അഭിമുഖം കനലെരിയുന്ന അനുഭവവുമായി ബ്രദര്‍ ആര്‍.എസ്സ്. വിജയരാജ് (RSV)

Voice Of Desert 10 years ago comments
അഭിമുഖം     കനലെരിയുന്ന  അനുഭവവുമായി ബ്രദര്‍ ആര്‍.എസ്സ്. വിജയരാജ് (RSV)

നൊമ്പരങ്ങളില്‍  വിരിഞ്ഞ ആര്‍ദ്ര  സ്നേഹത്തിന്റെ  രാഗശ്രുതികള്‍ മീട്ടുമ്പോള്‍  ആര്‍ എസ് വി  എന്ന ഗായകന്‍  ഒരിക്കലും വറ്റാത്ത  സ്നേഹ സോത്രസ്സുകളിലേക്കാണ് കേള്‍വിക്കാരെ നയിക്കുന്നത്.വിശ്വാസ ജീവിതം  പകര്‍ന്നു  നല്‍കിയ  സങ്കടച്ചൂടിലുരിത്തിരിഞ്ഞ ജീവിത  യാഥാത്ഥൃങ്ങള്‍ ആത്മ സംവാദം  നടത്തുന്ന വരികള്‍ ... അനാഥരോടും  എല്ലാം നഷ്ടപ്പെട്ടവരോടും ഇനിയും  മറ്റൊന്നും  പ്രതീക്ഷിക്കാന്‍  വകയില്ലാത്തവരോടും ആത്മ മണവാളനായ ക്രിസ്തു എല്ലാറ്റിനും  പരിഹാരമെന്ന്‍  ഓര്‍പ്പിച്ചുണര്‍ത്തുന്ന നിരവധി ഗാനങ്ങളുടെ സൃഷ്ടിതാവാണ് ആര്‍ എസ് വി 

 

നിഷ്കളങ്കമായ  ദൈവീക സാന്നിദ്ധ്യത്തിലേക്ക് ഹൃദയത്തെ അടുപ്പിക്കുന്ന ക്രൈസ്തവ ഗാനങ്ങള്‍ക്കു പകരം മനസ്സിനെ മലിനപ്പെടുത്തുന്ന ഗാന വൈകൃതങ്ങള്‍ സാംക്രമിക ശക്തിയോടെ ആത്മീക വേദികളെപ്പോലും കീഴടക്കുന്ന ഈ കാലയളവില്‍ ആശ്രയമറ്റവന്റെ  അവസാന പിടിവള്ളി പോലെ ആര്‍ എസ് വി  യുടെ  ഗാനങ്ങള്‍  തിളങ്ങി നില്‍ക്കുന്നു. വേദന കൊണ്ട്  പിടയുന്നവര്‍ക്ക്  ആശ്വാസം  മാത്രമല്ല; ആത്മാവില്‍  ആരാധിക്കുവാനും  ദൈവിക വിടുതല്‍ പ്രാപിക്കുവാനും  ഈ  ഗാനങ്ങള്‍  സഹായകരമാണ് .

 

250-ളം പാട്ടുകള്‍ എഴുതിയ ആര്‍.എസ്.വിയുമായി "Voice of Desert"ന്‍റ ചീഫ് എഡിറ്റര്‍ കെ.ബി.ഐസക്ക് നടത്തിയ  അഭിമുഖത്തിന്‍റെ  പ്രസക്തഭാഗങ്ങള്‍

 

തന്‍റെ  മക്കള്‍ക്കായ്‌  കരുതുന്ന  ദൈവത്തിന്‍റെ  ശ്രേഷ്ടതയെ  പുക്ഴത്തുന്ന ഈരടികള്‍  തീര്‍ച്ചയായും  ആനന്ദം  നല്‍കുന്നു. എന്നാല്‍ ദൈവം ഭൌതിക അനുഗ്രഹങ്ങളുടെ  മാത്രം ദൈവമെന്ന്‍ തോന്നിപ്പിക്കുന്ന ഗാനങ്ങള്‍  ചിലരിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നില്ലേ...?

