കുന്ന ഒരു രാഷ്ട്രത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഏ. ഡി 2014 എന്ന വര്‍ഷത്തിന്‍റെ സ്ഥാനത്ത് കേവലം 102 എന്ന വര്‍ഷം ഔദ്യോഗിക കലണ്ടറില്‍ ഉപയോഗിക്കുന്ന രാഷ്ട്രത്തെക്കുറിച്ചോ? രണ്ടരക്കോടി മാത്രം ജനസംഖ്യയുള്ള, വലിപ്പത്തില്‍ ലോകത്തിലെ 98-)മത്തെ രാജ്യം. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഉള്ള രാജ്യവും പട്ടാളക്കാരുടെ എണ്ണത്തില്‍ ലോകത്തിലെ നാലാമത്തെ വലിയ രാജ്യവും ഏറ്റവും കൂടുതല്‍ പീരങ്കിപ്പട്ടാളം ഉള്ള 3-)മത്തെ രാജ്യവും ഇതാണ്..
ഭൂരിപക്ഷം ജനങ്ങളും ദിവസത്തില്‍ ഒരു നേരത്തെ ആഹാരം പോലുമില്ലാതെ, പട്ടിണി മരണങ്ങള്‍ പുതുമയല്ലാത്ത നാട്ടില്‍, തനിക്കുപയോഗിക്കാനുള്ള മയക്കുമരുന്നിനു മാത്രം 5 കോടിയിലധികം രൂപ ഒരു വര്‍ഷം ചിലവിടുന്ന ഏകാധിപതിയായ ഭരണാധികാരിയുടെ നാട്.
ഉത്തര കൊറിയയ്ക്ക് മാത്രം അവകാശപ്പെടാനാവുന്ന നിരവധി വിശേഷങ്ങള്‍ വേറെയുമുണ്ട്.
DPRK (Democratic People’s Republic of Korea) എന്നറിയപ്പെടുന്ന ഉത്തര കൊറിയയുടെ കിഴക്കും പടിഞ്ഞാറും പസഫിക് സമുദ്രവും തെക്ക് തെക്കന്‍ കൊറിയയും വടക്ക് ചൈനയുമാണ്. ഉത്തര ഭാഗത്ത് 20 കിലോമീറ്റര്‍ റഷ്യയുമായും അതിര്‍ത്തി പങ്കിടുന്നു. ചൈനയോടും റഷ്യയോടും ചേര്‍ന്ന്‍ കിടക്കുന്ന ഉത്തര കൊറിയയുടെ തലസ്ഥാനം പ്യോങ് യാ൦ഗ് (Pyong Yang) ആണ്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായിട്ടും രാജ്യത്തിലെ 10 ശതമാനത്തില്‍ അധികം ആളുകളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 16 തൊഴില്‍ ക്യാമ്പുകളില്‍ ജിവിതം ഹോമിക്കപ്പെടുവാന്‍ വിധിക്കപ്പെട്ട ഉത്തര കൊറിയ ക്രൈസ്തവ പീഡയുടെ കാര്യത്തില്‍ ലോകത്തിലെ ഒന്നാമത്തെ സ്ഥാനത്താണ്.
രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അവസാനത്തില്‍ 1945-ലാണ് സോവിയറ്റ് യൂണിയന്‍റെ ഒത്താശയോടെ ഗറില്ലാ നേതാവായിരുന്ന കിം സംഗ് (KIM II SUNG) കൊറിയയുടെ വടക്കു ഭാഗം തന്‍റെ നിയന്ത്രണത്തിലാക്കിയത്. യു. എസിന്‍റെ നേത്യത്വത്തിലുള്ള തെക്കേ ഭാഗവും തന്‍റെ വരുതിയിലാക്കുവാന്‍ ചൈനയുടെയും റഷ്യയുടെയും പരോക്ഷ സഹായത്തോടെ കിം സംഗ് വളരെ പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന്‍ റഷ്യയുടെയും ചൈനയുടെയും കമ്മ്യൂണിസത്തിന്‍റെ ചുവടു പിടിച്ച് 1948-ല്‍ ഔദ്യോഗികമായി രൂപീക്യതമായ ഉത്തര കൊറിയ അധിക കാലം കഴിയുംമുന്പേ നിഷ്ടൂരമായ ഒരു ഏകാധിപത്യ ഭരണത്തിന്‍ കീഴിലേക്കു മാറ്റപ്പെട്ടു. ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ വളര്‍ത്തപ്പെട്ട കിം സംഗ് കൊറിയന്‍ ഭരണാധികാരിയായതിനു ശേഷം ബൈബിളിലെ പത്തു കല്പനകളെപ്പോലെ തന്നെയും കുടുംബത്തെയും ആരാധിക്കാനായി പത്തു കല്പനകള്‍ അടങ്ങിയ “ജുച്ചേ” എന്ന മതം ഉണ്ടാക്കി. തന്നെ ദൈവമായി ആരാധിക്കാനായി 600 ഓളം പാട്ടുകളുണ്ടാക്കി. കൊറിയയിലെ 100 ശതമാനം ആളുകളെയും ഈ മതത്തിന്‍റെ നിര്‍ബന്ധിത അംഗങ്ങളാക്കി. താന്‍ ജനിച്ച വര്‍ഷമായ 1912 ഉത്തര കൊറിയയുടെ പ്രഥമ വര്‍ഷമാക്കി. അങ്ങനെ ലോകമെങ്ങും ഏ. ഡി 2014 ആയപ്പോള്‍ ഉത്തര കൊറിയയില്‍ കേവലം 102 വര്‍ഷം മാത്രം ആയിട്ടുള്ളൂ.
1954-ല്‍ സംഗിന്‍റെ മരണ ശേഷം തന്റെ മകന്‍ കിം ജോംഗ് (KIM II JONG) അധികാരമേറ്റപ്പോഴേക്കും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. കിം സംഗിന്‍റെ ശവശരീരം മണ്ണിനു വിട്ടു കൊടുക്കാതെ കണ്ണാടിക്കൂട്ടിനുള്ളില്‍ വെച്ചു സുഗന്ധലേപനങ്ങള്‍ പുരട്ടി തന്‍റെ പ്രജകളെക്കൊണ്ടു വണങ്ങിപ്പിച്ചു. രാജ്യത്തിന്‍റെ ആജീവനാന്ത പ്രസിഡണ്ട് എന്ന പദവി നല്‍കിയതിനു പുറമേ കിം സംഗ് എന്നതിനു പകരം “പ്രസിഡണ്ട് കിം സംഗ്” എന്നുതന്നെ വിളിക്കണമെന്ന് നിയമം ഉണ്ടാക്കി. അങ്ങനെ വിളിക്കാന്‍ വിട്ടുപോയ സാധു ജനങ്ങളെ കഴുമരത്തിലേറ്റി. തന്‍റെ പേര് “ജനറല്‍ കിം ജോംഗ്” എന്നാക്കി. തങ്ങള്‍ ജനിച്ചത് കൊറിയയിലെ ഒരു വിശുദ്ധ പര്‍വ്വതത്തിനു മുകളിലാണെന്നും തന്നെയും തന്‍റെ പിതാവിനെയും ദൈവത്തെപ്പോലെ ആരാധിക്കണമെന്നും ജനത്തെ പഠിപ്പിച്ചു. തന്‍റെയും പിതാവിന്‍റെയും ഒരേ വലിപ്പത്തിലുള്ള ഏകദേശം മുപ്പത്തി നാലായിരം പ്രതിമകള്‍ രാജ്യമെമ്പാടും സ്ഥാപിച്ചതിനു പുറമേ തങ്ങളുടെ ഫോട്ടോകള്‍ ഓരോ വീടിന്‍റെയും പ്രധാനപ്പെട്ട ഭിത്തികളില്‍ തൂക്കണമെന്നും നിയമമുണ്ടാക്കി. ഈ ഫോട്ടോകള്‍ ഉള്ള ഭിത്തിയില്‍ മറ്റൊരു ചിത്രവും പാടില്ല എന്ന് മാത്രമല്ല ഈ ഫോട്ടോകള്‍ എല്ലാ ദിവസവും രാവിലെ സൂക്ഷ്മമായി തുടയ്ക്കുവാന്‍ പ്രത്യേക തുവാലകളും ഉണ്ടാക്കി. നിയമം കര്‍ക്കശമായി നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരെ ആക്കി. നിയമം ലംഘിക്കുന്നവരെ പരസ്യമായി ചാട്ടവാറടികള്‍ക്ക് വിധേയരാക്കി. സംഗിന്‍റെ മരണ ദിനത്തില്‍ ജനമെല്ലാം പൊതു നിരത്തിലിറങ്ങി വാവിട്ടു നിലവിളിച്ചു കരയുന്നതുറപ്പാക്കാന്‍ പ്രത്യേക സംഘങ്ങളെ നിയമിച്ചു. ‘ഈ ദൈവങ്ങളുടെ’ പ്രതിമകളെ കാണുന്നവര്‍ ഇരു കൈകളും വശങ്ങളില്‍ തൂക്കിയിട്ട് തല കുമ്പിടണമെന്നു നിയമമുണ്ടാക്കി. പ്രതിമകളുടെ ഫോട്ടോയെടുക്കണമെങ്കില്‍ മുഴുവന്‍ ഭാഗവും ലഭിക്കത്തക്ക വിധത്തില്‍ എടുക്കണം. ഒരു ഭാഗം മാത്രം എടുക്കാന്‍ പാടില്ല. ഇവരുടെ ഫോട്ടോകള്‍ അച്ചടിച്ചു വരുന്ന പത്രങ്ങള്‍ മടക്കാന്‍ പാടില്ല. ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ ഇവരുടെ ചിത്രമുള്ള ചെറിയ ഫോട്ടോകള്‍ കൈകളില്‍ കരുതുകയോ തങ്ങളുടെ വസ്ത്രത്തിന്‍റെ മുന്‍വശത്ത് മറ്റുള്ളവര്‍ക്ക് വ്യക്തമായി കാണത്തക്ക വിധത്തില്‍ കൊളുത്തി വെയ്ക്കണമെന്നും നിയമങ്ങളുണ്ടാക്കി.
3 റ്റി. വി ചാനലുകള്‍ മാത്രമേ ഇവിടുള്ളൂ. ഇതില്‍ 2 എണ്ണം ശനിയും ഞായറും മാത്രമേ ലഭിക്കൂ. 3-) മത്തേത് എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ മാത്രം. ഒരു ലക്ഷത്തി അമ്പതിനായിരം പേര്‍ക്കിരിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഉള്ള ഇവിടെ കുട്ടികള്‍ക്ക് സ്കൂളില്‍ പഠിക്കണമെങ്കില്‍ തങ്ങളുപയോഗിക്കുന്ന മേശയ്ക്കും കസേര്യ്ക്കും വരെ ഫീസ് കൊടുക്കണം. എല്ലാ 5 വര്‍ഷം കൂടുമ്പോഴും ഇവിടെ തിരഞ്ഞെടുപ്പുണ്ട്. വോട്ടവകാശം ഉള്ള എല്ലാവരും വോട്ടു ചെയ്തിരിക്കണം. ഏറ്റവും തക്കതായ കാരണമില്ലാതെ വോട്ടു ചെയ്യാത്തവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. എന്നാല്‍ ബാലറ്റ് പേപ്പറില്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ ഒരേ ഒരു പേരു മാത്രമേ ഉണ്ടായിരിക്കുകയുള്ളു. രാജ്യത്തിന്‍റെ അഞ്ചിലൊന്നു ജനങ്ങളും പട്ടാളക്കാരായ ഇവിടെ പട്ടാളത്തില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ ഉയരം 4 അടി 2 ഇഞ്ച് മാത്രമാണ്.
മതസ്വാതന്ത്ര്യമോ, അഭിപ്രായ സ്വാതന്ത്ര്യമോ, വ്യക്തി സ്വാതന്ത്ര്യമോ ഇല്ലാത്ത ഇവിടെയാണ് ലോകത്തിലേക്കും വെച്ച് ഏറ്റവും ക്രൂരമായ രീതിയില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നത്.
