യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര- (എട്ടാം ഭാഗം) ബെന്നി വര്‍ഗീസ്

Voice Of Desert 10 years ago comments
യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര- (എട്ടാം ഭാഗം)   ബെന്നി വര്‍ഗീസ്

ഹയിഫാ പട്ടണത്തോട് വിടപറഞ്ഞ് ഞങ്ങള്‍ കൈസരിയായിലേക്ക് (Caesarea) യാത്ര തിരിച്ചു. ഹയിഫാ പട്ടണത്തില്‍‍ നിന്നും 45 കിലോമീറ്റെര്‍ ദൂരമുണ്ട് കൈസരിയായിലേക്ക്. അത്രയും ദൂരം തന്നെ യാത്ര ചെയ്യണം യോപ്പയിലേക്കും (ടെല്‍ അവിവ്). രണ്ട് പട്ടണങ്ങളുടെയും മദ്ധ്യഭാഗത്തായി കൈസരിയാ സ്ഥിതിചെയ്യുന്നു. കൈസരിയാ ഡവലപ്മെന്റു് കോര്‍പറേഷന്‍ എന്ന പ്രൈവറ്റ് സംഘടനയാണ് ഈ സ്ഥലത്തിന്റെ മേല്‍നോട്ടം വഹിച്ച് കാര്യങ്ങള്‍ നോക്കിനടത്തുന്നത്. ഒരു പ്രൈവറ്റ് സംഘടന ഭരണം നിയന്ത്രിക്കുന്ന ഇസ്രായേലിലെ ഏക പ്രദേശവും ഇത് മാത്രമാണ്. മഹാനായ ഹെരോദാ രാജാവ് BC 25 – 13 കാലഘട്ടത്തിലാണ് ഈ നഗരം നിര്‍മ്മിച്ചത്. റോമാ സാമ്രാജ്യ കാലയളവില്‍ യഹൂദ്യാ പ്രദേശത്തെ (Judaea Province) ഭരണ സിരാകേന്ദ്രമായിരുന്നു കൈസരിയാ. കടലിനുള്ളില്‍ ഹെരോദാവ് നിര്‍മ്മിച്ച വലിയ ഒരു കൊട്ടാരം ഇവിടെ സ്ഥിതിചെയ്തിരുന്നു. അതിന്‍റെ ചില ഭാഗങ്ങള്‍ ഇപ്പോഴും നാശാവഷിഷ്ടമായി അവിടെ കിടക്കുന്നത് കാണാം. കൂടാതെ കര്‍മ്മേല്‍ പര്‍വ്വതത്തില്‍് നിന്നും ഹെരോദാവിന്റെ കൊട്ടാരത്തിലേക്ക് വെള്ളം കൊണ്ടുവന്നിരുന്ന കനാലിന്‍റെ (Aqueduct) ഭാഗങ്ങളും ഇവിടെ കാണാം. മെഡിറ്റരേനിയന്‍ കടലിനോട് ചേര്‍ന്നാണ് ഈ കനാല്‍ സ്ഥിതിചെയ്യുന്നത്. അയ്യായിരത്തോളം ആളുകള്‍ക്ക് ഒന്നിച്ചിരുന്ന് വിനോദ പരിപാടികള്‍ ആസ്വദിക്കാന്‍ കഴിയുന്ന, കല്ലുകൊണ്ട് നിര്‍മ്മിച്ച ഒരു തുറന്ന തിയറ്ററും ഇവിടെ ഉണ്ടായിരുന്നു. ഈ നിര്‍മ്മിതികളെല്ലാം ഹെരോദാവിന്റെ ഭരണ കാലത്തെ പ്രൌഡി വിളിച്ചോതുന്നതായിരുന്നു. മെഡിറ്റരേനിയന്‍ കടലിനോട് ചേര്‍ന്ന് കിടക്കുന്ന ഈ സ്ഥലങ്ങളെല്ലാം ഞങ്ങള്‍ നടന്നു കണ്ടു. ചിലര്‍ കടലില്‍ ഒന്നിറങ്ങനായി തീരത്തേക്ക് നടന്നു.

ഹെരോദാവു് നിര്‍മ്മിച്ച കനാല്‍ (Aqueduct), അപ്പുറത്ത് മെഡിറ്റരേനിയന്‍ കടല്‍.

