യേശുവിന്റെ നാട്ടിലേക്കൊരു ഫെലോഷിപ്പ് യാത്ര-പതിനാലാം ഭാഗം ബെന്നി വര്‍ഗീസ്

Voice Of Desert 7 years ago comments
യേശുവിന്റെ നാട്ടിലേക്കൊരു ഫെലോഷിപ്പ് യാത്ര-പതിനാലാം ഭാഗം  ബെന്നി വര്‍ഗീസ്

കൈയ്യഫാവിന്റെ കൊട്ടാരം നിന്ന സ്ഥലത്ത് പണിതിരിക്കുന്ന പള്ളിയുടെ മുന്‍പില്‍ ഞങ്ങളെത്തി. പ്രവേശന കവാടത്തിന്റെ പിച്ചള വാതിലില്‍ യേശുവിന്റെ പീഡാനുഭവങ്ങളുടെ ചിത്രീകരണം ചെയ്തു വച്ചിരിക്കുന്നത് കണ്ടു.  അകത്തേക്ക് പ്രവേശിച്ച് ചവിട്ടുപടികളിറങ്ങി താഴോട്ട് നടന്നു. രണ്ട് നിലകളുടെ അടിയിലാണ് ഇരുട്ട് മുറിയായ കുണ്ടറ. പള്ളിയുടെ ഉള്ളില്‍ കോളം വാര്‍ത്തുണ്ടാക്കി പഴയ കൊട്ടാരത്തിന്റെ ഭാഗങ്ങള്‍ സംരക്ഷിച്ചിരിക്കുന്നത് കാണാം. ഞങ്ങള്‍ രണ്ട് നില താഴേക്ക്‌ ഇറങ്ങി കുണ്ടറയുടെ മുന്‍പിലെത്തി. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ഈ ഭൂഗര്‍ഭ അറയ്ക്കുള്ളില്‍ നില്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. ഒരു ഗ്രൂപ്പ് കുണ്ടറയുടെ ഉള്ളിലുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. മറ്റാരും അവിടേക്ക് പ്രവേശിക്കാതിരിക്കാന്‍ അവരുടെ ഗൈഡ് കുണ്ടറയുടെ വാതില്‍ക്കല്‍ തന്നെ വഴി തടഞ്ഞ് നില്‍ക്കുന്നുണ്ട്. മുകളില്‍ നിന്ന് താഴേക്ക്‌ നോക്കിയാല്‍ കുണ്ടറയുടെ മുകളില്‍ ഒരു ദ്വാരം മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. ആ ദ്വാരത്തിലൂടെ കയറില്‍ കെട്ടിത്തൂക്കിയാണ് കുറ്റവാളികളെ കുണ്ടറയിലേക്ക് ഇറക്കിയിരുന്നത്. ഇപ്പോള്‍ നാം കാണുന്ന സ്റെപ്പുകളും മറ്റും പില്‍ക്കാലത്ത് സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം പണികഴിപ്പിക്കപ്പെട്ടതാണ്. ഇതിനകത്ത് ഇടുന്ന കുറ്റവാളികള്‍ക്ക് ഒരു തരത്തിലും സ്വയമായി പുറത്തിറങ്ങാന്‍ കഴിയുകയില്ല.  

കുണ്ടറയ്ക്കുള്ളില്‍ യാത്രാ സംഘാംഗങ്ങളില്‍ ചിലര്‍

 