 

“എന്‍റെ  ദൈവത്താല്‍  എന്‍റെ  ദൈവത്താല്‍ നിശ്ചയം അനുഗ്രഹം  പ്രാപിച്ചീടും ഞാന്‍ ‍”  എന്ന ഗാനത്തെക്കുറിച്ചാണിതെന്ന് ഞാന്‍ മനസിലാക്കുന്നു. എന്‍റെ  ജീവിത  സാഹചര്യങ്ങളില്‍ വിശ്വാസത്തിന്‍റെ  ആഴം ,എന്‍റെ  പ്രത്യാശയൊക്കെ  വെളിപ്പെടുത്തുന്നതാണ്  ഞാന്‍  എഴുതിയ  എല്ലാ ഗാനങ്ങളും . എന്‍റെ  രണ്ടാമത്തെ മകള്‍ക്ക്  മുന്നു വയസ്സിനോടടുത്ത  പ്രായം. വിശ്വാസ ജീവിതം  നയിച്ചിരുന്ന ഞങ്ങള്‍ ആഹാരത്തിനായി വളരെ  ഞെരുങ്ങിയിരുന്ന  കാലം . ദൈവവുമായുള്ള  ഞങ്ങളുടെ  ഉടമ്പടി പ്രകാരം, ഞങ്ങള്‍ ദൈവത്തിന്റെ  കാര്യം  നോക്കുകയും  ദൈവം  ഞങ്ങളുടെ  കാര്യം  നോക്കുകയും  ചെയ്യണമന്നുള്ളതാണ്. എന്നാല്‍  കുഞ്ഞുങ്ങള്‍ക്ക്  ആവശ്യത്തിന്‍ ആഹാരം ഇല്ലാത്ത  അവസ്ഥയില്‍  ദൈവത്തോട്  ചോദിച്ച  കാര്യങ്ങള്‍ക്ക്  ദൈവം ഉത്തരം നല്‍കി “ നിനക്ക് അവകാശപ്പെട്ടവയെ  ചോദിച്ച് വാങ്ങുക. എന്റെ വചനത്തില്‍  എഴുതിയിരിക്കുന്ന  നന്മകള്‍  എല്ലാം നിനക്ക്  അവകാശപ്പെട്ടവയാണ്.”  വിശ്വാസത്തോടെ  അന്നു  പാടിത്തുടങ്ങി: “ എന്റെ വീട്ടില്‍ ആഹാരം  കുറയുകില്ലാ....” ഞങ്ങള്‍  വിശ്വാസത്താല്‍  എന്തു പാടിയോ അതു തന്നെ  ഞങ്ങളുടെ  ജീവിതത്തില്‍ സംഭവിക്കുകയും ചെയ്തു.

 

മാത്രമല്ല,  "എന്നെ എതിര്‍ക്കുന്ന ശത്രുക്കളെല്ലാം ചിന്നഭിന്നമായ് പോകും എന്റെ ദൈവത്താല്‍" ദാരിദ്യം, പട്ടിണി, രോഗം .. എല്ലാം നമ്മില്‍ നിന്നും മാറിപ്പോകുവാന്‍  വിശ്വാസത്താല്‍  അവകാശപ്പെടണം. “ ജീവിത  പങ്കാളിയും  എന്റെ മക്കളും” ദൈവം നല്‍കുന്ന നന്മാകളാണ്. അവരവര്‍ക്ക് ഒരുക്കിയ ജീവിത പങ്കാളിയ്ക്കായ്  പ്രാര്‍ത്ഥിച്ച് നാം കാത്തിരിക്കണം . ആയതിനായ്  വിശ്വാസത്തോടെ  ശരീരത്തെയും മനസ്സിനെയും  സൂക്ഷിക്കണം.

 

"വായ്പ വാങ്ങാന്‍ ഇടവരികയില്ല  കൊടുക്കുവാനോ  ദൈവം സമ്രദ്ധി നല്‍കും" ഒന്ന്‍ വിശദീകരിക്കുമോ . എത്രത്തോളം  പ്രായോഗികമാണിത്?

