സ്മുര്‍ന്ന മരിച്ചു ജീവിച്ച പട്ടണം. സ്മുര്‍ന്ന - കയ്പ് (പിഡിത സഭ)- ഡോ.കുഞ്ഞുമോന്‍ ദാനിയേല്‍ കാനഡ

Voice Of Desert 10 years ago comments
സ്മുര്‍ന്ന മരിച്ചു ജീവിച്ച പട്ടണം.            സ്മുര്‍ന്ന - കയ്പ് (പിഡിത സഭ)-    ഡോ.കുഞ്ഞുമോന്‍ ദാനിയേല്‍ കാനഡ

“ഒരു നിസ്സാര വാക്കിനു മുന്‍പില്‍, നിന്ദയുടെ മുന്‍പില്‍, പരിഹാസത്തിനു മുന്‍പില്‍ മുഖം കറക്കുന്ന, മുഖം വാടുന്ന നാം എങ്ങനെ തോക്കിന്റെ മുന്‍പില്‍, സമ്പത്തുകളുടെ അപഹാരത്തിന്റെ മുന്‍പില്‍ നില്‍ക്കും എന്ന്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. കഷ്ടതയുടെ മര്‍മ്മം എന്തെന്ന് സ്മുര്‍ന്ന സഭയോട് നമുക്ക് ചോദിക്കാം. അത് മൂരു തീയില്‍ ഇടുമ്പോഴുണ്ടാകുന്ന ഫലമാണെന്നവര്‍ പറയും. മൂരു തല്‍ക്കാലത്തേക്ക് അപ്രത്യക്ഷമായാലും അനേകരെ ആനന്ദിപ്പിക്കുന്ന സുഗന്ധം പരത്തുന്നു. സര്‍വ്വോപരി കഷ്ടത അവരെ ആദ്യസ്നേഹത്തിലേക്ക് മടക്കി കൊണ്ടു വന്നു എന്നും അവര്‍ സാക്ഷ്യം പറയും.”

ഏ. ഡി. 170 മുതല്‍ 312 വരെയുള്ള ചാരിത്രിക സഭയെ കാണിക്കുന്നു.സ്മുര്‍ന്ന ഏഷ്യാ മൈനറിലെ ഏറ്റവും പ്രാചിനമായ ഒരു പട്ടണം. എഫസോസിന് 40 മൈല്‍ വടക്കായി സ്ഥിതി ചെയ്യുന്നു. സ്മുര്‍ന്നയില്‍ മനോഹരമായ ഒരു തുറമുഖമുണ്ട്.ഇവിടെ നിന്നും അത്തിപ്പഴം, ഉണക്കമുന്തിരി, പുകയില, സോപ്പ്, തോല്‍ കൊണ്ടുള്ള വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവ ഇന്നും കയറ്റുമതി ചെയ്യുന്നു. സ്മുര്‍ന്നയുടെ ഇന്നത്തെ പേര് ഇസ്മീര്‍ എന്നാണ്.

സ്മുര്‍ന്ന എന്ന പേര് മൂര് എന്ന പദത്തില്‍ നിന്നു വന്നിട്ടുള്ളതാണ്. മൂര് കൈപ്പുള്ളതാണെങ്കിലും തീയില്‍ പതിച്ചാല്‍ സുഗന്ധം പരത്തുന്ന ഒരു വസ്തുവാണ്. ശവശരീരങ്ങള്‍ സുക്ഷിക്കുന്നതിന് ഈ അറേബ്യന്‍ സുഗന്ധദ്രവ്യം ഉപയോഗിക്കാറുണ്ട്. യേശുവിനെ കാണുവാന്‍ വന്ന വിദ്വാന്‍മാര്‍ കാഴ്ച വെച്ച 3 വസ്തുക്കളില്‍ ഒന്ന്‍ മൂര് ആയിരുന്നുവല്ലോ. അത് അവന്റെ കഷ്ടതയേയും മരണത്തേയും കുറിക്കുന്നതായിരുന്നു. സ്മുര്‍ന്ന സഭയ്ക്കുള്ള സന്ദേശത്തിലുടനീളം മരണത്തിന്റെ ഒരു ശോകാല്‍മകത നമുക്ക് കാണുവാന്‍ കഴിയുന്നു.

