മതേതര രാജ്യമേ, നീതിയെവിടെ? നിർബന്ധ പുനർമതപരിവര്‍ത്തനം നീതിയ്ക്ക് നിരക്കാത്തത്.-സാം കൊണ്ടാഴി

Voice Of Desert 5 years ago comments
മതേതര രാജ്യമേ, നീതിയെവിടെ? നിർബന്ധ പുനർമതപരിവര്‍ത്തനം   നീതിയ്ക്ക് നിരക്കാത്തത്.-സാം കൊണ്ടാഴി

'ഘര്‍വാപസി' എന്ന പേരിൽ നടത്തുന്ന നിർബന്ധ പുനർമതപരിവര്‍ത്തന ചടങ്ങ് പ്രകാരം ഡിസംബർ 21 ഞായറാഴ്ച ആലപ്പുഴയിലെ ഹരിപ്പാട്ടും കൊല്ലത്തെ അഞ്ചലിലുമായി 10 കുടുംബങ്ങളിലെ 35 പേർ മതംമാറിയതായി വിശ്വഹിന്ദു പരിഷത്ത് നേതൃത്വം അറിയിച്ചിരിക്കുകയാണ്. അരനൂറ്റാണ്ടുമുമ്പ് ദളിത് വിഭാഗത്തില്‍നിന്ന്  പെന്തക്കോസ്ത് വിശ്വാസികളായ കുടുംബങ്ങളടക്കമാണ് ഹിന്ദുമതത്തിലേക്ക് മടങ്ങിയതെന്ന് പത്രവാർത്തയിലുണ്ട്.കൊല്ലത്തെ അഞ്ചലിൽ പെന്തക്കോസ്ത് വിശ്വാസികളായ ഒരു കുടുംബത്തിലെ മൂന്നുപേരാണ് ഹിന്ദുമതവിശ്വാസികളായത്.ഇന്ത്യൻ ഭരണഘടനയുടെ 25-മത് വകുപ്പ്പ്രകാരം ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. നിര്‍ബന്ധിത മതംമാറ്റമാകട്ടെ ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ 153(എ) വകുപ്പുപ്രകാരം കുറ്റകരവുമാണ്.ഘര്‍വാപസി ദേശീയതലത്തില്‍ത്തന്നെ വിവാദമായിട്ടുണ്ട്. പൊള്ളയായ വാഗ്ദാനങ്ങൾ നല്‍കിയാണ് ആർ.എസ്.എസ് മതപരിവര്‍ത്തനം നടത്തുന്നതും മതംമാറ്റനിരോധനം കൊണ്ടുവരാന്‍കൂടി ലക്ഷ്യമിട്ടാണിതും സി.പി.എം. പൊളിറ്റ് ബ്യൂറോ പറയുന്നു.  മതപരിവര്‍ത്തനത്തെച്ചൊല്ലി കഴിഞ്ഞദിവസങ്ങളിൽ പാര്‍ലമെന്റിന്റെ ഇരുസഭകളും ബഹളമയമായിരുന്നു.

