
ലോകം ഒരു യുദ്ദക്കളമാണ്.ചോര ചീന്താത്ത, വെടിയുതിരാത്ത ഒരു ദിനമില്ല.രക്തത്തില്‍ രക്തവും മാംസത്തില്‍ മാംസവുമായ സ്വന്ത സഹോദരങ്ങള്‍ തമ്മിലാണ് രക്ത ചൊരിച്ചില്‍.ഇരുളിലേക്ക് ജനലക്ഷങ്ങള്‍ ആട്ടിപ്പയിക്കപെടുന്നു.ജീവനോടെ കുഴിച്ചുമൂടപ്പെട്ടവരും വെടിയുണ്ടകള്‍ ഏറ്റുവാങ്ങി പ്രാണന്‍ വിട്ടവരും ഈ മണ്ണിലെ ക്രൂര വിനോദങ്ങള്‍ക്ക് ഇനി ഇരയാകുകയില്ലല്ലോ.കഴുത്ത് അറുക്കപെട്ടു പിടയുന്ന കബന്ധങ്ങള്‍ക്ക് പറയാന്‍ ചിലതൊക്കെയുണ്ട്.ജന്മഭൂമിയെപറ്റി; പിതാമഹന്മാരെക്കുറിച്ചും,അവരുടെ വിശ്വാസ പാരമ്പര്യത്തെക്കുറിച്ചും.
കരയുവാന്‍ ശബ്ദമുണരില്ല.എന്നിട്ടും ഒന്ന് പറയാന്‍ ആ ചോര വാര്‍ന്ന കണ്ഠമനങ്ങി.എങ്കിലും ...കഴിഞ്ഞില്ല.തല്‍ക്ഷണം കാല്പ്പന്തായി ഉരുണ്ടു പാഞ്ഞു.ഒരു കാലില്‍ നിന്നും മറ്റൊരു കാലിലേക്ക്.മതനിരപേക്ഷയെ കുറിച്ചോ സംസ്കാര ബഹുസ്വരതയുടെ അന്തര്‍ധാരയെകുറിച്ചോ അല്ല ഈ കബന്ധകാല്‍പന്തുകള്‍ക്ക് പറയാനുള്ളത്.മതശാസനകകളെ അടിസ്ഥാനമാക്കി ഭരണം പിടിക്കുന്നവരുടെ മതവിരുദ്ധ നിയമവ്യവസ്ഥയില്‍ പിടയുന്നവന്‍റെ നോവിനെക്കുറിചുമല്ല. “സഹാദരാ ..ഞാനും നീയും ഒരമ്മപ്പെറ്റമക്കളെ പോലെ ഈ മണ്ണില്‍ ജീവിചിരുന്നവരല്ലേ ..”എന്ന ദയനീയ സ്വരമാണ് ആ കണ്ഠങ്ങളില്‍ ഇടറി അമര്‍ന്നു പോയത് .
“മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം കാട്ടുന്നതിനെതിരെയുള്ള തത്വശാസ്ത്രമാണ് മതേതരത്വം”
മതേതരത്വമൂല്യങ്ങള്‍ കാറ്റില്‍ പറത്തി നൂനപക്ഷങ്ങള്‍ക്കെതിരെ പൈശാചിക പീഡന പരമ്പരകള്‍ അഴിച്ചുവിടുന്നവര്‍ ദൈവീക കോടതിയില്‍ നില്‍ക്കേണ്ടിവരും.തിരിച്ചൊന്നും പറയാതെ രോഗത്തിനും മരണത്തിനും കീഴ്പെടുന്ന മനുഷ്യന്‍ ദൈവത്തെ വെല്ലുവിളിക്കുകയാണിവിടെ.സകല അധികാരവുംദൈവത്തില്‍ നിന്നുമുള്ളതെന്നു മറക്കുന്ന മനുഷ്യന്‍!
“ഒരു സംസ്ഥാനത്ത് ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തു കളയുന്നതും കണ്ടാല്‍ നീ വിസ്മയിച്ചു പോകരുത്”(സഭാ.പ്രസംഗി5.8)ജാതിമതസ്പര്ധ പുലര്‍ത്തുന്ന ഭരണ കൂടങ്ങള്‍ ,തീവ്രവാദികള്‍ അനീതികാട്ടുമ്പോള്‍ ദൈവീക വ്യവസ്ഥകളെ അട്ടിമറിക്കുമ്പോള്‍, ദൈവീക ഇടപെടലിനായി വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ പോരാടണം.വാളല്ല;പ്രാര്‍ഥനയാണ് യുദ്ധായുധം.ദൈവം യുദ്ധം വെറുക്കുന്നു.മനുഷ്യ വര്‍ഗത്തെ ച്ചുട്ടുകരിക്കാനല്ല മഹത്വവല്‍ക്കരിക്കനാണ് വിശ്വാസ സംഹിതകള്‍.ദൈവം സ്നേഹമാണ്.മനുഷ്യനെ സ്നേഹിക്കാന്‍ കഴിയാത്തവന്‍ ദൈവത്തെ സ്നേഹിക്കുന്നില്ല.മനുഷ്യത്വം,സംസ്കാരം ഇവര്‍ ചവിട്ടിയരക്കുന്നു.ദൈവ ജനത്തിനു മേല്‍ അത്യുന്നതനായവന്‍ ജാഗരിച്ചുകൊണ്ടിരിക്കുന്നുയെന്നു ദൈവ വചനം പറയുന്നു.മേലാല്‍ സംഭവിപ്പാനുള്ള പീഡകള്‍ കണ്ടു ഭയപ്പെടരുതെന്നു വേദ പുസ്തകം പഠിപ്പിക്കുന്നു.