പരമ്പരാഗതമായി ബുദ്ധിസവും കണ്‍ഫ്യൂഷനിസവും നിറഞ്ഞുനിന്ന കൊറിയയില്‍ 1880-ലാണ് ക്രിസ്തീയ വിശ്വാസ൦ എത്തിച്ചേരുന്നത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ “ഏഷ്യയുടെ യെരുശലേം” എന്ന് അറിയപ്പെടത്തക്ക നിലയില്‍ ഏകദേശം 3000 സഭകള്‍ ഇവിടുണ്ടായി. എന്നാല്‍ 1910-ല്‍ ജപ്പാന്‍റെ ഭരണത്തിന്‍ കീഴിലായ കൊറിയന്‍ ജനതയെ ജപ്പാന്‍റെ ഭരണാധികാരികളെ ‘ആരാധിക്കുന്നത്’ നിര്‍ബന്ധമാക്കി. കത്തോലിക്കാ വിഭാഗത്തെ നിലനിര്‍ത്തിയെങ്കിലും ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടു.
നിസ്സാര കുറ്റങ്ങള്‍ക്കു പോലും കഠിനമായ ശിക്ഷ നല്‍കി. ‘തൊഴില്‍ ക്യാമ്പ്’ എന്ന പേരില്‍ 16-ഓളം ജയിലുകള്‍ പണിതു. ക്യഷിയിടങ്ങളും ഖനികളും നിറഞ്ഞ പ്രദേശങ്ങളെ ചേര്‍ത്ത് വലിയ മതില്‍ക്കെട്ടിനുള്ളില്‍ ചെറിയ ചെറിയ മുറികളിലായി നൂറുകണക്കിന് ആളുകളെ പാര്‍പ്പിച്ച് നിര്‍ബന്ധിത അടിമവേല ചെയ്യിപ്പിച്ചു. ‘യോഡോക്ക്’ എന്ന ഒരു ക്യാമ്പില്‍ മാത്രം 50,000 ആളുകളെ അടിമകളാക്കി പാര്‍പ്പിച്ചു. ദിവസത്തില്‍ 3 നേരം ലഭിക്കുന്ന 200 ഗ്രാം ചോളം കഴിച്ചു കൊണ്ട് ആഴ്ചയില്‍ 7 ദിവസവും രാവിലെ 4 മുതല്‍ രാത്രി 8 വരെ കഠിന വേല ചെയ്യണം. തുടര്‍ന്ന്‍ രാത്രി ഭക്ഷണത്തിനു ശേഷം 9 മുതല്‍ 11 വരെ ജുച്ചേ എന്ന തത്വശാസ്ത്ര മതബോധന ക്ലാസ്സില്‍ പങ്കെടുക്കണ൦. ഏതെങ്കിലും കാരണവശാല്‍ ക്ലാസ്സില്‍ പങ്കെടുക്കാത്തവര്‍ക്ക് അന്നു രാത്രി ഉറങ്ങാന്‍ അനുവാദമില്ല. പിറ്റേദിവസം പട്ടിണിയോടെ ജോലി ചെയ്യണം.
കുട്ടികള്‍ക്കായി ചെറിയ സ്കൂളുകള്‍ ഈ ക്യാമ്പുകളില്‍ തന്നെയുണ്ട്. രാവിലത്തെ പഠനത്തിനു ശേഷം ഉച്ച കഴിഞ്ഞ് പാടങ്ങളില്‍ വേല ചെയ്യുകയും വിളവുകള്‍ ശേഖരിച്ച് തലച്ചുമടായി കൊണ്ടു പോകുകയും വേണം. 16 വയസ്സ് കഴിഞ്ഞാല്‍ മുതിര്‍ന്ന ആളുകളുടെ അത്രയും തന്നെ വേല ചെയ്യണം.
