സ്വര്‍ഗ്ഗവും നരകവും ഇല്ലെങ്കില്‍ ? ഡോ. ഏഴംകുളം സാംകുട്ടി

Voice Of Desert 8 years ago comments
സ്വര്‍ഗ്ഗവും നരകവും ഇല്ലെങ്കില്‍ ? ഡോ. ഏഴംകുളം സാംകുട്ടി

ഇംഗ്ലീഷ് സാഹിത്യത്തില്‍ പ്രൊഫസ്സറായ ഡോ. സാംകുട്ടി കാതോലിക്കേറ്റ് കോളേജ് (പത്തനംതിട്ട), യൂണിവേഴ്സിറ്റി ഓഫ് അര്‍ക്കന്‍സാസ്, അര്‍ക്കന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ലൂസിയാന എന്നിവിടങ്ങളില്‍ ആണ് വിദ്യാഭ്യാസം നടത്തിയത്. പാളംതെറ്റിയ തീവണ്ടി തുടങ്ങി ഏഴു ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അനവധി ഭക്തിഗാനങ്ങളും. 1996-ല്‍ കേരളാ എക്സ്പ്രസ്സ്‌ നടത്തിയ ചെറുകഥ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടി. എക്സ്പ്രസ്സ്‌  ഓഫിസില്‍ ലഭിച്ച 105 കഥകളില്‍ നിന്നാണ് പ്രൊഫസര്‍ കെ. എം തരകന്റെ മേല്‍നോട്ടത്തില്‍ സാംകുട്ടിയുടെ കഥ അവാര്‍ഡിനു വേണ്ടി തിരഞ്ഞെടുത്തത്. ഭാര്യ ഡോ. പുഷ്പ മൈക്രോബയോളജി പ്രൊഫസര്‍. രണ്ട്മക്കള്‍, രണ്ട്‌ കൊച്ചുമക്കള്‍.

 

  വായനക്കാരെ അല്‍പ നേരത്തേക്ക് ഒരു ഭാവനാ ലോകത്തിലേക്ക് ഞാന്‍ ക്ഷണിക്കുകയാണ്. നമുക്കൊന്നിച്ച്‌ സങ്കല്പ ലോകത്തിലൂടെ ഒരു യാത്ര നടത്താം.

ഈശ്വര വിശ്വാസിയായ ഞാന്‍ മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നു. നീതിമാനു സ്വര്‍ഗ്ഗവും ദുഷ്ടനു നരകവും ലഭിക്കുമെന്ന് വിശ്വസിക്കുന്നു. എന്റെ വിശ്വാസം തെറ്റാണെന്ന് ഒന്ന്‍ ഭാവന ചെയ്തു നോക്കുക.

സ്വര്‍ഗ്ഗം ഇല്ല. നരകം ഇല്ല. മരണാനന്തരം ജീവിതം ഇല്ല. ദൈവം ഇല്ല. ആത്മാവില്ല. ന്യായവിധിയില്ല.

ഇത്ര നാള്‍ ഞാന്‍ വിശ്വസിച്ചതെല്ലാം ഭോഷത്വമാകും. ദൈവാരാധനയ്ക്ക് ചെലവഴിച്ച സമയം പാഴായി. ആദ്ധ്യാത്മിക കാര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിച്ച സ്തോത്രകാഴ്ചയും സംഭാവനകളും വ്യര്‍ത്ഥമായി.

ആദ്ധ്യാത്മിക രംഗത്തിലെ എന്റെ സാഹിത്യ പരിശ്രമങ്ങളെല്ലാം പ്രയോജന ശൂന്യമായി. അവയ്ക്കു വേണ്ടി വിനിയോഗിച്ച പണവും സമയവും പാഴ്ചെലവായി. പകരം ലൈംഗിക വാസനകള്‍ വളര്‍ത്തുന്ന വല്ല നോവലുകളോ നാടകങ്ങളോ എഴുതിയിരുന്നെങ്കില്‍ പണവും പ്രശസ്തിയും പെട്ടെന്ന് നേടാമായിരുന്നു. മതപരമായ കാര്യങ്ങളില്‍ കാണിച്ച താല്‍പ്പര്യം മറ്റേതെങ്കിലും ജനപ്രിതികരമായ വിഷയങ്ങളിലോ പത്രപ്രവര്‍ത്തനത്തിലോ വിനിയോഗിചിരുന്നെങ്കില്‍ പല ലൌകിക ഗുണങ്ങള്‍ കൈവരുമായിരുന്നു.

