യേശുവിന്റെ നാട്ടിലേക്കു ഒരു ഫെല്ലോഷിപ്പ് യാത്ര - ബെന്നി വര്ഗീസ്

Voice Of Desert 8 years ago comments
യേശുവിന്റെ നാട്ടിലേക്കു ഒരു ഫെല്ലോഷിപ്പ് യാത്ര          -       ബെന്നി വര്ഗീസ്

യേശുവിന്റെ  ജനനം, പരസ്യ ശുശ്രൂഷ, കഷ്ടാനുഭവം , കുരിശുമരണം, ഉയിര്‍ത്തെഴുന്നേല്‍പ് തുടങ്ങിയ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കു് സാക്ഷ്യം വഹിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയെന്നത് ഏതൊരു ക്രിസ്തു ശിഷ്യന്റെയും ജീവിത സ്വപ്നമാണ്. ലോകത്തിലെ മറ്റേതൊരു സ്ഥലം സന്ദര്‍ശിക്കുന്നതിലും ആത്മ സംതൃപ്തിയും, ആഴമേറിയ വിശ്വാസവും ഉണ്ടാകും എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. ഏകദേശം നാല്‍പ്പതു പേരാണ് ഞങ്ങളുടെ യാത്രാ സംഘത്തില്‍‌ ഉണ്ടായിരുന്നത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഒന്നിച്ചു കൂടിയ സംഘാംഗങ്ങള്‍ വളരെ സന്തോഷഭരിതരായി കാണപ്പെട്ടു. ചിലര്‍ക്കെങ്കിലും ഇത് അവരുടെ ആദ്യ വിമാന യാത്രയും! പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ പുറപ്പെടല്‍ കവാടത്തിലേക്ക് നീങ്ങി. ഖത്തര്‍ എയര്‍വെയെസ്‌ വിമാനത്തില്‍‍ ആയിരുന്നു യാത്രാ ക്രമീകരണം. ഗ്രൂപ്പ് ടൂര്‍ ആയതിനാല്‍ ഞങ്ങള്‍ക്കുവേണ്ടി പ്രത്യേക ചെക്ക്‌ ഇന്‍ കൌണ്ടര്‍ ഒരുക്കിയിരുന്നു. ഇമിഗ്രേഷന്‍,കസ്റ്റംസ് തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം ഞങ്ങള്‍ വിമാനത്തില്‍ പ്രവേശിച്ചു. കൃത്യം 9.30 ന് വിമാനം പറന്നുയര്‍ന്നു. കൊച്ചിയില്‍ നിന്നും ദോഹയിലെക്കുള്ള യാത്രയില്‍ പ്രഭാത ഭക്ഷണം ലഭിച്ചു. 11..20 ന് വിമാനം ദോഹയില്‍ എത്തി. അമ്മാനിലേക്കുള്ള അടുത്ത വിമാനം 12.35 നാണ്. അമ്മാനിലേക്കുള്ള യാത്രക്കായി ഞങ്ങള്‍ ഗയിറ്റ്‌ നമ്പര്‍ 20ല്‍ എത്തിച്ചേര്‍ന്നു. എയര്‍പ്പോര്‍ട്ടിലും, ലോബ്ബിയിലും വളരെ തിരക്ക് അനുഭവപ്പെട്ടു. ഫെല്ലോഷിപ്പ് യാത്രക്കാര്‍ പരസ്പരം പരിചയപ്പെടുന്നതിന് ഈ സമയം ഉപയോഗിച്ചു. കുറഞ്ഞ സമയം കൊണ്ട് ഒരു കുടുംബത്തിലെ അംഗങ്ങള്‍ പോലെ എല്ലാവരും പെരുമാറി. എല്ലാവരും വിശ്വസികള്‍ ആയതുകൊണ്ട് ഈ അടുപ്പത്തിന് ഊഷ്മളത കൂടി. കൃത്യ സമയത്ത്‌ തന്നെ വിമാനം പുറപ്പെട്ടു. വിമാനത്തില്‍ കൂടുതലും അറബ്  വംശജരയിരുന്നതുകൊണ്ടാകാം ഉച്ചഭക്ഷണം മിഡില്‍ ഈസ്റ്റ്‌ രുചിയിലുള്ളതയിരുന്നു. നല്ല വിശപ്പുള്ളതുകൊണ്ട് കിട്ടിയ ആഹാരം രുചി നോക്കാതെ ഭക്ഷിച്ചവരാണ് കൂടുതലും ! ജോര്‍ദാന്‍ സമയം 3:40 നു വിമാനം അമ്മാനിലെ ക്യുന്‍ അലിയ വിമാനത്താവളത്തില്‍‌ എത്തിചേര്‍ന്നു.

