നാം ന്യായശാസ്ത്രികള്‍- കെ.എം.ജോസ് വീയപുരം

Voice Of Desert 7 years ago comments
നാം ന്യായശാസ്ത്രികള്‍- കെ.എം.ജോസ് വീയപുരം

നമ്മള്‍ പുതിയ നിയമത്തിലെ ന്യായശാസ്ത്രിമാരാണോ?. അതെ എന്നാണ് എനിക്കു തോന്നുന്നത്-മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കുന്നവര്‍, ആത്മീയ വിഷയങ്ങളില്‍ ഇതര ക്രൈസ്തവ സഭകളെക്കാള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍, ദൈവവചനം ആദ്യാവസാനം ഹ്യദയ ഭിത്തിയിലെഴുതി അതിലെ സകല കല്പനകളും അനുസരിച്ചു നടക്കുന്നു എന്നഭിമാനിക്കുന്നവര്‍; ദൈവകല്പന അനുസരിക്കാത്തവരെ നോക്കി ശാപയോഗ്യര്‍ എന്നു വിളിച്ചു പറയാന്‍ ധൈര്യമുള്ളവര്‍! വേര്‍പാടും വിശുദ്ധിയും അനുഷ്ടിക്കുന്നവര്‍, ദൈവത്തോടു കൂടി വസിക്കുന്ന ദൈവത്തിന്റെ സ്വന്തജനം. ഊറിമും തുമ്മീമും കൈവശമുള്ള രാജകീയ പുരോഹിത വര്‍ഗ്ഗമല്ലേ നമ്മള്‍ പെന്തക്കോസ്ത്കാര്, മക്കളെന്നുള്ള അവകാശം പറഞ്ഞ് ദൈവിക ക്യപകളുടെ ഭണ്ടാരഗ്യഹം പൂട്ടി താക്കോലും കീശയിലിട്ടാട്ടി നടന്ന്‍ തോന്നുമ്പോഴൊക്കെ ഈ കലവറ തുറന്ന്  ദൈവിക ക്യപകളുടെ കെട്ടഴിച്ചു സ്തുതി പാടകര്‍ക്ക് വേണ്ടി ഇഷ്ടാനുസരണം ദാനങ്ങളെ കൊടുക്കുവാന്‍ അധികാരമുള്ള രാജകുമാരന്‍മാരല്ലേ നമ്മള്‍..! അങ്ങനെ എന്തെല്ലാം – പാട്ടുകാരന്‍ പാടുന്നതു പോലെ വര്‍ണ്ണിച്ചിടാന്‍ എനിക്കെന്റെ നാവ് പോരായെ – നമ്മേക്കുറിച്ച്:- യേശുക്രിസ്തുവിന്റെ കാലത്തുണ്ടായിരുന്ന ന്യായശാസ്ത്രിമാരുടെയും പരീശന്മാരുടെയും തനിപ്പകര്‍പ്പ്‌ - അവര്‍ മോശെയുടെ പീ0ത്തിലിരിക്കുന്നു; അവര്‍ ന്യായപ്രമാണം മറ്റുള്ളവര്‍ക്ക് ഉപദേശിച്ചുകൊടുക്കുന്നതല്ലാതെ അതിലെ സത്യങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തുന്നില്ല. അവര്‍ തുളസി, ചതകുപ്പ,ജീരകം എന്നിവയില്‍ പതാരം കൊടുക്കുകയും ന്യായം , കരുണ, വിശ്വസ്തത ഇങ്ങനെ ഘനമേറിയവ ത്യജിച്ചു കളയുകയും ചെയ്യുന്നു; അവര്‍ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളയുകയും ചെയ്യുന്നു. അവര്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുകയും അകമേ കവര്‍ച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. ഇങ്ങനെ ആ കാലയളവിലെ ശാസ്ത്രിമാരെയും പരീശന്മാരെയും കുറിച്ച് നല്ല ഒരു വിവരണം മത്തായിയുടെ സുവിശേഷം 23-)൦ അദ്ധ്യായത്തില്‍ കര്‍ത്താവ് നമുക്ക് നല്‍കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അന്നത്തെ  കാലയളവില്‍ മോശെ മുഖാന്തിരംജനത്തിന് നല്‍കിയ ന്യായപ്രമാണം ന്യായശാസ്ത്രികളുടെയും പരീശന്മാരുടെയും ഇഷ്ടാനുസരണം പാവപ്പെട്ടവനും പണക്കാരനു വേണ്ടിയും മാറ്റി മറിച്ചിരുന്നു പോലും.