ചാരിത്രിക സഭ അതിന്റെ ആദ്യസ്നേഹം നഷ്ടമാക്കിയത് കൊണ്ട് കര്‍ത്താവ് അതിനെ ശിക്ഷിക്കുന്നതായി കാണുന്നു. സഭയെ കഷ്ടതയില്‍ കൂടെയും പീഡയില്‍ കൂടെയും കടത്തി വിട്ടു. ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ രക്തസാക്ഷികളായി മരിച്ചു. ചിലരെ തൊലി പൊളിച്ചും ജീവനോടെ കത്തിച്ചും വന്യമ്യഗങ്ങളെ കൊണ്ട് കടിച്ചു കീറിച്ചും അങ്ങനെ മൂരിന്റെ അനുഭവത്തില്‍ കൂടി സഭയെ കടത്തി വിട്ടു. അപ്പോസ്തോലിക കാലത്തിനു ശേഷം 250 വര്‍ഷത്തെ ദീര്ഘമായ പീഡനത്തില്‍ കൂടി അവിടെയുള്ള സഭ കടന്നു പോയി.

സ്മുര്‍ന്ന സഭയ്ക്ക് ക്രിസ്തു തന്നെ പരിചയപ്പെടുത്തുന്നത് “മരിച്ചവനായിരുന്നു എന്നാല്‍ വീണ്ടും ജീവിച്ചവന്‍” എന്നായിരുന്നു. അവന്‍ യുഗങ്ങളുടെ പാറയായ ക്രിസ്തുവാണ്. ഇതിനെതിരെ അടിക്കുന്ന ഒരു പ്രതികൂല കാറ്റും ഇതിനെ ഇളക്കുകയില്ല.

സ്മുര്‍ന്നക്കാരുടെ ഒരു പ്രക്യതി ദേവതയായിരുന്നു സിബലെ. അവരുടെ ഐതിഹ്യം, അവള്‍ മരണത്തിലേക്ക് താണിറങ്ങി എങ്കിലും പുനരുത്ഥാന ശക്തിയോടെ ഉയര്‍ത്തെഴുന്നേറ്റു എന്നാണ്. എന്നാല്‍ മനുഷ്യന്റെ ഈ സാങ്കല്‍പ്പിക ഇതിഹാസം ക്രിസ്തുവിന്റെ മരണ പുനരുത്ഥാന സംഭവത്തിലേക്ക് വിരല്‍ചൂണ്ടുന്നു. താന്‍ യഥാര്ത്ഥ പുനരുത്ഥാനവും ജീവനുമാണ്. അവന്‍ മരണത്തിലെക്കിറങ്ങിപ്പോയെങ്കിലും പുനരുത്ഥാന ശക്തിയോടെ ഇന്നും ജീവിക്കുന്നു. യേശു പറഞ്ഞു; “എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും”.

മരിച്ചു ജീവിച്ച പട്ടണം

മതപരമായി മാത്രമല്ല, ചരിത്രപരമായും മരിച്ചിട്ടു ജീവിക്കുക എന്നുള്ളത് അവരോടുള്ള ബന്ധത്തില്‍ അന്വര്‍ത്ഥമായിരുന്നു. ബി. സി 600-ല്‍ ലിഡിയ അതിനെ ആക്രമിച്ചു ഉന്മൂലനാശം ചെയ്തു. മൂന്ന്‍ നാല് നൂറ്റാണ്ടിലേക്ക് പട്ടണങ്ങളുടെ പട്ടികയില്‍ നിന്നു പോലും സ്മുര്‍ന്ന തുടച്ചു മാറ്റപ്പെട്ടിരുന്നു. എന്നാല്‍ ആന്റിഗോണസ് അതിനെ ഒരു സ്വയം ശാസിത ഗ്രീക്ക് പട്ടണമായി പുതുക്കിപ്പണിതു. “അത് മരിച്ചു എങ്കിലും വീണ്ടും ജീവിച്ചു”.