ക്രൈസ്തവ സാഹിത്യ രംഗത്ത് പ്രവര്‍ത്തിച്ചത് മൂല൦ പല ഉല്ലാസവേളകളും വിശ്രമവേളകളും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അവധി ദിവസങ്ങളിലും വിശ്രമ വേളകളിലും കൂട്ടുദ്ധ്യോഗസ്ഥരുമായി കുശലം പറഞ്ഞ് നേരംപോക്കാസ്വദിക്കുന്നതും ഉല്ലാസ യാത്രകളില്‍ പങ്കെടുക്കുന്നതും എനിക്ക് വലിയ ആഹ്ലാദമാണ്. ആദ്ധ്യാത്മികമായ ഉത്തരവാദിത്തങ്ങള്‍ മൂല൦ ഇത്തരം ആനന്ദ പ്രദമായ അവസരങ്ങളില്‍ നിന്ന്‍ ഒഴിഞ്ഞു മാറേണ്ടി വന്നിട്ടുണ്ട്. ജോലി കഴിഞ്ഞു വീട്ടില്‍ വന്നാലുടന്‍ പേനാ, പുസ്ത്കം, കടലാസ് എന്നി സുഹൃത്തുക്കളില്‍ മാത്രം ചിലപ്പോള്‍ സാമുഹ്യ ജീവിതം പരിമിതപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. സമയം ലാഭിക്കാന്‍ വേണ്ടി പരിചയങ്ങളും സമ്പര്‍ക്കങ്ങളും വെട്ടിച്ചുരുക്കേണ്ടതായും വന്നിട്ടുണ്ട്.

കൂടാതെ ഒരു വിശ്വാസിയായതു കൊണ്ട് മദ്യപാനം, പുകവലി, വെറിക്കൂത്ത് തുടങ്ങിയ ദുര്‍മാര്‍ഗങ്ങളില്‍ നിന്നും ഒഴിഞ്ഞു ജിവിക്കേണ്ടതായി വന്നു. തന്മൂലം നിരീശ്വരവാദികളായ ചില യുവാക്കളനുഭവിക്കുന്ന പല ആഹ്ലാദങ്ങളും സുഖങ്ങളും അനുഭവിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല.

അങ്ങനെ ഈശ്വര വിശ്വാസിയായതു കൊണ്ട്നഷ്ടങ്ങളും പാഴ്ചെലവുകളുമുണ്ടായിട്ടുണ്ട്.

എന്നാല്‍, ഇത്തരം നഷ്ടങ്ങള്‍ക്ക് പകരം എനിക്ക് ആദ്ധ്യാത്മിക ലോകത്തില്‍ നിന്നും പലവിധ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആത്മീയ രംഗത്ത് ധാരാളം സ്നേഹിതരെ സമ്പാദിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്; നല്ല കൂട്ടായ്മ ലഭിച്ചിട്ടുണ്ട്. കൂട്ടു വിശ്വാസികളുമായി ഒത്ത് ചേര്‍ന്ന് പൊതുജനങ്ങള്‍ക്കു പ്രയോജനമുള്ള പല കാര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. താല്‍ക്കാലിക സുഖഭോഗങ്ങളില്‍ നിന്നും അനാവശ്യ ആഡംഭരങ്ങളില്‍ നിന്നും ഒഴിഞ്ഞു നിന്നത് മൂല൦ ആരോഗ്യവും പണവും നല്ല മനസാക്ഷിയും സുക്ഷിക്കാന്‍ കഴിഞ്ഞു. ഒരു പൈസ പോലും മദ്യക്കച്ചവടക്കാരന് കൊടുത്തിട്ടില്ല. ചൂത് കളിക്കാരനും സിഗരറ്റ് കമ്പനിക്കാരനും എന്നില്‍ നിന്നും ഒരു ലാഭവും ഉണ്ടായിട്ടില്ല.