പത്ത് മിനിട്ടിനുള്ളില്‍ അകത്തുണ്ടായിരുന്ന സന്ദര്‍ശക സംഘം പുറത്തേക്കു് വന്നു. ഇനി ഞങ്ങളുടെ ഊഴമാണ്. ഓരോരുത്തരായി സ്റെപ്പുകളിറങ്ങി കുണ്ടറയിലേക്ക് നടന്നു. മറ്റാരും ഞങ്ങളോടൊപ്പം പ്രവേശിക്കാതിരിക്കാനായി ഹാനി വാതില്‍ക്കല്‍ തന്നെ നിലയുറപ്പിച്ചു.  ശിക്ഷ വിധിച്ച ശേഷം യേശുവിനെ ഒരു രാത്രി മുഴുവന്‍ സൂക്ഷിച്ച കല്‍ത്തുറങ്കിലിറങ്ങിയപ്പോള്‍ അവിടുന്ന് നമുക്കുവേണ്ടി സഹിച്ച വേദനയും, പങ്കപ്പാടുകളും ഒരു നൊമ്പരമായി ഞങ്ങളുടെ ഹൃദയങ്ങളിലാഴ്ന്നിറങ്ങി. “ ഇത്ര സ്നേഹം ഇത്ര സ്നേഹം... ഇത്ര സ്നേഹം ചൊരിവാന്‍ ..  മനുഷ്യരിലെന്തു നന്മ കണ്ടു നീ രക്ഷാകരാ.........”

വേദനയോടെ ഈ ഗാനത്തിന്റെ വരികള്‍ പാടി ഞങ്ങള്‍  ദൈവത്തെ സ്തുതിച്ചു. മിക്കവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. യേശു കര്‍ത്താവ് ഒരു രാത്രി മുഴുവന്‍ ഭിത്തിയില്‍ ചാരിയിരുന്നതായി കരുതുന്ന സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. പകലും രാത്രിയും ഒരുപോലെ ഇരുട്ട് നിറഞ്ഞ ഈ കുണ്ടറയില്‍ കഴിയുന്നത്‌ ഭയാനകമാണ്. പാപികളായിരുന്ന നമുക്കുവേണ്ടി കര്‍ത്താവ് സഹിച്ച ഒറ്റപ്പെടലും, വേദനയും, യാതനകളും ഓര്‍ത്ത്   നന്ദി കൊണ്ട് ഞങ്ങളുടെ ഹൃദയം നിറഞ്ഞുകവിഞ്ഞു.

പത്രോസ് ബാല്യക്കാരിയുടെ മുന്നില്‍ യേശുവിനെ തള്ളിപ്പറയുന്ന രംഗം ചിത്രീകരണം  ചെയ്ത പ്രതിമകള്‍.

ആ മുറിയുടെ ഒരു കോണില്‍ ഉറപ്പിച്ചിരുന്ന മേശമേല്‍ ഒരു പുസ്തകം വച്ചിരിക്കുന്നു. മശിഹാ സങ്കീര്‍ത്തനം എന്നറിയപ്പെടുന്ന 88-ാ൦ സങ്കീര്‍ത്തനം പല ഭാഷയില്‍ എഴുതിയതിന്റെ ഒരു ശേഖരമായിരുന്നു അത്. ഒരു പേജു മലയാളത്തിലുമുണ്ടായിരുന്നു. അവിടെ നിന്ന് പ്രാര്‍ത്ഥിച്ചതിനുശേഷം ഞങ്ങള്‍ വേഗം പുറത്തിറങ്ങി. ധാരാളം ആളുകള്‍ കുണ്ടറയില്‍ പ്രവേശിക്കുന്നതിന് വേണ്ടി പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കയ്യഫാവിന്റെ കൊട്ടാരം നിന്നിരുന്ന സ്ഥലത്തിന്റെ പുറകില്‍ (ഇപ്പോള്‍ പള്ളി നില്‍ക്കുന്നതിന്റെ പുറകുവശത്തായി) പത്രോസ് ബാല്യക്കാരിയുടെ മുന്നില്‍ യേശുവിനെ തള്ളിപ്പറഞ്ഞത് ചിത്രീകരിച്ചിരിക്കുന്ന ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ബാല്യക്കാരിയും, പത്രോസും, പടയാളിയും, കൂകിയ കോഴിയും ഒക്കെയാണ് കഥാപാത്രങ്ങള്‍. യേശുവിനെ ഗത്ശമനാതോട്ടത്തില്‍ നിന്ന് പിടിച്ച് കെദ്രോന്‍ തോട് വഴി കൈയ്യാഫാവിന്റെ കൊട്ടാരത്തിലേക്ക് കൊണ്ടുവന്ന കല്ലുപാകിയ നടപ്പാതയും, സ്റ്റെപ്പുകളും ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നതിന്റെ ഇടത്ത് വശത്തായി കാണാം. രണ്ടായിരത്തില്‍ പരം വര്‍ഷം പഴക്കമുള്ള ഈ പടിക്കെട്ട് യേശുവിന്റെ കാലത്തുണ്ടായിരുന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന്റെ തനിമ കാത്തുസൂക്ഷിക്കാനായിരിക്കണം പാതയിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

