ചെന്നൈ: ബാങ്കിതര പണമിടപാട് സ്ഥാപനങ്ങള്‍ സ്വര്‍ണപ്പണയത്തിന് അമിത പലിശ ഈടാക്കുന്നത് നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിന് ബാധ്യതയുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ബാങ്കിതര സ്ഥാപനങ്ങള്‍ സ്വര്‍ണപ്പണയത്തിന് അമിതപലിശ ഈടാക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് റിസര്‍വ് ബാങ്കിന് കൈകഴുകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പറഞ്ഞു. എ.ആര്. ജയരുദ്രന് നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എസ്.കെ. കൗളും ജസ്റ്റിസ് വി. ധനപാലും അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പണമിടപാട് സ്ഥാപനങ്ങള്‍ ഈടാക്കുന്ന പലിശയിന്മേല് ഒന്നും ചെയ്യാനില്ലെന്ന റിസര്‍വ് ബാങ്കിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു. ബാങ്കിതര പണമിടപാട് സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ ദ്രോഹിക്കുന്ന സ്ഥാപനങ്ങളാവുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഉറപ്പുവരുത്തണം. പുതിയ കൊള്ളപ്പലിശക്കാരെ സൃഷ്ടിക്കുന്നതിന് കളമൊരുക്കുന്ന സമീപനമല്ല റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടത്-കോടതി അഭിപ്രായപ്പെട്ടു.