ഒരു തരത്തിലു൦ വിശപ്പടക്കാനുള്ള ആഹാരം ലഭിക്കാതെ, പട്ടിണിയുടെ അങ്ങേയറ്റം എത്തിച്ചേരുന്ന ഇവര്‍ വിശപ്പടക്കാന്‍ പുല്ല് തിന്നുകയാണ് പതിവ്. കുടാതെ എലി, തവള, പാമ്പ്, ഇഴജന്തുക്കള്‍, പുഴു, ക്ഷുദ്രജീവികള്‍ തുടങ്ങിയവയെല്ലാം ഇവര്‍ ഭക്ഷിക്കും. ഇതും കണ്ടു പിടിക്കപ്പെട്ടാല്‍ ക്രൂരമായ ശിക്ഷയാണ് പ്രതിഫലം.
വരുമ്പോള്‍ ലഭിക്കുന്ന വസ്ത്രമല്ലാതെ മറ്റൊരു വസ്ത്രം ലഭിക്കാത്ത ഇവര്‍ മ്യതശരീരങ്ങളില്‍ നിന്നും വസ്ത്രം ഉരിഞ്ഞെടുത്ത് നഗ്നമാക്കപ്പെട്ട ശരീരമാണ് മറവു ചെയ്യുന്നത്. കുളിയ്ക്കാനൊ നനയ്ക്കാനോ പോലും ഇവര്‍ക്ക് സമയം ലഭിക്കാറില്ല. ആരോഗ്യത്തോടെ ഈ ക്യാമ്പുകകളില്‍ എത്തുന്ന ഒരാള്‍ ഏകദേശം 10-15 വര്‍ഷത്തിനുള്ളില്‍ പട്ടിണി കൊണ്ടു മരിക്കും. നിസ്സാര കുറ്റങ്ങള്‍ക്ക് പോലും പിടിക്കപ്പെടുന്നവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും മൂന്ന്‍ തലമുറയില്‍പ്പെട്ട എല്ലാവരെയും അടിമകളായി ഈ ക്യാമ്പുകകളില്‍ കൊണ്ടു വരും. ഇവിടെ എത്തിപ്പെടുന്നവരില്‍ ഭൂരിഭാഗത്തിനും പിന്നീടൊരു തിരിച്ചു പോക്കില്ല. പര്‍വ്വതങ്ങളിലും ഖനികളിലും അവരുടെ ജിവിതം ഹോമിക്കപ്പെടു൦. ക്യാമ്പുകകളില്‍ ആയിരിക്കുമ്പോള്‍ സ്ത്രീകള്‍ ഗര്‍ഭിണികളാവാന്‍ പാടില്ല. അഥവാ ആയാല്‍ ഉദ്യോഗസ്ഥര്‍ ഈ സ്ത്രീകളെ നിര്‍ബ്ബന്ധിച്ചു വയറു നിറച്ചു വെള്ളം കുടിപ്പിക്കും എന്നിട്ട് വയറില്‍ ബൂട്ടിട്ടു ആഞ്ഞു തൊഴിച്ച് ഗര്‍ഭം അലസിപ്പിക്കും. ഇനി അഥവാ ആരെങ്കിലും കുഞ്ഞിനു ജന്മം കൊടുത്താല്‍ ആ മാതാവിനെക്കൊണ്ടു തന്നെ ആ കുഞ്ഞിനെ വെള്ളം നിറഞ്ഞ തൊട്ടിയില്‍ മുക്കിക്കൊല്ലിക്കും.
യേശുക്രിസ്തു എന്ന നാമം ഉച്ചരിക്കുന്നതിനു പോലും അനുവാദമില്ലാത്ത ഇവിടെയുള്ള ആകെ ജനസംഖ്യയില്‍ (2.4 കോടി) പത്തു ശതമാനത്തോളം ആളുകളും ക്രിസ്ത്യാനികള്‍ ആണെന്നുള്ളത് നമ്മെ അമ്പരിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ ഇവരില്‍ നല്ലൊരു പങ്കും തൊഴില്‍ ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുന്നവരാണ്. ക്രിസ്തുവിനെ ഏറ്റ് പറയുന്നത് മരണകരമായ കുറ്റമായതു കൊണ്ട് മിക്കവാറും ക്രിസ്ത്യാനികളെല്ലാം ഒന്നോ രണ്ടോ പേരായി കൂടി വരുന്നവരാണ്. ബൈബിളിലെ ഒരു വാക്യശകലം പോലും കണ്ടു പിടിക്കപ്പെട്ടാല്‍ പരസ്യമായി വധശിക്ഷയ്ക്കേല്‍പ്പിക്കപ്പെടും.