 

സുവിശേഷവേലയുടെ ആരംഭ കാലങ്ങളില്‍  ഞാനെടുത്ത തീരുമാനാമാണിത് . പട്ടിണി കിടക്കേണ്ടി  വന്നാലും  വായ്പ  വാങ്ങില്ലായെന്ന തീരുമാനം.  അനേകം  സന്ദര്‍ഭങ്ങളില്‍ ഈ നിലപാടിലുറച്ചു  നില്‍ക്കാന്‍ ദൈവം സഹായിച്ചു .  തിരിച്ചു നല്‍കാന്‍ വകയില്ലാതെ മറ്റൊരാളില്‍ നിന്നും കടം  വാങ്ങുന്നതാണ് വായ്പ  എന്നതു കൊണ്ട്  ഉദ്ദേശിക്കുന്നത് . ഈ പറഞ്ഞ  കാര്യങ്ങള്‍ എല്ലാം  ഒരു ഭക്തനില്‍  സംഭവിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദേശത്ത് അനുഗ്രഹിക്കപ്പെടുവാനും ജോലിയില്‍  അനുഗ്രഹിക്കപ്പെടുവാനും , വീട്ടില്‍ ആഹാരം കുറയാതിരിക്കുവാനും  നാം വചനം പോലെ ജീവികണം.  ദൈവ വഴിയില്‍ തന്നെ നടക്കണം. ഇത്  എന്റെ  വിശ്വാസത്തിന്റെ വാക്കുകളാണ്. സമ്യദ്ധിയ്ക്കായുള്ള  യാചനയല്ല; ദൈവം നന്മകളുടെ  ഉറവിടമെന്ന്‍ ഞാന്‍ പൂര്‍ണ്ണമായും  വിശ്വസിക്കുന്നു. ആഹാരം  ഇല്ലാത്തവന്റെ  വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന  എന്റെ  അനുഭവമാണിത്.

ആഴമായ് വിശ്വസിക്കുന്ന  ഭക്തന്മാര്‍ക്കായ്‌  അത്ഭുത വഴികള്‍  തുറക്കുന്ന ദൈവത്തിന്റെ കരുതലിന്റെ ആഴം  വര്‍ണ്ണിക്കുന്ന വരികളാണു് "യഹോവ യിരേ... യിരേ... യിരേ... തന്‍ മക്കള്‍ക്കായ്‌ ദൈവം,കരുതുന്നുന്നതമായ്..."  ഈ ഗാനത്തിന്റെ പശ്ചാത്തലമെന്താണ് ?

 