വേദപുസ്തക ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലമാണ്‌ കൈസ്സരിയാ. പ്രധാനമായും അപ്പോസ്തലനായ പൗലോസുമായി ബന്ധപ്പെട്ടാണത്. പൌലോസ് യവന ഭാഷക്കാരായ യഹൂദന്മാരോട് സംഭാഷിച്ചു തര്‍ക്കിച്ചു; അവരോ അവനെ കൊല്ലുവാന്‍ വട്ടം കൂട്ടി. ഇതറിഞ്ഞ സഹോദരന്മാര്‍ അവനെ കൈസ്സരിയായിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ നിന്ന് പിന്നീട് തര്സോസിലേക്ക് അയച്ചു.(അപ്പോസ്തല പ്ര 9 : 29-30) ഫിലിപ്പോസ് എത്ത്യോപ്പ്യ ഷണ്ഡനെ സ്നാനപ്പെടുത്തിയ ശേഷം, കര്‍ത്താവിന്റെ ആത്മാവ് അവനെ എടുത്തുകൊണ്ടുപോയി. ഫിലിപ്പോസിനെ പിന്നീട് അസ്തോദില്‍ കണ്ടു. അവന്‍ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ട്‌ കൈസ്സരിയായില്‍ എത്തി. (അപ്പോസ്തല പ്ര 8 :4൦) അപ്പോസ്തലനായ പത്രോസ്, ജാതികളിലേക്ക് സുവിശേഷ സത്യം എത്തിക്കുന്നതിന് തുടക്കം കുറിച്ച കൊര്‍ന്നല്യോസിന്റെയും കുടുംബത്തിന്റെയും മാനസാന്തരവും, അവര്‍ വിശ്വാസ സ്നാനം സ്വീകരിച്ചതും കൈസ്സരിയായില്‍ വച്ചായിരുന്നു. (അപ്പോസ്തല.പ്ര10:19-48) ഹെരോദാവു് ദൈവത്തിന് മഹത്വം കൊടുക്കായ്കയാല്‍ കര്‍ത്താവിന്റെ ദൂതന്‍ അവനെ അടിച്ചു, അവന്‍ കൃമിക്കിരയായി പ്രാണനെ വിട്ടത് (മരിച്ചത്) കൈസ്സരിയായില്‍ വച്ചായിരുന്നു. പൌലോസിന്റെ മിഷിനറി യാത്രയില്‍ പല തവണ കൈസ്സരിയാ സന്ദര്‍ശിച്ചിരുന്നതായും, ഫിലിപ്പോസ്സിന്റെ വീട്ടില്‍ താമസിച്ചിരുന്നതായും അപ്പോസ്തല പ്രവര്‍ത്തികളില്‍ വായിക്കുന്നു.(18:22,21:8-16) കൈസരെ അഭയം ചൊല്ലിയ പൗലോസ്‌, മൂന്നു വര്‍ഷം വീടുതടങ്കലില്‍് കിടന്നതും കൈസ്സരിയായില്‍ ആയിരുന്നു. (അ.പ്രവ 23 : 23, 26 : 32) 

കൈസ്സരിയായിലെ നഷ്ടാവശിഷ്ടങ്ങള്‍

ഇസ്രായേലിലെ സമ്പന്നര്‍ മാത്രം താമസിക്കുന്ന ഒരു സ്ഥലമായി ഇന്ന് കൈസ്സരിയാ മാറിയിരിക്കുന്നു.. മനോഹരമായ കടല്‍ത്തീരവും, പൂന്തോട്ടങ്ങളും, ക്ലബ്ബുകളും, മറ്റും ഇവിടെയുണ്ട്. പല സ്ഥലങ്ങളില്‍ നിന്നും ഉല്ലാസ യാത്ര വന്നവരേയും ഇവിടെ കണ്ടു. കൈസ്സരിയായുടെ മനോഹാരിത ആസ്വദിച്ച് ഞങ്ങള്‍ മുമ്പോട്ടു നീങ്ങി. കുറച്ച് മുമ്പോട്ടു പോയപ്പോള്‍ ഹദേര തീരത്ത്, ഒരു പവ്വര്‍ സ്റ്റേഷന്‍ കണ്ടു. കല്‍ക്കരികൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ പവ്വര്‍് പ്ലാന്റ്, ‘ഒരൊട് റാബിന്‍’(Orot Rabin) എന്ന പേരില്‍ അറിയപ്പെടുന്നു. ജെറുസലേമില്‍ എത്തുന്നതിനു മുന്‍പ് നമ്മള്‍ കാണുന്ന പ്രധാനപ്പെട്ട മറ്റൊരു പട്ടണമാണ് യോപ്പ.(Tel Aviv) ഏകദേശം 45 കിലോമീറ്റര്‍ ദൂരെയാണ് യോപ്പാ പട്ടണം. നാം യാത്ര ചെയ്തുകൊണ്ടിരിക്കുന്നത് മെഡിറ്റരേനിയന്‍ കടല്‍ത്തീരത്തുകൂടിയാണ്. കടലില്‍ അങ്ങ് ദൂരത്തായി ചില ക്രുയിസറുകളും, കപ്പലും പോകുന്നത് കണ്ടു. റോഡിന്റെ ഇടത്തുവശത്ത് ഓറഞ്ച് തോട്ടങ്ങളും, വാഴ കൃഷിയും, ഒലിവ് തോട്ടങ്ങളും ധാരാളം കാണാം.

