യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര - (പത്താം ഭാഗം )ബെന്നി വര്‍ഗീസ്

Voice Of Desert 10 years ago comments
യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര - (പത്താം ഭാഗം )ബെന്നി വര്‍ഗീസ്

യെഹൂദാ മലനിരയിലാണ് യെരുശലേം നഗരം സ്ഥിതിചെയ്യുന്നത്. ലോകത്തിലെ പുരാതന നഗരങ്ങളിലൊന്നാണ് യെരുശലേം. യെഹൂദന്മാര്‍ക്കും, ക്രിസ്ത്യാനികള്‍ക്കും , മുസ്ലീങ്ങള്‍ക്കും ഇന്ന് യെരുശലേം പുണ്യഭൂമിയാണ്. നമ്മുടെ ഇടതു വശത്തായി കാണുന്ന ഉയര്‍ന്ന മതിലാണ് പുരാതന യെരുശലേം പട്ടണത്തിലെ നഗരമതില്‍. 1538- ല്‍‍ സുലൈമാന്‍ പണികഴിപ്പിച്ച നഗരമതിലിനുള്ളിലാണ്‌ പുരാതന യെരുശലേം നഗരം സ്ഥിതിചെയ്യുന്നത്. അര്‍മേനിയക്കാര്‍, യെഹൂദന്മാര്‍, ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍ തുടങ്ങിയ നാലു വിഭാഗക്കാരാണ് ഈ മതിലിനുള്ളിലെ താമസക്കാര്‍. നഗര മതിലിന്റെ നീളം 4൦18 മീറ്ററും, ശരാശരി ഉയരം 12 മീറ്ററുമാണ്. മതിലിന് 8 വാതിലുകളും 34 കാവല്‍ ഗോപുരങ്ങളുമുണ്ട്. പുതിയ ഗയിറ്റ്‌ (New Gate), ദമാസ്ക്കസ് ഗയിറ്റ്‌, ഹെരോദാവിന്റെ ഗയിറ്റ്‌, സെന്റു് സ്റ്റീഫന്‍ ഗയിറ്റ്‌ (Lions Gate), ഡങ്ങ് ഗയിറ്റ്‌, സീയോന്‍ ഗയിറ്റ്‌, ജാഫാ ഗയിറ്റ്‌, ഗോള്‍ഡന്‍ ഗയിറ്റ്‌ തുടങ്ങിയവയാണ് മതിലിലെ വാതിലുകള്‍. ഇതില്‍ ഗോള്‍ഡന്‍ ഗയിറ്റ്‌ ഒഴികെ ബാക്കിയുള്ളവയെല്ലാം തുറന്നു കിടക്കുകയാണ്.

1541 –ല്‍ സുല്‍ത്താന്‍ സുലൈമാന്‍ അടച്ച ഗോള്‍ഡന്‍ ഗയിറ്റ്‌ ഇന്നുവരെയും അടഞ്ഞു കിടക്കുന്നു, യെഹൂദാ വിശ്വാസം അനുസരിച്ച് മശിഹായുടെ വരവിങ്കല്‍ ഈ ഗയിറ്റ് തുറക്കപ്പെടുമെന്നും, അതിലൂടെ മശിഹാ യെരുശലേമില്‍പ്രവേശിക്കുമെന്നുമാണ്. (യെഹസ്ക്കേല്‍ 44 :1 -3) 

പുരാതന യെരുശലേമിലെ നഗര മതില്‍

ഞങ്ങള്‍ സെന്റ്‌ സ്റ്റീഫന്‍് ഗയിറ്റിന്റെ ( Lion’s Gate )അടുത്തെത്തി. വാഹനം കുറച്ച് ദൂരെ പാര്‍ക്കുചെയ്യേണ്ടി വന്നതുകൊണ്ട് അല്പദൂരം നടന്നാണ് ഗെയിറ്റിന്റെ മുന്പിലെത്തിയത്. സ്റ്റെഫാനോസ്സിനെ കല്ല്‌ എറിഞ്ഞു കൊന്നത് ഈ ഗെയിറ്റിന്റെ സമീപത്തായതിനാലാണ് ഇതിന് സ്റ്റെഫാനോസ്സിന്‍റെ പേര് ലഭിച്ചത്. ആട്ടു വാതില്‍ (Sheep Gate)എന്നൊരു പേരും ഈ ഗെയിറ്റിനുണ്ട്.(യോഹന്നാന്‍ 5 : 2)