എന്റെ മൂത്ത മകള്‍ അക്സ  ഒന്നാം   ക്ലാസ്സില്‍  പഠിക്കുമ്പോള്‍  ഫിസ്  കൊടുക്കുവാന്‍ കഴിയാതെ വളരെ ഭാരപ്പെട്ടു. തിരുനെല്‍വേലിയിലെ ഡോണാവുരിലുള്ള  മിഷണറിമാരുടെ  മക്കള്‍ക്കായുള്ള സ്ക്കുളിലാണ് മകള്‍ പഠിച്ചത്. ആ സമയത്ത്  ഞങ്ങള്‍ വടക്കേ ഇന്ത്യയില്‍  വിശ്വാസ ജീവിതം നയിക്കുകയായിരുന്നു . മുന്നു മാസത്തെ  ഫീസ് മുടങ്ങി. സ്കുളില്‍ നിന്നും കത്തു വന്നു. എന്തു ചെയണമെന്നറിയാതെ  ഭാരപ്പെട്ടു..  ചിന്താകുലങ്ങള്‍ എല്ലാം  കര്‍ത്താവില്‍  ഇട്ടുകൊള്‍വാനും , കര്‍ത്താവു  കരുതുന്നുണ്ടെന്നും  അവിടുന്നു  സംസാരിച്ചു. കണ്ടിട്ടില്ലാത്ത ആളുകളിലൂടെയും കേട്ടിട്ടില്ലാത്ത വഴികളിലൂടെയും  താന്‍  പ്രവര്‍ത്തിക്കുമെന്ന്‍  ദൈവാത്മാവു സംസാരിച്ചു. ആ ദിവസങ്ങളില്‍  ലഭിച്ച  ഉറപ്പാണ്  യഹോവ യിരേ  എന്ന ഗാനത്തിന്  പിന്നിലെ  വിശ്വാസപ്രഖ്യാപനത്തിന്റെ ധൈര്യം . ചില  ദിവസങ്ങള്‍  കഴിഞ്ഞപ്പോള്‍  സ്കൂളില്‍നിന്നും  ഒരു കത്തു കൂടി വന്നു:...  മകളുടെ ഫീസ് അജ്ഞാതനായ ഒരാള്‍  തീര്‍ത്തുയെന്നും  ഒരു ചെറിയ തുക നീക്കിയിരിപ്പ് ബാക്കിയുണ്ടെന്നും കാണിച്ചായിരുന്നു കത്ത് . സ്കൂളില്‍ സന്ദര്‍ശനത്തിന് വന്ന ഒരു സുവിശേഷ സ്നേഹി ഫീസ് മുടങ്ങി കിടക്കുന്ന കൂട്ടികളുടെ ലിസ്റ്റില്‍ അക് സയെന്ന പേര് കണ്ടെത്തി അടച്ചതായ തുക ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുള്ള  മറുപടിയായിരുന്നു. “യഹോവ യിരേ” തന്റെ മക്കള്‍ക്കായി കരുതുന്ന  ഈ ദൈവത്തെ ഞാന്‍ എന്തിന് അവിശ്വസിക്കണം?

 

ആത്മീയ സമൂഹം കണ്ണുനീരോടെ പാടി  ദൈവ സന്നിധിയില്‍ അഭയം തേടുന്ന, ആത്മ ധൈര്യം പ്രാപിക്കുന്ന ഒരു ഗാനമാണ്  “പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍ .. പരിഹാരം എനിക്കായ് കരുതീട്ടുണ്ട്;  എന്തിനെന്നു ചോദിക്കില്ല  ഞാന്‍ , എന്റെ  നന്മയ്ക്കായെന്നറിയുന്നു ഞാന്‍ “. ഇത്രമാത്രം  വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ടോ?

 

നാഗ്പൂരില്‍  താമസിച്ച് സംഗീത ശുശ്രുഷകള്‍  ചെയ്യുന്ന  ആദ്യകാലങ്ങളില്‍  എഴുതിയ ഗാനങ്ങളെല്ലാം  വിശ്വാസ ജീവിതത്തിന്റെ  ശോധനയിലെഴുതിയ  ഗാനങ്ങളാണ്. തീര്‍ച്ചായായും ദൈവം കരുതുന്നവനാണ്. തന്റെ മക്കള്‍ക്കായി കരുതുന്നവന്‍. സംശയം ഇല്ല . എരിതീയില്‍  വീണാലും ഞാനവിടെ ഏകനല്ല. വീഴുന്നത് തീയിലല്ല  യേശുവിന്റെ  കരങ്ങളിലാണ് . ഒരു ഭക്തന്റെ ഉറപ്പായിരിക്കണമിത്.  ഇങ്ങനെയുള്ള ധാരാളം സന്ദര്‍ഭങ്ങളില്‍ എഴുതിയ നിരവധി ഗാനങ്ങള്‍ ഉണ്ട്.