ഞങ്ങളുടെ അമ്മാനിലെ ടൂര്‍ പ്രധിനിധി മുഹമ്മദ്‌, പുഞ്ചിരിക്കുന്ന മുഖവുമായി ഞങ്ങളെ എതിരേറ്റു. മാനുഫെസ്റ്റിലെ ക്രമ നമ്പര്‍ അനുസരിച്ച് ഓരോരുത്തരും വരിവരിയായി നിന്നു. ഒരു ഇമിഗ്രേഷന്‍ ഓഫീസ്സര്‍ വന്ന് പാസ്പോര്‍ട്ടു്‍ ഓരോരുത്തരുടെ കയ്യില്‍‌നിന്നും വാങ്ങി. പാസ്പോര്‍ട്ട്‌ ഇമിഗ്രേഷന്‍ ഓഫീസറെ  എല്പിച്ചവര്‍ ബാഗേജ്  എടുക്കുവാനായി നീങ്ങി. മറ്റൊരു വിമാനത്താവളത്തിലും ലഭിക്കാത്ത ഈ സൗകര്യം പലര്‍ക്കും കൌതുകമായി തോന്നി. ചിലര്‍ക്ക് പാസ്പോര്‍ട്ട്‌ നഷ്ട്ടപ്പെടുമോ എന്ന ഭീതിയും! ബാഗേജ് എടുത്ത് പുറത്തുള്ള വിശ്രമ സ്ഥലത്തേക്കു  ഞങ്ങള്‍ നീങ്ങി. പാസ്പോര്‍ട്ടില്‍‌ എന്‍ട്രി വീസ സ്റ്റാമ്പ്‌ ചെയ്തു കിട്ടുവാന്‍ ഏകദേശം ഒരുമണിക്കൂര്‍ എടുക്കും. മുഹമ്മദ് പാസ്പോര്‍ട്ടുമായി വരുന്നതുവരെ പലരും അന്വേഷിച്ചുകൊണ്ടിരുന്നു. ഇത് ഇവിടുത്തെ ഒരു സ്ഥിരം സംവിധാനം ആണെന്നും, പാസ്പോര്‍ട്ട്‌ ഉടനെ കൊണ്ടുവരും എന്നു പറഞ്ഞ്‌ ഓരോരുത്തരെയും ആശ്വസിപ്പിച്ചു. ഇതിനോടകം അമേരിക്കയില്‍ നിന്നും ചില സഹോദരങ്ങള്‍ ദുബായ് വഴിയുള്ള എമിരേറ്റ്സ് വിമാനത്തില്‍ എത്തിച്ചേര്‍ന്നു. അവരും നമ്മുടെ ടൂര്‍ ടീമിലെ അംഗങ്ങളാണ്. ഏറെ താമസിയാതെ മുഹമ്മദ് പാസ്സ്പോര്ടുമായി വന്നു. എല്ലാവരുടെയും മുഖത്ത്‌ സന്തോഷം!! ഞങ്ങള്‍ക്ക്  യാത്ര ചെയ്യാനുള്ള ബസ്‌ പുറത്ത്‌ പാര്‍ക്ക്‌ ചെയ്തിട്ടുണ്ട്. ബാഗേജ്‌  ബസ്സിന്‍റെ അടിയില്‍ സൂക്ഷിക്കുവാന്‍ വിശാലമായ സൌകര്യമുണ്ട്. ബാഗേജ്എടുത്ത് വയ്ക്കാന്‍ ഡ്രൈവര്‍ മിക്കവരെയും സഹായിച്ചു. എല്ലാവരും ഇരുന്നതിനു ശേഷം ഓരോരുത്തരുടെയും പേരുവിളിച്ചു പാസ്പോര്‍ട്ട്‌ ഏല്‍പ്പിച്ചു. യാത്രയില്‍ സൂക്ഷിച്ച കര്‍ത്താവിന് നന്ദി പറഞ്ഞ്‌ ദൈവ ദാസ്സന്മാരില്‍ ഒരാള്‍ പ്രാര്‍ത്ഥിച് ഹോട്ടലിലേക്ക്.