ഞങ്ങള്‍ ഗെയിറ്റിലൂടെ അകത്തേക്ക് നീങ്ങി. കുറച്ച് മുന്‍പോട്ട് നടന്നപ്പോള്‍ വലതു വശത്തേ് കണ്ട കവാടത്തിലൂടെ അകത്തേക്ക് പ്രവേശിച്ചു. അവിടെയാണ് ബെഥേസ്ദാ കുളം (The pool of Bethesda) ഹാനി ഞങ്ങള്‍ക്കുള്ള പ്രവേശന പാസ്സിനായി കൌണ്ടറിലേക്ക് പോയി. വാഷ് റൂം ഉപയോഗിക്കേണ്ടവര്‍ക്ക് അവിടെ അതിനുള്ള സൗകര്യവും ഉണ്ടായിരുന്നു. പെട്ടെന്നുതന്നെ ഹാനി ടിക്കറ്റുമായി വന്നു. അഞ്ചു മണ്ഡപങ്ങള്‍ ഉള്ള ബെഥേസ്ദാ കുളത്തിന് 35൦ അടി നീളവും 200 അടി വീതിയും 25 അടി ആഴവുമുള്ള ദീര്‍ഘ ചതുരാകൃതിയാണ്. യെരുശലേം ദേവാലയത്തില്‍ യാഗം അര്‍പ്പിക്കുവാന്‍ കൊണ്ടുവന്നിരുന്ന ആടുകളെ കഴുകി വൃത്തിയാക്കിയിരുന്നത് ഈ കുളത്തിലായിരുന്നു. 38 വര്‍ഷം പക്ഷപാത രോഗി കിടന്നതും യേശു അദ്ദേഹത്തെ സൗഖ്യമക്കിയത്തിനും ശേഷമാണ് ഈ കുളത്തിന്‍റെ പ്രാധാന്യത വര്‍ദ്ധിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നടന്ന പുരാവസ്തു ഗവേഷണത്തിലൂടെയാണ് ഈ കുളം കണ്ടെത്തിയത്. 1964-ല്‍ നടന്ന ഭൂമി ഖനന പ്രക്രിയയിലൂടെ അഞ്ചാം നൂറ്റാണ്ടിലെ ബയിസന്റീന്‍ പള്ളിയുടെയും പന്ത്രണ്ടാം നൂറ്റാണ്ടിലെ കുരിശുയുദ്ധ പള്ളിയുടെയും നഷ്ടാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. പക്ഷപാത രോഗി കിടന്നതായി കരുതുന്ന സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നതും കാണാം. കുളത്തിന്റെ കുറച്ച് താഴെ വരെ ഇറങ്ങുവാനുള്ള കോണിപ്പടികള്‍ ഉണ്ട്. ചിലരൊക്കെ നടന്ന് താഴേക്കിറങ്ങി. പഴയ ബയിസന്റീന്‍ പള്ളിയുടെയും, കുരിശുയുദ്ധ പള്ളിയുടെയും തറയുടെ ഭാഗങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നതും കണ്ടു. 

ബെഥസ്ദാ കുളം (The pool of Bethesda)

പഴയ നിയമത്തിലും ബെഥേസ്ദാ കുളത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ( 2 രാജാക്കന്മാര്‍് 18 :17, യെശയ്യാവ് 7 : 3, 36: 2 ) ‘അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളം’ എന്നാണ് പഴയ നിയമ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്.

ബെഥേസ്ദാ കുളത്തിന്റെ തൊട്ടടുത്തായി കാണുന്ന പള്ളി, ‘സെന്റ്‌ ആന്‍’ എന്ന പേരില്‍ അറിയപ്പെടുന്നു. യേശുവിന്റെ അമ്മ മറിയയുടെ ജന്മ സ്ഥലത്താണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. മറിയയുടെ മാതാപിതാക്കള്‍ താമസിച്ചിരുന്നത് ഈ പള്ളിയുടെ അടിവശത്ത് കാണുന്ന ഗുഹയിലണെന്ന് റോമന്‍ കത്തോലിക്കാ വിഭാഗക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ വിശ്വസിക്കുന്നു. 1187-ല്‍ സലാദിന്‍ യെരുശലേമിലെ മറ്റ് പള്ളികള്‍ നശിപ്പിച്ചുവെങ്കിലും ഈ പള്ളി നശിപ്പിക്കാതെ നിലനിര്‍ത്തുകയും 1192-ല്‍ ഈ പള്ളിയെ ഒരു ഇസ്ലാം മത പഠന കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. അറബിയിലെഴുതിയ ബോര്‍ഡ് ഇപ്പോഴും ഇതിന്റെ പ്രവേശന കവാടത്തില്‍ കാണാന്‍് കഴിയും. ഈ റോമന്‍ കത്തോലിക്കാ പള്ളി ഇപ്പോള്‍ ഫ്രഞ്ച് ഗവണ്മെന്റിന്റെ നിയന്ത്രണത്തിലാണ്. 