 

ഒരിക്കല്‍ എന്റെ മകള്‍ കഠിനമായ രോഗാവസ്ഥയിലുടെ കടന്നു പോയി. ഈ രോഗം നീങ്ങിപ്പോകുവാന്‍  ശാസിച്ച് പ്രാത്ഥിക്കുവാന്‍  ദൈവാത്മാവ് പ്രേരിപ്പിച്ചു. ദൈവം  അത്ഭുതമായി കുഞ്ഞിനെ സൗഖൃമാക്കി. അന്ന്  രാത്രിയില്‍  ദൈവം തന്ന വാക്കാണ് “ജയാളി” ഈ ലോകത്തില്‍ ഞാന്‍ വന്നത്  ഭാരങ്ങളില്‍  കരയുവാനല്ല , തകരുവാനല്ല , ജയാളിയാകുവാനാണ് തുടര്‍ന്ന്‍  “സര്‍വ്വശക്തനാണല്ലോ  എന്റെ ദൈവം .. ഇല്ലില്ലാ അസാധ്യമായാത് ഒന്നുമില്ല” തുടങ്ങിയ  ഗാനങ്ങള്‍  ദൈവം തന്നു . “ റാഫ യഹോവ”  നിന്നെ സൗഖൃമാക്കുന്നവന്‍   ഇത് എന്റെ അനുഭവമാണ്.

 

മകളുടെ  രോഗാവസ്ഥയില്‍  ഉണ്ടായ ദൈവീക സന്ദര്‍ശനം  മനസ്സിലാക്കുന്നു;  വ്യക്തിപരമായി ഏതെങ്കിലും അനുഭവമുണ്ടോ?

 

ഒരിക്കല്‍ ഞാന്‍ കഠിനമായ നടുവ്  വേദനയാല്‍  ക്ലേശിച്ചു. അംഗവൈകല്യം വരെ  സംഭവിക്കാമെന്ന്‍  ഡോക്ടര്‍  വിധിയെഴുതി. നട്ടെല്ലില്‍  ഉളള രോഗം  നിമിത്തം  ഒരു  രാത്രി  മുഴുവനും ഭയത്താല്‍  ആകുലനായി. ദൈവത്തിലാശ്രയിച്ച്  പ്രാര്‍ത്ഥിച്ചപ്പോള്‍  ദൈവം ചില വരികള്‍ തന്നു .”യേശുവേ ഒരു വാക്കു മതി“  നീ കല്പ്പിക്ക്; ഞാന്‍  സൗഖ്യമാകട്ടെ.. . യേശുവിന്റെ വാക്കുകള്‍  ശാസ്ത്രത്തെ തോല്പ്പിക്കുന്നതാണ് . ഞാന്‍  ആത്മാവില്‍ ബലപ്പെട്ടു. അടുത്ത ദിവസം  ഡോക്ടറെ കണ്ട്  പരിശോധിച്ചപ്പോള്‍  “ഒരു കുഴപ്പവുമില്ല”.  ദൈവം കരം തൊട്ട് എന്നെ സൗഖ്യമാക്കിയെന്ന് എനിക്ക്  ബോധ്യമായി .  സൗഖ്യമായെന്ന ബോദ്ധ്യത്തോടെ  എഴുതിയതാണ് ഈ ഗാനത്തിന്റെ  വരികള്‍ :

“യേശുവേ  ഒരു വാക്കു മതി   

എന്‍ ജീവിതം മാറിടുവാന്‍

നിന്റെ സന്നിധിയില്‍ ഇപ്പോള്‍ ഞാന്‍

നിന്റെ മൊഴികള്‍ക്കായ് വാഞ്ചിക്കുന്നേ”

 

കുടുംബ പശ്ചാത്തലം?  പ്രവര്‍ത്തനമേഖല? ലക്ഷ്യം?

സുവിശേഷ വേലക്കാരുടെ  കുടുംബത്തില്‍  പിറന്നത് ഭാഗ്യമായി  കരുതുന്നു. എന്റെ പിതാവും, മാതാവിന്റെ പിതാവും  സുവിശേഷകരാണ് . 16 വര്‍ഷമായി നാഗ്പൂരില്‍ താമസിച്ച്  കുടുംബമായി ദൈവവേലയിലായിരിക്കുന്നു . ഞാന്‍ എഴുതിയ 250-ഓളം ഗാനങ്ങളില്‍ (മലയാളം, ഇംഗ്ലീഷ്)  പലതും ഹിന്ദി, കന്നഡ, തമിഴ് തുടങ്ങിയ  ഭാഷകളിലേക്ക്  വിവര്‍ത്തനം  ചെയ്തിട്ടുണ്ട്.

