വിശ്വാസ ജീവിതത്തിലെ നേരിന്റെ വിസ്മയക്കുറിപ്പുകള്‍ (മുഖപ്പുസ്തകത്തില്‍ തോമസ്‌ മുല്ലയ്ക്കല്‍)

Voice Of Desert 9 years ago comments
വിശ്വാസ ജീവിതത്തിലെ നേരിന്റെ വിസ്മയക്കുറിപ്പുകള്‍   (മുഖപ്പുസ്തകത്തില്‍  തോമസ്‌ മുല്ലയ്ക്കല്‍)

ഒരു അനുഭവം...

ഉറക്കമില്ലാത്ത രാത്രികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ടോ? രാത്രിയില്‍ ചില സമയങ്ങളില്‍ എഴുന്നേറ്റ് ഉറക്കമില്ലാതെ പ്രയാസപ്പെട്ടിട്ടുണ്ടോ? എങ്കില്‍ എന്റെ ഈ അനുഭവം നിങ്ങള്‍ക്ക് ഒരു പക്ഷെ പ്രയോജനം ചെയ്യും.

അന്നെനിക്ക് പന്ത്രണ്ടു വയസ്സ് പ്രായം. ഞാന്‍ പഠിച്ചിരുന്ന തലവൂര്‍ ദേവിവിലാസം സ്കൂളിന് മുന്‍പില്‍ ഉള്ള അമ്പലത്തില്‍ പ്രശസ്തമായ കരിമരുന്നു പ്രയോഗം നടക്കാറുണ്ട്. അത് കാണാന്‍ മിക്ക കുട്ടികളും പോകാറുണ്ട്. ഇത്തരം ഉത്സവങ്ങള്‍ക്കൊന്നും പോകാനോ കാണാനോ ഞങ്ങളുടെ മാതാപിതാക്കള്‍ അനുവദിക്കാറില്ല. പക്ഷെ എനിക്ക് കാണാന്‍ അതിയായ ആഗ്രഹം..

രാത്രി രണ്ടു മണിക്കാണ് വെടിക്കെട്ട്‌ ആരംഭിക്കുന്നത്. ഞാന്‍ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നു. എന്നിട്ട് ആരുമറിയാതെ ഞങ്ങളുടെ വീടിന്റെ മുകളില്‍ കയറിപ്പറ്റി. അവിടെ നിന്ന് നോക്കിയാല്‍ കമ്പക്കെട്ട് കാണാന്‍ സാധിക്കും.കുളിമുറിയുടെ മുകളില്‍ക്കൂടി വളരെ ശ്രദ്ധയോടെ കയറിയെങ്കിലെ മുകളിലെത്താനാവൂ. കാല്‍ തെറ്റിയാല്‍ മൂടിയില്ലാത്ത കിണറില്‍ പതിക്കും. അന്ന് ഇതൊന്നും കാര്യമാക്കിയില്ല..

അതെസമയത്ത് തന്നെ...

അപ്പോള്‍ താഴെ എന്റെ മാതാവ് അപ്രതീക്ഷിതമായി ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു. ഉറങ്ങാന്‍ നോക്കിയിട്ട് ഉറക്കം വരുന്നില്ല. അപ്പോള്‍ മാതാവിന് പ്രാര്‍ഥിക്കാന്‍ ശക്തമായ ഒരു പ്രേരണ തോന്നി. കണ്ണടച്ചപ്പോള്‍ കാണുന്ന കാഴ്ച ഇതാണ്. 'ഞാന്‍ വീടിന്റെ മുകളില്‍ നില്‍ക്കുന്നു, എന്റെ പിറകിലായി കറുത്ത ഒരു രൂപം എന്നെ തള്ളി കിണറ്റിലേക്ക് ഇടാനായി നില്‍ക്കുന്നു'.

