യേശുവിന്റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര- (ആറാം ഭാഗം) ബെന്നി വര്ഗീസ്

Voice Of Desert 10 years ago comments
യേശുവിന്റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര- (ആറാം ഭാഗം)  ബെന്നി വര്ഗീസ്

ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങളുടെ യാത്ര താബോര്‍ മലയിലേക്കായിരുന്നു (Mount Tabore). യാത്രയില്‍ പത്രോസിന്റെ മീനായിരുന്നു സംസാരവിഷയം. മീനിനു പകരം ചിക്കന്‍ കഴിച്ചവര്‍ക്ക് ഇഛാഭംഗം ഉണ്ടാകുന്ന വിധമായിരുന്നു മീന്റെ രുചി വിവരണം.! ഏകദേശം 4൦ മിനിട്ട് യാത്രയുണ്ട് താബോര്‍ മലയിലേക്കു്.

സമുന്ദ്ര നിരപ്പില്‍ നിന്നും 19൦൦ അടി ഉരത്തില്‍ സഥിതി ചെയ്യുന്ന താബോര്‍ മല, ജെശ്രായേല്‍ താഴ്‌വരയുടെ കിഴക്കേ അറ്റമാണ്.  ഗലീല തടാകത്തിന്റെ പടിഞ്ഞാറ് വശത്ത് നിന്നും 18 കിലോമീറ്റര്‍ ദൂരെയാണ് താബോര്‍ മല സഥിതി ചെയ്യുന്നത്. ഗലീല പ്രദേശത്തെ ഏറ്റവും മനോഹരമായ പര്‍വ്വതമാണ് താബോര്‍. യേശു തന്റെ പ്രിയ ശിഷ്യരായ, പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരുമായി ഉയര്‍ന്ന ഒരു മലയില്‍ കയറി അവരുടെ മുന്‍പില്‍ രൂപാന്തരപ്പെട്ടത് ഈ മലയില്‍ വച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. (മത്തായി 17: 1-12) അതുകൊണ്ട് ഇതിനെ രൂപാന്തര മല അഥവാ മറുരൂപ മല (Mount of Transfiguration) എന്ന പേരിലും അറിയപ്പെടുന്നു. പുതിയ നിയമത്തില്‍, മര്‍ക്കോസിലും(9:2), ലൂക്കൊസിലും (09:28) 2 പത്രോസ് 1ന്റെ 17ലും പരാമര്‍ശിക്കുന്നെണ്ടെങ്കിലും അവിടെയെല്ലാം ഒരു ഉയര്‍ന്ന മല എന്നു മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ആ മല താബോര്‍ ആണെന്ന് മൂന്നാം നൂറ്റാണ്ടില്‍ അലകസാന്ദ്രിയായില്‍  ജീവിച്ചിരുന്ന   "ഒരിജെന്‍ അടമാന്റിയോസ്" എന്ന വേദ പണ്ഡിതനാണ് ആദ്യമായി വെളിപ്പെടുത്തിയത്. ഈ ഉയര്‍ന്ന മല ഹെര്‍മ്മോന്‍ പര്‍വ്വതമാണന്നു വിശ്വസിക്കുന്നവരുമുണ്ട്.

താബോര്‍ മലയിലെ രൂപാന്തര പള്ളി (Church of Transfiguration)

പഴയ നിയമ ചരിത്രത്തിലും സ്ഥാനമുള്ള സ്ഥലമാണ്‌ താബോര്‍ മല. വേദപുസ്തകത്തില്‍ ഏറ്റവും ആദ്യം തബോറിനെക്കുറിച്ച് പറയുന്നത് യോശുവയുടെ പുസ്തകത്തിലാണ്(യോശുവ 19:22) ബാരാക്ക്-സീസരെ യുദ്ധം,(ന്യായാധിപന്മാര്‍ 4: 6-16) ഇസ്രായേല്‍ -മിദ്യാന്യ യുദ്ധം (ന്യായാധിപന്മാര്‍ 8: 18) ഇവയൊക്കെ നടന്നത് ഈ മലയില്‍ വച്ചാണ്.