ലോകമെങ്ങും ക്രൈസ്തവര്‍ കൊടിയ പീഡകള്‍ നേരിടുന്ന ഈ കാലയളവില്‍ ശത്രുവിനെ പോലും സ്നേഹിക്കാന്‍ പഠിപ്പിച്ച യേശുവിന്റെ അനുയായികള്‍ വേട്ടയാടപ്പെടുന്നത് എന്ത് കൊണ്ട് എന്ന് ചിന്തിക്കാത്തവര്‍ ചുരുക്കമാണ്.”സെരുബ്ബാബേലിന്റെമുമ്പിലുള്ള മഹാ പര്‍വതമേ,നീ ആര്‍ ..?നീ സമ ഭൂമിയായി തീരും”(സെഖര്യ4.7) ദൈവീക ന്യായവിധിയെ എതിരിടാന്‍ മനുഷ്യന്‍ അശക്തനാണ്.പീഡനങ്ങളില്‍ പതറാതെ കഴുത്തു നീട്ടി കൊടുത്തവര്‍ ഹൃദയത്തില്‍ ‘കൃപ ..കൃപ ..എന്ന് ജയാരവം മുഴക്കി ദൈവീക ഇടപെടലിനായി സ്വയം ഏല്‍പ്പിച്ചു കൊടുത്തു.ദാനമായി ലഭിച്ചതാണ് കൃപ.അര്‍ഹിക്കാതെ ലഭിച്ച ജീവിതവും,കാല്‍വരി ക്രൂശിലൂടെ ലഭ്യമായ രക്ഷയും നന്മയും എല്ലാം ദൈവ കൃപമാത്രം .ദൈവത്തെ തള്ളികളഞ്ഞു ജീവിക്കാന്‍ അവര്‍ കൂട്ടാക്കിയതില്ല .ക്രിസ്തു നിമിത്തം വേദനയും തിന്മകളും സഹിച്ച വിശുദ്ധന്മാര്‍ ..ആരോരും അറിയാതെ ജീവന്‍ വെടിഞ്ഞ പതിനായിരങ്ങള്‍ ... പറയാന്‍ കൊതിച്ചത് .മറ്റു ചിലത് കൂടിയുണ്ട് .
വാര്‍ത്തകള്‍ ഇന്നത്തെ മാത്രം വാര്‍ത്തകളായി താമസ്കരിക്കപ്പെടുന്നു.നാം നേരിടുന്ന ഇന്നത്തെ പ്രശ്നമല്ലാതെ മറ്റൊന്ന് നമുക്ക് ചിന്താവിഷയമാകുന്നില്ല.പഞ്ചേന്ദ്രിയപ്രധാനമായ ശരീരം,ജീവിത സുഖങ്ങള്‍,പ്രതാപം ,ആഡംബരം എന്നിവയില്‍ നിന്നും മുക്തമായി മനസാക്ഷിയുള്ള ഒരു സമൂഹമാകണമെങ്കില്‍ ദൈവ വചനം അവനില്‍ ക്രീയ ചെയ്യണം .പരസ്പര ധാരണ,സ്നേഹം,കരുതല്‍,നന്മ,ഇവയൊന്നും ഇല്ലായെങ്കില്‍ മനുഷ്യ വംശം തമ്മില്‍ ചിദ്രിച്ചു ഭൂമിയില്‍ നിന്നും തുടച്ചു നീക്കപെടും.മനുഷ്യനിര്‍മ്മിതമായ തത്വ വിചാരങ്ങള്‍ക്ക് കടന്നു ചെല്ലുവാന്‍ കഴിയാത്ത വിദൂര വേഗത്തില്‍ ദൈവീക അരുളപ്പാടുകള്‍ ഒരുവന്‍റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങും.ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങളായ ദൈവ സ്നേഹം ,മാനസാന്തരം,രക്ഷ,വിശുദ്ധി,വേര്‍പാട് ,കൂട്ടയ്മ ,പ്രത്യാശ ,സഹനത ,ക്ഷമ ,ക്രിസ്തുവിന്റെ രണ്ടാം വരവ്,നിത്യ ന്യായവിധി,ഇത്യാദി ഉപദേശങ്ങള്‍ ഉള്‍കൊള്ളുന്ന വിശ്വാസ വ്യവസ്ഥിതി സാമൂഹ്യ ഭദ്രദയ്ക്കും,ആത്മ സംസ്കരണ സംശുദ്ധ ജീവിതത്തിനും മാര്‍ഗ ദര്‍ശനമാണ്.