ഏകദേശം 30 കിലോമീറ്റര്‍ ദൂരത്തിലാണ് അമ്മാന്‍ പട്ടണം. അവിടെയുള്ള 'Days Inn എന്ന ഹോട്ടലിലാണ് ഞങ്ങളുടെ താമസം ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാലിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍ ബസ്സില്‍ വച്ച് നല്‍കി. വളരെ വിശാലമായ റോഡിലൂടെയാണ് ബസ്സ്‌ സഞ്ചരിക്കുന്നത്. സമാന്തരമായി മറ്റൊരു റോഡിന്‍റെ പണി നടക്കുന്നുതു യാത്രയില്‍ കാണാന്‍ കഴിഞ്ഞു. ജോര്‍ദാന്‍ ഒരു ദരിദ്ര രാഷ്ട്രമാണെങ്കിലും, ഭരണ കര്‍ത്താക്കളുടെ വിശാല ചിന്താഗതി ഇവിടുത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും. റോഡില്‍ നല്ല വാഹനത്തിരക്ക് അനുഭവപ്പെട്ടെങ്കിലും നമ്മുടെ ഡ്രൈവര്‍ ഹദ്ധ ബസ്സോടിക്കുന്നത് സമാന്യം വേഗത്തിലാണ്. അമ്മാനിലെ ഏറ്റവും നല്ല ഡ്രൈവര്‍ താനാണെന്ന് പറഞ്ഞ്‌ യാത്രക്കാരെ കൊണ്ട് കയ്യടിപ്പിച്ചത് ഹദ്ധായ്ക്ക് നന്നേ ഇഷ്ടപ്പെട്ടു. 6 മണിയോടെ ഞങ്ങള്‍ ഹോട്ടലില്‍ എത്തിച്ചേര്‍ന്നു. ശീതള പാനിയം തന്ന്‌ ഹോട്ടലിലെ ജോലിക്കാര്‍  ഞങ്ങളെ സീകരിച്ചു. മുന്‍കൂട്ടി ക്രമീകരിച്ച Rooming List അനുസരിച്ച് എല്ലാവര്‍ക്കും താമസ മുറിയുടെ താക്കോല്‍ ലഭിച്ചു. രാത്രി ഭക്ഷണത്തിനും, പ്രാര്‍ത്ഥനക്കും ഉള്ള സമയം അവിടെ വച്ചുതന്നെ ക്രമീകരിച്ച് അറിയിച്ചു. ഓരോരുത്തരായി അവരവരുടെ താമസ മുറിയിലേക്ക് നീങ്ങി.

രാത്രിയില്‍ സാമാന്യം തണുപ്പ് അനുഭവപ്പെട്ടു, മുന്‍കൂട്ടി അറിയിച്ചിരുന്നതിനാല്‍ എല്ലാവരുടെയും കയ്യില്‍ തന്നുപ്പിനുള്ള വസ്ത്രങ്ങള്‍ ഉണ്ടായിരുന്നു. ഡിന്നര്‍ കഴിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ പ്രാര്‍ത്ഥനയക്കുവേണ്ടി കോണ്‍ഫറന്‍സ് ഹാളില്‍ ഒത്തുകൂടി. യാത്രാക്ഷീണം കൊണ്ട് ചില രെങ്കിലും ഈ ഒത്തുചേരലില്‍ വരാതിരിക്കും എന്നു കരുതിയെങ്കിലും എല്ലാവരും കൂടി വന്നതില്‍ പ്രത്യേകം  നന്ദി പറഞ്ഞു. ഓരോരുത്തരായി എഴുന്നേറ്റു പരിചയപ്പെടുത്തി. ചിലര്‍ നാട്ടിലെ സഭകളില്‍ ചെയ്തുവരുന്നതുപോലെ ചുരുക്കം വാക്കുകളില്‍ സാക്ഷി പറയാനും ഈ അവസരം പ്രയോജനപ്പെടുത്തി. എല്ലാവരുoചേര്‍ന്ന് ഒരുപാട്ടുപടി, രണ്ടുമൂന്നുപേര്‍ പ്രാര്‍ത്ഥിച്ചു. വാക്കുകളില്‍ വര്‍ണിക്കുവാന്‍ കഴിയാത്ത ദൈവീക സാനിദ്ധ്യം അനുഭവപ്പെട്ടു. പിറ്റെദിവസത്തെ യാത്രാ ക്രമീകരണങ്ങള്‍ വിവരിച്ചതിനു ശേഷം അത്താഴo കഴിക്കുവാന്‍   ഭക്ഷണശാലയിലെക്ക് !