റോഡില്‍ ചെറിയ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി ‘ഹെര്‍്സലിയ’ എന്ന ഒരു പട്ടണത്തിലേക്ക് വാഹനം പ്രവേശിക്കുകയാണ്. സയനിസ്സത്തിന്റെ (Zionism) തുടക്കകാരനായി അറിയപ്പെടുന്ന ‘തീയോടര്‍ ഹെര്‍സല്‍’ എന്ന മഹാന്റെ പേരിലാണ് ഈ പട്ടണം അറിയപ്പെടുന്നത്. ടെല്‍ അവീവിന്റെ വടക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന ഈ പട്ടണത്തിലാണ് വിവിധ രാജ്യങ്ങളുടെ അംബാസിഡര്‍മാരും, എംബസികളുമായി ബന്ധപ്പെട്ടുള്ള മറ്റ് ജീവനക്കാരും താമസിക്കുന്നത്. ഇസ്രായേല്‍ സെന്‍ട്രല്‍ബ്യുറോ ഓഫ് സ്റ്റാറ്റിറ്റിക്കു്സ് (ICBS) പ്രകാരം, ഇസ്രായേലിലെ ഏറ്റവും വലിയ ധനാഡ്യര്‍ താമസിക്കുന്ന പട്ടണമാണ് ഹെര്‍സലിയ.

അല്‍പ സമയത്തിനുള്ളില്‍ യോപ്പയില്‍ (Jaffa)എത്തിച്ചേരും. ടെല്‍ അവീവിന്റെ ഒരു ഭാഗം തന്നെയാണ് യോപ്പ. ടെല്‍ - അവീവ് ആധുനീക പട്ടണമായും, യോപ്പ പുരാതന നഗരമായും അറിയപ്പെടുന്നു. വിദേശ രാജ്യങ്ങളുടെ എംബസികള്‍ സ്ഥിതിചെയ്യുന്നത് ടെല്‍-അവീവിലാണ്. ചില രാജ്യങ്ങളുടെ എംബസി കെട്ടിടങ്ങള്‍ ഞങ്ങള്‍ കണ്ടു. ഇന്ത്യന്‍ പതാക പാറിപ്പറക്കുന്ന ഒരു കെട്ടിടം ഡ്രൈവര്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യന്‍ എംബസിയുടെ കെട്ടിടം കണ്ടതും,, യാത്രക്കാരുടെ ദേശസ്നേഹം അണപൊട്ടിയൊഴുകി. “വന്ദേ മാതരം” എന്ന് ഒരേ സ്വരത്തില്‍ എല്ലാവരും ചേര്‍ന്ന് പറഞ്ഞു. വലത്തുവശത്ത് വിശാലമായ കടല്‍തീരമാണ്. അര്‍ദ്ധനഗ്നരായി വെയില്‍ കാഞ്ഞുകിടക്കുന്ന ധാരാളം ദേശീയരും വിദേശിയരും. കടല്‍ത്തീരത്തോട് ചേര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്ന പഞ്ചനക്ഷത്രഹോട്ടലുകള്‍.