ക്രിസ്തു സ്നേഹത്തിന്റെ ,സഹനത്തിന്റെ സുവിശേഷമെങ്കില്‍ ക്രിസ്ത്യാനിയുടെ ദൌത്യം സുവിശേഷം പങ്കിടലാണ്.എന്നാല്‍ ക്രിസ്തീയ സമൂഹം ദൌത്യ നിര്‍വഹണത്തില്‍ പരാജയപ്പെട്ടു.ചൂള പോലെ കത്തുന്ന ഒരു ദിവസം വരുന്നു എന്ന് ശക്തിയോടെ പ്രസംഗിച്ചവര്‍ മണ്ണും ചുണ്ണാമ്പും തേടി പോയി.കണ്ണു നീരോടെ വേല ചെയ്തവര്‍ സമ്പത്തിനായി വല്ലാതെ യാചിച്ചു ദര്‍ശനം നഷ്ടപ്പെടുത്തി.സത്യമായി ത്യാഗപൂര്‍വം പൊരിതു നിന്നവര്‍ക്ക് തലമുറയെ നേടാനായില്ല.സ്വന്തം പ്രസ്ഥാനങ്ങള്‍ തുടങ്ങി നില ഭദ്രമാക്കിയവര്‍ ക്രിസ്തുവിനെ പുറത്താക്കി വാതിലടച്ചു.ആഗോള തലത്തില്‍ വിശ്വാസ ഉപദേശങ്ങള്‍ കോട്ടിമാട്ടിയവര്‍ സുഖലോലുപരായി,അവിശ്വാസിക്കും,കപടഭക്തമാര്ര്‍ക്കും കീഴ്പെട്ടു വിഗ്രഹങ്ങളെ സേവിച്ചു .ക്രൈസ്തവരുടെ കണ്ണു നീരിനു ചെവി കൊടുക്കാതെ രാഷ്ട്രീയ ഭരണ സുസ്ഥിരതയ്ക്കായ് മൂല്യങ്ങള്‍ ചവിട്ടി അരക്കാന്‍ വിട്ടു കൊടുത്ത ഭരണ തലവന്മാര്‍ ഒരിക്കിലും ചിന്തിച്ചില്ല ഓരോ മുക്കും മൂലയും വെടി തീയില്‍ പുകയുന്ന അശാന്തിയുടെ നാളകള്‍ പിറന്ന മണ്ണില്‍ സംജാതമാകുമെന്ന്.ദൈവാശ്രയം നഷ്ടമാക്കിയ രാജ്യങ്ങള്‍ ഇന്ന് ഭയചകിതരാണ്.ഇരുളില്‍,കണ്ണുനീരില്‍,കഴിയുന്ന ജനകോടികളെ ദൈവാശ്രയത്തിലേക്കും നന്മയിലേക്കും നയിക്കേണ്ടുന്നവര്‍ ക്രിസ്തു രഹിത വൃഥാ അധ്വാനത്തില്‍ നിന്നും പിന്തിരിയണം.
ഇരുള്‍ മാറും,കണ്ണുനീരില്‍ വിരിയും...
കൂട്ടായ്മയുടെ പുലരി പെരുമ...............!
അരുമ നാഥന്‍ ഇനി തങ്ങള്‍ക്കൊപ്പം ഇല്ല എന്ന് വിശ്വസിച്ച് , എടുത്തു ചാട്ടക്കരനായ ശിഷ്യന്‍ പത്രോസ് പഴയ തൊഴിലിലേക്ക് മടങ്ങി.(യോഹ .21.3)’ഞാന്‍ മീന്‍പിടിക്കാന്‍ പോകുന്നു’.മറ്റു ശിഷ്യന്മാരും മാറി ചിന്തിച്ചില്ല. ‘എന്നാല്‍ ഞങ്ങളും കൂടെ വരുകയാണ്’.യേശുവിന്‍റെ ശിഷ്യ ഗണത്തില്‍ പത്രോസിന്റെ സ്വാധീനം അത്ര വലുതായിരിന്നു.ഇന്നത്തെ നേതൃത്വം നേരിടുന്ന പ്രധാന വെല്ലുവിളിയാണിത്.തെറ്റായ ദിശാബോധം നല്‍കി പഴയ ജീവിത രീതികളിലേക്കും മടങ്ങിപ്പോക്കിലേക്കും നയിക്കുന്ന എടുത്തു ചാട്ടക്കാരുടെ സ്വാധീന വലയത്തിലാണ് പലരും.എല്ലാം വിട്ട്,പ്രിയപ്പെട്ടവരെയും വിട്ട് ,ക്രിസ്തുവിനെ അനുഗമിച്ചവര്‍ ലക്‌ഷ്യം മറന്ന് വിട്ടു പോന്ന തൊഴിലും തന്ത്രവും ഉപയോഗിച്ച് ജീവിക്കാമെന്ന് കരുതിയാല്‍ പരാജയമാകുമെന്നു പത്രോസ് നമ്മെ പഠിപ്പിക്കുന്നു.