പിന്നീട് ഒരു ഭൂമി കുലുക്കത്താല്‍ അതു മിക്കവാറും നശിച്ചു പോയി. വീണ്ടും അത് പുന:ജീവിച്ചു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഇറ്റലിയും ഗ്രീസു൦ സ്മുര്‍ന്നയെ അവകാശപ്പെട്ടു. ഗ്രീസിനു തല്‍ക്കാലം ആധിപത്യം നല്‍കിയെങ്കിലും 1922-ല്‍ തുര്‍ക്കികള്‍ അതിനെ വീണ്ടും പിടിച്ചെടുത്തു. ആ സംഘട്ടനത്തില്‍ പട്ടണത്തിന്റെ 5-ല്‍ 3 ഭാഗം തീയ്ക്കിരയായി. 1928-ലും 1939-ലും ഉണ്ടായ ഭയങ്കര ഭൂമി കുലുക്കത്താല്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. അവര്‍ മരിച്ചു എങ്കിലും വീണ്ടും ജീവിച്ചു. ഇന്നും സ്മുര്‍ന്ന നിലനില്‍ക്കുന്നു. ആദ്യസ്നേഹം നഷ്ടപ്പെട്ട എഫസോസ് പട്ടണം ശൂന്യമായിപ്പോയപ്പോള്‍ കഷ്ടതയില്‍ കൂടിയും പീഡനത്തില്‍ കൂടിയും കടന്നു പോയ സ്മുര്‍ന്ന ഇന്നും നിലനില്‍ക്കുന്നു. കഷ്ടതയ്ക്കോ, പീഡനത്തിനോ, പ്രക്യതി ക്ഷോഭത്തിനോ സ്മുര്‍ന്നയെ നശിപ്പിക്കുവാന്‍ കഴിഞ്ഞില്ല. ജനസംഖ്യയിലും സമ്പത്തിലും വാണിജ്യത്തിലും സ്മുര്‍ന്ന ഇന്നും മുന്നിട്ടുനില്‍ക്കുന്നു. 1965-ല്‍ അവിടുത്തെ ജനസംഖ്യ 4,17,413 ആയിരുന്നു. അവിടെ മൂന്ന്‍ ഗ്രീക്ക് സഭകളും പല യെഹൂദ സിന്നഗോഗുകളും ഉണ്ട്.

എന്നാല്‍ ഈ ചരിത്ര സംഭവങ്ങളൊക്കെയും ഒരു വലിയ യാഥാര്‍ത്യത്തിന്റെ നിഴലുകള്‍ ആയിരുന്നു. അത് ക്രിസ്തുവില്‍ നിറവേറി: “ഞാന്‍ മരിച്ചവനായിരുന്നു വീണ്ടും ജീവിച്ചു”. അതേസമയം ഈ വാക്കുകള്‍ ആ സഭയുടെ കഷ്ടപൂര്‍ണ്ണമായ ഭാവിയിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. ജാതിയ റോമാ ഭരണത്തിന്റെ കീഴില്‍ അവര്‍ അനുഭവിക്കേണ്ടിയിരുന്ന ഭീകര പീഡനത്തേക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു ഇത്. ശാരിക വ്യഥ അവരെ മരണത്തോളം ഇറക്കി കൊണ്ടു പോകുമെങ്കിലും ക്രിസ്തു അവരെ അമര്‍ത്യതയുടെ നിത്യ സൗഭാഗ്യത്തിലേക്ക് ഉയര്‍ത്തുമെന്ന് ഉറപ്പു കൊടുക്കുകയായിരുന്നു. എത അനുയോജ്യമായ ഒരു ദൂത്.