 

സംഗീത ശുശ്രൂഷകളിലൂടെ  ദൈവവേലയെന്ന ലക്ഷ്യത്തോടെ  ‘7 EYES’  എന്ന പേരില്‍ സംഘടന തുടങ്ങി പ്രവര്‍ത്തനം ആരംഭിക്കുവാന്‍ ദൈവം സാഹായിച്ചു. എന്റെ വിശ്വാസമാണ് എന്റെ ലക്ഷ്യത്തെ പൂര്‍ത്തീകരിക്കുന്ന  ശക്തി . ഈ ഗാനം പോലെ തന്നെ...

 

"അസാദ്ധ്യമായ് എനിക്കൊന്നുമില്ല

 എന്നെ ശക്തനാക്കുന്നവന്‍  മുഖാന്തിരം

 ബുദ്ധിക്കതീതമാം അത്യത്ഭുങ്ങാളാല്‍

 എന്റെ ദൈവം എന്നെ നടത്തുന്നു.

 സാദ്ധ്യമെ  എല്ലാം സാദ്ധ്യമെ –എന്‍

 യേശു എന്‍ കൂടെയുളളതാല്‍”

                        

Brother RSV (ബ്രദര്‍ ആര്‍.എസ്സ്. വിജയരാജ് )

പാസ്റ്റര്‍ രാജയ്യന്‍-സില്ലാള്‍ ദമ്പതികളുടെ  മകനായ് നെയ്യാറ്റിന്‍കരയില്‍  1966 മെയ്‌ 30ന് ജനിച്ചു. ഇന്ത്യയിലെ പ്രാരoഭകാല  സഭാപ്രസ്ഥാനമായ ചര്‍ച്ച് ഓഫ് ഗോഡിലെ  സുവിശേഷകനായ പിതാവിന്റെ  പാത പിന്‍പറ്റി  ആത്മീയ ദര്‍ശനത്തില്‍ വളര്‍ന്നു. വിദ്യാഭ്യാസാനന്തരം പാരലല്‍  കോളേജ് അധ്യപകനായ് ജോലി ചെയ്തുകൊണ്ട്  Pr. എന്‍.  പീറ്ററിന്റെ നേത്യത്വത്തിലുള്ള ഗായക സംഘത്തില്‍  പ്രവര്‍ത്തിച്ചു  (1983-90). 1991-94   കാലയളവില്‍ കണ്ണൂരിലുള്ള  സര്‍ക്കാര്‍  ഐ.റ്റി.ഐ യില്‍  ജോലി ചെയ്തു. സുവിശേഷ  വേലയ്ക്കുള്ള  പൂര്‍ണ്ണ സമയ  വിളിയുണ്ടായത്  1994 ജുണില്‍. ബ്രദര്‍ പി. ജി. വര്‍ഗ്ഗീസിന്റെ  ഗ്രന്ഥം വായിച്ച് ആകൃഷ്ടനായി  I E T യില്‍ ചേര്‍ന്നു .1994-ഒക്റ്റോബര്‍26 മുതല്‍  18 വര്‍ഷം മിഷണറിയായും , സംഗീത ശുശ്രൂഷകനായും IET(Indian Evangelical Team)യില്‍ പ്രവര്‍ത്തിച്ചു . 2012–ല്‍  7 EYES  എന്ന സംഘടന രൂപീകരിച്ച് നാഗ്പൂരില്‍ മിഷണറിയായി  പ്രവര്‍ത്തിക്കുന്നു. ഭാര്യ:  വല്‍സ, മക്കള്‍ :  അക് സ, ജെമി, ഡാനി.


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,236

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 472001 Website Designed and Developed by: CreaveLabs