ക്രിസ്തീയ വിശ്വാസപ്രകാരം താബോര്‍ മലയുടെ പ്രാധാന്യത കണക്കിലെടുത്ത്, നാലാം നൂറ്റാണ്ടുമുതല്‍് സന്ദര്‍ശകര്‍ ഇവിടെ വന്നുകൊണ്ടിരിക്കുന്നു.  ആറാം നൂറ്റാണ്ടില്‍ ഇവിടെ മൂന്നു പള്ളികള്‍ ഉണ്ടായിരുന്നതായും, എട്ടാം നൂറ്റാണ്ടില്‍ നാല് പള്ളികളും ഒരു മഠവും ഉണ്ടായിരുന്നതായും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.പില്‍ക്കാലത്ത് നടന്ന യുദ്ധങ്ങളില്‍ ഇവയൊക്കെ നശിപ്പിക്കപ്പെട്ടു.എന്നാല്‍ എട്ടാം നൂറ്റാണ്ടിലെയും, പന്ത്രണ്ടാം നൂറ്റാണ്ടിലെയും പള്ളികളുടെ അടിത്തറയും മോസൈക്കും അവിടെ സംരക്ഷിച്ചിരിക്കുന്നത് കാണാന്‍ കഴിയും.

നമ്മുടെ ബസ്സിന് താബോര്‍ മലയുടെ അടിവാരം വരെ മാത്രമേ പോകുവാന്‍ കഴിയുകയുള്ളൂ. അവിടെ നിന്നും ചെറിയ ടെമ്പോ പോലുള്ള വാഹനത്തിലാണ് മുകളിലേക്ക് പോകേണ്ടത്. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം പോകാം, പിന്നീട് വരുന്നവര്‍ മല മുകളില്‍ പോയ വാഹനം ആളുകളെ ഇറക്കി തിരികെ എത്തുന്നത്‌ വരെ കാത്തിരിക്കണം.  ഇതാണ് ഇവിടുത്തെ രീതി. ഞങ്ങള്‍ക്ക് തൊട്ടു മുന്‍പ് വന്ന രണ്ട് ഗ്രൂപ്പുകള്‍ അവിടെ ഉണ്ടായിരുന്നത് കൊണ്ട് കുറച്ച് സമയം കാത്തിരിക്കേണ്ടി വന്നു. ചെറിയ ഒരു ഷോപ്പിംഗ്‌ കോമ്പ്ലെക്സിനുള്ളിലാണ് കാത്തിരിക്കേണ്ട സ്ഥലം. ഇസ്രായേലിലെ അറബികള്‍ താമസിക്കുന്ന പ്രദേശങ്ങളാണ് ചുറ്റുപാടും. ഞങ്ങള്‍ ഇരിക്കുന്നതിന്റെ എതിര്‍വശത്തുള്ള കുന്നിന്‍ മുകളില്‍ ഒരു പട്ടണം കാണാം. കുന്നിന്‍ മുകളില്‍‌ പട്ടണങ്ങളും, വീടുകളും നിര്‍മ്മിക്കുകയും , താഴ്ന്ന  പ്രദേശങ്ങളെ കൃഷിക്കായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ഇവിടുത്തെ ഒരു പ്രത്യേകത.

താഴുവാരത്തില്‍ നിന്നും താബോര്‍ മലയുടെ മുകളിലേക്ക് നോക്കിയാല്‍ അവിടെ കയറി ചെല്ലാന്‍ സാധിക്കുമോ എന്ന ചിന്ത നമ്മെ ഭരിക്കും. അത്ര ഉയരത്തിലാണിത് സഥിതി ചെയ്യുന്നത്. വാനുകള്‍ വന്നും പോയിക്കൊണ്ടുമിരുന്നു. അടുത്ത ഊഴം നമ്മുടെതാണെന്ന് ഗൈഡ് പറഞ്ഞു. ഒരു വാനില്‍ 9 ആളുകള്‍ക്കെ കയറുവാന്‍ സാധിക്കുകയുള്ളൂ. യാത്രക്കാരെ നിയന്ത്രിക്കുവാനും, വാനില്‍ കയറ്റി വിടുവാനും അവിടെ പ്രത്യേകം ആളുണ്ട്. കൃത്യം ഒന്‍പത് പേര്‍ കയറിയ ഉടനെ ഡ്രൈവര്‍ ഡോര്‍ അടച്ചു. ഡ്രൈവര്‍ക്ക് തന്‍റെ സീറ്റിലിരുന്ന് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു ലിവര്‍ വാതിലില്‍ പിടിപ്പിച്ചിട്ടുണ്ട്. വളരെ ഇടുങ്ങിയ, ധാരാളം ചുരങ്ങളുള്ള (Hire Pins) കുത്തനെയുള്ള വഴിയിലൂടെയാണ് മുകളിലേക്കുള്ള യാത്ര! താഴോട്ട് നോക്കിയാല്‍ മനോഹരമായ കാഴ്ചയാണെങ്കിലും, പേടിച്ച് പെട്ടെന്ന് കണ്ണടച്ചുപോകും. സഹോദരിമാരില്‍ പലരും സ്തോത്രം ചെയ്തും, ദൈവമേ എന്ന് വിളിച്ചും കൊണ്ടിരുന്നു. പത്തുമിനിട്ട് കൊണ്ട് ഞങ്ങള്‍ മുകളിലെത്തി, ബാക്കി ടൂര്‍ അംഗങ്ങള്‍ കൂടി വരാനായി മലമുകളില്‍ കാത്തുനിന്നു.

