ഭയവും കോപവും രണ്ടു ശത്രുക്കള്‍:പ്രൊഫ. പി.കെ. മത്തായി

Voice Of Desert 9 years ago comments
ഭയവും കോപവും രണ്ടു ശത്രുക്കള്‍:പ്രൊഫ. പി.കെ. മത്തായി

മനുഷ‍്യനെ തകര്‍ത്തുകളയുന്ന രണ്ടു വികാരങ്ങളാണു ഭയവും കോപവും. യഥാര്‍ഥ വിശ്വാസം ഭയത്തെ ഉന്മൂലനം ചെയ്യും. ഭയം വിശ്വാസത്തെയും. രണ്ടും പരസ്പര ശത്രുക്കളാണ്. ഭയത്തിനു രണ്ടുവശമുണ്ട് നല്ലതും തീയതും. നല്ല ഭയം നമ്മെ അപകടത്തില്‍ നിന്നും അധാര്‍മികതയില്‍ നിന്നും രക്ഷിക്കും. പക്ഷെ, ഭയം അനിയന്ത്രിതമാകുമ്പോള്‍ വിശ്വാസവും സന്തോഷവും ശക്തിയും ജീവിതംതന്നെയും അപകടത്തിലാകാം. തീവ്രമായ ഭയം ഹൃദയമിടിപ്പു കൂട്ടും, രക്തസമ്മര്‍ദം ഉയര്‍ത്തും, കൊളസ്ട്രോള്‍ വര്‍ധിപ്പിക്കും. രോഗത്തിലേക്കു നയിക്കുന്ന മറ്റനേകം രാസപ്രവര്‍ത്തനങ്ങള്‍ ശരീരത്തിലുണ്ടാക്കും. മനുഷ‍്യനെ അങ്ങനെയാണു ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ഒരു കാര‍്യത്തെപ്പറ്റി നമുക്കു തുടരെ ഉത്ക്കണ്ഠയുണ്ടായാല്‍ ഭയം അതിനെ നമ്മിലെത്തിക്കും. ''ഞാന്‍ പേടിച്ചതുതന്നെ എനിക്കു നേരിട്ടു; ഞാന്‍ ഭയപ്പെട്ടിരുന്നത് എനിക്കു ഭവിച്ചു'' എന്ന് ഇയ്യോബ് പറയുന്നു (3:25). ''ദുഷ്ടന്‍ പേടിക്കുന്നതുതന്നെ അവനു ഭവിക്കും'' എന്നു ശലോമോന്‍ പറയുന്നു (സദൃ. 10:24). ഭയപ്പെടരുതെന്നു ബൈബിള്‍ 365 പ്രാവശ‍്യം പറയുന്നുണ്ട്. രോഗമുണ്ടായാല്‍ അതില്‍­നിന്നു സൗഖ‍്യം പ്രാപിക്കാന്‍ ഭയം തടസ്സമാണ്. ഭയത്തിന്റെ അടിമയായിരിക്കാനല്ല ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. ഭയത്തെ കൊള്ളാനോ തള്ളാനോ ഉള്ള സ്വാതന്ത്ര‍്യം നമുക്കുണ്ട്. ഭയം നമ്മെ നിയന്ത്രിക്കുമ്പോള്‍ നമുക്കു പിരിമുറുക്കം, കോപം, വിഷാദം തുടങ്ങിയവ ഉണ്ടാകുന്നു. എന്നാല്‍, വിശ്വാസം ഉള്ളില്‍ വരുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം താഴുന്നു. പിരിമുറുക്കവും കോപവും വിഷാദവും പമ്പകടക്കുകയും ശാന്തിയും സമാധാനവും അനുഭവപ്പെടുകയും ചെയ്യും.