അങ്ങനെ, ദൈവത്തില്‍ വിശ്വസിച്ചതു കൊണ്ട് ചെലവുകളും സമയ നഷ്ടവും കുറെ ഉണ്ടായിട്ടുണ്ടെങ്കിലും, മറുവശത്ത്‌ പ്രയോജനകരമായ പലതും മതത്തില്‍ നിന്ന്‍ കിട്ടിയിട്ടുണ്ട്. ഇരുവശവും തട്ടിച്ചു നോക്കുമ്പോള്‍, മരണാനന്തര ജീവിതം എന്നൊന്ന് ഇല്ലെങ്കിലും എനിക്ക് ഭീമമായ നഷ്ടമൊന്നും ഉണ്ടായിട്ടില്ല. അങ്ങേയറ്റം, ജീവിച്ചിരുന്ന കാലത്ത് ഞാനൊരു മഠയനും മതഭ്രാന്തനുമായിരുന്നെന്ന് തെളിയുമെന്ന് മാത്രം. മരണാനന്തര ജീവിതമില്ലാത്തതിനാല്‍ എനിക്ക് പറ്റിയ മഠയത്തരത്തെപറ്റിയോ നഷ്ടങ്ങളെപ്പറ്റിയോ എനിക്ക് ബോദ്ധ്യമുണ്ടായി മന:പ്രയാസത്തിനു വഴിയുണ്ടാകയുമില്ല. മരണത്തോടു കൂടി ലാഭവും നഷ്ടവും അവസാനിച്ചു.

എന്റെ ഭാവനയുടെ മറുവശത്തേക്ക് കടക്കാം. ഞാന്‍ വിശ്വസിക്കുന്നതും പറയുന്നതുമെല്ലാം ശരിയാണെന്ന് തെളിഞ്ഞതായി സങ്കല്‍പ്പിക്കുക. അതായത്,  ദൈവം ഉണ്ട്.  മരണാനന്തര ജീവിതവുമുണ്ട്. സ്വര്‍ഗ്ഗമുണ്ട്. നരകമുണ്ട്. ന്യായവിധിയുണ്ട്.

ഞാനും ഒരു നിരിശ്വരവാദിയും ഒന്നിച്ച് ഒരു കാറപകടത്തില്‍ മരിച്ചു എന്ന് ഭാവന ചെയ്യുക. മരിച്ചു അഞ്ചു നിമിഷങ്ങള്‍ക്ക് ശേഷം എന്റെ സ്ഥിതിയെന്ത്? കൂടെ മരിച്ച നാസ്തികന്റെ അവസ്ഥയെന്ത്?

ഈശ്വരനെ തള്ളിപ്പറഞ്ഞ അയാള്‍ക്ക്‌ സകലവും നഷ്ടമായി. സ്വര്‍ഗ്ഗ൦ നഷ്ടമായി. നിത്യശാന്തി കൈവിട്ടു പോയി. അയാള്‍ പ്രപഞ്ചത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായിക്കഴിഞ്ഞു. അയാള്‍ ലോകത്തില്‍ അനുഭവിച്ച ആഹ്ലാദങ്ങള്‍ വ്യര്‍ത്ഥമായിക്കഴിഞ്ഞു. ന്യായവിധിയും നരകവും അയാളുടെ മേല്‍ അധികാരം സ്ഥാപിച്ചു കഴിഞ്ഞു.

