ഭൂമിയുടെ ന്യായവില തിങ്കളാഴ്ച മുതല്‍ അമ്പത് ശതമാനം കൂടും. വെള്ളിയാഴ്ച നികുതിവകുപ്പ് ഇറക്കിയ വിജ്ഞാപനത്തിലൂടെയാണ് ഇത് നിലവില്‍വരുന്നത്.
ഇതോടെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന് എന്നീ ഇനങ്ങളില്‍ നല്‍കേണ്ട തുകയിലും വന്‍തോതില്‍ വര്‍ധനയുണ്ടാകും. 500 കോടി രൂപയുടെ അധികവരുമാനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നടപടി.
ഒക്ടോബര്‍ ഒന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
എന്നാല്‍, നികുതിവര്‍ധനയ്ക്കെതിരെ ഉണ്ടായ പ്രതിഷേധങ്ങളെതുടര്ന്ന് ഭൂമിയുടെ ന്യായവില കൂട്ടുന്നത് തത്ക്കാലം നിര്‍ത്തിവെയ്ക്കുകയായിരുന്നു. കുടുംബവസ്തു കൈമാറ്റത്തിന് നികുതി കൂട്ടിയതിനെ തുടര്‍ന്ന് ജനങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പും ഇതിന് കാരണമായിരുന്നു.
രജിസ്ട്രേഷന് വകുപ്പിന്റെ വെബ്സൈറ്റില്‍ ഇപ്പോള്‍ ന്യായവില രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തത്ക്കാലം മാറ്റുന്നില്ല. ഇതില്‍ 50 ശതമാനം വര്‍ധന കണക്കുകൂട്ടി സബ്രജിസ്ട്രാര്‍മാര്‍ തിങ്കളാഴ്ച മുതല്‍ പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യും.
കുടുംബവസ്തു കുടുംബാംഗങ്ങള്‍ക്ക് കൈമാറ്റം ചെയ്യുന്നതിനും ന്യായവിലയിലെ അമ്പത് ശതമാനം വര്‍ധന ബാധകമായിരിക്കുമെന്ന് രജിസ്ട്രേഷന് വകുപ്പ് കേന്ദ്രങ്ങള്‍ അറിയിച്ചു.