ഭയംപോലെ തന്നെ അപകടകരമായ ഒരു വികാരമാണു കോപം അഥവാ രോഷം. ധര്‍മച‍്യുതി സംഭവിക്കുമ്പോഴും നീതി നിഷേധിക്കപ്പെടുമ്പോഴും ഉണ്ടാകുന്ന കോപമാണു ധാര്‍മികരോഷം. അതു നല്ല വികാരമാണ്. കോപം, രാഗം, അസൂയ തുടങ്ങിയ മനോവികാരങ്ങള്‍ നിമിത്തം മനുഷ‍്യശരീരത്തില്‍ വിഷമയമുള്ള ചില ദ്രവ‍്യങ്ങളുണ്ടാക്കുമെന്നും അവയില്‍ ചിലവ അപായകരമാണെന്നും വൈദ‍്യശാസ്ത്രം അസന്നിഗ്ധമായി തെളിയിച്ചിട്ടുണ്ട്. ''കോപിപ്പിന്‍, പാപം ചെയ്യരുത്; സൂര‍്യന്‍ അസ്തമിക്കുവോളം കോപം വച്ചുകൊണ്ടിരിക്കരുത്. പിശാചിന് ഇടംകൊടുക്കരുത്'' എന്നു പൗലൊസ് അപ്പൊസ്തലന്‍ പറയുന്നു  (എഫെ. 4:6). അദ്ദേഹം വീണ്ടും പറയുന്നു: ''ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈര്‍ഷ‍്യ, വായില്‍നിന്നു വരുന്ന ദൂഷണം, ദുര്‍ഭാഷണം ഇവയൊക്കെയും വിട്ടുകളവിന്‍'' (കൊലൊ. 3:8). ''മനുഷ‍്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവര്‍ത്തിക്കുന്നില്ല'' എന്നു യാക്കോബ് അപ്പൊസ്തലന്‍ പറയുന്നു (യാക്കോ. 1: 20). കോപമുള്ളിടത്ത് ഒന്നും ശരിയായും വിവേകത്തോടെയും ചെയ്യാന്‍ സാധ‍്യമല്ലെന്നു റോമന്‍ കോണ്‍സല്‍ സിസെറോ പറയുന്നു. കോപം അല്പനേരത്തേക്കുള്ള ഭ്രാന്താണെന്നു റോമന്‍ ചിന്തകന്‍ സെനക്കാ പറയുന്നു. അനുസ‍്യൂതമായുണ്ടാകുന്ന കോപം പൈശാചിക പ്രവര്‍ത്തനങ്ങള്‍ക്കു വഴിതെളിക്കുന്നു.

അനിയന്ത്രിതമായ കോപം ഒരു ശാപമാണ്. അതു ഹൃദ്രോഗത്തിന്റെ മുന്നോടിയാണ്. കോപം അനിയന്ത്രിതമാകുമ്പോള്‍ മുഷ്ടിചുരുട്ടി അക്രമിക്കാന്‍ സാധ‍്യതയുണ്ട്. സാധനങ്ങളെടുത്ത് എറിഞ്ഞെന്നുവരാം. അങ്ങനെയുള്ള കോപത്തിനുശേഷമുള്ള രണ്ടുമണിക്കൂര്‍ സമയത്ത് ഹാര്‍ട്ട് അറ്റാക്കു വരാനുള്ള സാധ‍്യത സാധാരണനിലയിലുണ്ടാകുന്നതിനെക്കാള്‍ 8.5 ഇരട്ടിയാണെന്നു വൈദ‍്യശാസ്ത്രത്തില്‍ ഏറ്റവും ഒടുവില്‍ നടത്തിയ പഠനങ്ങള്‍ വ‍്യക്തമാക്കുന്നു.

നിയന്ത്രാതീതമായ കോപം മനുഷ‍്യന്റെ ദഹനത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ഏതാനും ഡോക്ടര്‍മാര്‍ പഠനം നടത്തി. അവര്‍ ഒരു മനുഷ‍്യന്റെ മൂക്കിലൂടെ ഒരു ട‍്യൂബ് ഉദരത്തിലേക്കു കടത്തി അയാളുടെ മാനസികാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണത്തിന്റെ അവസ്ഥയെപ്പറ്റി പഠിച്ചു. മനസ്സില്‍ സരസത്വം  ഉണ്ടായിരിക്കുമ്പോള്‍ ദഹനം സാധാരണനിലയില്‍ നടക്കും. എന്നാല്‍, അയാള്‍ കുപിതനാകുമ്പോള്‍ ദഹനം പൂര്‍ണമായും നിലയ്ക്കും. വീണ്ടും സരസത്വത്തിലേക്കു വരുമ്പോള്‍ ദഹനം സാധാരണനിലയിലാകും. ചുരുക്കിപ്പറഞ്ഞാല്‍, മനസ്സ് സന്തുഷ്ടമായിരിക്കുമ്പോഴേ ഭക്ഷണം കഴിക്കാവൂ. ''സന്തുഷ്ടഹൃദയം നല്ലൊരൗഷധമാകുന്നു, തകര്‍ന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു'' (സദൃ. 17:22) എന്നു ശലോമോന്‍ പറയുന്നത് എത്ര പ്രസക്തമാണ്.

