ഷാര്‍ജ: വേനല്‍ ശക്തിപ്പെട്ടതോടെ വിപണിയില്‍ മീന്‍ വില കുതിച്ചു തുടങ്ങി. കൊടുംചൂടും ട്രോളിങ് നിരോധനവും കാരണം മീനിന്റെ ലഭ്യത കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ ഇടയാക്കുന്നത്. വേനലില്‍ മീന്‍ വില കുതിക്കുന്നത് പതിവാണെങ്കിലും ഇത്തവണ ഇത് പരിധിവിട്ട നിലയിലാണെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
മലയാളികള്‍ക്ക് പ്രിയപ്പെട്ട അയലയാണ് വില ഉയര്‍ന്ന ഇനങ്ങളില്‍ മുമ്പില്‍. നേരത്തെ 15 ദിര്‍ഹമുണ്ടായിരുന്ന അയലയ്ക്ക് ഇപ്പോള്‍ 25 ദിര്‍ഹമാണ് ഈടാക്കുന്നത്. ഷാര്‍ജ മാര്‍ക്കറ്റില്‍ കറുത്ത ആകോലിക്ക് 25 ഉണ്ടായിരുന്നത് 30 ദിര്‍ഹമായി ഉയര്‍ന്നു. വെള്ള ആകോലിയുടെ ഇപ്പോഴത്തെ വില 50 ദിര്‍ഹമാണ്. വിവിധ വലിപ്പങ്ങളിലുള്ള ചെമ്മീന്‍, അയക്കൂറ ഇനങ്ങള്‍ക്ക് 15 ദിര്‍ഹം വരെ വില കൂടിയിട്ടുണ്ട്. അയക്കൂറ ചെറുതിന് കിലോയ്ക്ക് 35 ഉം വലുതിന് 55 ദിര്‍ഹം മുതല്‍ 60 ദിര്‍ഹം വരെയും വിലയുണ്ട്. ഏകദേശം ഇതേ തോതിലുള്ള വില തന്നെയാണ് ചെമ്മീനിനും ഈടാക്കുന്നത്.
സ്വദേശികള്‍ക്ക് പ്രിയപ്പെട്ട ഹമൂര്‍, സുല്‍ത്താന്‍ ഇബ്രാഹിം, ഷേരി, ചൂര, ഷാഫി, ഖുബാസ് എന്നിവയ്ക്കും സമാനമായ തോതില്‍ വില കൂടിയിട്ടുണ്ട്. അഞ്ച് ദിര്‍ഹം മുതല്‍ 20 ദിര്‍ഹം വരെയാണ് ഇവയ്ക്ക് വര്‍ധിച്ചത്. ജീവനോടെ വില്‍ക്കുന്ന ഷേരിക്ക് 30 ദിര്‍ഹമാണ് വില. അതുപോലെ കൂന്തള്‍, ബീയ (മലാന്), ഗ്രില്‍ മീനുകളായ ബിച്ചല്‍, മോദി, ചൂടുകാലത്ത് വലിയ െചലവില്ലാത്ത ഞെണ്ട് എന്നിവയ്ക്കും വില കൂടി.
മലയാളികള്‍ക്ക് പ്രിയപ്പെട്ട മത്തിക്ക് വലിയ വില വ്യത്യാസം വന്നിട്ടില്ലെന്നത് അനുഗ്രഹമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഒരു കിലോ മത്തിക്ക് അഞ്ച് ദിര്‍ഹമാണ് വില. നാല് കിലോ അടങ്ങുന്ന ഒരു മന്നം 15 ദിര്‍ഹമിന് ലഭിക്കും.
ട്രോളിങ് നിരോധനവും കടല്‍വെള്ളത്തിന്റെ അതികഠിനമായ ചൂടുകാരണം മത്സ്യങ്ങള്‍ കടലിന്റെ ഉള്ക്കയങ്ങളിലേക്ക് ഉള്‍വലിയുന്നതുമാണ് മീന്‍ലഭ്യത കുറയാന്‍ കാരണം. മാത്രമല്ല, മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകള്‍ക്ക് ഒരു സ്വദേശിയുടെ നേതൃത്വം ഉണ്ടായിരിക്കണമെന്ന നിയമവും ചെറിയ തോതില്‍ മേഖലയെ ബാധിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂടില്‍ സ്വദേശികള്‍ കടലില്‍ പോകാന്‍ മടിക്കുന്നതാണ് കാരണം.
ഒക്ടോബര്‍ വരെ മീന്‍വില കൂടിത്തന്നെയിരിക്കുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ചൂടുകാലവും റംസാന്‍മാസവും ഒരുമിച്ചു വരുമ്പോള്‍ മാര്‍ക്കറ്റില്‍ മീനിന് ക്ഷാമം അനുഭവപ്പെടുന്നത് സ്വാഭാവികമാണെങ്കിലും ഇപ്രാവശ്യം വില ക്രമാതീതമായി ഉയര്‍ന്നുകഴിഞ്ഞെന്ന് വ്യാപാരികള്‍ തന്നെ പറയുന്നു.
ചൂടുകാലത്ത് ആളുകള്‍ പച്ചക്കറി ഭക്ഷണങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്നതിനാല് മാര്‍ക്കറ്റില്‍ മീനിന്റെ വില്‍പ്പനയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കൂടാതെ സ്കൂള്‍ അടയ്ക്കുന്നതോടെ കുടുംബങ്ങള്‍ കൂട്ടത്തോടെ നാട്ടിലേക്ക് അവധിക്ക് പോകുന്നതിനാല്‍ മീന്‍ വില്പന വീണ്ടും കുറയാന്‍ ഇടയാക്കും. ഒമാനില്‍ നിന്നാണ് യു.എ.ഇ.യിലേക്ക് പ്രധാനമായും മീന്‍ ഇറക്കുമതി ചെയ്യുന്നത്. കൂടാതെ റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, ഷാര്‍ജ തുടങ്ങിയ ഇടങ്ങളില്‍ നിന്നും മീന്‍ വിപണിയിലെത്തുന്നു.