ടെല്‍ - അവീവ് മെഡിറ്റരേനിയന്‍ കടലിന്‍റെ പശ്ചാത്തലത്തില്‍ 

ടെല്‍ - അവീവ് ഇസ്രായേലിലെ രണ്ടാമത്തെ വലിയ പട്ടണമാണ്. വളരെ ഉയര്‍ന്ന ജീവിത ചിലവുള്ള ഈ പട്ടണത്തില്‍, മുഴുരാത്രി പ്രവര്‍ത്തിക്കുന്ന ബിയര്‍ പബ്ബുകള്‍, നിശാ ക്ലുബുകള്‍, സിനിമാ തിയറ്ററുകള്‍ കൂടാതെ മറ്റ് എല്ലാ വിനോദ സംവിധാനങ്ങളും ലഭ്യ,മാണ്. ലോകത്തിലെ മുപ്പത്തിയൊന്നമാത്തെ ജീവിത ചെലവ് കൂടിയ പട്ടണമാണ് ടെല്‍ - അവീവ്. ‘ഉറങ്ങാത്ത പട്ടണം’ (The City that never sleeps) എന്നാണ് ഈ പട്ടണം അറിയപ്പെടുന്നത്. ആഗോള സാങ്കേതിക, സാമ്പത്തീക കേന്ദ്രം കൂടിയാണ് ടെല്‍-അവീവ്. ‘ഉയര്‍ന്ന മലമേല്‍ സ്ഥിതിചെയ്യുന്ന പുരാതന വിശുദ്ധ നഗരമായ ജെരുശലെമിന്റെ മറുവശമാണ് കടല്‍ത്തീരത്ത്‌ സ്ഥിതിചെയ്യുന്ന ആധുനീക പാപ പട്ടണമായ ടെല്‍ – അവീവ്’ ഈ പട്ടണത്തെക്കുറിച്ച് ഇവിടെ പൊതുവേ പറയുന്ന ഒരു ചൊല്ലാണിത്.

ഇവിടെ ആദ്യമായി നാം കാണുവാന്‍ പോകുന്നത് തോല്കല്ലനായ ശീമോന്റെ വീടാണ്. ഈ വീട്ടിലാണ് പത്രോസ് താമസിച്ചിരുന്നത്. ഈ വിട്ടിലെ വെന്മാടത്തില്‍, ആറാം മണി നേരത്ത് പ്രാര്‍ത്ഥിക്കാന്‍ കയറിയപ്പോഴാണ്, തുപ്പെട്ടി ദര്‍ശനം ഉണ്ടാകുന്നതും (അ. പ്രവര്‍ത്തി 10 :9-48) ജാതികളോടും സുവിശേഷം അറിയിക്കാനുള്ള നിയോഗം ലഭിക്കുന്നതും. പത്രോസ് ഈ വീട്ടില്‍ നിന്നും യാത്ര ചെയ്താണ് കൈസ്സരിയായില്‍, കൊര്‍ന്നല്ലിയോസിന്റെ വീട്ടിലെത്തി അവരെ രക്ഷയിലേക്കു് നടത്തിയത്. ഒരുപക്ഷേ, നമ്മേപ്പോലുള്ളവര്‍ക്ക് കര്‍ത്താവായ യേശു രക്ഷകന്‍റെ ശിഷ്യരായിത്തീരുവാന്‍ ഭാഗ്യം ലഭിച്ചത് പത്രോസിനുണ്ടായ ഈ തുപ്പെട്ടി ദര്‍ശനമാകാം!

തോല്‍ക്കല്ലനായ ശീമോന്റെ വീടിനു മുന്നില്‍ യാത്രാ സംഘം.

നാമധേയ ക്രൈസ്തവര്‍ പൊതുവേ ഈ സ്ഥലം സന്ദര്‍ശിക്കാറില്ല. ഇന്ത്യയില്‍ നിന്നും വരുന്ന ഭൂരിപക്ഷം ടീമുകളും സന്ദര്‍ശിക്കാത്ത, ഈ സ്ഥലം നമ്മുടെ സന്ദര്‍ശന പരിപാടിയില്‍ എന്തിനാണ് ഉള്‍പ്പെടുത്തിയതെന്ന് പലപ്പോഴും ഗൈഡ് ഹാനി ചോദിക്കാറുണ്ട്. എന്തോ, പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരടുപ്പം ഈ സ്ഥലവുമായുണ്ട്‌. ഈ അനുഭവം ഇവിടെ വന്നു പോകുന്ന ഓരോ വ്യക്തിക്കും ഉണ്ടാകാറുണ്ട്. അര്‍മേനിയന്‍ ക്രിസ്ത്യാനിയായ ജക്കരിയന്‍ കുടുംബം ആണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇസ്രായേല്‍ ഗവര്‍മെന്റിന്റെ നിയന്ത്രണത്തില്‍ ഇത് അടച്ചിട്ടിരിക്കുകയാണ്. ഈ വീടിനടുത്തായി ഒരു വലിയ റോമന്‍ കത്തോലിക്കാ പള്ളിയുണ്ട്, ഈ പള്ളി നില്‍ക്കുന്ന സ്ഥലത്ത് വച്ചാണ് പത്രോസ് തബീഥയെ ഉയര്‍പ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. (അ. പ്രവ 9 : 36-4൦ ) ഈ പള്ളിയുടെ വശത്തുകൂടി ഞങ്ങള്‍ താഴേക്ക്‌ നടന്നു. ഇവിടെ നിന്നുള്ള ദൂര ദര്‍ശനം ഞങ്ങള്‍ ആസ്വദിച്ചു. ടെല്‍- അവീവ് പട്ടണം മെഡിട്ടരേനിയന്‍് കടലിന്റെ പശ്ചാത്തലത്തില്‍‌ വളരെ മനോഹരമായി കാണപ്പെട്ടു.