ഏത് നിമിഷവും അധികാരികള്‍ക്ക് ഏത് വീടും പരിശോധിക്കാം. ആരെങ്കിലും വെറുതെ ധ്യാനിച്ചിരിക്കുന്നത് കണ്ടാല്‍ പോലും കുറ്റകരമാണ്. 20 വയസ്സുള്ള ഒരു യുവതി തുണിയലക്കുമ്പോള്‍ അറിയാതെ താഴെ വീണ ബൈബിളിന്‍റെ പ്രതി കണ്ടു പിടിച്ചതിനെത്തുടര്‌ന്ന് തന്നെയും തന്‍റെ പിതാവിനെയും പരസ്യമായി പോലീസുകാര്‍ വെടി വെച്ചു കൊന്നു. രഹസ്യക്കൂട്ടായ്മ നടത്തിയ പാസ്റ്ററിനെയും നാല് വിശ്വാസികളെയും റോഡില്‍ നിരത്തിക്കിടത്തി ടാറിംഗ് ഉറപ്പിക്കുവാന്‍ ഉപയോഗിക്കുന്ന കൂറ്റന്‍ റോളര്‍ ഉപയോഗിച്ച് തല തകര്‍ത്തു. ഒരു ആര്‍മി ജനറലിനെ തന്‍റെ സഹപ്രവര്‍ത്തകരോട് സുവിശേഷം പങ്കിട്ടതിന്റെ പേരില്‍ വെടി വെച്ചു കൊന്നു.
എന്നിട്ടും ചൈനയിലെപ്പോലെ ഇവിടെയും നൂറു കണക്കിന് രഹസ്യക്കൂട്ടായ്മകളുണ്ട്. തെക്കന്‍ കൊറിയയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ക്രൈസ്തവ സംഘടനകള്‍ അയയ്ക്കുന്ന ബലൂണ്‍ ബൈബിളുകളാണ് (ഹൈഡ്രജന്‍ നിറച്ച ബലൂണുകളില്‍ ബൈബിള്‍ പ്രതികള്‍ വെച്ച് കാറ്റിനലുകൂലമായി ഉത്തര കൊറിയയിലേക്ക് പറത്തി വിടും) ഉത്തര കൊറിയന്‍ ജനതയ്ക്ക് ലഭിക്കുന്ന ബൈബിളുകളുടെ പ്രധാന സ്രോതസ്സ്. കൂടാതെ എല്ലാ ദിവസവും അരമണിക്കൂര്‍ വീതം ഉത്തര കൊറിയയില്‍ ലഭിക്കത്തക്ക വിധത്തില്‍ റേഡിയോയിലൂടെ ബൈബിള്‍ വായിക്കും. അതിര്‍ത്തി സേനയിലെ പട്ടാളക്കാരെ സ്വാധീനിച്ചും ബൈബിളുകള്‍ ഉത്തര കൊറിയയിലേക്ക് കടത്താറുണ്ട്. ഇതിനെല്ലാറ്റിനും പുറമേ ഏതെങ്കിലും വിധത്തില്‍ രക്ഷപ്പെട്ടു ചൈനയിലെത്തുന്ന ഉത്തര കൊറിയക്കാര്‍ ചൈനീസ് വിശ്വാസികളിലൂടെ ക്രിസ്തുവിനെ സ്വീകരിക്കുകയും തുടര്‍ന്ന്‍ സ്വമേധയാ ബൈബിള്‍ പ്രതികളും മറ്റുമായി മടങ്ങി ഉത്തര കൊറിയയിലേക്ക് പോരുകയും ചെയ്യും. മടങ്ങിച്ചെല്ലുമ്പോള്‍ ക്രുരമായ ശിക്ഷയേല്‍ക്കേണ്ടി വരും എന്നറിഞ്ഞുകൊണ്ടുതന്നെ ഇവര്‍ മടങ്ങിച്ചെല്ലും. വധശിക്ഷ ഒഴിവായി “തൊഴില്‍ ക്യാമ്പുകളില്‍” എത്തിച്ചേര്‍ന്നാല്‍ അവിടെ സുവിശേഷ പ്രവര്‍ത്തനം തുടങ്ങുകയായി. (ഉത്തര കൊറിയയുടെയും ചൈനയുടെയും അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ടുമാന്‍ നദി (ചിലയിടങ്ങളില്‍ ചിയാഴു നദി) നീന്തിക്കടന്നു നിരവധി പേര്‍ ചൈനയിലേക്ക് രക്ഷപെടാറുണ്ട്).