ധാരാളം വിഭവങ്ങള്‍ നിറഞ്ഞതായിരുന്നു അത്താഴം. നാടന്‍ ഭക്ഷണം കഴിച്ചുശിലിച്ചവര്‍ക്ക്‌ ഈ മിഡിലീസ്റ്റ് വിഭവങ്ങള്‍ ഒരു പ്രത്യേകത ആയിരുന്നു. ഇഷ്ടമുള്ള ഭക്ഷണം എടുത്ത് കഴിക്കാം. ഭക്ഷണത്തിനു ശേഷം കഴിക്കാന്‍ പല തരത്തിലുള്ള കേക്കുകളും മറ്റു മധുര പലഹാരങ്ങളും ഉണ്ടായിരുന്നു. ഭക്ഷണശേഷം ഓരോരുത്തരായി തങ്ങളുടെ താമസ മുറികളിലേക്ക് മടങ്ങി. ഹോട്ടല്‍ ജീവനക്കാരോട് ശുഭരാത്രി ആശംസിച്ചു ഞാനും റൂമിലേക്ക്‌ നീങ്ങി.

മോശയുടെ  സ്മാരകം

പിറ്റേ ദിവസം നന്നാ രാവിലെ എഴുന്നേറ്റു. ഇന്നത്തെ ആദ്യ യാത്ര മോശ വാഗ്ദത്ത നാട് നോക്കി കണ്ട നെബോ അഥവാ പിസ്ഗാ പര്‍വ്വതത്തിലേക്കാണ്. ഞങ്ങളുടെ ബ്രേക്ക്‌ ഫാസ്റ്റ് സമയം 7 മണി ആയിരുന്നു.  റസ്റ്റോറണ്ടില്‍ എത്തിയപ്പോള്‍ എനിക്ക് അതിശയം തോന്നി; എല്ലാവരും അവിടെ ഹാജരുണ്ട്! ഞങ്ങള്‍ 6 മണിക്ക് തന്നെ റെഡി ആയി ലോബ്ബിയില്‍ കാത്തിരിക്കുകയിരുന്നുയെന്നു ചിലര്‍ പറഞ്ഞു. ഇന്ന് വാഗ്ദത്ത നാട്ടില്‍‌ കാണുവാനുള്ള കാഴ്ചകള്‍  ഓര്‍ത്തു കിടന്നു ഉറക്കം നഷ്ടപ്പെടുതിയവരും ഉണ്ട്. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അമ്മാനിലെ ഞങ്ങളുടെ ടൂര്‍ ഗൈഡ് സുലൈമാന്‍ എത്തി. ദീര്‍ഘനാളത്തെ പരിജയമുണ്ട് സുലൈമാനുമായി. ഞങ്ങളുടെ ലഗ്ഗേജ് ഹോട്ടെല്‍ ജീവനക്കാര്‍ ബസ്സിന്‍റെ അടുത്ത് കൊണ്ടുവന്നു വച്ചിട്ടുണ്ട്. ഓരോരുത്തരും തങ്ങളുടെ ബാഗുകള്‍ പരിശോദിച്ച് ഉറപ്പുവരുത്തി ബസ്സിനുള്ളില്‍ പ്രവേശിച്ചു. ജീവനക്കാര്‍ ലഗ്ഗേജ്കള്‍ ബസ്സില്‍ ലോഡ്ചെയ്തു .

