യേശുവിന്റെ നാട്ടിലേക്കൊരു ഫെല്ലോഷിപ്പ് യാത്ര - പന്ത്രണ്ടാം ഭാഗം ബെന്നി വര്‍ഗീസ്

Voice Of Desert 10 years ago comments
യേശുവിന്റെ നാട്ടിലേക്കൊരു ഫെല്ലോഷിപ്പ് യാത്ര - പന്ത്രണ്ടാം ഭാഗം  ബെന്നി വര്‍ഗീസ്

പതിവുപോലെ രാവിലെ ‘വേക്ക് അപ് കോള്‍’ അഞ്ചു മണിക്ക് തന്നെ അടിച്ചു. 6.45 ന് പ്രഭാത ഭക്ഷണം. കൃത്യം ഏഴരക്ക് യാത്ര തുടങ്ങണമെന്നാണ് തലേ ദിവസത്തെ നിര്‍ദേശം. എല്ലാവരും കൃത്യനിഷ്ടയുടെ കാര്യത്തില്‍ ഒന്നിനൊന്നു മെച്ചമായിരിന്നു. പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ യാത്ര ആരംഭിച്ചു. ഇന്നത്തെ ആദ്യ യാത്ര ‘വസന്തത്തിന്റെ മുന്തിരിത്തോപ്പ്’ എന്നറിയപ്പെടുന്ന എന്‍കരീം (Ein-Karem) ഗ്രാമത്തിലേക്കാണ്. യെരുശലേമിന്റെ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലാണ് യോഹന്നാന്‍ സ്നാപകന്‍ ജനിച്ചുവളര്‍ന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ഒലിവ് മരങ്ങളും മുന്തിരിത്തോട്ടങ്ങളും നിറഞ്ഞ് നില്‍ക്കുന്ന മനോഹരമായ സ്ഥലമാണ്‌ എന്‍കരീം. വലിയ രണ്ടു മലകളുടെ ഇടഭാഗത്തുള്ള ചരിവിലാണ് ഈ ഗ്രാമം സഥിതിചെയ്യുന്നത്.

യോഹന്നാന്‍ സ്നാപകന്‍ ജനിച്ച സ്ഥലം എന്നു വിശ്വസിക്കപ്പെടുന്ന ഗുഹയുടെ ഭാഗം. 

യോഹന്നാന്‍ സ്നാപകന്‍ ജനിച്ചു വളര്‍ത്തപെട്ട സ്ഥലത്ത് ഇന്നൊരു പള്ളിയാണ്. ‘സെന്റു് ജോണ്‍ ദേവാലയം’ എന്ന് ഈ പള്ളി അറിയപ്പെടുന്നു. പള്ളിയുടെ ഇടതുവശത്തുകൂടി മുമ്പോട്ട് നടന്ന് താഴേക്ക്‌ ഇറങ്ങിയാല്‍ ഒരു ഗുഹയുടെ ഭാഗം കാണാം. അവിടെയായിരുന്നു യോഹന്നാന്റെ മാതാപിതാക്കളായ സെഖര്യാവും, എലിസബത്തും താമസിച്ചിരുന്നത്. ഈ മലയുടെ എതിര്‍ ദിശയിലാണ് ഇസ്രായേലിലെ ഏറ്റവും വലിയ ആശുപത്രിയായ ‘ ഹദാസ്സാ ഹോസ്പിറ്റല്‍’ (Hadassah)സഥിതി ചെയ്യുന്നത്.