നാമിവിടെ കാണുന്ന പള്ളി 1919 നും 1924 നും ഇടയില്‍് പണികഴിപ്പിച്ചതാണ്. താബോര്‍ മലയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണിത് പണിതിരിക്കുന്നത്. ഇറ്റലിക്കാരനായ അന്റോണിയോ ബര്‍ലൂചി (Antonio Barluzzi) എന്ന ശില്‍പ്പ വിദഗ്ധനാണിത് പണികഴിപ്പിച്ചത്. ആറാം നൂറ്റാണ്ടില്‍, ബൈസാന്റീന്‍ (Byzantine) കാലഘട്ടത്തില്‍ പണിത പള്ളിയുടെയുടെയും, പന്ത്രണ്ടാം നൂറ്റാണ്ടില്‍ കുരിശുയുദ്ധക്കാര്‍ (Crusader) പണിത പള്ളിയുടെയും നഷ്ടാവശിഷ്ടങ്ങള്‍ക്കു് മുകളിലാണ് പുതിയ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. പള്ളിയുടെ വടക്കും തെക്കുമായി രണ്ട് ചാപ്പലുകളുണ്ട്. വടക്കേ ചാപ്പല്‍ മോശയുടെ പേരിലും,  തെക്കേ ചാപ്പല്‍ എലിയാവിന്റെ പേരിലും വേര്‍തിരിച്ചിരിക്കുന്നു. അള്‍ത്താരയ്ക്ക് മുകളിലായി യേശുവും, മോശയും, ഏലിയാവും നില്‍ക്കുന്ന ചിത്രം മോസൈക്കില്‍് ആലേഖനം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ അള്‍ത്താരയ്ക്കുള്ളിലേക്ക് കയറി. യേശു രൂപന്താരപെട്ടു എന്ന് വിശ്വസിക്കുന്ന സ്ഥലം ഗ്ലാസ്സിട്ട് മൂടിയിട്ടുണ്ട്‌. അവിടെ ഒരു കുര്‍ബാന നടക്കുന്നത് കൊണ്ട് ഫോട്ടോ എടുത്തതിനു ശേഷം ഞങ്ങള്‍ പുറത്തേക്കു നടന്നു. മുന്‍വശത്തെ പ്രധാന വാതിലിനടിയില്‍ ഇട്ടിരിക്കുന്ന ഗ്രില്ലില്‍ കൂടി നോക്കിയാല്‍, പ്രാര്‍ത്ഥനാ അപേക്ഷകളും, നേര്‍ച്ച അര്‍പ്പിച്ചിരിക്കുന്ന കറന്‍സി നോട്ടുകളും ചിതറി കിടക്കുന്നത് കാണാം. ഫ്രാന്‍സിസ്കന്‍ സന്യാസി സമൂഹത്തിന്റെ ഉടമസ്ഥതയിലാണ് ഈ ദേവാലയം നിലകൊള്ളുന്നത്. ദേവാലയത്തിന്റെ പുറത്ത്, വലത്ത് വശത്തുള്ള കോണിപ്പടി കയറി മുകളിലെത്തിയാല്‍, വളരെ മനോഹരമായ ഒരു ദൂരക്കാഴ്ച അവിടെ നിന്നും ലഭിക്കും.