സെന്റ്‌ ആന്‍ ദേവാലയം.

സെന്റ്‌ ആന്‍ പള്ളിയില്‍ നിന്നും ഞങ്ങളിറങ്ങി. അടുത്ത യാത്ര വിലാപ വഴിയിലേക്ക്. പുരാതന യെരുശലേം നഗരത്തിനുള്ളിലൂടെയുള്ള നടപ്പാതയാണ് വിലാപ വഴി (The via Dolorosa) എന്ന് അറിയപ്പെടുന്നത്. യേശു ക്രൂശ് ചുമന്ന് കാല്‍വരിയിലേക്ക് നടന്നുപോയ വഴിയാണിതെന്ന് പാരമ്പര്യ സഭകള്‍ വിശ്വസിക്കുന്നു. ഗാഗുല്‍ത്താ മലയിലേക്കുള്ള യാത്രയില്‍ യേശു അനുഭവിച്ച പീഡനങ്ങളുടെ വിവരങ്ങള്‍ നല്‍കുന്ന കുരിശിന്‍റെ വഴിയിലെ 14 സ്ഥലങ്ങള്‍ (Stations) ഈ യാത്രയില്‍ കാണാം. ആദ്യത്തെ രണ്ടു സ്ഥലങ്ങള്‍ ‘അന്റോണിയോ’ എന്ന സ്ഥലത്താണ്. ഈ രണ്ട് സ്ഥലങ്ങളും പൊന്തിയൊസ് പീലത്തോസുമായുള്ള യേശുവിന്റെ കൂടിക്കാഴ്ചയുമായി ബന്ദപ്പെട്ടാണ്. യേശുവിനെ കുറ്റം വിധിച്ചു പടയാളികള്‍ക്ക് കൈമാറിയത് ഒന്നാം സ്ഥലത്ത് വച്ചാണ്. രണ്ടാം സ്ഥലത്ത് വച്ച് യേശുവിനെ ക്രൂശു് ഏല്‍പ്പിക്കുകയും ചാട്ടവാര്‍് കൊണ്ട് അടിച്ച് മുള്‍ക്കിരീടം ചൂടിക്കുന്നു. മുന്നാം സ്ഥലത്ത് വച്ചാണ് യേശു ക്രൂശുമായി ആദ്യം വീഴുന്നത്. നാലാം സ്ഥല്ത്തുവച്ച് യേശു അമ്മ മറിയയെ കാണുന്നു. ശീമോനെ കുരിശു ചുമക്കുവാന്‍ നിര്‍ബന്ധിച്ചത് അഞ്ചാം സ്ഥലം. വെറോണിക്ക യേശുവിന്റെ മുഖം തുവാലകൊണ്ട് തുടച്ചതെന്നു റോമന്‍ കത്തോലിക്കര്‍ വിശ്വസിക്കുന്നത് ആറാം സ്ഥലം.(വേദപുസ്തകത്തില്‍ ഇത് പരാമര്‍ശിച്ചിട്ടില്ല.) യേശു ക്രൂശുമായി രണ്ടാമത് വീണ ഇടം ഏഴാം സ്ഥലം. “നിങ്ങള്‍ എന്നേ ചൊല്ലി കരയണ്ട നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവീന്‍” എന്നു തന്നെ നോക്കി കരഞ്ഞ സ്ത്രീകളോട് യേശു പറഞ്ഞ സ്ഥലമാണ്‌ എട്ടാമത്തേത്. യേശു ക്രൂശുമായി മൂന്നാം വട്ടം വീണ ഇടം ഒന്‍പതാമത്തെ സ്ഥലം. യേശുവിന്റെ വസ്ത്രം ഊരിയെടുത്ത്‌ ക്രൂശീകരണത്തിനുള്ള വസ്ത്രം ധരിപ്പിച്ചതാണ് പത്താം സ്റ്റേഷന്‍. മരക്കുരിശില്‍ കിടത്തി ആണികള്‍ അടിച്ചത് പതിനൊന്നാമത്തെ സ്ഥലം. ക്രൂശിതനായിക്കിടന്ന് പ്രാണനെ വിട്ടത് പന്ത്രണ്ടാമത്തെ സ്റ്റേഷന്‍. ക്രൂശില്‍ നിന്നും ഇറക്കി കിടത്തിയത്‌ പതിമൂന്നാമത്തെ ഇടം. കല്ലറ പതിനാലാം സ്ഥലം.

