
ക്രിസ്തുമാര്‍ഗ്ഗം വിപ്ലവത്തിന്റെ മാര്‍ഗ്ഗമല്ല. സ്‌നേഹത്തിന്റേയും സഹനതയുടേയും മാര്‍ഗ്ഗമാണു… സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന തിന്മകള്‍ക്കെതിരെ ശബ്ദിക്കുവാന്‍ ക്രിസ്തു പ്രചോദനമേകി. പുറന്തള്ളപ്പെട്ടവരുടേയും നീതി നിഷേധിക്കപ്പെട്ടവരുടേയും അത്താണിയായിരുന്നു ക്രിസ്തു. കുരുടര്‍, കുഷ്ടരോഗികള്‍, അനാഥര്‍, വിധവകള്‍ തുടങ്ങി ഒരു അപ്പക്കഷണത്തിനായ് പലസ്തീന്‍ തെരുവുകളില്‍ തമ്മിലടിക്കുന്ന പതിനായിരങ്ങളുടെ പ്രതീക്ഷയായിരുന്നു ക്രിസ്തു. അടിച്ചമര്‍ത്തപ്പെട്ട മര്‍ദ്ദിതവര്‍ഗ്ഗത്തെ ദൈവീക സംസര്‍ഗ്ഗത്തിലൂടെ ദൈവമക്കളാക്കുവാന്‍ യേശു അനുകമ്പയുടെ ആള്‍ രൂപമായി. ആലംബഹീനരും ആശ്വാസം നഷ്ടപ്പെട്ടവരുമായ മനുഷ്യരാശിയെ സ്‌നേഹിക്കാത്ത 'കപട' വ്യവസ്ഥിതിയെ യേശു വിമര്‍ശിച്ചു
യേശു തീര്‍ത്ത സ്‌നേഹ സാമ്രാജ്യത്തിന്റെ വക്താക്കളായ ശിഷ്യന്മാരും പറയുന്നതു മറ്റൊന്നല്ല. 'ഞാന്‍ മനുഷ്യരുടേയും ദൂതന്മാരുടേയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ''… 'വോയ്‌സ് ഓഫ് ഡെസേര്‍ട്ട്'' മരുഭൂമിയിലെ ശബ്ദമാണു. വചനത്തിന്റെ നേര്‍വെളിച്ചം തെളിമയോടെ സുതാര്യതയോടെ കണ്മുന്‍പില്‍... ആശ്വാസത്തിന്റേയും അനുഗ്രഹത്തിന്റേയും സന്ദേശങ്ങള്‍ ഒരു വിരല്‍ത്തുമ്പില്‍...
അതെ! വീരോചിത ചിന്തകള്‍ പങ്കിടുകവഴി നിസ്തുലജീവിതത്തിലേക്ക് വായനക്കാരെ നയിക്കുവാന്‍ നിയോഗിതരായ ഒരുപറ്റം ചെറുപ്പക്കാരുടെ ഉദ്യമമാണു 'വോയ്‌സ് ഓഫ് ഡെസേര്‍ട്ട്''. 'അവനെ ഞങ്ങള്‍ അറിയിക്കുന്നതില്‍ ഏതു മനുഷ്യനെയും ക്രിസ്തുവില്‍ തികഞ്ഞവനായി നിറുത്തേണ്ടതിനു... പ്രബോധിപ്പിക്കുകയും ... സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കുകയും ചെയ്യുന്നു. (കൊലൊസ്യര്‍. 1:28). വേദപുസ്തകത്തെ ആസ്പദമാക്കി നിരൂപണപരമായ ചിന്തകള്‍ ഗുണാഗുണ ബോധത്തോടെ അനുഭവങ്ങളില്‍ നിന്നും വായനക്കാര്‍ക്കായ് സമര്‍പ്പിക്കുമ്പോള്‍ തന്നെ ഞങ്ങളുടെ ആപ്തവാക്യം ഒരിക്കല്‍ക്കൂടി ഉയര്‍ത്തിപ്പിടിക്കട്ടെ. 'വീരോചിത ചിന്ത വിശ്വസ്ത ജീവിതം''
അപ്പോസ്തലനായ പൗലോസ് നിജപുത്രനായ തിമൊഥെയോസിനെഴുതി 'ഭീരുത്വത്തിന്റെ ആത്മാവിനെയല്ല; ശക്തിയുടേയും സ്‌നേഹത്തിന്റേയും സുബോധത്തിന്റേയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്. (1 തിമൊ. 1:7)
വിശ്വാസ വീരന്മാര്‍ ഭയരഹിതമായി ചുവടുകള്‍ വയ്ക്കണം. മുന്നേറ്റത്തിന്റെ പാതയില്‍ ദുര്‍ഘടങ്ങള്‍ ഉണ്ട്. കാലിടറരുത്. നാം പ്രാപിച്ച ശക്തി അമാനുഷികമാണു. ഇപ്രകാരം സിംഹത്തെപ്പോലും കീറിക്കളയുവാന്‍ ധൈര്യം കാട്ടിയ വീരന്മാരെ നാം ഓര്‍ക്കണം..
വീരോചിത ചിന്തയും ധീരതയും ഒരു നല്ല ഭടന്റെ ലക്ഷണമാണു; ക്രിസ്തുവേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക. (1 തിമൊ. 2:3). കഷ്ടതയിലാണു അഥവാ പ്രതിസ്ന്ധിയിലാണു ധീരത കാണിക്കേണ്ടത്. ലക്ഷ്യപ്രാപ്തിക്കായി കഷ്ടത സഹിക്കുന്നവനാണു നല്ല ഭടന്‍. ക്രിസ്തു നിമിത്തം കഷ്ടത സഹിക്കുന്ന ധീരന്മാര്‍ ദൈവവിളിയെക്കുറിച്ചുള്ള ''നിര്‍ണ്ണയം' പ്രാപിച്ചവരായിരിക്കണം.