എന്റെ സ്ഥിതിയോ? പ്രപഞ്ചത്തിലേക്കും ഭാഗ്യവാന്‍. സ്വര്‍ഗ്ഗ൦ എനിക്ക്. നിത്യശാന്തി എനിക്ക്. ദൈവത്തേ എനിക്ക് നേരില്‍ കാണാം. നരകത്തില്‍ നിന്നും ഞാന്‍ വിമുക്തന്‍! ഭൂമിയില്‍ വച്ചു ഞാന്‍ സമ്പാദിച്ച, എനിക്ക് മുമ്പേ മരിച്ചു പോയ ആത്മീയ സ്നേഹിതരെ വീണ്ടും കാണാം. മരിച്ച ബന്ധുജനങ്ങളെയും കാണാം. ഭൂമിയില്‍ ജീവിക്കുമ്പോള്‍ ദൈവനാമത്തിനു വേണ്ടി ചിലവിട്ട പണവും സമയവും അദ്ധ്വാനവും ബാങ്കിലെ നിക്ഷേപം പോലെ എനിക്ക് പ്രതിഫലം ലഭ്യമാക്കുന്നു. ലൌകിക  ജീവിതത്തില്‍ ഒഴിഞ്ഞു മാറിയ ആഹ്ലാദങ്ങള്‍ക്ക് പകരം നിത്യമായ സ്വര്ഗ്ഗീയ സന്തോഷത്തിനു ഞാന്‍ അവകാശിയായിത്തീര്‍ന്നിരിക്കുന്നു! സ്വര്ഗ്ഗീയ സദസ്സില്‍ ഞാനൊരു വിജയിയായി തീരുന്ന ദിവസം. ഹാ, ഞാനെത്ര ഭാഗ്യവാന്‍!

നിരിശ്വരവാദി ഈ ലോകത്തിലും ഒരുതരം മനോവ്യാധി അനുഭവിച്ചേ പറ്റു.  ദൈവം ഒരുപക്ഷെ ഉണ്ടോ, ഉണ്ടെങ്കില്‍ എന്റെ മരണാനന്തര ജീവിതം നരകത്തിലായിപ്പോവില്ലേ? എന്നിങ്ങനെയുള്ള ആകുലചിന്തകള്‍ ഭൂമിയിലെ ജീവിത കാലം മുഴുവന്‍ നിരീശ്വരനെ അലട്ടിക്കൊണ്ടിരിക്കു൦. നിരീശ്വരന്റെ സ്വപ്നങ്ങള്‍ ഭയാനകങ്ങളാണെന്ന് ആധുനിക മനശ്ശാസ്ത്രജ്ഞാന്‍മാര്‍ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ. അബോധ മനസ്സില്‍ നിരീശ്വരന്‍ മരണാനന്തരാവസ്ഥയെപ്പറ്റി ആകുല ചിന്ത പേറി നടക്കുന്നു. വിശ്വാസി ഈ വിധ ആകുലചിന്തകളില്‍ നിന്നും സ്വതന്ത്രനാണ്. ചുരുക്കിപ്പറഞ്ഞാല്‍, ഒരുപക്ഷെ ദൈവം ഇല്ലെങ്കിലും എനിക്ക് വലിയ നഷ്ടമില്ല. എന്നാല്‍, ദൈവം ഉണ്ടെങ്കില്‍ നിരീശ്വരനു സകലവും നഷ്ടമായില്ലേ?