ക്രിസ്ത്യാനിയായതിൻറെ പേരിൽ സർക്കാരിൽ നിന്ന് വർഷങ്ങളായി തിക്താനുഭവങ്ങൾ നേരിടുന്നവരാണ് പെന്തെക്കൊസ്തുകാർ അടക്കമുള്ള ദളിത് ക്രിസ്ത്യാനികൾ. പട്ടികജാതികർക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ ക്രിസ്തുവിശ്വാസം സ്വീകരിച്ചതിൻറെ പേരിൽ അവർക്കു ലഭിക്കുന്നില്ല. ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന സർക്കാറാനുകൂല്യങ്ങൾപോലും പെന്തെക്കൊസ്തുകാർക്ക് ഇന്ന് അപേക്ഷിക്കുവാൻ കഴിയുന്നില്ല. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ ജാതികോളത്തിൽ പെന്തെക്കോസ്ത് എന്നുരേഖപ്പെടുത്തിയ ആയിരങ്ങൾക്ക് വില്ലേജ് ഓഫീസുകളിൽനിന്ന് ജാതിസർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. ഇതുമൂലം മക്കളുടെ സ്കോളർഷിപ്പിനും മറ്റു ഫീസാനുകൂല്യത്തിനും ന്യൂനപക്ഷസംവരണാനുകുല്യത്തിനും പെന്തെക്കോസ്തുകാർക്ക് അപേക്ഷിക്കുവാൻ കഴിയാതെ നിർധനരായവർ കഷ്ടപ്പെടുന്നു. മതം ഒരു വിശ്വാസമാണ്, മാർഗമാണ്. മതവിശ്വാസം വ്യക്തിയുടെ മാത്രം കാര്യമാണ്. ഇന്ത്യൻ പൌരന് ഏതു മതത്തിൽ വിശ്വസിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും അവകാശമുണ്ട്. മതം മാറുന്നതുകൊണ്ട് ജാതി മാറുന്നില്ല, ജീവിതപരിസ്ഥിതി മാറുന്നില്ല. മതത്തിൻറെ പേരിൽ അവകാശപ്പെട്ട ആനുകൂല്യങ്ങൾ ഒരുവന് നൽകാതെ ജീവിത ഉപരോധം സൃഷ്ടിക്കുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല. നമ്മുടെ രാജ്യത്തിലെ ദുർബലവിഭാഗങ്ങളെയും സമൂഹത്തിൻറെ മുഖ്യധാരയിൽ കൊണ്ടുവരണ്ടേ?   മതമല്ല, അർഹതയാണ് പ്രധാന്യം. മതത്തിൻറ പേരിൽ ദുർബലവിഭാഗങ്ങളെ പിൻനിരയിലാക്കരുത്. വിശ്വാസം സ്വീകരിച്ചതിൻറെ പേരിൽ സർക്കാരിൽനിന്നും സമൂഹത്തിൽനിന്നും തിക്താനുഭവം നേരിടുന്ന, ജിവിതസമരത്തിൽ തോറ്റുപോകുന്ന ദുർബലവിഭാഗങ്ങളെ പ്രലോഭിപ്പിച്ച് പുനർമതപരിവർത്തനം നടത്തുന്നതാണോ ശരി? ജന്മിമാരുടെ നെല്ലറകൾ നിറയ്ക്കുവാൻവേണ്ടി എല്ലുമുറിയെ പണിയെടുത്തവർ, മണ്ണിൽ കുഴികുത്തി ഇലയിട്ട് ഭക്ഷണം കഴിച്ചവർ, മാറു മറയ്ക്കാൻ അനുവാദം ഇല്ലാതിരുന്ന സ്ത്രീകൾ ഇവർക്കെല്ലാം മിഷണറിമാരുടെ ഇടപെടലിലും ബോധവൽക്കരണത്തിലും അവകാശങ്ങൾ തിരിച്ചറിയുവാൻ കഴിഞ്ഞു. സവർണ്ണമേധാവികളുടെ പിന്നിൽ അണിനിരക്കാൻ ആത്മാഭിമാനമുള്ള ദളിതൻ ഒരിക്കലും തയ്യാറാകാതെയിരുന്നപ്പോൾ കണ്ടുപ്പിടിച്ച പരിപാടിയാണ് പുനർമതപരിവർത്തനം. വിദ്യ കേട്ടാൽ കാതിൽ ഈയം ഒഴിക്കണമെന്ന് ആക്രോശിച്ചപ്പോൾ സമൂഹത്തിൽ ദുർബലർക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം നൽകാൻ മിഷണറിമാർ മുൻപോട്ടുവന്നു. ബ്രഹ്മാവിൻറെ മുഖത്ത് നിന്ന് ബ്രാഹ്മണൻ ജനിച്ചു, കയ്യിൽ നിന്ന് ക്ഷത്രിയൻ ജനിച്ചു, തുടയിൽ നിന്ന് വൈശൻ ജനിച്ചു,  കാൽപ്പാദത്തിൽ നിന്ന് ശുദ്രൻ ജനിച്ചുയെന്ന് വിശ്വസിക്കുന്ന സവർണ്ണമേധാവികൾക്ക് ബാക്കിയുള്ള ദളിതരെ മതംമാറിവരുമ്പോൾ ഹൃദയപൂർവ്വം അംഗികരിക്കുമോ?മതം മാറുന്നവരെ ഏതു ജാതിയിൽ ഉൾപ്പെടുത്തും? വീണ്ടും കീഴാളരായി കരുതുമോ?

മതപരിവർത്തനം ചെയ്ത ദളിതർക്ക് സംവരണം നൽകിയാൽ കൂടുതൽ പരിവർത്തനത്തിന് കാരണമാകുമെന്നാണ് മാറിമാറിവരുന്ന സർക്കാരുകൾ പറയുന്നത്. മതേതര ജനാധിപത്യരാജ്യത്ത് മതവിശ്വാസത്തിന്റെ പേരിൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു വലിയൊരു അന്യായം! ഒരേ ഭക്ഷണപന്തിയിൽ ഒരുകൂട്ടർക്ക് വിഭവസമൃദ്ധം, മറ്റൊരുകൂട്ടർക്ക് ഇല മാത്രം! മതവിശ്വാസത്തിന്റെ പേരിൽ ദളിത് ക്രിസ്ത്യാനി വർഷങ്ങളായി ചൂക്ഷണംചെയ്യപ്പെടുന്നതിൻറെ നേർക്കാഴ്ചയാണിത്.