വിലാപ വഴിയില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന പിരിയന്‍ റൊട്ടി.

ആദ്യത്തെ രണ്ട് സ്ഥലങ്ങള്‍ ഒഴിച്ച് ബാക്കിയുള്ള 7 സ്ഥലങ്ങള്‍ തെരുവീഥിയിലാണ്. അവസാനത്തെ 5 സ്ഥലങ്ങള്‍ ‘Holy Sepulcher’ (വിശുദ്ധ കുടീരം സ്ഥിതി ചെയ്യുന്ന ദേവാലയം) എന്ന പള്ളിയുടെ ഉള്ളിലാണ്. പ്രധാനപ്പെട്ട സ്റ്റേഷനുകളിലെല്ലാം പള്ളികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വലിയ കല്ല്‌ പാകിയ വഴിയിലൂടെയാണ് യാത്ര. യേശുവിന്റെ കാലത്തുള്ളതും യേശു നടന്നതെന്ന് അവകാശപ്പെടുന്നതുമായ ചില കല്ലുകള്‍ അക്കൂട്ടത്തിലുണ്ട്.

യേശുവിനെ ക്രൂശിച്ച സ്ഥലമാണെന്ന് പാരമ്പര്യ സഭകള്‍ വിശ്വസിക്കുന്ന സ്ഥലത്തെക്കുറിച്ചാണ് മുകളില്‍ വിവരിച്ചിരിക്കുന്നത്. എന്നാല്‍ പെന്തക്കൊസ്തുകാര്‍ ഉള്‍പ്പടെയുള്ള പ്രോട്ടസ്റ്റെന്‍റ്റ് വിഭാഗങ്ങള്‍ കരുതുന്നതും വേദപുസ്തക ചരിത്രവുമായി ബന്ദമുള്ളതും, സാഹചര്യത്തെളിവുകളും വേദപുസ്തക വിശദീകരണവുമായി കൂടുതല്‍ സാമ്യമുള്ളതും കല്ലറ തോട്ടത്തിനാണ്. കല്ലറ തോട്ടത്തെക്കുറിച്ച് പിന്നീട് വിശദീകരിക്കാം.

യേശുവിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞതെന്നു കരുതുന്ന കല്ല്‌

വിലാപ വഴിയുടെ ഇരുവശത്തും വീതികുറഞ്ഞ ധാരാളം ചെറിയ വഴികള്‍ കാണാം. അവിടെയെല്ലാം ആളുകള്‍ താമസിക്കുന്ന വീടുകളും ഉണ്ട്. വഴിക്കിരുവശവും കച്ചവട സ്ഥാപനങ്ങളാണ്‌. സന്ദര്‍ശകരെ കൊണ്ട് തിങ്ങി നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്നത് ശ്രമകരമാണ്. വളരെ തിരക്ക് കൂടിയ വഴിയിലൂടെ യാത്ര ചെയ്യുമ്പോഴും ഷോപ്പിങ്ങ് നടത്താനുള്ള പാഴ് ശ്രമവും ചിലര്‍ നടത്തുന്നുണ്ടായിരുന്നു. ആളുകളെ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലായതിനാല്‍ വഴിയോര ഷോപ്പിങ്ങ് കര്‍ശനമായി വിലക്കിയിരുന്നു. കെട്ടിടങ്ങളുടെ ഇടയിലൂടെ പല വഴികളും പോകുന്നതുകൊണ്ട്‌ നഷ്ടപ്പെടുന്നവരെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. പല രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ള അനേകം ടൂറിസ്റ്റ് ഗ്രൂപ്പുകള്‍ വലിയ മരക്കുരിശും ചുമന്ന് ഓരോ സ്റ്റേഷനുകളിലും മുട്ടുകുത്തി പ്രാര്‍ത്ഥിച്ചുകൊണ്ട് നീങ്ങുന്നത്‌ കാണാം. ഇടയ്ക്കിടയ്ക്ക് മലയാളി സംഘത്തെയും കാണാമായിരുന്നു.. എത്ര വലിപ്പത്തിലുള്ള കുരിശു വേണമെങ്കിലും ഇവിടെ വാങ്ങാന്‍ കിട്ടും. കൂടാതെ വലിയ മരക്കുരിശ് ദിവസ വാടകയ്ക്ക് കിട്ടുന്ന സ്ഥലവും ഉണ്ട്. വിശുദ്ധ നാട് സന്ദര്‍ശനത്തിനു വരുന്ന തീര്‍ത്ഥാടകാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇവിടുത്തെ കച്ചവടക്കാര്‍ക്ക് നന്നായി അറിയാം.