36൦൦ വര്‍ഷം പഴക്കമുള്ളതാണ് തുറമുഖ പട്ടണമായ യോപ്പ. ദാവീദ് രാജാവിന്റെ കാലത്താണ് യോപ്പ ഇസ്രായേലിന്റെ അധീനതയില്‍ ആയത്. ശലോമോന്‍ രാജാവ്‌ പണികഴിപ്പിച്ച ഒന്നാമത്തെ ദൈവാലയത്തിന്റെ പണിക്കാവശ്യമായ ദേവദാരു, ചന്ദനം, സരളമരം ആധിയായവ സോര്‍ രാജാവായ ഹീരാം കടല്‍ വഴിയായി യോപ്പയില്‍ എത്തി ച്ചുകൊടുത്തതായും, പില്‍ക്കാലത്ത് സെരുബാബേല്‍ ദേവാലയം പണിയുവാന്‍ ലെബനോനില്‍ നിന്ന് ദേവദാരു മരം ഈ തുറമുഖം വഴി കൊണ്ടുപോയതായും വേദപുസ്തകം പറയുന്നു.( 2 ദിന 2 : 1 6 ) യോനാ പ്രവാചകന്‍ തര്സോസിലേക്ക് കപ്പല്‍ കയറിയതും, പിന്നീട് മത്സ്യം യോനായെ ചര്‍ദ്ദിച്ചതും യോപ്പയിലാണ്. (യോനാ 1: 3, 2 : 10 ) ഇതിന്റെ ഓര്‍മ്മയ്ക്ക്‌ വേണ്ടി ആയിരിക്കാം, ഒരു വലിയ മത്സ്യത്തിന്റെ പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അതും മിക്കവരുടെയം ക്യാമാറായിലായി.! അടുത്തത് ഉച്ച ഭക്ഷണം.

പുരാതന ശൈലിയിലുള്ള ഒരു ഭക്ഷണ ശാലയിലായിരുന്നു ഉച്ച ഭക്ഷണം.. നൂറ്റാണ്ടുകളുടെ ചരിത്രം വിളിച്ചോതുന്ന യോപ്പയിലെ ഈ ഭക്ഷണ ശാലയ്ക്കും ഒരു പഴമയുടെ പ്രൌഡി ഉണ്ടായിരുന്നു. മറ്റ് സ്ഥലങ്ങളിലേക്കാളും വ്യത്യസ്തവും, വിഭവ സമൃദ്ധവും ആയിരുന്നു ഉച്ചഭക്ഷണം. രുചികരമായ പല തരം സാലാഡുകളും, റൊട്ടിയും, കുബ്ബൂസും, ജൂസും, മധുര പലഹാരങ്ങളും ഇവയില്‍ ഉള്‍പ്പെടും. ടേബിളില്‍ ജാറുകളിലാക്കി വച്ചിരുന്ന ജൂസ്സിനും ഉണ്ടായിരുന്നു ഒരു പ്രത്യേക രുചി. ഇനി എല്ലാ ദിവസവും ഉച്ച ഭക്ഷണം ഇവിടുന്ന് മതിയെന്ന് പറയാനും ചിലര്‍ മടിച്ചില്ല.

(തുടരും )

Click to read previous: Part 1Part 2Part 3Part 4Part 5Part 6, Part 7.


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,212

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 471355 Website Designed and Developed by: CreaveLabs