അപ്പോള്‍ പപ്പയോട് പോലും മമ്മി പറഞ്ഞില്ല. (എങ്കില്‍ ശരിക്കുള്ള അടിമരുന്നു പ്രയോഗം അപ്പോള്‍ത്തന്നെ നടന്നേനെ! ) പ്രാര്‍ത്ഥന നിര്‍ത്തി മമ്മി പുറത്തു വന്നു നോക്കുമ്പോള്‍ പ്രാര്‍ത്ഥനയില്‍ കണ്ടതുപോലെ മുകളില്‍ നില്‍ക്കുന്ന എന്നെ കണ്ടു. ഒരു നിമിഷത്തേക്ക് മമ്മിയുടെ ഹൃദയം പിടഞ്ഞെങ്കിലും സംയമനത്തോടെ മമ്മി എന്നെ വിളിച്ചു, "മോനെ, ഇത് നിന്റെ മമ്മിയാണ്, ഞാന്‍ നിന്നെ കണ്ടു, നീ പതുക്കെ ഇറങ്ങി വാ.. സൂക്ഷിച്ചു ഇറങ്ങണം".

ദൈവകൃപയാല്‍ ഞാന്‍ പരിക്കൊന്നുമില്ലാതെ ഇറങ്ങി. മമ്മി അപ്പോള്‍ വഴക്കൊന്നും പറഞ്ഞില്ല, "നീ പോയി പ്രാര്‍ഥിച്ചു ഉറങ്ങാന്‍ പറഞ്ഞു". പിറ്റേന്നാണ് എന്റെ മാതാവ് വിവരം പറയുന്നത്. സത്യത്തില്‍ ഞാന്‍ ഭയന്നത് അപ്പോഴാണ്‌...

ഒരു പക്ഷെ, ഉറക്കത്തില്‍നിന്നു അന്ന് ദൈവം എന്റെ മാതാവിനെ എഴുന്നേല്‍പ്പിച്ച് എന്നെ രക്ഷിച്ചത് നിമിത്തമാണ് ഇന്ന് ഞാന്‍ ഈ കുറിപ്പഴുതുന്നത്...

പിന്നീട് പലപ്പോഴും ഉറക്കത്തില്‍ നിന്ന് അപ്രതീക്ഷിതമായി എഴുന്നേല്‍ക്കുമ്പോള്‍, ഒരു ഭാരവും മനസ്സില്‍ ഇല്ലെങ്കിലും, എന്റെ ബുദ്ധിയില്‍ അജ്ഞാതരായ പലര്‍ക്കും വേണ്ടി ആത്മാവില്‍ പ്രാര്‍ഥിക്കാറുണ്ട്.അപ്പോള്‍ അറിയാതെ തന്നെ ഉറക്കത്തിലേക്ക് വഴുതി വീഴും...

 

മറ്റൊരു അനുഭവം...

മുകളില്‍പ്പറഞ്ഞതുപോലെയുള്ള സമാനമായ അനുഭവമാണ് ഇതെങ്കിലും ലോക്കേഷന് മാത്രം മാറ്റമുണ്ട്. ഇത് ഞാന്‍ മണക്കാല ഫെയിത്ത് തിയോളജിക്കല്‍ സെമിനാരിയില്‍ പഠിക്കുന്ന കാലത്താണ് നടക്കുന്നത്.

നാല് നിലയുള്ള ഡോര്‍മിട്ടറിയില്‍ നാലാം നിലയിലാണ് എന്‍റെ  റൂം. നല്ല ചൂടുള്ള കാലത്ത് ഞങ്ങള്‍ വിദ്യാര്‍ഥികള്‍ ടെറസ്സില്‍ പോയി പ്രാര്‍ഥിക്കുകയും സംസാരിച്ചിരിക്കയും ചെയ്യാറുണ്ട്. ചിലപ്പോള്‍ അവിടെ ത്തന്നെ കിടന്നു പാതിരാത്രിവരെയൊക്കെ ഉറങ്ങും. ടെറസ്സിനു ചുറ്റും ഉയര്‍ത്തിക്കെട്ടിയിട്ടില്ല. അതുകൊണ്ട് കെട്ടിടത്തിന്റെ അരികിലേക്ക് പരമാവധി ഞങ്ങള്‍ ആരും പോകാറില്ല. പണി നടക്കുന്നതുകൊണ്ട് ഒരു വശത്ത്‌ ധാരാളം പാറകളും ഇറക്കിയിട്ടിട്ടുണ്ട്. കാല്‍ വഴുതി താഴെയെങ്ങാനും വീണാല്‍ പിന്നെ അറിയിക്കണ്ടവരെയൊക്കെ അറിയിച്ചു ബാക്കി കാര്യങ്ങള്‍ പൂരത്തീയാക്കിയാല്‍ മതിയാകും!