നാലാം നൂറ്റാണ്ടില്‍ ബൈസാന്റീന്‍ കാലഘട്ടത്തിലും, കുരിശുയുദ്ധക്കാരുടെ കാലഘട്ടത്തിലും ഇവിടെ പള്ളികള്‍ പണിതിരുന്നു. ആ പള്ളികളുടെ നഷ്ടാവശിഷ്ടങ്ങളുടെ മുകളിലാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയോടുകൂടി പണികഴിപ്പിക്കപ്പെട്ട ഇപ്പോഴത്തെ പള്ളി. പള്ളിയുടെ പ്രവേശന കവാടത്തിന്റെ അടിഭാഗത്തായി പഴയ പള്ളിയുടെ മൊസൈക്ക് തറയുംമറ്റും കമ്പിവലയിട്ട് സംരക്ഷിച്ചിരിക്കുന്നത് കാണാം. പള്ളിയുടെ ഉള്ളില്‍ ഒരു കുര്‍ബ്ബാന നടക്കുന്നതുകൊണ്ട് വളരെ നിശബ്ദരായി കാഴ്ചകള്‍ കണ്ടു മടങ്ങുവാന്‍ ആ പള്ളിയുടെ ചുമതലക്കാരനായ വികാരിയച്ചന്‍ ആവശ്യപ്പെട്ടു. ഫ്രാന്‍സിസ്കന്‍ സന്യാസി സമൂഹത്തിന്റെ ഉടമസ്ഥതയിലാണ് ഈ പള്ളി നിലകൊള്ളുന്നത്. ഒരു കുന്നിന്‍ മുകളിലാണ് ഈ ദേവാലയം. വളരെ ശാന്തമായ ഭൂപ്രദേശം! പള്ളിയുടെ പുറത്തുള്ള ചവിട്ടുപടികളില്‍ ഞങ്ങളിരുന്നു. ഒരു ഗ്രൂപ്പ്‌ ഫോട്ടോയ്ക്കുള്ള തയ്യാറെടുപ്പിലാണ് സംഘാംഗങ്ങള്‍.

യോഹന്നാന്‍് സ്നാപകന്റെ ജന്മസ്ഥലത്ത് പണിതിരിക്കുന്ന പള്ളിയുടെ മുന്‍പില്‍ യാത്രാ സംഘം.

യോഹന്നാന്റെ പിതാവ് സെഖര്യാവ്, പരിശുദ്ധാത്മാവ് നിറഞ്ഞ് പ്രവചിച്ചു പറഞ്ഞ “ യിസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അനുഗ്രഹിക്കപ്പെട്ടവന്‍. അവന്‍ തന്റെ ജനത്തെ സന്ദര്‍ശിച്ച് ഉദ്ധാരണം ചെയ്യും...” (ലൂക്കോസ് 1 : 68-79)എന്നീ വാക്യങ്ങള്‍ പല ഭാഷകളില്‍ പള്ളിയുടെ എതിര്‍വശത്തുള്ള മതിലില്‍ എഴുതി വച്ചിട്ടുണ്ട്. ഞങ്ങള്‍ അവിടെ നിന്ന് ഈ വാക്യങ്ങള്‍ വായിക്കുകയും അല്‍പ സമയം പ്രാര്‍ത്ഥിക്കുകയും ചെയ്തു. സ്ത്രീകളില്‍ നിന്ന് ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവരില്ല എന്ന് കര്‍ത്താവ് സാക്ഷ്യം പറഞ്ഞ ധീര പോരാളിയായിരുന്നു യോഹന്നാന്‍. ആ വിശ്വാസ വീരന്റെ ഓര്‍മ്മകളുമായി ഞങ്ങള്‍ മലയിറങ്ങി.

അടുത്ത സന്ദര്‍ശന സ്ഥലം എന്‍ കരീമില്‍ തന്നെയുള്ള പരിദര്‍ശന പള്ളിയാണ്. (Church of the Visitation). യേശുവിന്റെ അമ്മ മറിയ നസ്രത്തില്‍് നിന്നും എലിസബത്തിനെ കാണുവാന്‍ വന്നത് ഈ സ്ഥലത്താണ്. (ലൂക്കോസ് 1: 39-46) അവര്‍ തമ്മില്‍‌ കണ്ടുമുട്ടിയ സ്ഥലത്ത്, അതിന്റെ ഓര്‍മ്മയ്ക്കായി ഒരു പള്ളി പണിതിട്ടുണ്ട്. Church of the Visitation (പരിദര്‍ശന പള്ളി) എന്ന് ഇത് അറിയപ്പെടുന്നു. വളരെ ഉയര്‍ന്ന മറ്റൊരു കുന്നിന്‍ മുകളിലാണ് ഈ പള്ളി. ഏകദേശം 200-ല്‍ പരം പടികള്‍് കയറി വേണം ഈ പള്ളിയിലെത്താന്‍. “എന്റെ ഉള്ളം യഹോവയെ മഹിമപ്പെടുത്തുന്നു എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തില്‍ ഉല്ലസിക്കുന്നു....” (ലൂക്കോസ് 1 : 46-55) മറിയ എലിസബത്തിനോട് പറഞ്ഞതായ ഈ പ്രസ്താവന 41-ല്‍ പരം ഭാഷകളില്‍ ഈ പള്ളിയുടെ പുറം മതിലില്‍ കൊത്തിവച്ചിട്ടുണ്ട്. മറിയയും എലിസബത്തും കണ്ടുമുട്ടുന്നതിന്റെ ദ്രശ്യാവിഷ്ക്കാരവും പള്ളിയുടെ ഭിത്തികളില്‍ കാണാം.