താഴ്വാരത്ത് മനോഹരമായി കാണുന്ന സ്ഥലമാണ്‌ "മേഗിദ്ധോ' താഴ്‌വര. ഭാവിയില്‍ നടക്കാനിരിക്കുന്ന ഒരു വലിയ യുദ്ധത്തിന്റെയും ഒടുവില്‍ കൈ വരുന്ന വിജയത്തിന്റെയും കഥ ഇവിടെ നടക്കുവാനുള്ള "ഹര്‍മ്മഗദ്ധോന്‍്" യുദ്ധം നമ്മെ വിളിച്ചറിയിക്കുന്നു.(വെളിപ്പാട് 16:16). കരുവേലകം, ദേവധാരു, കാറ്റാടി മരം, കൂടാതെ, മറ്റ് അനേകം വൃക്ഷങ്ങളും ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന മനോഹരമായ ഒരു മലയാണിത്. ഒരു മരച്ചുവട്ടില്‍ ക്രമീകരിച്ചിരുന്ന ഇരിപ്പിടങ്ങളില്‍ ഞങ്ങളിരുന്നു് അല്‍പസമയം പ്രാര്‍ത്ഥിക്കുകയും, പാടുകയും, വചനം ധ്യാനിക്കുകയും ചെയ്തു.. 

മെഗിദ്ധോ താഴ്‌വര, (Jazreel Valley) തബോറിലെ പള്ളിയുടെ മുകളില്‍ നിന്നുള്ള ദൂരക്കാഴ്ച.

തന്റെ പ്രിയപ്പെട്ട ശിഷ്യര്‍ക്ക് മുന്‍പില്‍ കര്‍ത്താവ് രൂപാന്തരപ്പെട്ട സ്ഥലം സന്ദര്‍ശിച്ച് മടങ്ങിയ ടീമംഗങ്ങളുടെ മുഖത്ത് സന്തോഷം അലതല്ലി. വാഹനം വന്ന് ആളുകളെ കയറ്റുന്ന സ്ഥലത്ത് ഞങ്ങള്‍ കാത്തുനിന്നു. ചില വണ്ടികള്‍ അവിടെ കിടക്കുന്നുണ്ട്, എന്നാല്‍ ഞങ്ങള്‍ക്ക് മുന്‍പ് വന്ന ആളുകള്‍ പോയതിനു ശേഷമേ, ഞങ്ങള്‍ക്ക്  പോകുവാനുള്ള  വാഹനം ലഭിക്കുകയുള്ളൂ. കുറച്ച് സമയത്തെ കാത്തിരിപ്പിനുശേഷം ഞങ്ങള്‍ക്ക് പോകുവാനുള്ള മിനി വാന്‍ വന്നു. ഓരോന്നിലും 9 പേര്‍ വീതം കയറി. ചീറിപ്പായുന്ന വാഹനത്തിലിരുന്ന് കുത്തനെയുള്ള ഇറക്കം ഇറങ്ങിയപ്പോള്‍, നമ്മുടെ കര്‍ത്താവും, ശിഷ്യന്‍മാരും ഈ മലയെങ്ങനെ നടന്നു കയറി എന്ന ചിന്ത ഞങ്ങളെ ഭരിച്ചു.

താഴ്വാരത്തില്‍ ഞങ്ങളുടെ ബസ്സ് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. വേഗത്തില്‍ ബസ്സില്‍ കയറിയ ഞങ്ങള്‍ ഇന്നത്തെ അവസാന സന്ദര്‍ശന സ്ഥലമായ യോര്‍ദാന്‍ നദിയിലേക്ക്! അഞ്ചുമണിക്ക് യോര്‍ദാന്‍ നദിയുടെ പ്രവേശന കവാടം അടയ്കുന്നതുകൊണ്ട്, ഗൈഡ് ഹാനി ടീം അംഗങ്ങളെ ഉല്‍‌സാഹിപ്പിച്ചുകൊണ്ടിരുന്നു. യോര്‍ദാന്‍് നദിയില്‍  സ്നാനപ്പെടുവാനുള്ള തീരുമാനമെടുത്ത ഒരു സഹോദരന്‍ നമ്മുടെ ടീമില്‍ ഉണ്ട്. തബോറില്‍ നിന്നുള്ള ബസ്സ്‌ യാത്രയില്‍, ദൈവദാസന്മാരില്‍ ഒരാള്‍ സ്നാനത്തിനുള്ള  ക്ലാസ്സ് നല്‍കി. തന്റെ തീരുമാനവും ഉറച്ച വിശ്വാസവും സാക്ഷ്യത്തിലൂടെ പ്രിയ സഹോദരന്‍ വെളിപ്പെടുത്തി. അര മണിക്കൂര്‍ യാത്ര ചെയ്ത് ഞങ്ങള്‍ ജോര്‍ദാന്‍ നദിയുടെ കവാടത്തിന്റെ മുന്‍പിലെത്തി. കവാടത്തിനുള്ളില്‍ ഒരു സുവനീര്‍ ഷോപ്പാണ്. ഈ കടയിലൂടെ കയറി വേണം നദിയിലേക്ക് പോകാന്‍. നദിയില്‍ ഇറങ്ങുന്നവര്‍ വെളുത്ത കുര്‍ത്ത പോലുള്ള ഒരു വസ്ത്രം ധരിക്കണം. സ്നാനപ്പെടുന്ന സഹോദരനും സ്നാനം കഴിപ്പിക്കുന്ന ദൈവദാസനും  ധരിക്കാനുള്ള കുപ്പായം ഈ കടയില്‍ നിന്നും വാടകയ്ക്ക് എടുത്തു. 10 ഡോളറാണ് ഒരെണ്ണത്തിന്റെ വാടക. ഇതിനോടൊപ്പം ബാപ്ടിസം സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഡ്രസ്സ്‌ ഉപയോഗം കഴിഞ്ഞ് തിരിച്ച് കൊടുക്കുകയും വേണം. ഇവിടെയും കച്ചവടം !

സ്നാനക്കടവില്‍ നല്ല തിരക്കാണ്. പല രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ള ടൂര്‍ ഗ്രൂപ്പുകള്‍ വ്യത്യസ്ത രീതിയില്‍ സ്നാനപ്പെടുത്തുന്ന കാഴ്ച പലരെയും അമ്പരപ്പിച്ചു. ചിലരെ 3 പ്രാവിശ്യംവും ചിലരെ 7 പ്രാവിശ്യവും മുക്കുന്നതു് കണ്ടു. മുങ്ങി പ്പൊങ്ങുമ്പോള്‍ കരയില്‍ നില്‍ക്കുന്നവര്‍ ഒരു പ്രത്യേക ശബ്ദത്തില്‍ ആര്‍പ്പുവിളിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നതും രസകരമായി തോന്നി.  ഇങ്ങനെയൊക്കെ ചെയ്തു കൂട്ടുന്നതിന്റെ വചനാടിസ്ഥാനം എന്താണെന്ന് മാത്രം  അറിയില്ല. 

യോര്‍ദാന്‍ നദിയിലെ ഒരു സ്നാനം

251 കിലോമീറ്റര്‍ നീളവുമുള്ള ജോര്‍ദാന്‍ നദി, ഹെര്‍മ്മോന്‍ പര്‍വ്വതത്തില്‍ നിന്ന് ഉത്ഭവിച്ച്, ചാവുകടലില്‍ ചെന്നവസാനിക്കുന്നു.‌ ഈ നദിയുടെ പടിഞ്ഞാറുഭാഗം ഇസ്രയേലും, പലസ്തീനും അതിര്‍ത്തി പങ്കിടുന്നു. കിഴക്ക് ജോര്‍ദാന്‍ രാജ്യവും. യഹൂദന്‍മാര്‍ക്കും, ക്രിസ്ത്യാനികള്‍ക്കും ജോര്‍ദാന്‍ നദി പ്രധാനപ്പെട്ടതാണ്.യഹൂദന്മാര്‍ വാഗ്ദത്ത നാട്ടില്‍ പ്രവേശിച്ചത്‌ ജോര്‍ദാന്‍ കടന്നാണ്. അതുകൊണ്ട് യഹൂദന്മാര്‍ ഇതിന് പ്രാധാന്യം കല്‍പ്പിക്കുന്നു. കര്‍ത്താവായ യേശു ക്രിസ്തു യോഹന്നാനാല്‍ സ്നാനമേറ്റത്  യോര്‍ദാനിലാണെന്നുള്ളതാണ് ക്രിസ്ത്യാനികളുടെ   പ്രധാന്യത. പഴയ നിയമത്തില്‍ പല സ്ഥലത്തും യോര്‍ദാന്‍ നദിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അബ്രഹാമും ലോത്തുമായി പിരിഞ്ഞപ്പോള്‍, ലോത്ത് തിരഞ്ഞെടുത്തത് യോര്‍ദാനരികെയുള്ള സ്ഥലമാണ്‌.(ഉല്‍പ്പത്തി13:10)രൂബേന്‍ ഗോത്രത്തിനും, മന ശെ ഗോത്രത്തിനും അവകാശം ലഭിച്ചത് യെരിഹോവിന് കിഴക്ക് യോര്‍ദാനക്കരെ  ആയിരുന്നു.(സംഖ്യാ 34 : 14,15) ഗിദയോന്‍ മിദ്യാന്ര്‍ക്കെതിരെ യുദ്ധം ചെയ്ത് യോര്‍ദാന്‍ കൈവശപ്പെടുത്തി (ന്യായാധി 7: 24) വേദപുസ്തക ചരിത്രത്തില്‍ യോര്‍ദാന്‍ നദിയുമായി ബന്ദപ്പെട്ട് ധാരാളം അത്ഭുതങ്ങള്‍് നടന്നിട്ടുണ്ട്. യോശുവയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ മക്കള്‍ യെരിഹോവിനടുത്ത് യോര്‍ദാന്‍ കടന്നു.