ഇനി പറയുന്ന സംഭവം നടക്കുന്ന അന്നും ഞങ്ങള്‍ പതിവുപോലെ സംസാരമൊക്കെ കഴിഞ്ഞു നന്നായി മയക്കം പിടിച്ചു തുടങ്ങിയ സമയം. പാതിരാത്രി... ഞാന്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു നടക്കാന്‍ തുടങ്ങി..! ഈ സമയത്ത് ഒന്നോ രണ്ടോ പേരെ അവിടെയുള്ളൂ. അവരും നല്ല ഉറക്കം.ഞാന്‍ ഒന്നുമറിയാതെ ഉറക്കത്തില്‍ത്തന്നെ പാറ ഇറക്കിയിട്ടിരിക്കുന്ന കെട്ടിടത്തിന്റെ വശത്തേക്ക് നടക്കുകയാണ്. പെട്ടെന്ന് എന്‍റെ മാതാവ്‌ എന്‍റെ പേര് വിളിക്കുന്നത്‌ ഞാന്‍ എന്‍റെ ചെവിയില്‍ നന്നായി കേട്ടു! പെട്ടെന്ന് കണ്ണ് തുറന്നപ്പോള്‍ കണ്ടത് കെട്ടിടത്തിന്റെ വിളുമ്പില്‍ ഞാന്‍ നില്‍ക്കുന്ന കാഴ്ചയാണ്.ഒരു കാല്‍ കൂടി മുന്നോട്ടു വച്ചിരുന്നെങ്കില്‍... അത് ഇന്ന് ഓര്‍ക്കാന്‍ കൂടി പറ്റില്ല!

അതിനു ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വാരാന്ത്യത്തിലെ അവധിക്കു വീട്ടില്‍ വന്നപ്പോള്‍ മമ്മി പതിവില്ലാത്ത ഒരു ചോദ്യം. “നീ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നീ പോകാറുണ്ടോ?” ഞാന്‍ അതെയെന്നു പറഞ്ഞപ്പോള്‍ മമ്മി പറഞ്ഞു “ഇനി പോകുമ്പോള്‍ സൂക്ഷിക്കണം!”. നേരത്തെയുള്ള സംഭവം ഞാന്‍ മറന്നുതുടങ്ങിയിരുന്നതുകൊണ്ട് എന്താണ് കാര്യം എന്ന് തിരക്കി.

എനിക്ക് മേല്‍പ്പറഞ്ഞ അനുഭവമുണ്ടായ അതേസമയത്തു, മുന്‍പ് ഉണ്ടായ  അതെ അനുഭവത്തിലെ പോലെതന്നെ, ഉറക്കത്തില്‍നിന്നും ഉണര്‍ന്നു മമ്മി കര്‍ത്താവായ യേശുക്രിസ്തുവിനോട്‌ പ്രാര്‍ത്ഥിക്കുമ്പോള്‍, കണ്ണില്‍ തെളിയുന്ന കാഴ്ച ഇതാണ്. ‘എന്നെ ഒരു പൈശാചികശക്തി പിന്നില്‍ നിന്നും ടെറസ്സിന്റെ മുകളില്‍ നിന്ന് തള്ളിയിടാന്‍ തുടങ്ങുന്നു. പെട്ടെന്ന് പ്രാര്‍ഥനയില്‍ മമ്മി എന്‍റെ പേരെടുത്തു ശക്തിയോടെ വിളിച്ചു. അപ്പോള്‍തന്നെ ഞാന്‍ അവിടെ നിന്നു'. ഇത് മമ്മി പറയുമ്പോള്‍ മാതാവ് കാണാതെ ഞാന്‍ എന്‍റെ കണ്ണ് തുടച്ചു.

ഞങ്ങളുടെ പ്രീയ മാതാവ് ഞങ്ങളെ വിട്ടുപോയിട്ട് കാല്‍നൂറ്റാണ്ടോളം ആയെങ്കിലും പ്രാര്‍ഥനയുടെ ഫലങ്ങള്‍ ഇന്നും ജീവിക്കുന്നു.