ന്യായശാസ്ത്രികള്‍ മോശെയുടെ പീഠത്തിലിരിക്കുന്നു- ന്യായപ്രമാണമാകുന്ന പീഠം, അതിനു മുകളിലാണ് ഇരിപ്പിടം. ഈ പ്രമാണം ഒരിക്കലും അവരുടെ ഉള്ളില്‍ കയറിയിട്ടില്ല, എന്നാലിത് പലപ്പോഴും അവര്‍ എടുത്ത് ഉപയോഗിക്കുന്നത് പാവപ്പെട്ടവനെ അടിക്കാനുള്ള ചാട്ടവാറായും, പണക്കാരനെയും സ്തുതിപാഠകന്മാരെയും തലോടാനുള്ള സ്വാന്ത്വനത്തിന്റെ കരമായുമാണ്. അതാണ്  കര്‍ത്താവ് അവരെ നിശിതമായി വിമര്‍ശിച്ചത്. അവര്‍ പറയുന്നത് ചെയ്യുവിന്‍; എന്നാല്‍ അവരുടെ പ്രവര്‍ത്തികള്‍ പോലെ അരുത്. അവര്‍ ഭാരമുള്ള ചുമടുകളെ കെട്ടി പാവപ്പെട്ടവന്റെ തലമേല്‍ വെയ്ക്കുന്നു, ഒരു ചെറുവിരല്‍ കൊണ്ട് പോലും അതിനെ ഒന്ന്‍ താങ്ങുന്നില്ല- അക്കാലയളവിലെ ശാസ്ത്രിമാരുടെയും പരീശന്മാരുടെയും ഒരു  തനിപ്പകര്‍പ്പാണ് ഇന്നത്തെ ആത്മീയ ഗോളത്തില്‍ നമുക്ക് ദര്ശിപ്പാന്‍ കഴിയുന്നത്. പാരമ്പര്യത്തിന്റെയും യാഥാസ്ഥികതയുടെയും ഫലം  പുറപ്പെടുവിച്ചു കൊണ്ടിരുന്ന ആ പടുകൂറ്റന്‍ വ്യക്ഷത്തില്‍ നിന്നും വെട്ടിയെടുത്ത ഒരു ചെറിയ കൊമ്പ്‌ അതിന്റെ തണലില്‍ നിന്നും മാറ്റി നട്ട് ദൈവവചനമെന്ന ജീവജലം നല്‍കി പ്രതികൂലത്തില്‍ പിടിച്ചു നില്‍ക്കുവാന്‍ പരിശുദ്ധാത്മാവിന്റെ ശക്തി പകര്‍ന്ന്‍; വളര്‍ന്ന്‍ പന്തലിച്ച് നാനാദിക്കുകളിലേക്കും ചില്ലകളെ നീട്ടി തണല്‍ തേടി കടന്നു വരുന്ന കുരികിലിനും മീവല്‍ പക്ഷിക്കും ഒരു പോലെ അഭയം നല്‍കുന്ന ഒരു വലിയ വ്യക്ഷമായി നില്‍ക്കുന്ന പെന്തക്കോസ്ത് പ്രസ്ഥാനം – ഇന്ന്‍ പഴയ പാരമ്പര്യത്തിലേക്കും യാഥാസ്ഥികതയിലേക്കും ചാഞ്ഞു കൊണ്ടിരിക്കയല്ലേ. ഒരു കാലത്ത് വിട്ടിറങ്ങിയ പലതും, വേണ്ടെന്നു വെച്ച പലതും- അശുദ്ധവും നിക്യഷ്ടവും എന്നെണ്ണിയ പലതും എടുത്തണിയാനും, ധരിക്കാനും, പ്രവര്‍ത്തിക്കാനും,ചിന്തിക്കാനും മടിയില്ലാത്തവരായിത്തീര്‍ന്നിരിക്കുന്നു. ഉപദേശ സത്യങ്ങള്‍ ഇന്ന്‍ അപൂര്‍വ കാര്യങ്ങളായി എണ്ണപ്പെടുന്നു! പരിശുദ്ധാത്മാവിന്റെ അഭിഷേകം- സഭയുടെ കഴിഞ്ഞ കാല ചരിത്രത്തിന്റെ താളുകളിലേക്ക് മറയപ്പെടാന്‍ ഇനിയും അധികം താമസമില്ല. ഇന്ന്‍ ദൈവത്തിന്റെ സഭയില്‍ ശുശ്രൂഷിക്കുന്നതിന് അഭിഷേകത്തിന്റെ ആവശ്യമില്ല, പകരം അഭിനയം പഠിച്ചാല്‍ മതി. ഇന്ന്‍ ദൈവ അഭിഷേകത്താല്‍ നടത്തപ്പെടെണ്ട എല്ലാ ശുശ്രൂഷകള്‍ക്കും practice-ഉം rehersal-ഉം നടത്തേണ്ട ദുര്‍ഗതി സംജാതമായിരിക്കുന്നു. ശനിയാഴ്ച്ച വൈകിട്ടു പല സഭകളിലും sundayservice ന്റെ rehersal(practice) നടന്നു കൊണ്ടിരിക്കുന്നു. ശുശ്രൂഷകന്മാര്‍ക്ക് ഇന്ന്‍ പ്രസംഗത്തിന് ദൈവസന്നിധിയില്‍ മുട്ടു മടക്കി ഇരുന്ന്‍ മണിക്കൂറുകള്‍ ധ്യാനിച്ച്‌ ആത്മാവ് വെളിപ്പെടുത്തിക്കൊടുക്കുന്ന വാക്യങ്ങള്‍ കുറിച്ചെടുക്കേണ്ടിയ യാതൊരു ആവശ്യവുമില്ല:- 10 മിനിറ്റ് laptop –മായി ഇരുന്ന്‍ google-ല്‍ search ചെയ്താല്‍ എന്തും കിട്ടും. 10 ആളും ഒരു stage-ഉം മൈക്കും ഉണ്ടെങ്കില്‍ ജനത്തിന്റെ ഹിതമറിഞ്ഞ് ന്യായശാസ്ത്രിമാരേപ്പോലെ വേണ്ടവര്‍ക്ക് വേണ്ട പോലെ കൊടുപ്പാന്‍ ഇന്ന്‍ അഭിനേതാക്കള്‍ അനവധി. ഇവര്‍ക്ക് പ്രസംഗവും ജീവിതവുമായി ഒരു ബന്ധവുമില്ല. ഇവര്‍ പ്രസംഗിക്കുന്നതെന്തെന്നോ സമര്‍ത്ഥിക്കുന്നതെന്തെന്നോ ഒരു നിശ്ചയവും ഇല്ല. ജനത്തിന് പ്രസാദമാകുമാറ് കര്‍ണ്ണ രസമായ സമ്യദ്ധിയുടെയും സമ്പന്നതയുടെയും സുവിശേഷം. ക്രിസ്തു നമുക്ക് വേണ്ടി ക്രൂശിക്കപ്പെട്ടത് – നമ്മെ ഈ ലോകത്തിലെ നശ്വരമായ, മായയായ, വെള്ളത്തിന്‍ കുമിള പോലെ ക്ഷണഭംഗുരമായ ഈ ലോകസൌകര്യങ്ങളിലും സുഖങ്ങളിലും ആറാടിക്കുവാനല്ല, മറിച്ച് ക്രിസ്തുവിനു വേണ്ടി ഈ ലോകത്തിലെ കഷ്ട നഷ്ടങ്ങളും, മാനാപമാനങ്ങളും സഹിച്ച് നിത്യതയില്‍ കര്‍ത്തനൊടുകൂടെ വാഴുവാനാണ്. ഇന്ന്‍ ആരും മടങ്ങി വരവിനെക്കുറിച്ചോ, മാനസാന്തരത്തേക്കുറിച്ചോ, വേര്പാടിനെക്കുറിച്ചോ പ്രസംഗിക്കുന്നില്ല. ഇന്നുള്ള പ്രസംഗങ്ങള്‍ കൂടുതലും- ഒന്നുകില്‍ തങ്ങളുടെ എതിരാളികളെ അടിക്കാന്‍ അല്ലായെങ്കില്‍ തങ്ങളുടെ ആസ്വദികള്‍ക്ക് ആസ്വാദനം ഏകാന്‍. 