(യോശുവ 3:15, 35:1) ഏലിയാവ് തന്റെ പുതപ്പെടുത്തു യോര്‍ദാന്‍ നദിയിലടിച്ചു അത് അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു അവര്‍ ഉണങ്ങിയ നിലത്തുകൂടി അക്കരെക്കടന്നു.(2 രാജാ 2:: 8, 2 : 14) എലീശ കല്പ്പിച്ചതനുസരിച്ച് യോര്‍ദാനിലെ വെള്ളത്തില്‍ 7 പ്രാവിശ്യം മുങ്ങിയ നയമാന്റെ കുഷ്ടം മാറി. (2 രാജാ 5:: 14) എലീശ ഒരു കോല്‍ വെട്ടി, യോര്‍ദാനിലെ വെള്ളത്തില്‍ എറിഞ്ഞു നഷ്ടപ്പെട്ട മഴു പൊങ്ങി വന്നു. (2 രാജാ 6:: 6) ഏലീയാവ് യോര്‍ദാന്‍ നദിക്കരയില്‍ നിന്നാണ് അഗ്നി രഥത്തില്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടത്. (2 രാജാ 2:: 11)

യോഹന്നാന്‍ ജനങ്ങ ള്‍ക്ക് മനസാന്തര സ്നാനം നല്‍കിയത് യോര്‍ദാനിലാണ്. (മത്തായി 3: 5,6, മര്‍ക്കോസ് 1:5, ലൂക്കോസ് 3 :3, യോഹന്നാന്‍ 1: 28) യേശുവിന്റെ പരസ്യ ശുശ്രൂഷാ കാലത്ത് അനേകം തവണ യേശു യോര്‍ദാന്‍ നദി കടന്നതായി കാണുന്നു. (മത്തായി 19: 1, 2, മര്‍ക്കോസ് 10: 1) യേശുവിനെ പിടിക്കാന്‍ ശ്രമിച്ച യെ ഹൂദന്മാരില്‍ നിന്നും താന്‍ രക്ഷപെട്ട്, യോര്‍ദാനക്കരെ യോഹന്നാന്‍ ആദിയില്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പിന്നെയും ചെന്ന് അവിടെ പാര്‍ത്തു (യോഹന്നാന്‍ 10: 40) 

യോര്‍ദാന്‍ നദിക്കരികെ കായിച്ചു നില്‍ക്കുന്ന ഈന്തപ്പന.

സ്നാനം നടത്തുന്നതിനുള്ള സ്ഥലം ഞങ്ങള്‍ക്ക് ലഭിച്ചു. ഇതിനൊടകം സ്നാനപ്പടേണ്ട സഹോദരനും, പാസ്റ്റ്റും വേഷം മാറി തയ്യാറായിരുന്നു. പ്രാര്‍ത്ഥിച്ച്, പാട്ടിന്റെ ഒന്ന് രണ്ട് ചരണങ്ങള്‍ പാടി പെട്ടെന്ന് ശുശ്രൂഷയിലേക്ക് കടന്നു. മറ്റ് പല രാജ്യക്കാരും പുറത്തുനിന്നു നമ്മുടെ സ്നാന ശുശ്രൂഷ വീക്ഷിക്കുന്നുണ്ടായിരുന്നു. യോര്‍ദാന്‍് നദിയിലെ വെള്ളം പൊതുവേ ശുദ്ധിയുള്ളതല്ല. എപ്പോഴും കലങ്ങിയ അവസ്ഥയിലാണ്. അതുകൊണ്ട് സ്നാന്പ്പെട്ടതിനുശേഷം  കുളിക്കുവാന്‍ കുളിമുറിയും ഡ്രസ്സ് മാറുന്നതിനു പ്രത്യേക സൌകര്യങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. പത്തു മിനിട്ടുകൊണ്ട് സഹോദരങ്ങള്‍ റെഡിയായി വന്നു.