7.30നു തന്നെ ഞങ്ങള്‍ യാത്ര തിരിച്ചു. വളരെ നേരത്തെ യാത്ര തിരിച്ചതിനാല്‍‌ പൊതുവേ തിരക്ക് കുറവായിരുന്നു. സുലൈമാന്‍ എല്ലാവര്‍ക്കും സുപ്രഭാതം നേര്‍ന്ന് ജോര്‍ദാനെക്കുറിച്ചുള്ള പൊതു വിവരങ്ങള്‍ നല്‍കിത്തുടങ്ങി. പഴയ നിയമ കാലത്ത് അമ്മോന്യര്‍, മോവാബിയര്‍, എദോമ്യര്‍, അമ്മോര്യര്‍ തുടങ്ങിയ ജന വിഭാഗങ്ങള്‍ താമസിച്ചിരുന്ന സ്ഥലമാണ്‌ അമ്മാന്‍. അബ്രഹാമുമായി പിരിഞ്ഞ ശേഷം ലോത്ത് തിരഞ്ഞെടുത്ത സ്ഥലമായിരുന്നു ഇത്. ഇന്ന് ജോര്‍ദാന്റെ തലസ്ഥാന നഗരിയാണ്‌ അമ്മാന്‍. ഏകദേശം 30 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. ഇസ്രായേല്‍ ജനത മിസ്രയിമിലെ അടിമത്വത്തില്‍ നിന്നും വിടുതല്‍ പ്രാപിച്ച് തങ്ങളുടെ വാഗ്ദത്ത നാടായ കനാന്‍ ദേശത്ത് പ്രേവേശിക്കുനതിനു മുന്‍പായി കൂടാരം അടിച്ചു പാര്‍ത്ത ജോര്‍ദാന്‍ സമഭുമിയുടെ ഇന്നത്തെ ഭരണ കര്‍ത്താക്കള്‍ ഹംസ്മിതെ രാജവംശമാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ രബ്ബോത്ത് അമ്മോന്‍ എന്നാണ് അമ്മാന്‍ അറിയപ്പെട്ടിരുന്നത്. 2സാമുവേല്‍12:26 ല്‍‌ എന്നാല്‍ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതി രാജനഗരം പിടിച്ചുയെന്നു കാണാം.ഇവിടെ രാജനഗരം എന്ന് പരാമര്‍ശിചച്ചിരിക്കുന്നത് അമ്മനെയാണ്. ഹുസൈന്‍ രാജാവിന്‍റെ മകനായ അബ്ദുല്ലയാണ് ഇപ്പോഴത്തെ ഭരണാധികാരി. ഇവിടുത്തെ കറന്‍സി ജോര്‍ദാനിയന്‍ ദിനാര്‍.

രാവിലെ റോഡില്‍ തിരക്ക് കുറവായിരുന്നത്കൊണ്ട് ഞങ്ങള്‍ വേഗം തന്നെ നെബോ പര്‍വതത്തിന്റെ മുകളില്‍ എത്തി. പിസ്ഗാ കൊടുമുടി എന്നുവിളിക്കുന്ന നെബോ പര്‍വതത്തില്‍ വച്ചാണ് യെഹോവയായ ദൈവം  മോശക്ക് വിശുദ്ധ ഭൂമിയായ കനാന്‍ ദേശം കാണിച്ചുകൊടുക്കുന്നത്. സമുന്ദ്ര നിരപ്പില്‍ നിന്നു ഏകദേശം 817 മീറ്റര്‍ (2680 അടി) ഉയരത്തിലാണ് നെബോ സ്ഥിതിചെയ്യുന്നതു. നെബോ പര്‍വതത്തില്‍ നിന്ന് നോക്കിയാല്‍ ചാവുകടല്‍, ജോര്‍ദാന്‍ നദി,യെരിഹോം , യെഹുദ്യ പര്‍വ്വതനിര, ജെറുസലേം തുടങ്ങിയവയുടെ ഒരു ദൂരക്കാഴ്ച സാദ്ധ്യമാണ്. മോശെ നോക്കിക്കണ്ട വാഗ്ദത്ത ദേശം കണ്‍കളിര്‍ക്കെ നോക്കികണ്ടു. എല്ലാവരും ഒന്നിച്ചുനിന്ന് ചില നിമിഷങ്ങള്‍ പ്രാര്‍ത്ഥിച്ചു

നാലാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മോശയുടെ സ്മരണക്കായി ഇവിടെ ഒരു പള്ളി പണിയപ്പെട്ടിരുന്നു. പിന്നീട് AD 597-ല്‍‌ ഈ പള്ളി പുതുക്കിപ്പണിതു. പില്‍ക്കാലത്ത് ഇവ നശിപ്പിക്കപെട്ടു എങ്കിലും പള്ളിയുടെയും മഠത്തിന്‍റെയും അവശിഷ്ടങ്ങളും, മനോഹരമായ മോസ്സൈക്കുകളും ഒരു കൂടാരത്തിനുള്ളില്‍ സരംക്ഷിച്ചിരിക്കുന്നതു കണ്ടു. ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് പണി ആരംഭിച്ച പുതിയ പള്ളിയുടെ ഉള്ളില്‍ ഇവ സ്ഥാപിക്കുകയാണ് ലക്ഷ്യം എന്ന് ഹുസൈന്‍ പറഞ്ഞു. ചെറിയ ഒരു മുസിയവും ഇവിടെയുണ്ട്. മോശയുടെ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് ഞങ്ങള്‍നീങ്ങി. മോശെയെ  അടക്കം ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് ഈ സ്മാരകം സ്ഥിതിചെയ്യുന്നത്. (മോശയെ ദൈവം അടക്കം ചെയ്തു, സ്ഥലം ഇന്നുവരെയും ആരും അറിയുന്നില്ല (ആവര്‍ത്തനം 34 :6) മോശയുടെ സ്മാരകത്തിന്റെ മുന്‍പില്‍ നിന്നു ഓരോരുത്തരായി ഫോട്ടോ എടുത്തു. വിശുദ്ധ നാട് സന്ദര്‍ശിച്ചതിന്റെ മായാത്ത തെളിവാണ് ഈ ഫോട്ടോ. മറ്റു ചില ടൂര്‍ ഗ്രൂപ്പ്‌കാര്‍ വന്നതുകൊണ്ട് ഞങ്ങള്‍ പുറത്തേക്കിറങ്ങി. ഈ സ്മാരകത്തിന്റെ അടുത്തായി 2000-ല്‍‌ ജോണ്‍ പോള്‍ മാര്‍പാപ്പ ഈ സ്ഥലം സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മക്കായി മറ്റൊരു സ്തൂപം നിര്‍മ്മിച്ചിരിക്കുന്നതും കാണാം. ഞങ്ങള്‍ ബസ്സിലേക്ക് മടങ്ങി. എല്ലാവരും ഉണ്ടെന്നു ഉറപ്പുവരുത്തുന്നതിനായി എണ്ണി ബോദ്ധ്യപ്പെട്ടു.