ചരിത്രത്തിനു മറക്കുവാന്‍ കഴിയാത്ത പീഡയായിരുന്നു സ്മുര്‍ന്ന സഭ കടന്നു പോയത്. അതു കൊണ്ടാണ് കര്‍ത്താവ്‌ പറഞ്ഞത്, “ഞാന്‍ നിന്റെ കഷ്ടതയും ദാരിദ്ര്യവും അറിയുന്നു”. അവന്‍ തന്റെ ജനത്തിന്റെ കഷ്ടത ഉള്ളതു പോലെ അറിയുന്നു. “...........എന്റെ ജനത്തിന്റെ കഷ്ടത കണ്ടു, കണ്ടു; ........... അവരുടെ നിലവിളി കേട്ടു; ഞാന്‍ അവരുടെ സങ്കടങ്ങള്‍ അറിയുന്നു” (പുറ: 3: 7).

സ്മുര്‍ന്നയില്‍ ഒരു ക്രിസ്ത്യാനി എന്ന് പറയുന്നത് അത്ര നിസ്സാരമായിരുന്നില്ല. സ്മുര്‍ന്നയില്‍ ക്രിസ്ത്യാനി എന്നാല്‍ രക്തസാക്ഷി എന്നാണ് അര്‍ത്ഥമാക്കുന്നത്. പ്രതാപവും, പ്രശസ്തിയും, സമ്പത്തുമെല്ലാം നഷ്ടപ്പെട്ടവന്‍ എന്നായിരുന്നു അതിന്റെ അര്‍ത്ഥം. ക്രിസ്ത്യാനിയുടെ സകല സമ്പത്തും ഗവണ്മെന്റ് കൈക്കലാക്കി. ക്രിസ്ത്യാനികളെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് തങ്ങളുടെ സ്വത്തില്‍ നിന്നും ഒരു പ്രതിഫലവും കൊടുത്തു വന്നിരുന്നു. അങ്ങനെ വീടും സ്വത്തും ജോലിയും നഷ്ടപ്പെട്ട് വേണ്ടത്ര ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ കൊടും ദാരിദ്ര്യത്തില്‍ കൂടി കടന്നു പോകുമ്പോള്‍ അവര്‍ യേശുവിന്റെ വാക്കുകള്‍ ഓര്‍ത്തു. “ഞാന്‍ നിന്റെ കഷ്ടതയും ദാരിദ്ര്യവും .......... നീ ധനവാനാകുന്നു താനും”................. അറിയുന്നു. സ്വര്‍ഗ്ഗത്തിലെ നിത്യധനം അവര്‍ വിശ്വാസത്താല്‍ കണ്ടു.

ഇതിനൊക്കെ പുറമേ യഹൂദന്‍ എന്ന് പറയുന്നെങ്കിലും യഹൂദന്മാരല്ലാതിരിക്കുന്നവരുടെ എതിര്‍പ്പും, ദോഷാരോപണങ്ങളും അവരുടെ കഷ്ടതയുടെ കാഠിന്യം കുറേക്കൂടി വര്‍ദ്ധിപ്പിച്ചു. യേശുവിനെ തള്ളിക്കളഞ്ഞ യെഹൂദനെ ദൈവം ഉപേക്ഷിച്ചിട്ടും, ഇപ്പൊഴും അവരാണ് യഥാര്‍ത്ഥ ദൈവജനം എന്നവകാശപ്പെട്ടുകൊണ്ടിരിരുന്നു. എന്നാല്‍ ക്രിസ്ത്യാനികല്ള്‍ക്കെ തിരായി നിലനിന്നിരുന്ന ഈ യെഹൂദന്മാര്‍ സാത്താന്‍റെ പള്ളിക്കാരാണെന്ന് കര്‍ത്താവ് പറഞ്ഞിരിക്കുന്നു. ജഡപ്രകാരം ജനിച്ചവന്‍ ആത്മപ്രകാരം ജനിച്ചവനെ ആദിമുതല്‍ ഉപദ്രവിക്കുന്നതായി നാം കാണുന്നു. ആകയാല്‍ ഏത് പള്ളിക്കാര്‍ ആത്മപ്രകാരമുള്ളവരെ ഉപദ്രവിക്കുന്നുവോ അവര്‍ സാത്താന്‍റെ പള്ളിക്കാരാണെന്ന് അതിനാല്‍ തെളിയുന്നു. ദൈവസഭയെ പീഡിപ്പിക്കുന്നവര്‍ ഏത് ഗ്രൂപ്പായിരുന്നാലും അവര്‍ സാത്താന്‍റെ സഭയുടെ ഭാഗമാണ്.