മരണാനന്തര ജീവിതത്തെക്കുറിച്ച് ചിലര്‍ക്ക് വിശ്വാസമില്ലാത്തതു പോലെ, ജനനാന്തര ജീവിതത്തില്‍ വിശ്വാസമില്ലാതിരുന്ന ഒരു ശിശുവിന്റെ കഥ കേട്ടിട്ടുണ്ട്. നേരംപോക്ക് കഥയെങ്കിലും അല്‍പം ചിന്തിക്കാന്‍ അത് വക നല്‍കുന്നു. അമ്മയുടെ ഗര്‍ഭാശയത്തില്‍ കിടന്നു കൊണ്ട് ഇരട്ടക്കുഞ്ഞുങ്ങള്‍ അന്യോന്യം വാദപ്രതിവാദം നടത്തി. ഒരു കുഞ്ഞു വിശ്വാസിയാണ്; മറ്റേത് അവിശ്വാസി. ഗര്‍ഭാശയത്തിലെ നാഭിരജ്ജുവില്‍ നിന്നും ബന്ധം വിട്ട് ബാഹ്യലോകത്തിലേക്ക് വന്നാല്‍ പിന്നെ ജീവിതമില്ലെന്നായിരുന്നു അവിശ്വാസിയായ ശിശുവിന്റെ വാദം. ശിശുക്കള്‍ക്ക് ജനനാന്തരജീവിതം നല്‍കാന്‍ കഴിവുള്ള യാതൊരു ദിവ്യശക്തിയും ഗര്‍ഭാശയ ലോകത്തെ നിയന്ത്രിക്കുന്നില്ലെന്നും തങ്ങള്‍ വെറും യാദ്യശ്ചികമായി ഉണ്ടായതാണെന്നും ആ ശിശു വാദിച്ചു.

  പൊക്കിള്‍ക്കൊടി പൊട്ടുമ്പോള്‍, പിന്നെ ശിശുക്കള്‍ക്ക് ജീവിക്കാനാവില്ല. മാതാവുമായി ബന്ധിപ്പിക്കുന്ന മാംസചരട് പൊട്ടിയാല്‍ പിന്നെ നമുക്ക് ആഹാരം വലിച്ചെടുക്കാന്‍ സാധ്യമല്ല; പ്രാണവായു കിട്ടില്ല. ഗര്‍ഭാശയത്തിനു പുറത്ത് മറ്റൊരു ലോകമില്ല. അവിശ്വാസിയായ ശിശുവിന്റെ വാദമിങ്ങനെയായിരുന്നു.

വിശ്വാസിയായ ശിശു തിരിച്ചടിച്ചു.  നാം യാദ്യശ്ചികമായി ഉണ്ടായവരല്ല. മാതാപിതാക്കളുടെ ഇഷ്ടാനുസരണം ഉണ്ടായവരാണ്. ഗര്‍ഭാശയത്തിനു വെളിയില്‍ ഒരു ലോകമുണ്ട്. നാം ഇപ്പോള്‍ കിടക്കുന്ന ലോകത്തില്‍ നിന്നും പുറംലോകം വ്യത്യസ്തം എങ്കിലും ബാഹ്യലോകത്തില്‍ ആഹാരത്തിനും പ്രാണവായുവിനും പ്രത്യേക ക്രമീകരണങ്ങള്‍ ഉണ്ട്. ബാഹ്യലോകം ഗര്‍ഭാശയത്തേക്കാള്‍ മെച്ചമാണ്. അവിടെ, നമ്മെ സന്തോഷിപ്പിക്കാനും താരാട്ട് പാടി താലോലിക്കാനും പലരും നമ്മുടെ ജനനം പ്രതീക്ഷിച്ചു കഴിയുന്നു. ഈയിടെയായി വെളിയില്‍ നിന്നും സ്നേഹത്തിന്റെ ചില ശബ്ദങ്ങളും ചലനങ്ങളും ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീപുരുഷന്മാര്‍ ആരൊക്കെയോ നമ്മെ ശ്രദ്ധിക്കുന്നുണ്ട്.

നിരീശ്വര ശിശു ഇതൊന്നും സമ്മതിച്ചു കൊടുത്തില്ല. ഗര്‍ഭാശയത്തിന്റെ വെളിയില്‍ നിന്നും സ്നേഹത്തിന്റെ ശബ്ദങ്ങളും ചലനങ്ങളും അനുഭവിക്കുന്നു എന്നുള്ള പ്രസ്താവന അന്ധവിശ്വാസവും അബോധമനസ്സിലെ മിഥ്യയുമാണെന്ന് തിരിച്ചടിച്ചു. ഇരട്ടക്കുഞ്ഞുങ്ങളുടെ വാദപ്രതിവാദം മാസങ്ങള്‍ നീണ്ടു നിന്നു അവര്‍ തമ്മില്‍ അടിപിടി നടന്നില്ല എന്നു മാത്രം!!