ഇറക്കവും കയറ്റവും ഉള്ള വഴിയായാതിനാല്‍ സൂക്ഷിച്ച് നടക്കണം. ചില സ്ഥലങ്ങളില്‍ ചവിട്ടുപടികളും ഉണ്ട്. വളരെ ശ്രദ്ധിച്ച് നടന്നില്ലെങ്കില്‍ വിലാപവഴിയില്‍ വീണുകിടന്നു വിലപിക്കേണ്ടിവരുമെന്ന് ഗൈഡ് ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു.

അവസാനത്തെ 5 സ്റ്റേഷനുകള്‍ സ്ഥിതിചെയ്യുന്ന ‘Holy Sepulcher’ (വിശുദ്ധ കുടീരം സ്ഥിതി ചെയ്യുന്ന ദേവാലയം) പള്ളിയുടെ മുന്‍പില്‍ ഞങ്ങളെത്തി. പള്ളിയുടെ ഉള്ളില്‍ വളരെ ജനത്തിരക്കാണ്. കത്തോലിക്കാ വിശ്വാസികളെ സംബന്ദിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട സ്ഥലമാണിത്. ക്രൂശില്‍ നിന്നും കര്‍ത്താവിന്റെ ശരീരം ഇറക്കിവച്ച പതിമൂന്നാമത്തെ ഇടമായ മാര്‍ബിള്‍ കല്ലില്‍ ചുംബിക്കുന്നതും, അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും വിയര്‍പ്പുമെല്ലം തുവാല കൊണ്ട് തുടച്ച്, അത് മടക്കി എടുത്ത് ബാഗില്‍ വയ്ക്കുന്നതും കണ്ടപ്പോള്‍ അവരോട് സഹതാപം തോന്നി. അജ്ഞത കൊണ്ട് ചെയ്യുന്ന ഈ പ്രവര്‍ത്തികള്‍ക്കൊണ്ട് എന്ത് പുണ്യമാണാവോ ഈ പാവങ്ങള്‍ക്ക് ലഭിക്കുന്നത് ? 

യേശുവിന്റെ ശരീരം വച്ചതെന്ന് കരുതുന്ന പാറയില്‍ തൊട്ട് പ്രാര്‍ത്ഥിക്കുന്നവര്‍

ആ സ്ഥലങ്ങളൊക്കെ ഞങ്ങള്‍ നടന്നു കണ്ടു. പള്ളിക്കുള്ളിലാണ്‌ കല്ലറ സ്ഥിതിചെയ്യുന്നത്. ഇരുമ്പ് തകിടുപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഒരു വലിയ പെട്ടിയാണ് കല്ലറ. അതിന്റെ ഉള്ളില്‍ പ്രവേശിക്കുവാനുള്ള നീണ്ട ക്യു കണ്ട് ഞങ്ങള്‍ ഞെട്ടി. “ഒരു മണിക്കൂര്‍ നിന്നാലും കാണാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.........” ഹാനി നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. അടുത്ത സന്ദര്‍ശന സ്ഥലത്തേക്ക് നീങ്ങാമെന്നായി പലരും., കറുത്ത വേഷം ധരിച്ച പാതിരിമാരും, പള്ളിക്കുള്ളിലെ അന്തരീക്ഷവും, ഇടയ്ക്കിടെ കേള്‍ക്കുന്ന മണിയൊച്ചയും, കുന്തിരിക്കത്തിന്റെ ഗന്ധവും ഒക്കെ പലരെയും അസ്വസ്ഥരാക്കി. പെട്ടെന്ന് പുറത്തുകടക്കാം എന്ന അഭിപ്രായമായിരുന്നു എല്ലാവര്ക്കും. പുറത്ത് കടന്ന ഞങ്ങള്‍ അടുത്ത സന്ദര്‍ശന സ്ഥലമായ വിലാപ മതിലിലേക്ക് നടന്നു.

(തുടരും)  

Click to read previous: Part 1Part 2Part 3Part 4Part 5Part 6Part 7Part 8, Part 9.


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,669

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 450046 Website Designed and Developed by: CreaveLabs