മറ്റ് രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലെത്തിയ അനധികൃത കുടിയേറ്റക്കാര്‍ക്ക് നിയമാനുസൃതം തൊഴില്‍ ചെയ്യാന്‍ അവസരം നല്കുന്ന നയത്തിന് പ്രസിഡന്റ് ബരാക് ഒബാമയുടെ അംഗീകാരം. ഇന്ത്യക്കാരുള്‍പ്പെടെ തുച്ഛവേതനത്തിന് അനധികൃതമായി ജോലിചെയ്യുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് ആശ്വാസമേകുന്നതാണ് പരിഷ്കരിച്ച നിയമം. പിടിക്കപ്പെട്ടാല്‍ നാടുകടത്തപ്പെടുമെന്ന ഭീഷണിയില്‍ നിന്ന് ഇവര്‍ ഒഴിവായി.
അഞ്ചുവര്‍ഷമായി അമേരിക്കയില്‍ അനധികൃതമായി കഴിയുന്ന കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് മൂന്നുവര്‍ഷത്തേക്കുള്ള തൊഴില്‍ അനുമതി ഇതനുസരിച്ച് ലഭിക്കും. ഇതിനുപുറമേ 16 വയസ്സിനുമുമ്പ് രാജ്യത്തെത്തിയവര്ക്കും നിയമപ്രകാരം തൊഴില്‍ചെയ്യാം. എന്നാല്‍, പൗരത്വത്തിനോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ ഭാവിയില്‍ അര്‍ഹരാകുമെന്ന് ഇതുകൊണ്ട് അര്‍ഥമില്ലെന്നും ഉത്തരവില്‍ പറയുന്നു. അനധികൃതമായി രാജ്യത്ത് എത്തിയവര്‍ക്ക് നിഴലില്‍നിന്ന് പുറത്തുവരാന്‍ അവസരം നല്കുന്ന തീരുമാനമെന്ന് ഒബാമ നിയമത്തെ വിശേഷിപ്പിച്ചു.