ഒന്‍പതു മാസം കഴിഞ്ഞപ്പോള്‍ മാതാവ് ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചു. ജനനാന്തര ലോകത്തില്‍ വിശ്വാസമില്ലാതിരുന്ന നാസ്തിക ശിശു പുതിയ ലോകത്തെ കണ്ടു ലജ്ജിച്ചു. മറ്റേ ശിശു അനുഭവിച്ചുവെന്നവകാശപ്പെട്ട ബാഹ്യസ്പര്‍ശനങ്ങളും സ്നേഹവും മിഥ്യയല്ലായിരുന്നെന്നും, തങ്ങള്‍ വയറ്റില്‍ കിടക്കുമ്പോള്‍ മുതല്‍ മാതാപിതാക്കള്‍ തങ്ങളെ സ്നേഹിച്ചു കൊണ്ടിരുന്നെന്നും വിശ്വാസിയല്ലാത്ത ശിശുവിന് സമ്മതിക്കേണ്ടതായി വന്നു.

നിരിശ്വരവാദിയായ സ്നേഹിതാ, ഞങ്ങള്‍ വിശ്വാസികള്‍ ഒരു സ്വര്‍ഗ്ഗലോകത്തിലെ ചലനങ്ങളെപ്പറ്റിയും പിതാവായ ദൈവത്തിന്റെ സ്നേഹത്തെപ്പറ്റിയും പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഒരു മിഥ്യയായി തോന്നിയേക്കാം. എന്നാല്‍, ഈ താല്‍ക്കാലിക ലോകത്തിനുമപ്പുറത്തു ഒരു ബാഹ്യലോകമുണ്ട്. അവിടെ സ്വര്‍ഗ്ഗവും നരകവും ഉണ്ട്. ഒരുദിവസം താങ്കളുടെ ശരീരത്തെ  ലോകമാതാവുമായി ബന്ധിപ്പിക്കുന്ന ജീവന്‍ എന്ന ചരട് അറ്റ് പോകും. അന്ന് നിങ്ങളുടെ ആത്മാവ് നിത്യത എന്ന യാഥാര്‍ഥ്യത്തേ നേരിടും. വിശ്വാസിയെ സ൦ബന്ധിച്ചിടത്തോളം ആ ദിവസം ഒരു സുദിനം ആയിരിക്കും. നിരീശ്വരനു ഒരു ദുര്‍ദിനവും! ഒന്നുകില്‍ നിത്യപറുദീസ. അല്ലെങ്കില്‍ നിത്യനരകം.

വായനക്കാരാ, താങ്കള്‍ ഒരു വിശ്വാസിയാകുക. താങ്കള്‍ക്ക് നഷ്ടപ്പെടുവാനൊന്നുമില്ല; നേടുവാനോ വളരെയുണ്ട് താനും.

ചിന്തിക്കുന്നവര്‍ സംസാരിക്കുന്നു:

 "നിശബ്ദത നിറഞ്ഞ അന്തരീക്ഷത്തില്‍ ഏകാകിയായി ഇരുന്ന് ഗാഡമായി ചിന്തിക്കുമ്പോള്‍ മനസാക്ഷിയില്‍ കൂടി ദൈവം നമ്മോടു സംസാരിക്കുമെന്ന് ഒരു തത്വജ്ഞാനി പറഞ്ഞത് കഴമ്പില്ലാത്ത വെറും വാക്കല്ലെന്ന അഭിപ്രായം മുമ്പ് തന്നെ എനിക്കുണ്ടായിരുന്നു ............... അനന്തശക്തിയുമായുള്ള നമ്മുടെ ബന്ധത്തിന് യാതോരു ഹാനിയും തട്ടാത്ത വിധം ജീവിതം നയിക്കേണ്ടിയിരിക്കുന്നു."-കെ. പി. കേശവമേനോന്‍ (മുന്‍ പത്രാധിപര്‍, മാത്യഭൂമി)