“നീ സഹിപ്പാനുള്ളത് പേടിക്കേണ്ട”. കഷ്ടതയില്ലാത്ത ഒരു മാര്‍ഗ്ഗമല്ല അവന്‍ വാഗ്ദത്തം ചെയ്തിരിക്കുന്നത്. പൌലോസിനെ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ അവനെ എന്തിനു വേണ്ടിയാണ് തിരഞ്ഞെടുക്കുന്നത് എന്നും കര്‍ത്താവ്‌ പറഞ്ഞു: “എന്റെ നാമത്തിനു വേണ്ടി എന്തെല്ലാം കഷ്ടങ്ങള്‍ അവന്‍ സഹിക്കേണ്ടതാകുന്നു. എന്നാല്‍ ഭയപ്പെടെണ്ടാ, പ്രശ്നങ്ങളുടെ കാറ്റ് ശക്തിയായി അടിക്കാന്‍ പോകുന്നുവെങ്കിലും പരിഭ്രമിക്കുകയോ പതറുകയോ വേണ്ടാ”. ഈ ഭയാനകമായ മുഹുര്‍ത്തത്തിലാണ് സ്മുര്‍ന്ന സഭയുടെ മൂപ്പനും വിശുദ്ധ യോഹന്നാനാല്‍ നിയോഗിക്കപ്പെട്ടവാനുമായ പോളികാര്‍പ്പ് രക്തസാക്ഷിയായി മരിച്ചത്. ഏ. ഡി 166-ല്‍ സ്മുര്‍ന്നയില്‍ വെച്ചു തന്നെ ജീവനോടെ തീ വെച്ചു കൊന്നു. വെളി. 2: 10-ലെ ദൂത് തന്നോടാകാനാണ് സാദ്ധ്യത.

മരണപര്യന്തം വിശ്വസ്തരായവര്‍ക്ക് ജീവകിരീടം വാഗ്ദത്തം ചെയ്തിരിക്കുന്നു. അത് അവരുടെ തലയില്‍ നിന്നും ആരും എടുത്തു കളയുകയില്ല. വാടിപ്പോകുന്ന ഒരു പൂക്കിരീടമല്ലിത്. ജയാളിയുടെ ജീവകിരീടമാണത്. കര്‍ത്താവിനു വേണ്ടി മെഴുകുതിരി സമാനമായി എരിഞ്ഞവസാനിച്ചവര്‍ ‘പാരിലാരും ചൂടിടാത്ത വാടാമുടി ചൂടും’, അവനെ രണ്ടാം മരണം തൊടുകയില്ല. ഒന്നാം മരണത്തിന്റെ വേദന ക്ഷണനേരത്തേക്കു മാത്രമുള്ളപ്പോള്‍ രണ്ടാം മരണത്തിന്റെ വേദന ഒരിക്കലും അവസാനിക്കാത്ത നിത്യമായ വേദനയാണ്. അവിടെ ആശ്വസിപ്പിക്കാനും ആരുമില്ല.

ദാനിയേല്‍ അതിനെക്കുറിച്ച് ഇപ്രകാരം പ്രവചിച്ചിരിക്കുന്നു: “ഒരു ജാതി ഉണ്ടായത് മുതല്‍ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം പുസ്ത്കത്തില്‍ എഴുതിക്കാണുന്ന ഏവനും തന്നെ രക്ഷ പ്രാപിക്കും. നിലത്തെ പൊടിയില്‍ നിദ്ര കൊള്ളുന്നവരില്‍ പലരും ചിലര്‍ നിത്യജീവനായു൦ ചിലര്‍ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും ഉണരും. എന്നാല്‍ ബുദ്ധിമാന്‍മാര്‍ ആകാശമണ്ടലത്തിന്റെ പ്രഭ പോലെയും പലരെയും നീതിയിലേക്ക് തിരിക്കുന്നവര്‍ നക്ഷ്ത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും (ദാനി. 12:1-3).