അടുത്ത യാത്ര മദ്ബയിലേക്ക്. നെബോ പര്‍വതത്തില്‍ നിന്നും 6 മൈല്‍ അകലെയാണ് പ്രസിദ്ധമായ മദബാ പട്ടണം. മോസ്സൈക്ക്ന്റെ നഗരം എന്നും മദബാ അറിയപ്പെട്ടിരുന്നു. ആറാം നൂറ്റാണ്ടില്‍ ഇവിടെ ഒരു പള്ളി ഉണ്ടായിരുന്നുവെന്ന് പിന്നീടു നടന്ന ഗവേക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ജോര്‍ദാനില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ താമസിച്ചിരുന്നതും ഈ മദബായിലായിരുന്നു. ബസ്സ്‌ പാര്‍ക്ക്‌ ചെയ്തതിനു ശേഷം പത്തൊന്‍പതാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച സെന്റ്‌ ജോര്‍ജ് ദേവാലയം കാണുവാനായി ഞങ്ങള്‍ നടന്നു. കുറച്ചു ദൂരം മല കയറി പോകണം. റോഡിന്‍റെ ഇരുവശത്തും കച്ചവടക്കാരാണ്. വഴിയോര കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത് എന്നു നേരത്തെ നിര്‍ദ്ദേശിചിരുന്നതാനിലാകം, പലരും ആകാംക്ഷയോടെ നോക്കിയെങ്കിലും ഒന്നും വാങ്ങിയില്ല. ഗൈഡ് ഹുസൈന്‍ പള്ളിയില്‍ പ്രവേശിക്കാനുള്ള ടിക്കറ്റ്‌മായി അവിടെ നില്‍പ്പുണ്ടായിരുന്നു. പള്ളിയുടെ വെളിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മാപ്പ് കാണിച്ചു ചില കാര്യങ്ങള്‍ ഹുസൈന്‍ വിശദീകരിച്ചു. വേദപുസ്തക ചരിത്രവുമായി വലിയ ബന്ധമില്ലാത്ത കാര്യങ്ങളായതുകൊണ്ടാകാം ആരും അത്ര കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഫ്രാന്‍സിസ്കന്‍ സന്യാസി സമുഹമാണ് ഈ പള്ളിയുടെ സംരക്ഷകര്‍. വേദപുസ്തക ചരിത്രങ്ങള്‍ കൊത്തി വച്ച മൊസൈക്ക് ചുമരുകളില്‍ പതിപ്പിച്ചിട്ടുണ്ട്. ഫോട്ടോ എടുത്തതിനു ശേഷം ഓരോരുത്തരായി പുറത്തേക്കു നടന്നു. അടുത്ത ലക്‌ഷ്യം മൊസൈക്ക് ഉപയോഗിച്ച് വിവിദ തരത്തിലുള്ള കരകൌശല വസ്തുക്കള്‍ ഉണ്ടാക്കുന്ന ഒരു ഫാക്ടറി സന്ദര്‍ശിക്കുകയാണ്. അംഗവൈകല്യoമുള്ളവര്‍ ആണ് ഇവിടുത്തെ തൊഴിലാളികെളന്നതാണ് ഒരു പ്രത്യേകത.  ഇവിടെ വില്‍പ്പനക്ക് വച്ചിരിക്കുന്ന കരകൌശല വസ്തുക്കള്‍ക്ക് ഭയങ്കര വിലയാണ് ഇടാക്കുന്നത്. വില കേട്ട പലരും ഓടി ബസ്സില്‍ കയറി.

ബസ്സില്‍ എത്തിയപ്പോള്‍ എലാവര്‍ക്കും ഓരോ കുപ്പി വെള്ളം ലഭിച്ചു. ഇവിടെ വെള്ളത്തിന്‌ വലിയ ക്ഷാമം ആണ്. കുടി വെള്ളം ലഭിക്കുന്ന പതിവും ഇവിടെ ഹോട്ടലുകളിലില്ല. അതുകൊണ്ട് എല്ലാ ദിവസവും ആവശ്യത്തിനു മിനറല്‍ വാട്ടര്‍ കൊടുക്കുവാന്‍ ടൂര്‍ കമ്പനിയെ മുന്‍കൂട്ടി ഏല്‍പ്പിച്ചിരുന്നു.

ജോര്‍ദാനോട് വിട പറഞ്ഞ് ഇസ്രായയിലേക്ക് യാത്ര തിരിക്കുകയാണ്. ഇസ്രായേല്‍‍ ബോര്‍ഡറിലേക്ക് 200 കിലോമീറ്റര്‍ ദൂരമൂണ്ട്. ഏകദേശം രണ്ടര മണിക്കൂര്‍ യാത്ര. രാജവീഥി (Kings Highway) അഥവാ രാജ പാത എന്നു ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന റോഡിലൂടെയാണ് യാത്ര. 5000 വര്‍ഷത്തോളം പഴക്കമുള്ള ചൈന മുതല്‍ ഈജിപ്ത് വരെ നീണ്ടു കിടക്കുന്ന സില്‍ക്ക് റൂട്ട് എന്ന വാണിജ്യ പാതയുടെ ഭാഗമാണിത്. ഇസ്രായേല്‍ സന്ദര്‍ശനത്തിലെ മറക്കാനാകാത്ത അനുഭവങ്ങളിലൊന്നാണ് ഈ രാജ വീഥിയിലൂടെയുള്ള യാത്ര.

