ബീഹാറില്‍ 70 കാരിയായ സ്ത്രീ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി 'സതി' അനുഷ്ഠിച്ചതായി റിപ്പോര്‍ട്ട്. സഹര്‍സ ജില്ലയിലെ പര്മാനിയ ജില്ലയിലാണ് സതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഗഹ്വ ദേവി എന്ന 70 കാരിയാണ് ഭര്‍ത്താവിന്റെ ചിതയിലേക്ക് ചാടി മരണം വരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സഹര്‍സ ഡെപ്യൂട്ടി എസ്.പി അരവിന്ദ് കുമാര്‍ അറിയിച്ചു.
ചിത കത്തി തുടങ്ങിയ ശേഷം ബന്ധുക്കള്‍ മടങ്ങിയതിന് പിന്നാലെയാണ് ഗഹ്വ ദേവിയാണ് ചിതയിലേക്ക് ചാടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവരെ കാണാതെ വന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരിച്ച് ചിത ഒരുക്കിയ സ്ഥലത്ത് വന്നു നോക്കിയപ്പോഴേക്കും അവര്‍ മരിച്ചുകഴിഞ്ഞു.
വിവരം അറിഞ്ഞെത്തിയ ബന്ധുക്കള്‍ തീയില്‍ വീണ ഗഹ്വ ദേവിയെ രക്ഷിക്കാന്‍ പോലും ശ്രമിച്ചില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞതായി എസ്. പി അറിയിച്ചു.
എന്നാല്‍ അമ്മ സതി അനുഷ്ഠിച്ചതായ പ്രചരണം ശരിയല്ലെന്ന് ഇവരുടെ മകന് രമേഷ് മണ്ഡല് പറഞ്ഞു. അച്ഛന് മരിച്ച് അധികം കഴിയും മുമ്പ് തന്നെ അമ്മയും മരിച്ചു. അച്ഛന്റെ അതേ ചിതയില്‍ തന്നെ അമ്മയ്ക്കും ചിതയൊരുക്കുക മാത്രമായിരുന്നെന്നാണ് രമേഷ് പറയുന്നത്. (മാതൃഭൂമി)