നമ്മുടെ രാജ്യം മതേതര റിപ്പബ്ലിക്കല്ലേ ? എന്നാൽ ദളിത് ക്രിസ്ത്യാനിയുടെ കാര്യത്തിൽ അതല്ലയെന്നാണ് ഭരണഘടന പറയുന്നത്. റിപ്പബ്ലിക്കായി ഇന്ത്യ പ്രഖ്യാപിക്കപ്പെട്ട വർഷത്തിൽ തന്നെ ഇന്ത്യ ഒരു ഏകമതാധിപത്യ രാജ്യമെന്ന് രാഷ്ട്രപതി ഒരു ഭരണഘടനാ ഭേദഗതിയിലൂടെ ലോകത്തെ അറിയിച്ചു. ഭരണഘടനയുടെ 341 -)മത്തെ അനുഛേദം ഒന്നാം ഖണ്ഡം അദ്ദേഹത്തിന് നൽകിയിട്ടുള്ള ഒരു അവകാശം ഉപയോഗിച്ചാണ് ഈ ഭേദഗതി നടപ്പിലാക്കിയത്.  No person who profess a religion different from the Hindu religion shall be deemed to be a member of a scheduled caste.(Order No. 19 of 1950 issued on Aug 10, 1950). മലയാളത്തിൽ പറഞ്ഞാൽ, ഹിന്ദുമതത്തിൽപെടാത്ത ആരും പട്ടികജാതിക്കാരല്ല ! നമ്മുടെ രാജ്യം ഒരു ഏകമതാധിപത്യരാജ്യമായി അധഃപതിച്ചുപോയ ഒരു ഭരണഘടനാ ഭേദഗതിയാണിത്. പിൽക്കാലത്ത് സിക്ക് മതത്തിലെയും ബുദ്ധമതത്തിലെയും ദളിതർക്ക് സമ്മർദ്ദത്തിലൂടെ സംവരണാനുകൂല്യം കിട്ടി. അപ്പോഴും രണ്ട് കോടിയോളം വരുന്ന ദളിത് ക്രിസ്ത്യാനികൾ തഴയപ്പെട്ടു.

 

ദളിത് ക്രിസ്ത്യാനികൾക്കെതിരെ പ്രവർത്തിക്കുന്ന അദൃശ്യശക്തികൾ ആരാണ്? ഉത്തരം ലളിതമാണ്. ക്രിസ്ത്യാനിത്വത്തിലേക്ക് കൂടുതൽ ദുർബലവിഭാഗങ്ങൾ ആകർഷിക്കപ്പെടുമെന്നു ഭയക്കുന്നവരാണ് ഒരു കൂട്ടർ. തങ്ങളുടെ അനുകൂല്യങ്ങളും തൊഴിലവസരങ്ങളും വീതിക്കപ്പെടുമെന്ന ഭീതിയുള്ള രക്തബന്ധം കൊണ്ടുകടപ്പെട്ട സ്വസഹോദരങ്ങളായ ഹിന്ദു ദലിതരാണ് മറ്റൊരുകൂട്ടർ. ജാതിപീഡനവും അവഗണനയും നന്നായി അനുഭവിച്ച ഹിന്ദു ദലിതർ, ആ അവഗണനയിൽ തുടരുന്ന ക്രിസ്ത്യൻ ദലിതരുടെ ഒറ്റുകാരായിമാറുന്നത് വേദനജനകമാണ്.ക്രിസ്ത്യൻ ദളിതരുടെ പോരാട്ടത്തിൽ പെന്തെക്കൊസ്തുസഭക്കു ഏറെ ചെയ്യുവാനുണ്ട്. നീണ്ട 64 വർഷങ്ങളായി നടക്കുന്ന ഈ പോരാട്ടം വിജയിക്കുവാൻ പെന്തെക്കൊസ്തുസഭാനേതാക്കൾക്ക് നിർണയാകമായ പങ്കുണ്ട്.


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

345

PEOPLE VIEWED THIS ARTICLEനിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2020. All Rights Reserved. 545334 Website Designed and Developed by: CreaveLabs