"മനുഷ്യനെ ദൈവത്തോടനുബന്ധിപ്പിക്കുന്ന ചങ്ങലയാണ് വിശ്വാസം. നമ്മുടെ ജീവിതത്തേ നേര്‍പാതയില്‍ നയിക്കാനുതകുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ മതത്തിന്റെ പിന്‍ബലം ആവശ്യമാണ്."ഡോ. എ. പി. ജെ. അബ്ദുള്‍ കലാം (ഇന്ത്യയുടെ മുന്‍ പ്രസിഡന്റ്)

 "ശാസ്ത്രവും മതവും തമ്മില്‍ യാതൊരു പൊരുത്തക്കുറവുമില്ല. രണ്ടും അവയവയുടെ രംഗത്തു മാത്രം പ്രവര്‍ത്തിച്ചാല്‍ ........... ദൈവം മതത്തിന്റെയും ശാസ്ത്രത്തിന്റെയും ദൈവമാകയാല്‍ മതവും ശാസ്ത്രവും തമ്മില്‍ ആത്മാവും ശരീരവും പോലെ ബന്ധമുണ്ട്."ഗീവര്‍ഗ്ഗിസ് മാര്‍ ഒസ്താത്തിയോസ് മെത്രപ്പൊലീത്ത (മുന്‍ പ്രൊഫസര്‍, ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി)

 "സത്യത്തിന്റെ ഉഗ്രമായ ആവിഷ്കരണത്തില്‍ കൂടി മാത്രമേ മാനവരാശി വളരുകയുള്ളു. ശാസ്ത്രവും സാങ്കേതികവിദ്യയും വിഭാവനം ചെയ്യുന്ന മതേതര സംസ്കാരത്തിനു മതത്തെ  തുടച്ചു നീക്കാന്‍ കഴിയുന്നതല്ല. ശാസ്ത്രത്തിന്റെ പിടിയില്‍ അമരാത്ത നൂറു നൂറു ചോദ്യങ്ങള്‍ ആധുനിക മനുഷ്യന്റെ മുന്‍പില്‍ തീപ്പന്തം പോലെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു."റവ. ഡോ. എം. ജെ. ജോസഫ് (മാര്‍ത്തോമാ വൈദിക സെമിനാരി)

 "മതത്തെ ഒഴിച്ചു നിര്‍ത്തിയാല്‍ ശാസ്ത്രം മുടന്തുള്ളതാകുന്നു."വി. ആര്‍. ക്യഷ്ണയ്യര്‍ (മുന്‍ ജസ്റ്റിസ്, സുപ്രീം കോര്‍ട്ട്)

“I have been a believer in God before I became a scientist. But learning science and doing research and teaching in related fields have not diminished my belief in God. The more I learn science the more complex the world appears to me and reveals to me the relevance of an intelligent designer whom I call God.

Science is not able to predict anything with absolute certainty. Just recently (September 24, 2014), India   became the fourth nation in the world to project a satellite to Mars’ orbit. It was a great relief for the scientists, the government and the people when the news came that the mission was a success, because there was no certainty of its success though hundreds of India’s brightest scientists worked behind it and the government spent crores of rupees on the project. This shows that science can only talk about probabilities and not certainty.

I often wonder why some people are willing to accept the so – called scientific theories of the origin of the universe and of life for which the probabilities are infinitesimally small while they   reject the existence of God for which there is at least a 1 in 2 probability. It should be reiterated that science will never prove the existence of God or the non – existence of God. Both are matters of faith, and I choose to believe the more probable thing – the existence of God.”Dr. C. T. Luiskutty , Ph. D. (Former professor & chair, Department of physics and Engineering, Oral Roberts University, USA)

 

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,404

PEOPLE VIEWED THIS ARTICLEനിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2022. All Rights Reserved. 212700 Website Designed and Developed by: CreaveLabs