പിതാക്കന്മാര്‍ ആത്മനിയോഗത്താല്‍ കല്പിച്ചാക്കിയിട്ടുള്ള അതിര്‍ വരമ്പുകള്‍ എല്ലാം ഇന്ന്‍ മാറ്റിക്കൊണ്ടിരിക്കുന്നു. പുതിയ തലമുറയ്ക്ക് മനസിലാകത്തക്ക രീതിയില്‍ ആരാധനയുടെ രീതികള്‍ മാറ്റുന്നു. ആത്മീയാരാധന അക്ഷരത്തിന്റെ ആരാധനയായി മാറുന്നു. ഇന്ന്‍ സകലതും ആധുനികവല്‍ക്കരിച്ചു കൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ദൈവസഭയും അതിന്റെ കുത്തൊഴുക്കില്‍ പെട്ട് ലക്ഷ്യമില്ലാതെ അലയുകയാണ്. ലോകമാലിന്യങ്ങളും മോടികളും ഇന്ന്‍ പെന്തക്കോസ്ത് സഭയുടെ ഉള്ളിലേക്ക് നുഴ്ഞ്ഞുകയറുന്നു. ഒരു ലവോദിക്യാ period-ലേക്ക് സഭ എത്തപ്പെട്ടിരിക്കുന്നു. ഞാന്‍ ധനവാന്‍ സമ്പന്നന്‍ എനിയ്ക്കൊന്നിനും മുട്ടില്ല. ഇന്ന്‍ സഭയില്‍ ആര്‍ക്കും ഒന്നിനും മുട്ടില്ല. ധനവും പ്രശസ്തിയും ധാരാളം. ഉപദേശ സത്യങ്ങള്‍ക്ക് അയവ് വന്നതോടു കൂടി ആര്‍ക്കും എന്തും ചെയ്യാം, ഏതു business-ഉം ചെയ്ത് പണമുണ്ടാക്കി ആ പാപപങ്കിലമായ പണത്തിന്റെ പങ്കു പറ്റുന്ന നേത്യത്വം. ഒരു convention നടത്തിയാല്‍ പാപക്കറ കഴുകിക്കളയാമെന്ന് വിശ്വസിക്കുന്ന ജനവും, അങ്ങനെ വിശ്വസിപ്പിക്കുന്ന നേത്യത്വവും. പണ്ടു ദൈവസന്നിധിയില്‍ ഇരുന്ന്‍ പ്രാര്‍ഥിച്ചു നേടിയതൊക്കെയും ഇന്ന്‍ പണം കൊണ്ടു സാധിക്കാമെന്നുള്ള അഹന്തയില്‍ സഭാ തലങ്ങളില്‍ വിഹരിക്കുന്ന വീരന്മാരേ – ദൈവസന്നിധിയില്‍ താഴുക – ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക- രാത്രി കഴിയാറായി- ഉദയസൂര്യന് ഉദിയ്ക്കുവാന്‍ സമയമായി- അവന്‍ വാതില്‍ക്കല്‍ ഉണ്ട്ട്!

ഇന്ന്‍ ദൈവസഭയുടെ പോക്ക് എങ്ങോട്ട്- ലക്ഷ്യബോധമില്ലാതെ നടുക്കടലില്‍ ആടി ഉലഞ്ഞ് കാറ്റിന്റെ ഗതിക്കനുസരിച്ച് ഗമിക്കുന്ന ഉല്ലാസ നൌകയോ- ചരടറ്റു പോയ പട്ടമോ-! ഇതിന്‍റെയെല്ലാം നടുവില്‍ തിരികെ ലക്ഷ്യസ്ഥാനത്തെത്തിക്കുവാന്‍ പാടു പെടുന്ന ചെറിയ കൂട്ടം  ശുശ്രൂഷകന്മാരും അല്‍പം ജനങ്ങളും.