എളിയ ഒരു നിര്‍ദ്ദേശം: ഉറക്കത്തില്‍ നിന്ന് അസമയത്ത് ഉണരുമ്പോള്‍ ഉറക്കത്തിനായി തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ട, എഴുന്നേറ്റ് പ്രാര്‍ഥിക്കൂ , ഒരു അനുഭവം ദൈവം മാറ്റിവച്ചിട്ടുണ്ട്.

 

 

നിങ്ങള്‍ മേഘത്തില്‍ കീഴിലാണോ?...

ഒന്നും രണ്ടും സംഭവം അല്ല ഒരായിരം സംഭവങ്ങളിലെങ്കിലും ശാസ്ത്രം ബൈബിളിന്‍റെ പിറകെയാണ് നടന്നിട്ടുള്ളത് എന്ന് കാണാം. ഓരോ പ്രപഞ്ച സത്യങ്ങളും ശാസ്ത്രം കണ്ടെത്തുമ്പോഴും അത് ബൈബിളിനെ വീണ്ടും വീണ്ടും ശരിയെന്നു തെളിയിക്കുകയാണ്. ഇനി, ഒരു വലിയ കൂട്ടിയിടി(Big-Bang)യിലൂടെയാണ് ലോകം ഉണ്ടായതെന്ന് ശാസ്ത്രം പറയുമ്പോഴും അത് തെളിയിക്കാന്‍ "ദൈവകണം (God's Particle)" തേടിയാണ് അന്വേഷണം. ദൈവത്തെ മാറ്റാന്‍ അവിടെപ്പോലും പറ്റിയില്ല.

എന്നെ ചിന്തിപ്പിച്ച മറ്റൊരു പദമാണ് 'CLOUD' അല്ലെങ്കില്‍ 'മേഘം'.

ഇന്ന് 'cloud computing' എന്നത് പ്രശസ്തിയാര്‍ജ്ജിച്ചുവരികയാണ്. നാം മുന്‍പ് ഡാറ്റകള്‍ സേവ് ചെയ്തിരുന്നത് നമ്മുടെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയര്‍-ല്‍ ആയിരുന്നു. എന്നാല്‍ ഇന്നത്‌ "Cloud" എന്ന സംവിധാനമുണ്ടെങ്കില്‍ അതിലൂടെ സേവ് ചെയ്‌താല്‍ ഇന്റര്‍ നെറ്റിന്റെ സഹായത്താല്‍ ലോകത്ത് എവിടെ നിന്ന് വേണമെങ്കിലും Data access ചെയ്യാം. ഈ സംവിധാനത്തിന് ശാസ്ത്രം കൊടുത്ത പേര് 'Cloud 'എന്നാണ്, അതായത് 'മേഘം'. ഉദാഹരണം : Cloud (Apple)

ഇപ്പോള്‍ തലച്ചോറിലോട്ടു ഒരു പ്രകാശം അടിക്കുന്നത് പോലെ തോന്നുന്നുണ്ടോ?

ഇല്ലെങ്കില്‍ ,

1കൊരിന്ത്യ ലേഖനം 10:1 വായിക്കുക

"നമ്മുടെ പിതാക്കന്മാര്‍ എല്ലാവരും മേഘത്തിന്‍ കീഴായിരുന്നു"!

ഈ 'മേഘം' യിസ്രായേല്‍ ജനതയുമായി ബന്ധപ്പെടുത്തി പഠിച്ചാല്‍ എഴുതാന്‍ ധാരാളം സംഗതികള്‍ ഉണ്ട്. മിസ്രയിമില്‍ നിന്നും പുറപ്പെട്ട ഇസ്രായേല്‍ ജനത യാത്ര ചെയ്തത് ഈ മേഘത്തിന്‍ കീഴെയായിരുന്നു. 'മേഘം' എന്നാല്‍ ദൈവ സാന്നിദ്ധ്യം എന്നര്‍ത്ഥം.

മേഘത്തിന് കീഴില്‍ സൌഖ്യമുണ്ട്...

മേഘത്തിന് കീഴില്‍ അത്ഭുതങ്ങളുണ്ട്...

മേഘത്തിന് കീഴില്‍ അനുഗ്രഹങ്ങളുണ്ട് ...

അങ്ങനെ അനവധി...