യേശുവിനെ അറസ്റ്റുചെയ്തുകൊണ്ടുവന്ന നടപ്പാതയും, സ്റ്റെപ്പുകളും.. താഴ്വാരത്ത് കെദ്രോന്‍ തോട്

പടയാളികള്‍ യേശുവിനെ അറസ്റ്റു ചെയ്തുകൊണ്ടുവരുന്നത്തിന്റെ ചിത്രീകരണം പള്ളിയുടെ പുറത്തെ മതില്‍കെട്ടിലും കാണാം. കര്‍ത്താവ് സഹിച്ച പങ്കപ്പാടുകളും, പത്രോസ് മൂന്നുവട്ടം അരുമനാഥനെ തള്ളിപ്പറഞ്ഞ സംഭവവുമെല്ലാം മനസ്സിലൂടെ കടന്നുപോയി. യേശു ഏറ്റവും സ്നേഹിച്ചിരുന്ന ശിഷ്യരില്‍ ഒരാളായിരുന്ന പത്രോസ് അകലം വിട്ട് യേശുവിനെ അനുഗമിച്ച് കയ്യഫാവിന്റെ കൊട്ടാരം വരെയെത്തി. അകത്ത് യേശുദേവന്‍ പീഡനങ്ങള്‍ അനുഭവിക്കുമ്പോള്‍ പത്രോസ് പുറത്ത് നടുമുറ്റത്ത്‌ തീ കായുകയായിരുന്നു. അകത്ത് കൂരിരിട്ടുനിറഞ്ഞ കുണ്ടറയില്‍ കര്‍ത്താവിന്റെ ശരീരം തകര്‍ക്കുവാന്‍ എല്പ്പിച്ചുകൊടുത്തപ്പോള്‍, പുറത്ത് ശരീരത്തിനു ചൂട് പകര്‍ന്നുകൊടുത്ത് സ്വന്തം ശരീരം സംരക്ഷിക്കുന്ന അരുമ ശിഷ്യന്‍! “ഞാന്‍ അവനെ അറിയുന്നില്ല” എന്ന് ആണയിട്ട് തള്ളിപ്പറഞ്ഞപ്പോഴും  കര്‍ത്താവ് പത്രോസിനെ സ്നേഹിച്ചു. കര്‍ത്താവിന്റെ ക്രൂശീകരണത്തിന് ശേഷം വലയും പടകും തേടിപ്പോയ പത്രോസിന് നിരാശപ്പെടേണ്ടിവന്നു. എന്നാല്‍ കര്‍ത്താവ് അവനെ ഉപേക്ഷിച്ചില്ല. വിശപ്പുമാറ്റാന്‍ അപ്പവും മീനും, രാത്രി മുഴുവന്‍ അദ്ധ്വാനിച്ച് തണുത്തു വിറങ്ങലിച്ച അവന്റെ ശരീരത്തിന് ചൂടുപകരാന്‍ തീക്കനലും കര്‍ത്താവ് കരുതി. കര്‍ത്താവിന്റെ സ്നേഹം രുചിച്ചറിഞ്ഞ പത്രോസ് സകലവും വിട്ട് യേശുവിന്റെ കുഞ്ഞാടുകളെ മേയിക്കാനുള്ള നിയോഗം ഏറ്റെടുത്തു. ഒരു പ്രസംഗത്തിലൂടെ മൂവായിരം പേരേ രക്ഷയിലേക്കു നയിച്ച ധീര പോരാളിയായി മാറിയ പത്രോസിന്റെ ഓര്‍മ്മകളുമായി ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി.