 ഇന്ന്‍ ദൈവസഭയില്‍ നിന്നുയരുന്ന ശബ്ദം അത് ജയിച്ചാര്‍ക്കുന്നവരുടെ ഘോഷമല്ല- തോറ്റ് നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല. യേശുക്രിസ്തുവിന്റെ കാലയളവിലെ യെരുശലേം ദേവാലയത്തിന്റെ അവസ്ഥ. ഒരു ഭാഗത്ത് ദൈവികാരാധന – മറുഭാഗത്ത് തക്യതിയായി നടക്കുന്ന business. ശാസ്ത്രിമാരുടെ കള്ളക്കോല്‍ ദേവാലയത്തിന്റെ പരിശുദ്ധി ഇല്ലാതാക്കി, ദേവാലയത്തേ കള്ളന്മാരുടെ ഗുഹയാക്കിത്തീര്ത്തിരിക്കുന്നു-! പരിശുദ്ധാത്മാവിന്റെ വ്യാപാരം  ഇന്ന്‍ വല്ലപ്പോഴും പൂക്കുന്ന നീലക്കുറിഞ്ഞി പോലെ. കര്‍ത്താവ് ഇന്ന്‍ ഒരു രാത്രി മാത്രം രാപാര്‍ക്കാന്‍ കടന്നു വരുന്ന അതിഥീയെപ്പോലെ – കേവലം വഴിപോക്കനെപ്പോലെയായി. Real estate business ചെയ്യുന്ന ഇടയന്മാര്‍, പരിശുദ്ധാത്മാവിന്റെ നനവേല്‍ക്കാതെ കല്ലിച്ചു പോയ മനസാക്ഷിയുമായി ഏതു  business-ഉം ചെയ്ത് പണമുണ്ടാക്കുന്ന ആടുകള്‍, പണ്ടു പഠിച്ച ഒരു പദ്യത്തിന്റെ വരികള്‍ ഇവിടെ കുറിക്കുന്നത് ഏറെ യോജിക്കു൦ – “രണ്ടു പണം കിട്ടുമെന്ന് കേട്ടാല്‍ അവര്‍ മണ്ടു൦ പതിനെട്ട് കാതമെന്നാകിലും”. നിങ്ങള്‍ക്ക് അയ്യോ കഷ്ടം, നീതികേട് കൊണ്ട്ട് കെട്ടിപ്പൊക്കുന്ന അരമനകള്‍, അന്യായം കൊണ്ടു പണിതുയര്‍ത്തുന്ന മാളിക. ആലയത്തിന്റെ മതിലുകള്‍ ഇടിഞ്ഞു കിടക്കുന്നു. ആലയം തീ വെച്ചു ചുട്ടു കിടക്കുന്നു. അതിനെ ഓര്‍ത്ത് കരയുവാനോ, ഉപവസിച്ചു വിലപിക്കുവാനോ ആരുമില്ല. ഇടയന്മാരും ആടുകളും ഒരുപോലെ മത്സരമാണ് സ്വന്തം അരമന കെട്ടിപ്പൊക്കുവാന്‍. ഇവിടെ നാം അന്യനും പരദേശികളും എന്ന് ഏറ്റ് പറഞ്ഞ്, ദൈവം ശില്പിയായി നിര്‍മ്മിച്ചതും അടിസ്ഥാനമുള്ളതുമായ നഗരത്തിനായി കാത്തിരിക്കുന്ന ദൈവമക്കളുടെ പരദേശ പ്രയാണ യാത്രയിലെ താല്‍ക്കാലിക കൂടാരങ്ങള്‍ കണ്ടാല്‍ പുത്തനെരുശലേം സമയത്തിനു മുന്‍പേ ഭൂമിയില്‍ വെളിപ്പെട്ടോ എന്നു തോന്നിപ്പോകുന്നുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല – ഇടയ കൂടാരങ്ങളും അതിലൊട്ടും കുറവല്ല! ചിലരുടെ പ്രധാന കവാടത്തിന്റെ വില കേട്ടാല്‍ ഞെട്ടിപ്പോകു൦. ആ പൈസയുണ്ടെങ്കില്‍ പാവപ്പെട്ട കൂട്ടുസഹോദരനു കയറിക്കിടക്കാന്‍ ഒരു ഭവനം പണിയാം. എല്ലാം നമുക്കാവശ്യമാണ്- ഭവനം പണിയൂ – അത് പാര്‍ക്കാനാവണം- ആര്ഭാടത്തിനാവരുത്! നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് 4000 sqfeet വീട് ഒരാര്‍ഭാടം തന്നെ. അത് പണിയുക മാത്രമല്ല അതിന് ദൈവത്തെ കൂട്ടുപിടിക്കുന്നു. ഇത് ദൈവാത്മാവിന്റെ plan പ്രകാരമുള്ള വീടാണ് പോലും! അതിന് ആലോചന പറഞ്ഞു കൊടുക്കുന്ന കള്ളപ്രവാചകന്മാര്‍, ഇത് ദൈവം തന്ന ദാനമെന്നു പറഞ്ഞ് അതിന്റെ പണിയെ വാനോളം പുകഴ്ത്തി കൂദാശ ചെയ്യുന്ന ഇടയന്‍മാര്‍.

ഇതിനെല്ലാം കര്‍ത്താവ് പറഞ്ഞ ഒരു മറുപടിയേയുള്ളു – നിങ്ങള്‍ ഇത് കാണുന്നുവോ – ഇതെല്ലാം ഇടിഞ്ഞു പോകുവാനുള്ള സമയം വരുന്നു. പ്രീയ സഹോദരാ സഹോദരി നാമെല്ലാം ക്രിസ്തുവിന്റെ പത്രങ്ങളാണ്, നമ്മില്‍ കൂടിയാണ് ലോകം ക്രിസ്തുവിനെ ദര്‍ശിക്കേണ്ടത്. പള്ളിയില്‍ മുഖ്യാസനവും, അങ്ങാടിയില്‍ വന്ദനവും, മനുഷ്യര്‍ “റബ്ബി” എന്ന് വിളിക്കുന്നതും ഹ്യദയത്തില്‍ നിന്നും കഴുകിക്കളയാം. ഈ നശ്വരമായ ലോകത്തിലെ ക്ഷണഭംഗുരമായ ജീവിതത്തില്‍ നമുക്ക് ലഭിയ്ക്കുന്ന നാഴികക്കല്ലുകള്‍ - അത് ആര്ഭാടത്തിനുള്ള അവസരങ്ങളല്ല, മറിച്ച് ക്രിസ്തുവിന്റെ ലാളിത്യം ലോകത്തിനു കാണിച്ചുകൊടുക്കാനുള്ള അവസരങ്ങളായി മാറ്റുക –

മടങ്ങി വരിക- കാന്തേ – ലെബാനോനെ വിട്ടു മടങ്ങിപ്പോരുക – നിന്റെ കാന്തന്‍ പതിനായിരങ്ങളില്‍ അതിസുന്ദരന്‍, ഈ ലോകത്തിന്റെ മോടികളില്‍ മനം മയങ്ങിപ്പോയാല്‍ - നീ ഉറങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. ലോകത്തിന്റെ മടിത്തട്ടില്‍ തല ചായ്ക്കാന്‍ ഇടം നോക്കരുത്. നിനക്കാശ്വസിക്കണമെങ്കില്‍ കാന്തന്‍ നിന്റെ ചാരെയുണ്ട്- അവന്റെമേല്‍ ചാരിക്കൊള്‍ക, ഈ ഊഷര മരുഭൂമിയില്‍ അവന്‍ നിന്നെ ആശ്വസിപ്പിക്കും.  


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,119

PEOPLE VIEWED THIS ARTICLEനിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2021. All Rights Reserved. 389409 Website Designed and Developed by: CreaveLabs