ജാബോക്ക് നദി, അര്‍ന്നോന്‍ താഴ്വര, അര്‍ന്നോന്‍ നദി, കിരിയത്ത് തോട്, ഗദര തുടങ്ങിയ സ്ഥലങ്ങളിളുടെയാണ് യാത്രചെയ്യുന്നത്. ദീര്‍ഘദൂരമുള്ള ഈ  യാത്രയില്‍  ജോര്‍ദാന്‍ താഴ്വരയിലൂടെയാണ് കൂടുതല്‍ സമയവും സഞ്ചരിക്കുന്നത്. ഇരുവശത്തും ഉയര്‍ന്ന് നില്‍ക്കുന്ന ചുണ്ണാമ്പുകല്ലുപോലെയുള്ള  പാറക്കൂട്ടങ്ങള്‍. അങ്ങിങ്ങ് ഒലിവു മരങ്ങളും കാണാം. ഇടയ്ക്കിടക്ക് പച്ചപ്പുകാണാമെന്നൊഴിച്ചാല്‍,പകുതിയിലേറെ ദൂരവുംമൊട്ടക്കുന്നുകളണ്.   പച്ചപ്പുകാണുന്നിടതൊക്കെ ചെമ്മരിയാടുകളെയും, കൊലാടുകളെയും, അവയെ മേയിക്കുന്ന ഇടയന്മാരെയും കാണാം. ഇവുടുത്തെ കൃഷി രീതികള്‍ വ്യത്യസ്തമാണ്. വെയിലും മഴയും കൊള്ളാത്ത പോളിത്തീന്‍ ടെന്റുകളിലാണ് കൃഷി ചെയ്യുന്നത്. ഞങ്ങളുടെ യാത്രയില്‍ പല സ്ഥലത്തും ഇതുപോലുള്ള  ടെന്റുകള്‍ കാണാമായിരുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നും പച്ചക്കറികളും പഴവര്‍ഗങ്ങളും കൊണ്ടുവന്ന് വഴിയരികില്‍ വെച്ച് വില്‍ക്കുന്ന സാധാരണക്കാരെ ഇടയ്ക്കിടെ കാണാം. രാസവളങ്ങളും, കീടനാശിനിയും ഉപയോഗിക്കാതെയാണ് ഇവരുടെ കൃഷി രീതി.. കീടനാശിനി തളിച്ച പച്ചക്കറികളും, പഴവര്‍ഗങ്ങളും കഴിച്ചു ശീലിച്ച നമുക്ക് ഈ കാഴ്ച തന്നെ മനസ്സിനൊരു സുഖമാണ്! തക്കാളിയും, ഉരുളക്കിഴ്ങ്ങും, ക്യാരറ്റും, അത്തിപ്പഴവും, ഈന്തപ്പഴവും തുടങ്ങി ഒട്ടനവധി സാധനങ്ങള്‍ വില്‍പ്പനയ്കായി വച്ചിരിക്കുന്നു.

ഈ കാഴ്ചകളൊക്കെ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലാണ് പലരും. ഇടയ്ക്കിടയ്ക്ക് കാണുന്ന മിലിട്ടറി ചെക്ക് പോസ്റ്റുകള്‍! സയറന്‍ മുഴക്കി നീങ്ങുന്ന പോലീസ് വാഹനങ്ങള്‍.... ഇവയുടെ ഒന്നും ഫോട്ടോ എടുക്കരുതെന്ന് ഹുസൈന്‍ ഇടയ്കിടെ പറഞ്ഞുകൊണ്ടിരുന്നു.                                                                (തുടരും)

 


Click here to read Part 2


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,965

PEOPLE VIEWED THIS ARTICLEനിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

 1. The author of each article published on this web site owns his or her own words.
 2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
 3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2022. All Rights Reserved. 212718 Website Designed and Developed by: CreaveLabs