
നാം പൊതുവെ കേട്ടും വിശ്വസിച്ചുമിരിക്കുന്നത് അറുപത്തിയാറു പുസ്തകങ്ങളടങ്ങിയ സത്യവേദ പുസ്തകത്തിലെ മധ്യവാക്യം സങ്കീര്‍ത്തനം 118:8 ആണെന്നാണ്. അത് ശരിയാണോ?
വാക്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളില്‍ നാം കാലങ്ങളായി വിശ്വസിച്ചു വരുന്ന ചില വസ്തുതകള്‍ ക്യത്യമല്ല. നമ്മുടെ കൈകളിലുള്ള, ബൈബിള്‍ സൊസൈറ്റി പുറത്തിറക്കിയ മലയാളം ബൈബിളില്‍ 66 പുസ്തകങ്ങളിലും കൂടി 31,080 വാക്യങ്ങളാണ് ഉള്ളത്.
പഴയനിയമത്തിലെ 39 പുസ്തകങ്ങളില്‍ 23,130 വാക്യങ്ങളും പുതിയനിയമത്തിലെ 27 പുസ്തകങ്ങളില്‍ 7,950 വാക്യങ്ങളും ഉണ്ട്.
ആകെ വാക്യങ്ങള്‍ ഒരു ഇരട്ട സംഖ്യയായതുകൊണ്ട് ഒരു വാക്യം മാത്രം മദ്ധ്യവാക്യമാകാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ 31,080 തിന്റെ മധ്യവാക്യങ്ങള്‍ 15,540, 15,541 വാക്യങ്ങളാണ്. (15,540 നു മുന്പ് 15,539 വാക്യങ്ങള്‍; 15,541 നു ശേഷം 15,539 വാക്യങ്ങള്‍)
അങ്ങനെയാകുമ്പോള്‍ സങ്കീര്‍ത്തനം 102:27,28 വാക്യങ്ങളാണ് മലയാളം ബൈബിളിലെ മധ്യവാക്യങ്ങള്‍. “നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.; നിന്‍റെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും; അവരുടെ സന്തതി നിന്‍റെ സന്നിധിയിൽ നിലനില്ക്കും.”
മലയാളം ബൈബിളിലെ ചില സ്ഥിതിവിവരക്കണക്കുകള്‍
ആകെ പുസ്തകങ്ങള്‍ : 66
പഴയനിയമത്തിലെ പുസ്തകങ്ങള്‍ : 39
പുതിയനിയമത്തിലെ പുസ്തകങ്ങള്‍ : 27
ആകെ അദ്ധ്യായങ്ങള്‍ : 1189
പഴയനിയമത്തിലെ ആകെ അദ്ധ്യായങ്ങള്‍ : 929
പുതിയനിയമത്തിലെ ആകെ അദ്ധ്യായങ്ങള്‍ : 260
ആകെ വാക്യങ്ങള്‍ : 31,080
മദ്ധ്യവാക്യങ്ങള്‍ : സങ്കീര്‍ത്തനം 102:27,28
പഴയനിയമത്തിലെ ആകെ വാക്യങ്ങള്‍ : 23,130
പഴയനിയമത്തിലെ മദ്ധ്യവാക്യം : 2 ദിനവ്യത്താന്തം 18:28,29
പുതിയനിയമത്തിലെ ആകെ വാക്യങ്ങള്‍ : 7,950
പുതിയനിയമത്തിലെ മദ്ധ്യവാക്യം : അപ്പൊ. 7:4,5
സങ്കീര്‍ത്തനത്തിലെ ആകെ വാക്യങ്ങള്‍ : 2,460
സങ്കീര്‍ത്തനത്തിന്റെ മദ്ധ്യവാക്യം : സങ്കീര്‍ത്തനം 78:57,58
ബൈബിളിലെ മദ്ധ്യ പുസ്തകങ്ങള്‍ : മിഖ, നഹും
ബൈബിളിലെ മദ്ധ്യ അധ്യായം : സങ്കീര്‍ത്തനം 117
മലയാളം ബൈബിളും ഇംഗ്ലീഷ് ബൈബിളും (കിംഗ് ജെയിംസ് വേര്‍ഷന്‍; 1769 എഡിഷന്‍) തമ്മില്‍ വാക്യങ്ങളുടെ എണ്ണത്തില്‍ വ്യത്യാസം ഉണ്ട്.
കിംഗ് ജെയിംസ് വേര്‍ഷനില്‍ ആകെ 31,102 വാക്യങ്ങളുണ്ട്. (മലയാളത്തിനെക്കാള്‍ 22 വാക്യങ്ങള്‍ കൂടുതല്‍; പഴയ നിയമത്തില്‍ 15 വാക്യങ്ങളും പുതിയനിയമത്തില്‍ 7 വാക്യങ്ങളും കൂടുതല്‍.)
അതുകൊണ്ടുതന്നെ സങ്കീര്‍ത്തനം 103: 1,2 വാക്യങ്ങളാണ് ഇതിലെ മദ്ധ്യവാക്യം. (ഈ രണ്ടു വാക്യങ്ങളിലും കൂടി 28 വാക്കുകളുണ്ട്. ഇതിന്റെ മദ്ധ്യഭാഗം “bless His holy name” എന്നാണ്)
ബൈബിള്‍ നമ്മുടെ കൈകളിലുള്ളപ്പോള്‍ തന്നെ വസ്തുതകളെ പരിശോധിക്കാതെ കേട്ടുകേള്‍വി അനുകരിക്കുന്നതിനറെ അബദ്ധമാണിത്. “ഭയപ്പെടേണ്ട” എന്ന് 365 പ്രാവശ്യം ബൈബിളില്‍ എഴുതിയിട്ടുണ്ടെന്നും മറ്റുമുള്ള പ്രസംഗങ്ങളും ഇതേ കാരണത്താല്‍ ഉണ്ടായിട്ടുള്ളതാണ്. ചില സ്ഥിതിവിവരക്കണക്കുകള്‍ കേള്‍വിക്കാരുടെ കാതുകള്‍ക്ക് ഇമ്പകരമാകും എന്നതിലുപരി വാസ്തവമാകണമെന്നില്ല. ഇനി നമ്മുടെ കണക്കുകള്‍ തെറ്റിയാലും തിരുവചനത്തിലെ സത്യങ്ങള്‍ക്ക് ഒരു മാറ്റവും വരുകയുമില്ല.