'ണ്ട ന്റണ്ഡ ്വഗ്നത്സ ന്ധഗ്ന ക്ഷദ്ധദ്ദന്ന്ധ ന്റദ്ദന്റദ്ധ ന്ഥന്ധ ദ്ധ ഗ്മണ്ഡനുത്സന്റ്വരൂപ നു ണ്ഡഗ്ന ന്ഥന്ധനുത്സന്ഥ ന്റ ്രനുത്മദ്ധരൂപ ന്ഥ'' എന്നു പറഞ്ഞുകൊണ്ട് നവീകരണത്തിന്റെ ഇടിമിന്നലായ് ജര്‍മ്മനിയിലെ പുരോഹിത വര്‍ഗ്ഗത്തിന്റെ ഉറക്കം കെടുത്തിയ മാര്‍ട്ടിന്‍ ലൂഥര്‍ ഇപ്രകാരം നിര്‍ണ്ണയം പ്രാപിച്ചിരുന്നു. മറ്റൊരു സുവിശേഷവും മറ്റൊരു യേശുവും മറ്റൊരു ആത്മാവും പണ്ടത്തെക്കാളുപരി വ്യതന്മാരെപ്പോലും തെറ്റിക്കുമ്പോള്‍ മാര്‍ട്ടിന്‍ ലൂഥറിനെപ്പോലെ നവീകരണ ശില്‍പ്പികള്‍, പ്രഭാഷകര്‍, എഴുത്തുകാര്‍, ഗായകര്‍, എഴുത്തുകാര്‍, വേദപണ്ഡിതര്‍ നമ്മുടെയിടയില്‍ നിന്നെഴുന്നേല്‍ക്കണം. നമുക്ക് അതിനൊരു പ്രചോദനകേന്ദ്രമായ് നില്‍ക്കാന്‍ കഴിയുമോ?
ധീരന്മാര്‍ എതിര്‍പ്പുകളെ ഉള്‍ക്കൊള്ളുന്നവരായിരിക്കണം. വിശ്വസ്തരായിരിക്കണം. ശത്രുസൈന്യം വെല്ലുവിളിക്കുമ്പോള്‍ ദൈവീകനിര്‍ണ്ണയം പ്രാപിച്ച ദാവീദ് എല്ലാം മറന്ന് യുദ്ധമുഖത്തേക്കു പാഞ്ഞു. മൂത്ത സഹോദരനായ ഏലിയാബ് കോപത്തോടെ ദാവീദിനെ ശകാരിച്ചു. 'നീ എന്തിനാണു ഇവിടെ വന്നത്?''
ശത്രുവല്ല; നിന്റെ സഹോദരന്മാര്‍ തന്നെ നിനക്കെതിരെ വെല്ലുവിളികള്‍ ഉയര്‍ത്തും. നിന്റെ മനോവീര്യം കെട്ടുപോകരുത്. ലക്ഷ്യത്തില്‍നിന്നും മാറരുത്. വിശ്വസ്തനായ് യുദ്ധസേവ ചെയ്യണം. നാം ദൈവത്തെയാണു പ്രസാദിപ്പിക്കേണ്ടത്. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞു ''നേത്യത്വം എന്നത് എല്ലാവരോടുമുള്ള പ്രീതിവാത്സല്യമല്ല'. ദൈവീക കല്‍പ്പനകളോടും ദൈവജനത്തോടുമുള്ള വിശ്വസ്തത മുറുകെ പിടിച്ച പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക 'നീ ... കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാന്‍ സമര്‍ത്ഥരായ വിശ്വസ്ത മനുഷ്യരെ ഭരമേല്‍പ്പിക്ക...''.
വിശ്വസ്തന്മാര്‍ മനുഷ്യപുത്രന്മാരുടെ ഇടയില്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ വിശ്വസ്തരെന്നെണ്ണി ദൈവം നമ്മെ തന്റെ പ്രവര്‍ത്തിക്കായ് വേര്‍തിരിച്ചു. ഭാരതത്തില്‍ മാത്രമല്ല, ലോകമെങ്ങും ആത്മീക നവോത്ഥാനം മുന്നില്‍ കാണൂന്ന പ്രാര്‍ത്ഥനാനിരതരായ യുവതിയുവാക്കന്മാരേ ഇതു നിങ്ങള്‍ക്കു പ്രവര്‍ത്തിക്കാനുള്ള സമയമാണു.നിങ്ങള്‍ക്കു മാത്രമേ ഈ ദൗത്യം നിറവേറ്റാനാവൂ...
''വീരോചിത ചിന്തകള്‍... വിശ്വസ്തതയോടെ..' മരുഭൂമിയില്‍ മുഴങ്ങുന്ന ശബ്ദം!
ക്രൈസ്തവ സമൂഹത്തിന്റെ നവീകരണത്തിനായ്... ഉണര്‍വ്വിനായ്... പ്രാര്‍ത്ഥനാപുരസ്സരം വോയ്‌സ് ഓഫ് ഡെസേര്‍ട്ട് സമര്‍പ്പിക്കുന്നു...
ന്ന. ങ്ങ. ണ്ടന്ഥന്ഥന്റ