കഷ്ടത കൂടാതെ കിരീടമില്ല. കിരീടത്തിനു വേണ്ടി കാത്തിരിക്കുന്ന നാം കഷ്ടതയുടെയും മരണത്തിന്റെയും യോര്‍ദ്ദാനില്‍ സ്നാനമേല്‍ക്കുവാന്‍ തയ്യാറല്ലാത്തവരാണ്. ക്രിസ്തിയ മാര്‍ഗ്ഗം സുഖലോലുപന്മാരുടെ മാര്‍ഗ്ഗമായി മാറിയിരിക്കയാണ്. നാള്‍തോറും ക്രൂശെടുത്തു അവനെ അനുഗമിക്കുക എന്നുള്ളത്തിന്റെ അര്‍ത്ഥം എന്താണെന്ന് സ്മുര്‍ന്ന വിശ്വാസികളോട് ചോദിക്കാം. ആധുനിക കുരിശ് മിനുസമുള്ള കുരിശായി മാറിയിരിക്കുന്നു. വിശ്വാസ ജീവിതം ശമ്പള ജിവിതമായി മാറിയിരിക്കുന്നു. ഒരു നിസ്സാര വാക്കിനു മുന്‍പില്‍, നിന്ദയുടെ മുന്‍പില്‍, പരിഹാസത്തിനു മുന്‍പില്‍ മുഖം കറക്കുന്ന, മുഖം വാടുന്ന നാം എങ്ങനെ തോക്കിന്റെ മുന്‍പില്‍, സമ്പത്തുകളുടെ അപഹാരത്തിന്റെ മുന്‍പില്‍ നില്‍ക്കും എന്ന്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. കഷ്ടതയുടെ മര്‍മ്മം എന്തെന്ന് സ്മുര്‍ന്ന സഭയോട് നമുക്ക് ചോദിക്കാം. അത് മൂരു തീയില്‍ ഇടുമ്പോഴുണ്ടാകുന്ന ഫലമാണെന്നവര്‍ പറയും. മൂരു തല്‍ക്കാലത്തേക്ക് അപ്രത്യക്ഷമായാലും അനേകരെ ആനന്ദിപ്പിക്കുന്ന സുഗന്ധം പരത്തുന്നു. സര്‍വ്വോപരി കഷ്ടത അവരെ ആദ്യസ്നേഹത്തിലേക്ക് മടക്കി കൊണ്ടു വന്നു എന്നും അവര്‍ സാക്ഷ്യം പറയും.

ഒരു പീഡനത്തിനു മാത്രമേ ഇന്നത്തെ എഫസോസ് സഭയെ ഉണര്‍ത്തുവാന്‍ കഴിയുകയുള്ളൂ. പീഡയെ ഒഴിവാക്കുവാന്‍ സംഘടനകള്‍ ഉണ്ടാക്കാതെ അതിനെ നേരിടുവാനുള്ള ശക്തി സംഭരിക്കാം. പിശാച് ചിലരെ തടവിലാക്കാന്‍ പോകുന്നു. നീ സഹിപ്പാനുള്ളത് പേടിക്കേണ്ട.

(പാസ്റ്റര്‍ കുഞ്ഞുമോന്‍ ദാനിയേല്‍ രചിച്ച ‘ഏഴ് സഭകള്‍ വര്‍ത്തമാനകാലത്തില്‍’എന്ന ഗ്രന്ഥത്തില്‍ നിന്നും .പുസ്തകം ലഭിക്കുവാന്‍ ബന്ധപ്പെടുക. Email: dkunjumon@hotmail.com )


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

1,610

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 471972 Website Designed and Developed by: CreaveLabs