ചൈനയിലെത്തുന്ന ഉത്തര കൊറിയക്കാരെ സ്വീകരിക്കാന്‍ മാത്ര൦ നദിക്കരയില്‍ കാത്ത് നില്‍ക്കുന്ന ചൈനീസ് ക്രിസ്ത്യാനികളുണ്ട്. അവര്‍ ഇത്തരക്കാരെ ചൈനീസ് അധികാരികളുടെ കണ്ണില്‍ പെടാതെ തങ്ങളുടെ രഹസ്യക്കൂട്ടായ്മകളിലെത്തിച്ച് ക്രിസ്തുവിനെ പരിചയപ്പെടുത്തി അവരെ ക്രിസ്തുവിനായി നേടുന്നു (ചൈനയില്‍ വെച്ചു പിടിക്കപ്പെട്ടാല്‍ ഗവണ്മെന്റ് തന്നെ അവരെ ഉത്തര കൊറിയന്‍ അധികാരികളെ ഏല്‍പ്പിക്കും . ഇങ്ങനെ തിരിച്ചു വരുന്നവരെ ഉടനടി തന്നെ വധശിക്ഷയ്ക്ക് വിധിക്കുകയാണ് പതിവ്).
എന്ത് കൊണ്ട് യുണൈറ്റഡ് നേഷന്‍സും മറ്റു ലോകരാഷ്ട്രങ്ങളും ഇത്തരം മനുഷ്യാവകാശ ധ്വംസനം നടത്തുന്ന ഈ ഏകാധിപതിയെ എതിര്‍ക്കാന്‍ ഭയപ്പെടുന്നു എന്ന്‍ ചിന്തിച്ചാല്‍ അതിന്‍റെ ഉത്തരം ഇതാണ്.
ഉത്തര കൊറിയ അണുബോംബ് നിര്‍മ്മിക്കുവാന്‍ കെല്‍പ്പുള്ള രാജ്യമാണ്; 50 ലക്ഷത്തോളം സൈനികര്‍ ഏതു സമയത്തും പോരാടാന്‍ തയ്യാറായി നില്‍ക്കുന്നു;
ഇതിലെല്ലാമുപരി ഉത്തര കൊറിയയുടെ അതിര്‍ത്തിയില്‍ നിന്നും കേവലം 26 മൈല്‍ (41 കി. മീ) മാത്രം അകലെയാണ് രണ്ടര കോടിയിലധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സീയോള്‍ സ്ഥിതി ചെയ്യുന്നത്. ആകെയുള്ള 22,000 പീരങ്കിക്കൂട്ടങ്ങളില്‍ 11,000 എണ്ണവും ലക്ഷ്യം വെച്ചിരിക്കുന്നത് ഈ സീയോളിന്‍റെ നേര്‍ക്കാണ്. ഏതെങ്കിലും രാജ്യം ഒരു പ്രകോപനം സ്യഷ്ടിച്ചാല്‍ 5 മുതല്‍ 6 മിനിട്ടുകള്‍ക്കകം തെക്കന്‍ കൊറിയയുടെ തലസ്ഥാനം വെന്ത് വെണ്ണിറാകും.
ഇത്തരം കൊടിയ പീഡനങ്ങളിലുടെ കടന്നു പോകുമ്പോഴും ഉത്തരകൊറിയയില്‍ ക്രിസ്ത്യാനികളുടെ എണ്ണം അനുദിനവും വര്‍ദ്ധിക്കുന്നു. പീഡയനുഭവിക്കുന്ന ഈ ജനതയെയോര്‍ത്ത് നമുക്ക് പ്രാര്‍ത്ഥിക്കാം.