എന്നിട്ടും തന്നെ അനുഗമിച്ച ശിഷ്യഗണത്തെ ക്രിസ്തു കൈവിട്ടില്ല.വല എറിഞ്ഞു മനസ് തകര്‍ന്ന അനുഭവ സമ്പന്നരായവര്‍ അവന്റെ വാക്കിനു വല യിറക്കി നന്മയിലേക്കും,നഷ്ടപെട്ടുവെന്നു ചിന്തിച്ച ദൈവീക സാന്നിധ്യത്തിലേക്കും നയിക്കപ്പെട്ടു .കണ്ണുനീരിന്റെ യാമങ്ങളില്‍ പ്രതീക്ഷയുടെ വിജയത്തിന്‍റെ പുലരിവെട്ടം അവര്‍ക്കായി ഉദിച്ചു.തനിയെ വലിച്ചു കയറ്റാനാവാത്ത മീന്പെരുമ കണ്ടവര്‍ മറ്റു പടകുകളെ കൂടി മാടി വിളിച്ചു.നന്മകള്‍ പങ്കിടാനുള്ളതാണ്.ക്രിസ്തീയ ദൌത്യം കൂട്ടായ പ്രവര്‍ത്തിയാണ്.അനുസരണവും,ഐക്യതയും,സുതാര്യതയും അനിവാര്യമായ ശു ശ്രുഷയാണിത്.അവന്റെ വാക്കില്‍ സമൃദ്ധിയുണ്ട്.കൂട്ടായ്മ എന്നത് നീതിപൂര്‍വമായ പങ്കിടല്‍ ,തുല്യത ,സന്തോഷം ഇവയൊക്കെയാണന്നു യേശു വെളിപ്പെടുത്തുകയാണിവിടെ.
അറിഞ്ഞ ദര്‍ശനത്തിനൊത്തവണ്ണം ലഭിച്ച സാഹചര്യത്തില്‍ കണ്ണുനീരോടെ വിതച്ചതും കൊയ്തതും ദൈവ സന്നിതിയില്‍ സമര്‍പ്പിക്കുമ്പോള്‍ കര്‍ത്താവ് ഒരുക്കിയ കനലില്‍ ചുട്ട മീന്‍ കണ്ണുനീരിന്റെ യാമങ്ങള്‍ക്ക് നിറം നല്‍കും.ദൈവപ്രവൃത്തിയും ദൈവത്തോട് ചേര്‍ന്നുള്ള മനുഷ്യന്റെ അദ്വാനവും ഒന്നിക്കുമ്പോഴാണ് ഇരുളില്‍ പുലരി വെട്ടം തെളിയുക.വല വിരിച്ചവരും വലിച്ചുകയറ്റിയവരും സമൂഹത്തിനു നല്‍കിയ സമൃദ്ധിയുടെ ഓഹരിക്കാരാ ണെന്നതാണ് ദൈവ നീതി.ഇരുളില്‍ തമസ്കരിക്കപ്പെടുന്ന,തലയറുക്കപ്പെടുന്ന ജനലക്ഷങ്ങള്‍ ഇടയില്‍ ബലി മൃഗങ്ങള്‍ പോലെ ദൈവീക ദര്‍ശനത്തിനായി ജീവന്‍ ഹോമിക്കുന്ന വിശുദ്ധന്‍ മാര്‍ക്കുമുമ്പില്‍ കുമ്പിട്ടു നിന്നുകൊണ്ട് ....കബന്ധങ്ങള്‍ പറയാന്‍ കൊതിച്ചത് ..... ഒരിക്കല്‍ കൂടി .. “ നമ്മള്‍ ഒന്നാണ് ...ദൈവ സൃഷ്ടിയാണ് .. ചോര ചൊരിയാതെ സ്നേഹിച്ചുകൂടെ ..?”
കെ .ബി .ഐസക്ക്
ചീഫ് എഡിറ്റര്‍