ബൈബിള്‍ നോക്കിയാണോ ശാസ്ത്രജ്ഞന്‍മാര്‍ പേരിടുന്നതെന്നറിയില്ല... പക്ഷെ ഒരു കാര്യം സത്യമാണ് ,അര്‍ത്ഥമുള്ള പേരുകള്‍ക്ക് പിറകില്‍ അതിമഹത്തായ അര്‍ഥങ്ങള്‍ ദൈവവചനം നമ്മെ പിന്നെയും ഓര്‍മ്മപ്പെടുത്തുകയാണ്..

സ്റ്റീവ് ജോബ്സ് മനോഹരമായ Tablet(ടാബ്ലെറ്റ്‌) കണ്ടുപിടിച്ചപ്പോള്‍ ഇട്ട പേരും ദൈവം മോശെക്കു നല്‍കിയ പത്ത് കല്‍പ്പനകള്‍ അടങ്ങിയ 'Tablet' ടാബ്ലെറ്റിന്റെ പേരായിരുന്നു.

ഇന്ന് പല കമ്പ്യൂട്ടര്‍ മേഖലയില്‍ വ്യാപകമായി ചോദിക്കുന്ന ഒരു ചോദ്യം ഇവിടെയും ചോദിക്കട്ടെ! .. “Are you under the CLOUD?..”

നിങ്ങള്‍ മേഘത്തിന്‍ കീഴിലാണോ?! ദൈവസാന്നിദ്ധ്യമായ ആ പഴയ 'മേഘ'ത്തിന്‍ കീഴില്‍!

 

 

ചിന്തയ്ക്ക്.................

കഴിഞ്ഞ ദിവസം ഡാളസ്സില്‍ നിന്നും ഒക്കലഹോമയിലേക്ക് സകുടുംബം ഡ്രൈവ് ചെയ്തു വരികയായിരുന്നു. രാത്രി ഒന്‍പതു മണി കഴിഞ്ഞപ്പോഴാണ് യാത്ര തുടങ്ങിയത്.

മനോഹരമായ റോഡാണ് മുന്നില്‍...

നൂറ് മൈല്‍ സ്പീഡില്‍ പോയാലോന്നും വേഗതയറിയില്ല...

മുന്നില്‍ കുറ്റാ കൂരിരുട്ട്... ഒരു ആയിരം മീറ്റര്‍ മുന്നില്‍ വരെയെത്തുന്ന ഹെഡ് ലൈറ്റ് വെളിച്ചത്തില്‍ വിശാലമായ റോഡിന്റെ കുറച്ചു ഭാഗമേ കാണാന്‍ സാധിക്കൂ... അതിനും മുന്നില്‍ എന്താണ് ഉള്ളത് എന്ന് ഒരു നിശ്ചയവുമില്ല. ഇരുട്ടിന്റെ കറുപ്പ് പുതച്ച പശ്ചാത്തലം മാത്രം. പക്ഷെ ഒരാശങ്കയുമില്ല. ...കാരണം നയിക്കുന്നത് ഒരു വിശ്വാസമാണ്. മുന്നില്‍ വഴി ഉണ്ടാകും എന്ന ഉറച്ച വിശ്വാസം.

എന്നാല്‍...

സ്വന്തം ജീവിതത്തിലേക്ക് ഈ യാഥാര്‍ത്ഥ്യ ത്തിന്റെ ഫോക്കസ് ലൈറ്റ് തിരിച്ചു വച്ചാല്‍ മുകളില്‍പറഞ്ഞ ഉറച്ച വിശ്വാസം ഉണ്ടോ എന്നറിയില്ല... കൂരിരുട്ട് മാത്രമേ കണ്ണില്‍ വരുന്നുള്ളൂ... അടുത്ത വഴി ഏതാണ് എന്ന് ഓര്‍ത്ത് ഒരു അങ്കല്ലാപ്പ്..

ഇനിയും മുന്നോട്ടുള്ള വഴിയെ നോക്കി ആകുലപ്പെടുമ്പോള്‍ കര്‍ത്താവ് പറയുന്നു "ഞാന്‍ നിന്നെ നോക്കിക്കോളാം , നിന്റെ അമ്മയെക്കാള്‍ ഞാന്‍ കരുതാം..." എന്ന്

പക്ഷെ വിശ്വാസം അത് വീണ്ടും കാഴച്ചയ്ക്കായി പരതുകയാണ് ...