ഈ പള്ളിയുടെ മുന്‍വശത്ത് നിന്ന് ഹദാസ്സാ ഹോസ്പിറ്റല്‍് വളരെ വ്യക്തമായി കാണാന്‍ കഴിഞ്ഞു. പടികള്‍ ചവിട്ടിക്കയറാന്‍ ബുദ്ധിമുട്ടുള്ള ചിലര്‍ മലയുടെ അടിവാരത്ത് തന്നെ ഇരുന്നു. നല്ല പ്രായത്തില്‍ യേശുവിന്റെ നാട് സന്ദര്‍ശിക്കണമെന്ന് പറയുമ്പോള്‍ പലരും ഒഴികഴിവ് പറയുന്നത് “പ്രായമാകട്ടെ” എന്ന് പറഞ്ഞാണ്. എന്നാല്‍ പ്രായമാകുമ്പോള്‍ പലപ്പോഴും ശരീരസ്ഥിതി സമ്മതിക്കാതെ ഇതുപോലെ മാറിയിരിക്കേണ്ട ഗതികേട് വരുമെന്ന് ഇവിടെ ഒരു പ്രവിശ്യം സന്ദര്‍ശിച്ചു മടങ്ങുന്നവര്‍ക്ക് മനസ്സിലാകും.

കോണ്‍സ്റ്ററ്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മ ഹെലെന്‍ ആണ് ഈ സ്ഥലം കണ്ടെത്തിയതും ആദ്യമായി ഒരു ദേവാലയം ഇവിടെ പണിതതും. എന്നാല്‍ 638-ല്‍ മുസ്ലീങ്ങള്‍ യിസ്രായേല്‍ പിടിച്ചടക്കിയപ്പോള്‍ ഈ ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. 1955-ലാണ് ഇപ്പോള്‍ കാണുന്ന ദേവാലയത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. ഈ ദേവാലയത്തിന്റെ താഴ്വാരത്തിലാണ് മറിയയുടെ നീരുരവ് (Mary’s Spring) എന്നറിയപ്പെടുന്ന സ്ഥലം. ഞങ്ങള്‍ ആ സ്ഥലത്തേക്ക് നടന്നു. എലിസബത്തിനെ കാണുന്നതിന് മുന്പായി മറിയ ഈ സ്ഥലത്തിരുന്ന് വിശ്രമിക്കുകയും ഈ നീരുറവില്‍ നിന്ന് കുടിക്കുകയും ചെയ്തിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ വെള്ളം കുടിക്കുവാന്‍ യോഗ്യമല്ല എന്ന ബോര്‍ഡ് കണ്ട ചിലര്‍ ഗൈഡ് ഹാനിയോട് കാര്യം തിരക്കി. പണ്ട് ഇത് ശുദ്ധ ജലമായിരുന്നുവെന്നും, വര്‍ഷങ്ങള്‍ ഉപയോഗിക്കാതെ കിടന്നതുകൊണ്ട് ഇത് ഉപയോഗശൂന്യമായിത്തീര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഈ നീരുറവയുടെ മുകളില്‍ ഒരു മുസ്ലീം പള്ളി സ്ഥിതിചെയ്യുന്നു. ഞങ്ങള്‍ ബസ്സ്‌ ബേയിലേക്ക് നടന്നു.

മറിയയുടെ നീരുറവ്‌ (Mary’s Spring) എന്ന് അറിയപ്പെടുന്ന നീരുറവ. 

(തുടരും)

Click to read previous: Part 1Part 2Part 3Part 4Part 5Part 6Part 7Part 8Part 9Part ​10, Part 11.


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,568

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 470515 Website Designed and Developed by: CreaveLabs