വേദ പുസ്തക ചരിത്രം പരിശോധിച്ചാല്‍, യേശു സ്നാനപ്പെട്ടത്‌ യെരിഹോവിനടുത്തായുള്ള "ഐനോന്‍" എന്ന സ്ഥലത്താണ്. അവിടെ ഇസ്രായേലിന്റെ ഒരു മിലിട്ടറി സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നതുകൊണ്ട് പൊതുജനങ്ങള്‍ക്കു സന്ദര്‍ശനാനുമതി ലഭിച്ചിരുന്നില്ല. എന്നാല്‍ 2014 ജനുവരി മുതല്‍ അവിടെ സന്ദര്‍ശകര്‍ക്ക് അനുമതി ലഭിച്ചുതുടങ്ങി. (യേശു യോഹന്നാനാല്‍‍ സ്നാനമേറ്റ Qasr Al Yahnd  എന്ന സ്നാനക്കടവിനെ ക്കുറിച്ച് പുറകാലെ വിവരിക്കാം.) ഇപ്പോള്‍ നാം സന്ദര്‍ശിച്ച, "Yardenit’ എന്ന സ്നാനക്കടവ് റോമന്‍ കത്തോലിക്കാ സഭാ വിഭാഗത്തിന്റെ ഉടമസ്ഥതയിലാണ്.  റോമന്‍ കത്തോലിക്കാ സഭയുള്‍പ്പടെയുള്ള ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ ഈ സ്ഥലത്താണ് യേശു സ്നാനമേറ്റതെന്ന് വിശ്വസിക്കുമ്പോള്‍,  പ്രോട്ടസ്റ്റെന്‍റെ് വിഭാഗങ്ങള്‍ അത്  "ഐനോനില്‍"ആണെന്ന് വിശ്വസിക്കുന്നു.,

യേശുവിന്റെ നാട്ടിലേക്കുള്ള യാത്രയില്‍ വളരെ പ്രധാനപ്പെട്ട ഒരു സന്ദര്‍ശന സ്ഥലമാണ്‌ യോര്‍ദാന്‍ നദി. വളരെ മനോഹരമായ ഈന്തപ്പനതോട്ടങ്ങളും, ഒലിവ് തോട്ടങ്ങളും ഈ നദിയുടെ കവാടത്തിനു പുറത്ത് കാണാം. കൂടാതെ മനോഹരമായ ഒരു  പൂന്തോട്ടവും!  ഫോട്ടോ എടുക്കാനുള്ള അവസരങ്ങള്‍ ആളുകള്‍ തക്കത്തില്‍ ഉപയോഗിച്ചു. സമയം 6 മണിയോടടുത്തു. ക്ലബ്‌ ഹോട്ടലിലേക്ക് ഇവിടുന്ന് ഒരു മണിക്കൂര്‍ യാത്രയുണ്ട്. ഒരുപാട് സ്ഥലങ്ങള്‍ ഇന്ന് യാത്ര ചെയ്തതിന്റെ ക്ഷീണമോ, ബുദ്ധിമുട്ടോ ആരിലും കണ്ടില്ല. കര്‍ത്താവിന്റെ നാട്ടിലെ ഓരോ സ്ഥലങ്ങളും,, കണ്ട കാഴ്ചകളും മനോമുകുരത്തില്‍ മായാതെ നിന്നു. "ഇന്ന് പകല്‍ മുഴുവന്‍ കരുണയോടെ ................: പാട്ടിന്റെ ചരണങ്ങള്‍ ബസ്സിന്റെ പുറകില്‍ നിന്നും ഒഴുകിയെത്തി. എല്ലാവരും ചേര്‍ന്ന് പാടി ....ഹോട്ടലില്‍ എത്തുന്നതുവരെ പിന്നെ ആരാധനയുടെയും, സ്തുതിയുടെയും നിമിഷങ്ങളായിരുന്നു..... (തുടരും)

Click to read previous: Part 1Part 2Part 3Part 4, Part 5.

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

4,428

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 452018 Website Designed and Developed by: CreaveLabs