കയ്യഫാവിന്റെ കൊട്ടാരം നിന്നിരുന്ന സ്ഥലത്ത് പണിത പള്ളി താഴെ, പഴയ ജെരുസലേമിന്റെ മാതൃക മുകളില്‍.

കൈയാഫവിന്റെ  കൊട്ടാരം നിലനിന്നിരുന്നതിന്റെ തൊട്ടുമുകളിലായി  പഴയ ജെരുശലേമിന്റെ ഒരു ത്രിമാന മാതൃക പണിതു വച്ചിട്ടുണ്ട്. യേശുവിന്റെ കാലഘട്ടം ഒന്നടുത്തറിയന്‍ അത് ഉപയുക്തമാണ്. ഈ മാതൃകയുടെ ഒരു ലഘു വിവരണം ഹാനി നടത്തി. വാഹനത്തിലേക്ക് തിരിച്ചുനടക്കുമ്പോള്‍ ദൂര ക്കാഴ്ച ലഭിക്കുന്ന ഒരു സ്ഥലത്തേക്ക് ഹാനി ഞങ്ങളെ കൊണ്ടുപോയി. യേശുവിനെ മുപ്പതു വെള്ളിക്കാശിനു ഒറ്റിക്കൊടുത്ത യൂദാ കെട്ടിഞാന്ന് ചത്തതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം ചൂണ്ടിക്കാണിച്ചുതന്നു. ആ സ്ഥലത്തിനോട് ചേര്‍ന്ന് ഇന്നൊരു ഗ്രീക്ക് ഒര്‍്ത്തഡോക്സ് പള്ളി സ്ഥിതിചെയ്യുന്നു. ആ തഴ്വാരത്തിനടുത്തു തന്നെയാണ് ശീലോഹാം കുളവും. അവിടെ നിന്ന് നോക്കിയാല്‍ ഒലിവ് മലയുടെ മനോഹാരിത കണ്‍‌കുളിര്‍ക്കെ കാണുവാന്‍ കഴിയും. ഉച്ചഭക്ഷണത്തിനുള്ള സമയമായെന്ന് ഇടയ്ക്കിടയ്ക് ആരൊക്കെയോ ഒര്പ്പിക്കുന്നുണ്ടായിരുന്നു. ജെരുശലേമിലെ ഭക്ഷണ ശാലയിലേക്ക് പോകുവാനായി ഞങ്ങള്‍ ബസ്സില്‍ കയറി. 20 മിനിറ്റ് യാത്ര ചെയ്തപ്പോള്‍ ഞങ്ങള്‍ ഭക്ഷണ ശാലയിലെത്തി, പതിവ് പോലെ വിഭവ സമൃദ്ധമായിരുന്നു അന്നത്തെയും ഉച്ചഭക്ഷണം!

ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങള്‍ പോയത് ബെത്‌ലഹേമിലെ തിരുപ്പിറവി പള്ളിയിലേക്കായിരുന്നു. ബെത്‌ലഹേം എന്ന പേരിന് ‘അപ്പത്തിന്റെ ഭവനം’ എന്ന് എബ്രായ ഭാഷയിലും ‘ഇറച്ചിയുടെ ഭവനം’ എന്ന് അറബിയിലും അര്‍ഥം. ബെത്‌ലഹേമിനെ ഏറ്റവും പ്രസിദ്ധമാക്കുന്നത് യേശു അവിടെ ജനിച്ചു എന്നുള്ളതാണ്.(മത്തായി 2:1)