ഉദരത്തിലെ അള്‍സറിന്റെ പ്രധാന കാരണം കോപവും അമര്‍ഷവുമാണെന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അമര്‍ഷം സന്ധിവാതത്തിനും  കാരണമാകും. ഒരു അമ്മാവിയമ്മയ്ക്കു മരുമകനെ വെറുപ്പായിരുന്നു. ആണ്ടിലൊരിക്കല്‍ അവര്‍ മരുമകനെ കാണാന്‍പോകും. അപ്പോഴെല്ലാം അവര്‍ക്കു സന്ധിവാതം അനുഭവപ്പെടും. തിരികെ വീട്ടിലെത്തുമ്പോള്‍ അതില്ലാതാകുകയും ചെയ്യും.

ഒരു കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ക്ക് കുട്ടിയുടെ രോഗകാരണം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഒരിക്കല്‍ ആ ഡോക്ടര്‍ കുട്ടിയുടെ വീട്ടില്‍ ചെല്ലാനിടയായി. കുട്ടിയെ മുലയൂട്ടിക്കൊണ്ടിരുന്ന സമയത്ത് മാതാപിതാക്കള്‍ കലഹിക്കുകയായിരുന്നു. കലഹം ആ വീട്ടില്‍ പതിവായിരുന്നു. കുട്ടിയുടെ രോഗകാരണം ഡോക്ടര്‍ക്കു മനസിലായി. കലഹിക്കുന്ന സമയത്ത് മുലപ്പാല്‍ വിഷമായി മാറുന്നു. രണ്ടുദിവസങ്ങള്‍ക്കകം കുട്ടി മരിച്ചുപോയി. മനുഷ‍്യന്റെ വികാരങ്ങള്‍ അവന്റെ ആരോഗ‍്യത്തെ ബാധിക്കുന്നു എന്നതിനു സംശയമില്ല. ശാരീരികരോഗങ്ങളില്‍ ഭൂരിപക്ഷവും മാനസിക കാരണങ്ങള്‍ കൊണ്ടുണ്ടാകുന്നതാണെന്നു വൈദ‍്യശാസ്ത്രം പറയുന്നു.

റാറ്റില്‍ സ്നേക്ക് എന്ന ഒരിനം പാമ്പുണ്ട്. അപകടത്തില്‍പ്പെട്ടാല്‍ അതിനു രക്ഷപ്പെടാന്‍ മാര്‍ഗമില്ലെങ്കില്‍ കോപം വര്‍ധിച്ച് അതു സ്വയം കടിച്ചു മുറിവേല്പിക്കും. കോപവും അമര്‍ഷവും മനുഷ‍്യനില്‍ ചെയ്യുന്നതും അതുതന്നെ. മറ്റുള്ളവര്‍ക്കെതിരെയുള്ള ആയുധങ്ങളാണ് അവയെന്നു തോന്നുമെങ്കിലും ആത‍്യന്തികമായി അവ ഉടമയെത്തന്നെ മുറിവേല്പിക്കും.

ഒരു യുവതിക്കു കൈ ഉയ­ര്‍­ത്താന്‍ പ്രയാസം. തളര്‍വാതം ബാധിച്ചതുപോലെ തോന്നി. മാനസികാപഗ്രഥനത്തില്‍ അരിശംവരുമ്പോള്‍ അമ്മയെ പ്രഹരിക്കാനുള്ള ആഗ്രഹം അവളില്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നു മനസിലായി. അതായിരുന്നു തളര്‍വാതത്തിന്റെ കാരണം. അതു ബോധ‍്യമായപ്പോള്‍ അവളുടെ രോഗവും മാറി.