കണ്ണ് നിറയെ വീണ്ടും ഇരുട്ട് നിറയുമ്പോള്‍ മുന്നില്‍ ശൂന്യതയുടെ അമാവാസി നൃത്തം വയ്ക്കുമ്പോള്‍ അനിശ്ചിതത്വത്തിന്റെ ഇരുളല്ല, മറിച്ച് കണ്‍നിറയെ നമ്മുടെ കര്‍ത്താവിനെ കാണാം. നീതിസൂര്യനെ കാണാന്‍ കഴിഞ്ഞാല്‍ പിന്നെ ഇരുള്‍ അവിടെ അപ്രസക്തമായിമാറും.

"വഴി ഇതാണ് , ഇതിലേ നടന്നുകൊള്ളൂ, വലങ്കരത്തില്‍ ഞാന്‍ പിടിച്ചിട്ടുണ്ട്..."

യേശുക്രിസ്തു പറയുന്നത് എനിക്ക് കേള്‍ക്കാനാവുന്നുണ്ട് , വ്യക്തമായി തന്നെ..

 

എന്‍റെ ഒരു സ്നേഹിതന്‍ ഒരിക്കല്‍ ചോദിച്ചു , “നിങ്ങള്‍ എന്തു കൊണ്ടാണ് യേശു ക്രിസ്തുവിനെ ഫോളോ ചെയ്യുന്നത്?” അതിനു ഞാന്‍ നല്‍കിയ ഉത്തരം ഒരു വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളിയില്‍ എന്‍റെ സ്നേഹിതന്‍ പരാജയം സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. ലോകത്തില്‍ ആരും തോറ്റു പോകുന്ന ആ വെല്ലുവിളി ഒരിക്കല്‍ കൂടി ഇവിടെ ഞാന്‍ കുറിക്കാം.

ഇനിപറയുന്ന ഗുണഗണങ്ങള്‍ ഉള്ള ഒരാളെ കാട്ടിത്തന്നാല്‍ അങ്ങനെയൊരാളെ പിന്തുടരാന്‍ ഞാന്‍ തയ്യാറാണ്!

1. ഭൂമിയില്‍ ജനിക്കുന്നതിനു മുന്‍പേ പ്രവാചകന്മാരില്‍ കൂടി മുന്‍കൂട്ടി അറിയിക്കപ്പെട്ടവന്‍

2. പുരുഷ ബന്ധമില്ലാതെ ജനിച്ചവന്‍

3. മാതാപിതാക്കള്‍ക്ക് കീഴ്പെട്ടിരിന്നുവന്‍

4. കുട്ടികളുടെ നല്ല കൂട്ടുകാരന്‍

5. കുഷ്ടരോഗികളെ തൊട്ടു സുഖമാക്കിയവാന്‍

6. വിശക്കുന്നവര്‍ക്ക് അപ്പം നല്‍കിയവന്‍

7. അന്ധന്‍റെ കണ്ണുകള്‍ തുറന്നവന്‍

8. മുടന്തനെ എഴുന്നെല്‍പ്പിച്ചവന്‍

9. ഭൂതങ്ങളെ ആട്ടിപ്പായിച്ചവന്‍

10. പ്രകൃതി ശക്തികളെ നിയന്ത്രിച്ചവന്‍

11. മരിച്ചവരേ ഉയര്‍പ്പിച്ചവന്‍

12. ആര്‍ക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ സംസാരിച്ചവന്‍

13. കപടതകളെയും തിന്മയെയും നഖശിഖാന്തം എതിര്‍ത്തവന്‍

14. ഒരു പരീക്ഷയ്ക്കും പ്രലോഭനത്തിനും വശംവദനാകാത്തവന്‍

15. സ്ത്രീകളെ ലൈംഗിക താല്‍പ്പര്യത്തോടെ കാണാത്തവന്‍

16. സ്ത്രീകളെ ബഹുമാനത്തോടെ കണ്ടവന്‍

17. ഒറ്റ്കൊടുത്ത ശിഷ്യനെ ചുംബിക്കുകയും തള്ളിപ്പറഞ്ഞ ശിഷ്യനെ ഒട്ടും വെറുക്കാതെ ഏറ്റവും സ്നേഹിച്ചവന്‍