തിരുപ്പിറവി പള്ളിക്കുള്‍വശം 

ജെരുശലേമില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളൂ ബേത്‌ലഹേമിലേക്ക്. ഒരു ഗ്രാമീണ അന്തരീക്ഷമാണ് ബേത്‌ലഹേമിന്. കൃഷിയിടങ്ങളും വയല്‍ പ്രദേശങ്ങളും സമൃദ്ധമായുള്ള സ്ഥലം. സമുന്ദ്ര നിരപ്പില്‍ നിന്നും 2600 അടി ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. യാക്കോബിന്റെ ഭാര്യ റാഹേല്‍ മരണമടഞ്ഞതും  അടക്കം ചെയ്തതും ഇവിടെയാണ്. ബോവസ് മോവാബ്യ സ്ത്രീയായിരുന്ന രൂത്തിനെ വിവാഹം കഴിച്ചു ജീവിച്ചതും ഇവിടെയായിരുന്നു.,ദാവീദ് ജനിച്ചു വളര്‍ന്നതും പില്‍ക്കാലത്ത് രാജാവായി അഭിഷേകം ചെയ്യപ്പെട്ടതും ബേത്‌ലഹേമിലായിരുന്നു.(1 ശമുവേല്‍ 16:1, 17: 12, 20:6) മീഖാ പ്രവാചകന്‍റെ ദര്‍ശനം, ബേത്‌ലഹേമില്‍ യേശുവിന്റെ ജനനത്തിലൂടെ നിരവേറപ്പെടുകയായിരുന്നു (മീഖാ 5:2)  

ബേത്‌ലഹേം ഒരു പലസ്തീനിയന്‍ പട്ടണമാണ്. ഭൂരിപക്ഷം മുസ്ലീങ്ങള്‍ക്കാണെങ്കിലും ധാരാളം ക്രിസ്ത്യാനികളും ഇവിടെ താമസിക്കുന്നു.  1995 ഡിസംബര്‍് 21 ന് യിസ്രായേല്‍ സൈന്യം ബേത്‌ലഹേമില്‍ നിന്നും പിന്‍വാങ്ങുകയും, 3 ദിവസങ്ങള്‍ക്കു ശേഷം ഈ പട്ടണം പലസ്തീന്റെ സമ്പൂര്‍ണ്ണ നിയത്രണത്തിലാവുകയും ചെയ്തു. ഇന്ന് പലസ്തീനിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണിത്.

ബേതലഹേമിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദര്‍ശന സ്ഥലം തിരുപ്പിറവി പള്ളിയാണ് (Church of Nativity). എ.ഡി  327-ല്‍ കോണ്‍്സ്റ്റന്റയിന്‍് ചക്രവര്‍ത്തിയും അദ്ദേഹത്തിന്റെ അമ്മ ഹെലെന്‍ രാഞ്ജിയും കൂടിയാണ് ഈ പള്ളി പണികഴിപ്പിച്ചത്. എന്നാല്‍ ഇതിന്റെ പൂര്‍ത്തീകരണം നിറവേറിയത്‌ എ.ഡി 339-ല്‍ ആണ്.  യേശുവിന്റെ ജനനം സംഭവിച്ച ഗുഹയുടെ മുകളിലാണ് ഇതിന്റെ നിര്‍മ്മിതി എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. 529-ല്‍  ഈ ദേവാലയം ഭാഗീകമായി അഗ്നിക്കിരയായി. പിന്നീട് ബൈസന്റീന്‍ ചക്രവര്‍ത്തി ജെസ്റ്റിനിയന്‍ ദേവാലയം പുതുക്കിപ്പണിതു. ആറാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ ആക്രമണ സമയത്ത് ഇസ്രായേലിലെ മറ്റെല്ലാ പള്ളികളും തകര്‍ക്കപ്പെട്ടെങ്കിലും തിരുപ്പിറവി പള്ളി മാത്രം നശിപ്പിക്കാതെ ശേഷിപ്പിച്ചു. പേര്‍ഷ്യന്‍ വസ്ത്ര ധാരികളായ മൂന്നു വിദ്വാന്‍മാര്‍ യേശുവിനെ നമസ്കരിക്കുന്ന ചിത്രം പള്ളിയുടെ ചുമരില്‍ കണ്ടതുകൊണ്ടാണിത് നശിപ്പിക്കാതിരുന്നതെന്നാണ് പൊതുവേയുള്ള വിശ്വാസം.  (തുടരും )

Click to read previous: Part 1Part 2Part 3Part 4Part 5Part 6Part 7Part 8Part 9Part ​10, Part 11.part 12,part 13

 

 

 

 

 

 

 

 

 

 

 

 

 

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

1,804

PEOPLE VIEWED THIS ARTICLEനിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2021. All Rights Reserved. 432282 Website Designed and Developed by: CreaveLabs