കുതിരസവാരി ചെയ്യുന്ന ഒരു മനുഷ‍്യന്‍ കൂടെക്കൂടെ കുതിരപ്പുറത്തുനിന്നു വീഴുമായിരുന്നു. വീഴ്ചയുടെ കാരണം അയാള്‍ക്കു മനസിലായില്ല. ആത്മഹത‍്യ ചെയ്യാനുള്ള ആഗ്രഹം അയാളുടെ ഉപബോധമനസ്സിലുണ്ടായിരുന്നു. അതിന്റെ ബാഹ‍്യപ്രകടനമാണു തുടര്‍ച്ചയായുള്ള വീഴ്ചയെന്ന് അയാള്‍ക്കു ബോധ‍്യപ്പെട്ടപ്പോള്‍ അയാള്‍ക്കു തന്നോടുതന്നെയുള്ള പകയും അമര്‍ഷവും അപ്രത‍്യക്ഷമാകുകയും  കുതിരപ്പുറത്തുനിന്നുള്ള വീഴ്ച ഇല്ലാതാകുകയും ചെയ്തു. കോപവും അമര്‍ഷവും കാഴ്ചശക്തിയെ ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഭയം, കോപം, അമര്‍ഷം, പക തുടങ്ങിയ വികാരങ്ങള്‍ എങ്ങനെ ഒഴിവാക്കാം? അവ ഇല്ലെന്നു സങ്കില്പിച്ച് ഉപബോധമനസ്സിലേക്കു തള്ളിവിട്ടാല്‍ അവിടെക്കിടന്നു മാനസികവും ശാരീരികവുമായ ആരോഗ‍്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടാകും. അതുപോലെതന്നെ അവയെ പ്രകടിപ്പിക്കാനും പാടില്ല. താല്‍ക്കാലിക ആശ്വാസം അതുകൊണ്ടു ലഭിച്ചേക്കാം. പക്ഷെ, അവ ഇല്ലാതാകുന്നില്ല.

പിന്നെ എന്താണു പോംവഴി? ദീര്‍ഘമായി ക്ഷമിക്കുക തന്നെ. പക്ഷെ, അവ അത്ര എളുപ്പമല്ല. അതു ദൈവികമായ സ്വഭാവമാണ്. ഒരിക്കല്‍ ഒരു അര്‍മീനിയന്‍ യുവതിയെയും അവളുടെ സഹോദരനെയും തുര്‍ക്കികള്‍ ആക്രമിച്ചു. അവളുടെ കണ്‍മുന്‍പില്‍വെച്ചു സഹോദരന്‍ കൊല്ലപ്പെട്ടു. പക്ഷെ, അവള്‍ രക്ഷപ്പെട്ടു. നേഴ്സായിരുന്ന അവള്‍ ആശുപത്രിയില്‍ രോഗികളെ ശുശ്രൂഷിക്കുമ്പോള്‍ തന്റെ സഹോദരനെ കൊന്ന വ‍്യക്തി രോഗക്കിടക്കയില്‍ കിടക്കുന്നതു കണ്ടു. അയാള്‍ ഗുരുതരാവസ്ഥയിലായിരുന്നു. പക്ഷെ, അവള്‍ അതീവശ്രദ്ധയോടെ അയാളെ ശുശ്രൂഷിച്ചു രക്ഷപ്പെടുത്തി. അയാള്‍ സുഖംപ്രാപിച്ചപ്പോള്‍ അവള്‍ ആരാണെന്നു അയാള്‍ക്കു വെളിപ്പെടുത്തി. തുര്‍ക്കിപ്പടയാളി ആശ്ചര‍്യത്തോടെ അവളെ നോക്കിപ്പറഞ്ഞു: ''നിന്റെ ദയയിലായിരുന്ന എന്നെ എന്തുകൊണ്ടാണു നീ കൊല്ലാഞ്ഞത്?''.

അവള്‍ പറഞ്ഞു, ''എനിക്ക് അതിനു കഴിയുകയില്ല. ഞാന്‍ ഒരു ക്രിസ്ത‍്യാനിയാണ്. തന്നെ ക്രൂശിച്ചവരോട് എന്റെ യജമാനന്‍ ക്ഷമിച്ചു. ഞാനും അതുപോലെ ചെയ്യണം''.

പടയാളി പറഞ്ഞു: ''ക്രിസ്ത‍്യാ­നി എന്നതിന്റെ അര്‍ഥം ഇപ്പോഴാണ് എനിക്കു മനസിലായത്. ഞാനും ഒരു ക്രിസ്ത‍്യാനിയാകാന്‍ ആഗ്രഹിക്കുന്നു''.

അര്‍മീനിയന്‍ യുവതി ചെയ്തതുപോലെ മറ്റുള്ളവര്‍ക്കും ചെയ്യാം. പക്ഷേ, അതത്ര എളുപ്പമല്ല. ആത്മാര്‍ഥമായി ശ്രമിച്ചാല്‍ സാധിക്കും. ക്രിസ്തുവിന്റെ കൃപയോടെ.

(ഡോ. സ്റ്റാന്‍ലി ജോണ്‍സിന്റെ അബന്‍ഡന്റ് ലിവിംഗ് എന്ന ഗ്രന്ഥത്തോടു കടപ്പാട്.)ഈ ലേഖനം ഗുഡ് ന്യൂസ്‌ വീക്കിലിയില്‍ നിന്നും .


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,465

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 452333 Website Designed and Developed by: CreaveLabs