18. ക്ഷമയുടെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും പുതിയ മാനങ്ങള്‍ ലോകത്തിനു കാട്ടിക്കൊടുത്തവന്‍

19. തന്റെ അനുയായികളോട് ആയുധം താഴെവയ്ക്കാന്‍ പറഞ്ഞവന്‍

20. ശത്രുക്കളെ സ്നേഹിക്കാന്‍ പഠിപ്പിച്ചവന്‍

21. അധികാരത്തിനു വേണ്ടി അനുയായികളെ പ്രേരിപ്പിക്കാത്തവന്‍

22. താഴ്മയുടെയും എളിമയുടെയും മഹത്വം ലോകത്തിനു കാട്ടിക്കൊടുത്തവന്‍

23. മനുഷ്യരാലുള്ള തുപ്പലും മര്‍ദ്ദനവും സഹിക്കുമ്പോഴും കടലിനെയും കാറ്റിനെയും നിലക്ക് നിര്‍ത്തിയ അധരവും കരങ്ങളും നിശബ്ദമാക്കി വച്ചവന്‍

24. ഒരു കുറ്റവും കണ്ടെത്താന്‍ കഴിയാതിരുന്നിട്ടും മരണശിക്ഷക്ക് വിധിക്കപ്പെട്ടവന്‍.

25. ഒരു പാപവും ചെയ്യാത്തവന്‍

26. ഒരാളെപ്പോലും കൊലചെയ്യുകപോയിട്ട് ഉപദ്രവിക്കുക പോലും ചെയ്യാത്തവന്‍

27. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ ബലി നല്‍കാന്‍ തയ്യാറായവന്‍

28. മരണത്തില്‍നിന്ന്‌ ഉയത്തെഴുന്നേറ്റു വന്നവന്‍

29. കാലചരിത്രത്തെ തന്റെ ജനനത്തിനു മുമ്പും പിന്‍പും എന്ന് തിരിച്ചവന്‍

30. ഇപ്പോള്‍ എന്‍റെ കൂടെയുള്ളവന്‍. ഇനി തന്റെ വിശുദ്ധന്മാരെ ചേര്‍ക്കാനും ഭൂമിയില്‍ നീതിയുടെ രാജ്യം സ്ഥാപിക്കാനും വരുന്നവന്‍.

ഇത്രയും യോഗ്യതകള്‍ ഉള്ള ഒരാളെ മാത്രമേ എനിക്ക് പരിചയമുള്ളൂ... അത് മറ്റാരുമല്ല ഞാന്‍ വിശ്വസിക്കുന്ന, പിന്തുടരുന്ന എന്നെ വീണ്ടെടുത്ത, സാക്ഷാല്‍ യേശുക്രിസ്തുവാണ്.

[ഞാന്‍ ഇവിടെ എന്‍റെ സുഹൃത്തുക്കളെ വെല്ലുവിളിക്കുകയാണ് , നിങ്ങള്‍ക്ക് എത്രപേര്‍ക്ക് ധൈര്യം ഉണ്ട് ഈ വെല്ലുവിളി നിങ്ങളുടെ ഫേസ് ബുക്ക് വാളില്‍ ഷെയര്‍ ചെയ്തു ലോകത്തെ വെല്ലുവിളിക്കാന്‍]

പ്രസ്തുത യോഗ്യതയുള്ള ഒരാളെ കാട്ടിത്തന്നാല്‍ അപ്പോള്‍ തന്നെ എതു മതവും വിശ്വാസവും സ്വീകരിക്കാന്‍ ഞാന്‍ തയ്യാര്‍!!!

 

(സുവിശേഷ വേല മറ്റെന്തിനേക്കാളും ഉന്നതമെന്നു കരുതുന്ന   ലേഖകന്‍, വേദാദ്ധ്യാപകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, സഭാശുശ്രൂഷകന്‍ എന്നീ നിലകളില്‍ ആത്മീയലോകത്ത് സജീവമാണ്.Email:  thomasmullackal@hotmail.com )


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

1,177

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 449987 Website Designed and Developed by: CreaveLabs